എന്തുകൊണ്ട് “വിമെൻസ് ഡേ”?

ഇരുന്നൂറ് കൊല്ലം കൂടി കാത്തിരിക്കുക. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ 2017ലെ റിപ്പോർട്ട് അനുസരിച്ച്  സ്ത്രീപുരുഷസമത്വം കൈവരിക്കാൻ ഇനിയും വേണ്ട സമയം അതാണ്, കൃത്യമായി പറഞ്ഞാൽ 217 വർഷം. ഓരോ വിമൻസ് ഡേ  എത്തുമ്പോഴും എന്നാണ് ഇങ്ങിനെ ഒരു ദിവസം ആവശ്യത്തിലുപരി ആഘോഷമായി മാറുന്നതെന്ന് ആലോചിക്കാറുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾക്കായുള്ള ആദ്യത്തെ സമരം നടന്നിട്ട് നൂറ്റിപ്പത്തു കൊല്ലം കഴിഞ്ഞു, ഇനിയും വേണമത്രേ രണ്ടു നൂറ്റാണ്ടുകൾ. അന്ന്, 1909 ൽ, ന്യൂ യോർക്കിലെ തുണിമില്ലുകളിൽ ജോലി ചെയ്തിരുന്ന പതിനയ്യായിരം സ്ത്രീകൾ മെച്ചപ്പെട്ട വേതനത്തിനും മറ്റു സൗകര്യങ്ങൾക്കും വേണ്ടിയാണ് സമരം തുടങ്ങിയത്. ഇന്ന് 2018ലും അതേ കാര്യങ്ങൾക്ക് വേണ്ടി, വേതനം മുതൽ ജോലിസ്ഥലത്തു ഇരിക്കാനും ബാത്റൂമിൽ പോകാനുള്ള അനുവാദത്തിനും വരെ, നമ്മുടെ നാട്ടിലെ സ്ത്രീകൾ സമരം ചെയ്യേണ്ടി വരുന്നു. നമ്മൾ ഒരുപാട് പുറകിലാണ്.

വിമെൻസ് ഡേ എന്ന് ആദ്യമായി കേട്ടത് എന്നാണെന്ന് ഓർമ്മയില്ല; സോഷ്യൽ മീഡിയകളിലൂടെ ഇത്രയും പ്രചാരം കിട്ടുന്നതിന് മുൻപാണ്. പക്ഷേ കേട്ടപ്പോൾ തന്നെ “ഒരു ദിവസം മാത്രം ഞങ്ങൾക്ക്, ബാക്കി ദിവസങ്ങളെല്ലാം നിങ്ങൾക്കോ, പോയി പണി നോക്ക്!” എന്ന്  മനസ്സിൽ തോന്നിയത് ഓർക്കുന്നു. കൂട്ടുകാരെ സന്തോഷിപ്പിക്കാനുള്ള ഫ്രണ്ട്ഷിപ്ഡേ, പ്രണയത്തിനായി വാലെന്റൈൻസ് ഡേ എന്നിങ്ങിനെ മറ്റു സ്പെഷ്യൽ ഡേകൾക്ക് “ഓക്കേ” സ്റ്റിക്കർ ഒട്ടിച്ചു വിട്ടെങ്കിലും വിമൻസ് ഡേ എന്ന് കേൾക്കുമ്പോൾ എന്റെ ഉള്ളിലെ അഭിമാനിയായ സ്ത്രീക്ക് വല്ലാത്ത അരിശം. രണ്ടു കൂട്ടരും മനുഷ്യർ, അതിൽ സ്ത്രീക്ക് മാത്രം ഒരു ദിവസം തന്ന് നമ്മളെ താഴ്ത്തേണ്ട എന്താവശ്യം?, ഇതിലൂടെ നമുക്കെന്തോ കുറവ് ഉണ്ടെന്നല്ലേ സ്ഥാപിക്കാൻ ശ്രമിക്കുന്നത്? ഇത്തരത്തിൽ മനസ്സിൽ ഉയർന്നു വന്നിരുന്ന ചോദ്യങ്ങളുടെ ഉത്തരം പെട്ടെന്ന് കിട്ടി. പക്ഷേ ആ ഉത്തരങ്ങൾ ഉൾക്കൊള്ളാനും അംഗീകരിക്കാനും ആണ് എനിക്ക് സമയം വേണ്ടിവന്നത്. അതെ, പാർശ്വവൽക്കരിക്കപ്പെട്ട മറ്റു പല വിഭാഗങ്ങളെപോലെതന്നെയാണ് സ്ത്രീകളും; നമ്മുടെ വളർച്ചക്ക് ഭീഷണിയുണ്ട്, അടിച്ചമർത്തലുകളുണ്ട്, കൈപിടിച്ചുയർത്തലുകൾ ആവശ്യമുണ്ട്, അത് എത്ര  ചെറിയ രീതിയിലാണെങ്കിലും സ്വാഗതം ചെയ്യേണ്ടതുണ്ട്, അതിന് ഡേ എങ്കിൽ ഡേ.

