രസതന്ത്രത്തിൽ ലാലേട്ടനൊപ്പം നിഷ്കളങ്കയായ ആ കാമുകിയുടെ വേഷം അഭിനയിച്ച ചുരുണ്ട മുടിക്കാരിയായ സുന്ദരി, മുത്തുമണി! പേര് പോലും അത്രമേൽ മനോഹരമാണെന്നു ഓർമ്മിപ്പിച്ചു കൊണ്ട് മുത്തുമണി രസതന്ത്രത്തിൽ നിന്നും തുടങ്ങിയ സിനിമാ ജീവിതം ഇപ്പോൾ അടുത്ത മാസം റിലീസ് ചെയ്യുന്ന അങ്കിളിൽ എത്തി നിൽക്കുന്നു. ഓരോ സിനിമയിലും വ്യത്യസ്തമായ വേഷങ്ങൾ, അതിൽ മിക്കതും ബോൾഡായ സ്ത്രീ കഥാപാത്രങ്ങൾ, മലയാള സിനിമ സ്ത്രീകൾക്ക് നൽകിയ വളരെ ചുരുങ്ങിയ കരുത്തുറ്റ കഥാപാത്രങ്ങൾ പലപ്പോഴായി തേടി വന്നതിന്റെ സന്തോഷം മുത്തുമണിയ്ക്ക് എപ്പോഴുമുണ്ട് . അഭിനയം തുടങ്ങിയ കാലത്തേ കുറിച്ചും സിനിമകളെ കുറിച്ചും സ്ത്രീകളെ കുറിച്ചും മുത്തുമണി പറയുന്നു.
അഭിനയത്തിലേക്ക് വന്ന വഴി
സ്‌കൂൾ കാലം മുതൽ തന്നെ നാടകത്തിൽ ആക്റ്റീവ് ആയി ഉണ്ടായിരുന്നു.എറണാകുളം സെന്റ്. മേരീസ് സ്‌കൂളിലാണ് ഞാൻ പഠിച്ചത്. ഞങ്ങളുടെ സ്‌കൂളിലെ നാടകത്തിനു ഒരിക്കൽ സംസ്ഥാന യുവജനോത്സവത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ഇത്തരത്തിലുള്ള കലാ പ്രവർത്തനങ്ങൾക്ക് എല്ലാമുള്ള ഊർജ്ജം നൽകിയത് അച്ഛനും അമ്മയും തന്നെയായിരുന്നു. രണ്ടു പേരും അധ്യാപകരായിരുന്നു അതിന്റെ വെളിച്ചം അവർക്ക് എപ്പോഴുമുണ്ടായിരുന്നിട്ടുണ്ട്. ആ പ്രായത്തിൽ അല്ലെങ്കിലും മാതാപിതാക്കൾ നൽകുന്ന ചിറകുകളാണ് കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ അവളുടെ ജീവിതം മെനയാൻ പ്രേരിപ്പിക്കുന്നത്. അവർ എല്ലാ സ്വാതന്ത്ര്യവും എനിക്ക് നൽകിയിരുന്നു. അതുപോലെ എപ്പോഴും അധ്യാപകരെയും ഒപ്പമുണ്ടായിരുന്ന കുട്ടികളെയും ഒക്കെ കുറിച്ചോർക്കുമ്പോൾ അഭിമാനം തോന്നും, അവർ തന്ന അവസരമാണ് ആ തുടക്കത്തിന് കാരണമായത്. സന്തോഷവും. സ്‌കൂൾ കടന്നു കോളേജിലെത്തിയപ്പോഴും നാടകവും അഭിനയ മോഹവും കൂടെ ഉണ്ടായിരുന്നു.ആ സമയത്തു കൊച്ചിയിലുണ്ടായിരുന്നു ഒരു അമച്വർ നാടക ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. ഗ്രീസ് പോലെയുള്ള അന്താരാഷ്ട്രാ വേദികളിലും നാടകം അവതരിപ്പിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ടെന്നും പറയുമ്പോൾ തന്നെ അറിയാമല്ലോ, അതിൽ പ്രവർത്തിച്ചിരുന്നവരുടെ സീരിയസ്നസ്സ് എത്രമാത്രം ഉണ്ടായിരുന്നുവെന്ന്."മധുരൈ കാണ്ഡം " എന്ന ഒരു നാടകത്തിൽ ഞാൻ അന്ന് കണ്ണകിയുടെ വേഷം കെട്ടിയിരുന്നു. അത് കൊച്ചിയിൽ അരങ്ങേറിയ സമയത്താണ് സത്യൻ അന്തിക്കാട് സർ കാണുന്നതും അദ്ദേഹത്തിന്റെ സിനിമയിലേക്ക് ക്ഷണിക്കുന്നതും.
രസതന്ത്രം തന്നത്...
