ഷാർജ – ഭക്ഷണവിഭവങ്ങൾക്ക് കവിതയുടെ 'മുഹബ്ബത്ത്' ചേർത്താണ് ശാലിനി വിളമ്പുന്നത്. കവിത തന്റെ ജീവ വായു എന്നു പറയുന്ന റസ്റ്റോറന്റ് ഉടമയായ ഇൗ യുവ കവയിത്രി തിരക്കേറിയ ജീവിതത്തിനിടയിലും അക്ഷരങ്ങളെ നെഞ്ചോട് ചേർക്കുന്നു. ബിരിയാണിയിലെ മസാലക്കൂട്ടുകൾ പോലെ പുതുമയുള്ള വാക്കുകളും ബിംബങ്ങളും ചേർത്തുവയ്ക്കുമ്പോൾ മനോഹര കവിതകളുടെ ഗന്ധമുയരുന്നു. ഇങ്ങനെ അഞ്ഞൂറോളം കവിതകൾ എഴുതുകയും മൂന്ന് കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. മൂന്നിനും ആമുഖമെഴുതിയത് മലയാളത്തിലെ മഹാരഥന്മാരായ ഒഎൻവി, സുഗതകുമാരി, എം.ടി.വാസുദേവൻ നായർ എന്നിവരും.
ഷാർജ വ്യവസായ മേഖല 11ൽ നാഷനൽ പെയിൻ്റ്സിന് എതിർവശത്ത് അൽ കുഫാ റസ്റ്ററൻ്റ് നടത്തുന്ന തിരുവനന്തപുരം തൈക്കാട് ബേക്കറി ജംഗ്ഷൻ സ്വദേശി ശാലിനി ദേവാനന്ദാണ് ജോലിക്കിടയിൽ ലഭിക്കുന്ന ഇടവേളകളിൽ കവിതകൾ കുത്തിക്കുറിക്കുന്നത്. നല്ല തിരക്കുള്ള സമയമാണെങ്കിലും കവിത വന്ന് മുട്ടിവിളിച്ചാൽ ഉടൻ മുന്നിൽപ്പെടുന്ന കടലാസിൽ അക്ഷരങ്ങൾ വിളമ്പും. അത് ചിലപ്പോൾ, ദിനപത്രങ്ങളുടെ ഒഴിഞ്ഞ സ്ഥലമായിരിക്കാം, കണക്കുപുസ്തകമായിരിക്കാം, ബിൽ ബുക്കായിരിക്കാം. എവിടെയായാലും കവിത എഴുതിയില്ലെങ്കിൽ വീർപ്പുമുട്ടുന്ന അവസ്ഥ. ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശാലിനി ആദ്യ കവിതയെഴുതിയത്. കവിതയെ കൂടെ കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ 17 വർഷമായി.
2009ൽ തിരുവനന്തപുരത്ത് ഹോട്ടൽ നടത്തിയിരുന്നപ്പോൾ ആദ്യ പുസ്തകം ഇലച്ചാർത്ത് പ്രസിദ്ധീകരിച്ചു. 49 കൊച്ചുകവിതകളാണ് ഇതിലുള്ളത്. ശാലിനിയുടെ കവിതകൾ പുതിയ സംവേദന ശീലത്തെ സ്പർശിക്കുന്നു; മന്ത്രമധുരമായ മർമരമുണർത്തുന്നുവെന്നും ഒഎൻവി അവതാരികയിൽ എഴുതി. ഇൗ പുസ്തകം ആസ്വാദക ലോകം സ്വീകരിക്കുകയും പല ഭാഗങ്ങളിൽ നിന്ന് ലഭിച്ച പ്രോത്സാഹനം അക്ഷരങ്ങൾക്ക് ഉൗർജമേകുകയും ചെയ്തതായി ശാലിനി പറയുന്നു. തുടർന്ന്, കവിതയെഴുത്തിന് ആവേശവും കൂടി. നിത്യവും രണ്ടു വരിയെങ്കിലും എഴുതാതെ വയ്യെന്നായി. രണ്ട് വർഷത്തിനുള്ളിൽ തന്നെ സുഗതകുമാരിയുടെ അവതാരികയോടെ രണ്ടാമത്തെ കവിതാ സമാഹാരം മഴനാരുകൾ പുറത്തിറങ്ങി. ചെറിയ ഹോട്ടൽ മുറിയിലെ കനൽച്ചൂടും വിയർപ്പും നിലയ്ക്കാത്ത പണിത്തിരക്കും ബഹളങ്ങളും ഭക്ഷണഗന്ധങ്ങളും നിറഞ്ഞ അന്തരീക്ഷത്തിൽ ഇൗ യുവതി കവിതകളെഴുതാൻ ശ്രമിക്കുന്നതിനെ സുഗതകുമാരി പ്രശംസിച്ചുകൊണ്ടാണ് അവതാരിക ആരംഭിക്കുന്നത്. ഉന്നത വിദ്യാഭ്യാസമോ, പരപ്പായ വായനയോ, പരിശീലനമോ, പാരമ്പര്യമോ ഇക്കാര്യത്തിൽ ശാലിനിക്ക് തുണയായില്ല. പക്ഷേ, ഉള്ളിൽ കവിതയുണ്ട്, തീക്ഷ്ണതയുള്ള വാക്കുകളുണ്ട്. അദമ്യമായ സ്നേഹഭാവനകളുണ്ട്. എല്ലാറ്റിനുമുപരി അകൃത്രിമമമായ ദുഃഖമുണ്ട്.