അങ്ങനെ വിമൻസ് ഡേ എന്ന ഡേ ഞാനും അംഗീകരിച്ചു. പക്ഷേ അപ്പോഴും പ്രശ്നം. ചുറ്റും നോക്കിയപ്പോൾ കാണുന്നത് സ്ത്രീത്വത്തെ ആദരിക്കാനും ആഘോഷിക്കാനും വേണ്ടിയുള്ള ദിവസം എന്ന മട്ടിലുള്ള പ്രചാരണം. സ്ത്രീ വിളക്കാണ്, സ്ത്രീയില്ലെങ്കിൽ നമ്മളില്ല, സമൂഹമില്ല ഇത്യാദി പുകഴ്ത്തലുകൾ. അതൊക്കെ അവിടെ നിൽക്കട്ടെ, നിങ്ങൾ പ്രശ്നങ്ങളെപ്പറ്റി പറയൂ- ഇതൊക്കെ എങ്ങിനെ ഒന്ന് നേരെയാക്കിയെടുക്കും? നേരെയാക്കിയെടുക്കലുകളിൽ ഇങ്ങിനെ ഒരു ദിവസത്തിന്റെ പ്രസക്തി എന്താണ്? ഈ ചിന്തകൾ വന്നപ്പോഴാണ് വിമൻസ് ഡേയെ പറ്റി കൂടുതൽ ചികഞ്ഞു വായിച്ചുനോക്കിയത്. ന്യൂയോർക്കിലെ സമരത്തിന് ശേഷം യൂറോപ്പിലും ലോകത്തു മറ്റു പലയിടങ്ങളിലും സ്ത്രീകൾ നയിച്ച സമരങ്ങളും റാലികളും ഉണ്ടായെങ്കിലും 1914 മുതലാണ് മാർച്ച് 8 എന്ന ദിവസം ആദ്യമായി വിമൻസ് ഡേ ക്കായി മാറ്റിവെക്കപ്പെട്ടത്. അന്ന് പല സ്ഥലങ്ങളിലും പ്രകടനങ്ങളും റാലികളും നടന്നിരുന്നു. ആ വർഷം മാർച്ച് എട്ടാംതീയതി ഒരു ഞായറാഴ്ച ആയിരുന്നെന്നും, അത്തരം മുന്നേറ്റങ്ങളുടെ നേതാക്കൾ ജോലി ചെയ്തിരുന്ന സ്ത്രീകൾ ആയതുകൊണ്ട് അവർക്കു സൗകര്യമുള്ള അവധി ദിവസം പ്രകടനങ്ങൾക്കായി  തിരഞ്ഞെടുത്തതാണെന്ന്  പലയിടത്തും കണ്ടു. അക്കാര്യത്തിൽ ഇപ്പോഴും വല്യ വ്യത്യാസമില്ലല്ലോ. ഉദ്യോഗസ്ഥകളാണെങ്കിൽ മിക്കവാറും പേർക്ക് പ്രകടനങ്ങൾ പോയിട്ട് സ്വന്തമായി കുറച്ചു സമയം കിട്ടണമെങ്കിൽ പോലും ഞായറാഴ്ച ആവണം. ബാക്കി ദിവസങ്ങൾ പുറത്തെ ജോലി കഴിഞ്ഞാൽ വീട്ടിലെ  ജോലികൾക്കുള്ള സമയം തന്നെ കഷ്ടി.

എനിക്ക് മുൻപേ വന്നുപോയ സ്ത്രീകളുടെ സമരങ്ങളുടേയും വിമൻസ് ഡേയുടെയും ചരിത്രത്തിൽ ഏറ്റവും ആവേശം പകരുന്നത് 1917 മാർച്ച് 8 ന് റഷ്യയിൽ സ്ത്രീകൾ നടത്തിയ പ്രകടനമാണ്. “ഭക്ഷണവും സമാധാനവും” എന്ന മുദ്രാവാക്യവുമായി ഒന്നാം ലോകമഹായുദ്ധം അവസാനിപ്പിക്കുവാൻ  ആവശ്യപ്പെട്ട് സ്ത്രീകൾ തുടങ്ങിവെച്ച ആ സമരമാണ് റഷ്യൻ വിപ്ലവത്തിന് തുടക്കം കുറിച്ചത്, അതോടെയാണ്  അവിടെയുള്ള സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചത്. സ്വന്തം വീട്ടിലും നാട്ടിലും ഭക്ഷണവും സമാധാനവും ഉറപ്പാക്കാൻ സ്ത്രീകൾ ഇറങ്ങിപ്പുറപ്പെട്ടത്തിൽ അഭിമാനമുണ്ട്. അന്ന് അവരെക്കൊണ്ട് അത്രയും സാധിച്ചെങ്കിൽ നമുക്കെന്തുകൊണ്ട് പറ്റില്ല എന്ന് ഇന്നത്തെ ഏത് സ്ത്രീയും ചിന്തിച്ചുപോകും.