രസതന്ത്രത്തിലായിരുന്നു ആദ്യമായി അഭിനയിക്കുന്നത്, ആദ്യത്തെ വേഷമായത് കൊണ്ട് തന്നെ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട കഥാപാത്രമാണ് കുമാരി. അന്ധമായി അവൾക്കു നായക കഥാപാത്രത്തോടുണ്ടായിരുന്ന പ്രണയമായിരുന്നു ആ കഥാപാത്രത്തിന്റെ ഹൈലൈറ്. ഒടുവിൽ അവൾ തിരിച്ചറിയുന്നുണ്ട് അവൾ ആഗ്രഹിച്ചത് പോലെയല്ല, അയാൾക്ക് അവളെന്നു. അതോടു കൂടി അവൾ പിന്തിരിഞ്ഞു നടക്കുകയാണ്. ഈ ഒരു ഫീൽഡിൽ ഞാൻ വന്നതിന്റെ എല്ലാ ക്രെഡിറ്റും സത്യൻ സാറിനുള്ളതാണ്.
സിനിമയിലെ സ്ത്രീയും നാടകത്തിലെ സ്ത്രീയും
കലയുടെ തന്നെ രണ്ടു വ്യത്യസ്ത കൈവഴികളാണ് നാടകവും സിനിമയും. രണ്ടിനും അതിന്റെതായ ചില സമാനതകളുണ്ടെങ്കിലും അവയെ താരതമ്യം ചെയ്യാൻ പറഞ്ഞാൽ കുടുങ്ങും. രണ്ടിനെയും രണ്ടായി കാണാൻ തന്നെയാണ് എനിക്കിഷ്ടം. നാടകത്തിലെ വേഷങ്ങളാണോ സിനിമയിലെ വേഷങ്ങളാണോ സന്തോഷം തരുന്നതെന്നു ചോദിച്ചാൽ പോലും അതിങ്ങനെ കൃത്യമായി ഉത്തരം എനിക്കിതുവരെ കണ്ടെത്താൻ കഴിയുന്നില്ല. കാരണം രണ്ടും അത്രമാത്രം കൂടെ കൊണ്ട് നടക്കാൻ ആഗ്രഹിക്കുന്നുണ്ട്.
ഒരു കാര്യത്തിൽ വലിയ സന്തോഷമുണ്ട്, നാടക രംഗം പഴയതിനേക്കാൾ കേരളത്തിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. പുതിയ തീയേറ്ററുകൾ, പുതിയ നാടകങ്ങൾ, അതിൽ തന്നെ പരീക്ഷണങ്ങൾ, ഇനിയും അതിന്റെ പ്രസക്തി കൂടുകയേ ഉള്ളൂ എന്നാണു ഇതൊക്കെ കാണുമ്പൊൾ തോന്നുന്നത്, ആ കണ്ടെത്തൽ തരുന്ന സതോഷവും ചെറുതല്ല. ബോംബെയിൽ ഉള്ള പൃഥ്വി, ബാംഗ്ലൂർ ഉള്ള രംഗ ശങ്കരാ തുടങ്ങി എത്രയോ തീയേറ്ററുകൾ അന്ന് വളരെ സീരിയസ് ആയി നാടകങ്ങളെ കണ്ടിരുന്നു. ടിക്കറ്റ് ഒക്കെ വച്ചാണ് നാടകങ്ങൾ അവിടെ പ്രദർശിപ്പിക്കുക, കാണാനും ആളുണ്ടാവും. ഒന്നോർക്കണം ഒരിക്കലും ക്രിയേറ്റിവിറ്റി കൊണ്ട് മാത്രം ഒന്നും മുന്നോട്ടു പോവില്ല, ഒരു ഫിനാന്സ് കാപിറ്റലും ഉണ്ടാവണം.അത്തരത്തിൽ ഉള്ള ഒരു സ്വാതന്ത്ര്യം ഇവടെ കേരളത്തിലും ഉണ്ടായി വരണം, ഒരുപക്ഷെ അതിന്റെ ആരംഭം കുറിച്ചിട്ടുണ്ടാവാം, ആ രീതി മുന്നോട്ടു പോവുക തന്നെ വേണം. നാടകത്തിലെ ഓരോ മുന്നേറ്റവും സന്തോഷത്തോടു കൂടിയാണ് നോക്കി കാണുന്നത്.