2014ലാണ് മൂന്നാമത്തെ കവിതാ സമാഹാരം പുറത്തിറങ്ങിയത്–അക്ഷരത്തുട്ടുകൾ. മലയാളത്തിന്റെ മഹാകാഥികൻ എം.ടി.വാസുദേവൻനായർ ഇൗ പുസ്തകത്തിന്റെ ആമുഖക്കുറിപ്പിൽ പറഞ്ഞു: ശാലിനിക്ക് ജീവിതത്തെ കുറിച്ച് ചിലത് പറയാനുണ്ട്. അത് ചെറിയ കാര്യമല്ലല്ലോ. വെറുമൊരു കവിതാക്കമ്പത്തിൽ അതിനെ ഒതുക്കി നിർത്താനും സാധിക്കുകയില്ല. ഹോട്ടൽ നടത്തിപ്പിന്റെ പുകയും കരിയുമടങ്ങിയ അധ്വാനത്തിനിടയ്ക്ക് കവിതയെയും അക്ഷരങ്ങളെയും കൈവിടാത്ത കവയിത്രിക്ക് എം.ടി. ഭാവുകങ്ങൾ നേരുന്നു.
മറ്റെല്ലാ യുവ കവയിത്രികളെയും പോലെ മങ്ങാത്ത, മായാത്ത പ്രണയത്തെക്കുറിച്ച് എഴുതാനാണ് താനുമിഷ്ടപ്പെടുന്നതെന്ന് ശാലിനി പറയുന്നു: പ്രണയത്തിന്റെ രാജകുമാരി മാധവിക്കുട്ടിയാണ് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരി. കവിതയാണ് ആത്മാർഥ സുഹൃത്ത്. കവിതയെയാണ് പ്രണയിക്കുന്നതും. എങ്കിലും നിത്യജീവിതത്തിലെ കാഴ്ചകൾ വരികളാകുന്നുണ്ട്. സ്ത്രീകളും പെൺകുട്ടികളുമെല്ലാം അനുഭവിക്കുന്ന പ്രശ്നങ്ങളും വിശന്നതിന് മരിക്കേണ്ടിവന്ന മധുവിനെക്കുറിച്ചുമൊക്കെ എഴുതുന്നു. സമകാലിക സംഭവ വികാസങ്ങളോട് പ്രതികരിക്കാനും കവിത ആയുധമാണ്.
അരക്ഷിതത്വത്തിന്റെ അസഹിഷ്ണുതയേക്കാൾ
അനാഥത്വത്തിന്റെ ഉൾചൂടാണ് എനിക്കിഷ്ടം
അവസരത്തിനൊത്ത് ഉപയോഗിക്കാവുന്ന
ഒരുപാധിയാകുന്ന പ്രണയത്തേക്കാൾ എനിക്കിഷ്ടം
അപരിചിതത്വം സമ്മാനിക്കുന്ന
ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകം സൂക്ഷിക്കാത്ത
വറും പരിചയങ്ങളാണ്.
(കവിത–വാക്കുറപ്പ്).
ചരിത്രത്തിൽ ബിരുദം നേടിയിട്ടുള്ള ശാലിനി ജൂനിയര്‍ ഡിപ്ളോമ ഇന്‍ കോ–ഓപ്റേഷന്‍ (ജെഡിസി) കോഴ്സ് പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. ജീവിത സാന്ത്വനം തേടി രണ്ട് മാസം മുൻപാണ് യുഎഇയിലെത്തിയത്. തുടർന്ന്, തിരുവനന്തപുരത്ത് ഹോട്ടൽ നടത്തിയ പരിചയ സമ്പത്തുമായി റസ്റ്ററൻ്റ് ആരംഭിക്കുകയായിരുന്നു. രാവിലെ ആറ് മുതൽ രാത്രി 12 വരെയാണ് റസ്റ്ററൻ്റിൽ ജോലി ചെയ്യുന്നത്. ഉടമയാണെങ്കിലും ജീവനക്കാരോടൊപ്പം അവരിലൊരാളായി നിൽക്കുന്നു. സ്വത്വം നഷ്ടപ്പെടുമ്പോഴാണ് മനുഷ്യൻ ഉൾവലിയുന്നത്. പോയ കാലത്ത് നേരിട്ട പരാജയങ്ങൾക്ക് പകരം വീട്ടാൻ പുതിയ വഴി തേടിയെത്തിയതാണ്. പ്രവാസ ലോകത്ത് നിന്ന് ലഭിക്കുന്നത് നിറഞ്ഞ പ്രോത്സാഹനവും സഹകരണവും. ഇനി, സധൈര്യം മുന്നോട്ട് പോകും; ബിസിനസിലും കവിതയിലും. തിരുവനന്തപുരത്ത് സാംസ്കാരിക വിഭാഗത്തിൽ ഉദ്യോഗസ്ഥനായ ദേവാനന്ദാണ് ഭർത്താവ്. ബെംഗ്ലുരുവിൽ ഫോറൻസിക് സയൻസ് പഠിക്കുന്ന ഗൗരി, പ്ലസ് ടു വിദ്യാർഥിനി ഗ്രീഷ്മ എന്നിവർ മക്കളാണ്.
തണലോട് ചേർന്നുനിൽക്കുന്ന
മരമാണെനിക്കിഷ്ടം
കാറ്റത്ത് ശിഖരങ്ങൾ ഒടിയാത്ത
പ്രണയമാണെനിക്കിഷ്ടം
നന്മകൾ ഇലകളായി പൊഴിയാത്ത
ബന്ധമാണെനിക്കിഷ്ടം
വേരുകൾ അടരാത്ത
മണ്ണിൻഗന്ധമാണെനിക്കിഷ്ടം.
(കവിത–ശിഖരങ്ങൾ).