റഷ്യയിലും ചൈനയിലുമൊക്കെ 1917 മുതൽ മാർച്ച് 8 ഒരു സംഭവമായെങ്കിലും 1975 ആയപ്പോഴാണ് ഐക്യരാഷ്ട്രസഭ ആ ദിവസം വിമെൻസ് ഡേ ആയി ഏറ്റെടുക്കുന്നത്. പിന്നെയും ഇരുപത് വർഷങ്ങൾ കഴിഞ്ഞു 1995 മുതൽ ആണ് ഓരോ വർഷവും സ്ത്രീകളുടെ ഉന്നമനത്തിനായി ഒരോ പ്രമേയം എന്ന ആശയം കൊണ്ടുവന്നത്. എല്ലാം ഗംഭീരപ്രമേയങ്ങൾ ആണെങ്കിലും കാര്യങ്ങൾ വിചാരിച്ചത്രയും പുരോഗമിച്ചിട്ടുണ്ടോ എന്നാലോചിക്കേണ്ടതുണ്ട്. ഒച്ചിഴയുന്ന വേഗത്തിലാണെങ്കിലും മുന്നോട്ട് തന്നെയാണല്ലോ  പോകുന്നത് എന്നത് മാത്രമാണ് ആശ്വാസം. ഐക്യരാഷ്ട്രസഭയുടെ  ഈ വർഷത്തെ പ്രമേയം,  “സ്ത്രീകളുടെ ജീവിതപരിവർത്തനം ഗ്രാമങ്ങളിലേയും നഗരങ്ങളിലെയും ആക്ടിവിസ്റ്റുകളിലൂടെ” എന്നതാണ്. പക്ഷേ 200 കൊല്ലം കാത്തിരിക്കേണ്ടി വേണ്ടി വരും എന്ന് കണക്കുകൾ പറയുന്ന സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭയുടേതിനേക്കാളും എനിക്കിഷ്ടപ്പെട്ട തീം “വിമെൻസ് ഡേ കമ്മ്യുണിറ്റി”യുടേതാണ്. സോഷ്യൽ മീഡിയയിൽ കൂടി വളരെയധികം പ്രചാരം ലഭിച്ചുകൊണ്ടിരിക്കുന്ന “വിമെൻസ് ഡേ കമ്മ്യൂണിറ്റി”യുടെ  2018 ലെ ഹാഷ്ടാഗ് #pressforprogress (#പ്രെസ്സ്ഫോർപ്രോഗ്രസ്സ്) എന്നാണ്.  പുരോഗതിക്കായി സമ്മർദ്ദം ചെലുത്തേണ്ട സമയം; ലോകം മുഴുവനും #metoo #timesup എന്നുള്ള ഹാഷ്ടാഗുകളും തുറന്നുപറച്ചിലുകളുമായി സ്ത്രീകളുടെ പ്രശനങ്ങളിലേക്കുള്ള ശ്രദ്ധയും ജാഗരൂകതയും കൂടി നിൽക്കുന്ന ഈ സമയത്തു ഏറ്റവും ഉചിതമായ തീം.