അങ്കിൾ സിനിമയിലെ വേഷം
വളരെ വ്യത്യസ്തമായൊരു സ്ത്രീ വേഷമാണത്. ഒരു സാധാരണ വീട്ടമ്മ എന്ന രീതിയിൽ നിന്നുമാറിയാണ് ജോയ് സർ ആ കഥാപാത്രത്തെ മെനഞ്ഞത്. സാധാരണ നമ്മൾ വീട്ടിലിരിക്കുന്ന സ്ത്രീകളെ കാണുന്നതിൽ നിന്നും വ്യത്യസ്തമായി ഭാഷാപോഷിണിയും മാതൃഭൂമിയും ഒക്കെ വായിക്കുന്ന വ്യക്തിത്വമുള്ള, അഭിപ്രായമുള്ള സ്ത്രീയാണ് അങ്കിളിൽ. അപൂർവ്വം ചില എഴുത്തുകാർ മാത്രമേ അത്തരത്തിൽ അവരുടെ സിനിമകളിൽ കഥാപാത്രങ്ങളെ രൂപപ്പെടുത്താറുള്ളൂ, അതിൽ ജോയ് സർന്റെ കഥാപാത്ര രൂപീകരണത്തെ കുറിച്ച് പറയാതെ വയ്യ.
എന്തായാലും വളരെ സർപ്രൈസ്സ് ആയി വന്നതാണ് ജോയ് മാത്യു-മമ്മൂട്ടി ടീമിന്റെ അങ്കിൾ. 'അമ്മ വേഷമാണ്, ആദ്യം മറ്റൊരു വേഷമായിരുന്നു സിനിമയിൽ പറഞ്ഞു വച്ചിരുന്നത്. ആദ്യം ജോയ് സർ വിളിച്ചപ്പോൾ പറഞ്ഞത് തന്നെ ചെറിയൊരു വേഷമുണ്ട്, രണ്ടു ദിവസത്തെ ഡേറ്റ് വേണം, തയ്യാറാണോ എന്നായിരുന്നു.അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കുക എന്നാൽ ചെറിയ കാര്യമായി തോന്നാത്തത് കൊണ്ട് കൂടുതൽ ആലോചിക്കാതെ തന്നെ സമ്മതം അറിയിച്ചു. പക്ഷെ പിന്നീട് ഒരു മാസത്തേയ്ക്ക് ഒരു അറിയിപ്പും ഉണ്ടായിരുന്നില്ല.പിന്നെ ദീപാവലിയ്ക്ക് ഒരു ദിവസം മുൻപ് ഒരു കോൾ, കഥാപാത്രത്തിന് മാറ്റമുണ്ട്, കുറച്ചു കൂടി വലിയ റോളാണ്, അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചു, ഞാൻ തയ്യാറാണെന്ന് അറിയിച്ചു. സത്യം പറഞ്ഞാൽ നല്ല വെല്ലുവിളികൾ നിറഞ്ഞ ഒരു സ്ത്രീ കഥാപാത്രമായിരുന്നു എനിക്കത്.
കൗമാരക്കാരായ കുട്ടികൾക്ക് വേണ്ടി...
ഞാൻ ഒരു അഭിനേത്രി മാത്രമല്ല, ട്രെയിനറും കൂടിയാണ്. അതുകൊണ്ടു തന്നെ എന്റെ കുട്ടികളോട് ഇപ്പോഴും സംസാരിക്കാറുണ്ട്. പ്രത്യേകിച്ച് കൗമാര പ്രായത്തിലുള്ള കുട്ടികളാണ് എന്റെ മുന്നിലുണ്ടാവുക.അതുകൊണ്ടു തന്നെ അവർക്കെന്താണ് വേണ്ടത്, എന്താണ് വേണ്ടാത്തത്, എന്താണ് അവരുടെ പ്രശ്നങ്ങൾ എന്നൊക്കെ പെട്ടെന്ന് മനസ്സിലാക്കാനാകും. ആ പ്രായത്തിലുള്ള കുട്ടികൾക്ക് അച്ഛനമ്മമാരിൽ നിന്ന് വേണ്ടത് മറ്റു പ്രായത്തിലുള്ള പോലെ ഒരു രീതിയുമാണ്, അവരുമായുള്ള സംസാരത്തിൽ നിന്നും അത് കണ്ടെത്താനാകും. അങ്കിൾ സിനിമ ചെയ്യുമ്പോൾ അതിൽ കൗമാരക്കാരിയായ ഒരു പെൺകുട്ടിയുടെ അമ്മയാണ്. എന്റെ ഈ ജോലി സംബന്ധമായുള്ള കുട്ടികളുമായുള്ള ഇടപെടൽ ആ കഥാപാത്രത്തെ നന്നായി സ്വാധീനിച്ചിട്ടുണ്ടാവണം. അതുമാത്രമല്ല ജോയ് സർ ആ സ്ത്രീ കഥാപാത്രത്തെ സ്വാതന്ത്ര്യം കൊടുത്തു തന്നെയാണ് ചെയ്തത്. വെറുതെ വീട്ടിൽ അടച്ചിടപ്പെട്ടു പോയ ഒരു സ്ത്രീയല്ല അവൾ. അവളുടേതായ ഇടങ്ങൾ കണ്ടെത്താൻ കഴിഞ്ഞ ഒരു സ്ത്രീയാണ്. അതുകൊണ്ടു തന്നെ ജീവിതത്തിൽ ബോൾഡായ തീരുമാനങ്ങളെടുക്കാനും അവൾക്ക് കഴിയുന്നുണ്ട്.