മാറ്റങ്ങൾക്ക് വേണ്ടി ആഗ്രഹിക്കുകയും എന്നാൽ ഇതൊക്കെ വേറെ ആരെങ്കിലുമൊക്കെ ചെയ്തുകൊള്ളും എന്ന് ചിന്തിക്കുകയും ചെയുന്ന ഒരുപാട് പേരുണ്ടാകുമെന്ന് തോന്നുന്നു. കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ എന്റെ ചിന്തയും വിഭിന്നമായിരുന്നില്ല. പക്ഷേ സ്ത്രീകളുടെ എല്ലാത്തരത്തിലുമുള്ള  വളർച്ചക്കുമായി പ്രവർത്തിക്കുന്നവർക്ക് പിന്തുണ നൽകുക, അവരിൽനിന്ന് പ്രചോദനമുൾക്കൊള്ളുക എന്നല്ലാതെ നമുക്ക് വേണ്ടത് എന്താണ് എന്ന് പറഞ്ഞുതരാനും നയിക്കാനും ആരെയും നോക്കിയിരിക്കേണ്ടതില്ല. മാറ്റങ്ങൾ ആദ്യമുണ്ടാവേണ്ടത് സ്വന്തം മനസ്സിലാണ്. ആണിടങ്ങൾ എന്ന് വിളിക്കപ്പെടുന്ന സ്ഥലങ്ങളിലും സഥാനങ്ങളിലും കടന്നുചെല്ലാൻ സ്വാതന്ത്ര്യമോ അധികാരമോ ഉള്ള ഒരു സ്ത്രീ ചുറ്റും നോക്കുമ്പോൾ അവിടെ മറ്റു സ്ത്രീകളില്ലെങ്കിൽ, സ്ത്രീകളുടെ എണ്ണം കുറവെങ്കിൽ സ്വാഭാവികമായും അതെന്തുകൊണ്ട് എന്ന് സ്വയം ചോദിക്കുകയും, ചൂണ്ടിക്കാണിക്കുകയും ചെയ്യണം. ആ ഒരു കുറവ് നികത്താൻ തന്നെക്കൊണ്ട് ആവുന്നത് ചെയ്യണം. നാട്ടിലായാലും വീട്ടിലായാലും, എത്ര ചെറിയ കാര്യമാണെങ്കിലും, ഏതൊരു സ്ത്രീയുടെയും  വാക്കുകളും പ്രവൃത്തികളും സമൂഹമെന്ന നിലയിൽ നമ്മളെ മുന്നോട്ടോ പിന്നോട്ടോ നടത്തുന്നതിൽ പങ്കു വഹിക്കുന്നുണ്ടെന്ന് തന്നെയാണ് വിശ്വാസം. അനീതികൾക്കെതിരെ പ്രതികരിക്കുന്നത് മാത്രമല്ല സ്വന്തം ജീവിതത്തിൽ യാതൊരു അനീതിക്കും വഴങ്ങാതിരിക്കുന്നതും  വിപ്ലവമാണ്. തികച്ചും ന്യായമെന്ന് എനിക്ക് തോന്നുന്ന ഒരു കാര്യം മറ്റുള്ളവരുടെ അനുവാദത്തിന് കാത്തുനിൽക്കാതെ ചെയ്യുന്നതാണ് എന്റെ  ഏറ്റവും വലിയ വിപ്ലവം.

സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുമ്പോൾ “കതിരിൽ വളം വെച്ചിട്ട് കാര്യമില്ല” എന്ന് പഴമക്കാർ പറയുന്നത് ശരിയാണല്ലോ എന്ന് തോന്നാറുണ്ട്. സ്ത്രീകളടക്കം പലർക്കും അടിസ്ഥാനപരമായി എന്താണ് പ്രശ്നമെന്ന് മനസ്സിലാകാത്തപോലെ, അടിയുറച്ചുപോയ ചിന്തകൾ മാറ്റാൻ കഴിയാത്തപോലെ. അതുകൊണ്ടു തന്നെ വിമൻസ് ഡേ ഏറ്റവും കൂടുതൽ പ്രാധാന്യത്തോടെ ആചരിക്കുകയും ആഘോഷിക്കുകയും ചെയ്യേണ്ടത് സ്കൂളുകളിലാണ് എന്നെനിക്ക് തോന്നുന്നു. ഇതുമായി ബന്ധപെട്ടു ചർച്ചകളും, മത്സരങ്ങളും സംഘടിപ്പിക്കുകയും ചെയ്യുക, ലോകത്തിന് മാതൃകയും പ്രചോദനവുമായ സ്ത്രീകളെപ്പറ്റി അറിവ് പകരുന്ന പരിപാടികൾ നടത്തുക- സാദ്ധ്യതകൾ ഒരുപാടുണ്ട്. എത്ര ചെറിയ കുട്ടിയാണെങ്കിലും ഈ വിഷയത്തെപ്പറ്റി ചിന്തിപ്പിക്കാൻ കഴിഞ്ഞാൽ തന്നെ അതൊരു വിജയമാണ്. ചിലപ്പോൾ ഒരു വാക്ക് അല്ലെങ്കിൽ ഒരു ദിവസം മതി ചിന്തകളെ വഴിതിരിച്ചുവിടാൻ. അങ്ങിനെ ഒരാൾ മതിയാവും ഒരു വീടും ചിലപ്പോൾ ലോകം തന്നെയും  മാറ്റിമറിക്കാൻ. ചെറിയ ചെറിയ കാൽവെയ്പുകളാണെങ്കിൽ കൂടിയും മുന്നോട്ടുള്ള ദൂരം കുറക്കാൻ അതും ഉപകാരപ്പെടും. അത് തന്നെയാണ് സ്ത്രീയുടെ സമത്വസമരത്തിൽ വിമൻസ് ഡേയുടെ പ്രസക്തി.