സിനിമയിലെ സ്ത്രീയും ജീവിതത്തിലെ മുത്തുമണിയും
വ്യത്യസ്ത ധ്രുവങ്ങൾ ആകർഷിക്കും എന്നാണല്ലോ.ഞാൻ ജീവിതത്തിൽ എന്താണോ അതിൽ നിന്നും വ്യത്യസ്തമായ കഥാപാത്രങ്ങളാണ് മിക്കപ്പോഴും സ്‌ക്രീനിലുണ്ടാവുക .ഒട്ടുമിക്ക കഥാപാത്രങ്ങൾക്കും എന്റെ പ്രായത്തേക്കാൾ കൂടുതൽ പ്രായമുണ്ടാകും, അതുകൊണ്ടു തന്നെ എന്റെ സിനിമയും ജീവിതവും രണ്ടും രണ്ടാണ്. പേഴ്‌സണലി വളരെ അന്തർമുഖയായ, കുടുംബത്തിലേക്ക് ഒതുങ്ങിയ പ്രിയപ്പെട്ടവർക്കിടയിൽ കൂടുതൽ സമയം തിരയുന്ന ഒരു സ്ത്രീയാണ് ഞാൻ.
വിവാഹിതയായ ഒരു സ്ത്രീയുടെ സിനിമാ ജീവിതം
എന്തോ എന്റെ ഭാഗ്യത്തിന്, എന്റെ കലാജീവിതവുമായി വളരെയധികം ചേർന്ന് നിൽക്കുന്ന ഒരു കുടുംബമാണ്. അഭിനയത്തിനൊക്കെ എല്ലാവരിൽ നിന്നും നല്ല സപ്പോർട്ടുമുണ്ട്.പിന്നെ വിവാഹം കഴിച്ച സ്ത്രീകൾ പ്രശ്നങ്ങൾ നേരിടുന്നത് സിനിമാ ലോകത്തിൽ മാത്രമല്ലല്ലോ, എല്ലായിടത്തും നിന്നും അവൾക്ക് അത്തരം ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരും. സമയത്തു ജോലി ചെയ്തു തീർക്കാനും വീട്ടിലോടിയെത്താനും ഒക്കെ എത്ര സ്ത്രീകൾ ഓരോ ജോലിയിലും ബുദ്ധിമുട്ടുന്നുണ്ട്! ഇത്തരം സാഹചര്യങ്ങളിലാണ് അവളെ മനസിലാക്കുന്ന കുടുംബവും സുഹൃത്തുക്കളും ഉണ്ടാകേണ്ടത്.
സോഷ്യൽ മീഡിയ സ്ത്രീകളോട് ചെയ്യുന്നത്
ഞാൻ സോഷ്യൽ മീഡിയകളിൽ അത്ര ആക്റ്റീവ് അല്ല. പലയിടങ്ങളിലും കൂട്ടായ സൈബർ ആക്രമണങ്ങും ഒക്കെ കണ്ടിട്ടുണ്ട് . എല്ലാവർക്കുമുണ്ട് അവനവന്റെ അഭിപ്രായം രേഖപ്പെടുത്താനായുള്ള സ്വാതന്ത്ര്യം, അതവർക്ക് ലഭിക്കണം, പക്ഷെ അത് മറ്റൊരാളെ അപമാനിച്ചിട്ടോ ഉപദ്രവിച്ചോട്ടെ ആകരുത്.
വനിതാ ദിനങ്ങൾക്ക് ഇന്നും പ്രസക്തി
വനിതാ ദിനത്തിന്റെ പ്രസക്തി എന്നെങ്കിലും കുറയും എന്നെനിക്ക് തോന്നുന്നില്ല. അവരെ അവരുടെ സ്വാതന്ത്ര്യത്തിൽ ജീവിക്കാൻ അനുവദിക്കുക, അതുതന്നെയാണ് വേണ്ടത്.
സ്ത്രീകൾക്കായുള്ള സന്ദേശം
നിങ്ങൾ നിങ്ങളുടെ ജീവിതം ജീവിക്കുക. സ്വന്തം കാലിൽ മുന്നോട്ടു പോവുക, സ്വന്തം കഴിവുകളെ തേയ്ച്ചുരച്ചു കൊണ്ട് വരിക. നമുക്കും സ്വാതന്ത്ര്യമുണ്ടെന്നറിയുകയും അത് ആസ്വദിക്കുകയും ചെയ്യുക. ഒപ്പം അത് മറ്റുള്ളവർക്കും ഉണ്ടെന്ന് മനസിലാക്കുക.