Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ആനവണ്ടി വലിയ ആനക്കാര്യമല്ല'; കെഎസ്ആർടിസി വനിതാ ഡ്രൈവർ

Sheela Sheela

ചുവപ്പന്‍ നിറവും വലിയ രസമൊന്നുമില്ലാത്ത ശബ്ദവുമൊക്കെയായി ആരെയും കൂസാതെ, വഴീന്നു മാറാത്തവര്‍ക്കിട്ട് നൈസായിട്ടൊരു തട്ടും കൊടുത്ത് ഒന്നുമറിഞ്ഞില്ലേയെന്ന മട്ടില്‍ നിത്യരോഗിയും ശല്യക്കാരുമായ നമ്മുടെ റോഡിലൂടെ മത്സരബുദ്ധിയോടെ കെഎസ്ആര്‍ടിസി അഥവാ ആനവണ്ടി നമ്മളേം കൊണ്ടിങ്ങനെ ഓടിത്തുടങ്ങിയിട്ട് കാലങ്ങളെത്രയോ ആയി. 

ലുക്കിലും മട്ടിലും ഇതിനിടയില്‍ പലവട്ടം കെഎസ്ആര്‍ടിസി മാറി. ട്രെയിനിനോടു കിടപിടക്കുന്ന മിന്നല്‍ സര്‍വീസും വന്നു. എങ്കിലും കെഎസ്ആര്‍ടിസിയില്‍ വന്ന ഏറ്റവും ചരിത്രപരമായ മാറ്റം ഇതുതന്നെയാണ്. ഈ വനിത ദിനത്തില്‍ അതിനെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. വണ്ടിപ്പണി അഥവാ ഡ്രൈവിങ്, ടിക്കറ്റ് കൊടുക്കല്‍, എന്നിവ ആണിനു വേണ്ടിയുള്ളതാണെന്ന ധാരണ മാറ്റിത്തന്ന കെഎസ്ആര്‍ടിസിയിലെ ആ മാറ്റത്തെ കുറിച്ച്. മിടുക്കികളായ ഒരുപാട് കണ്ടക്ടര്‍മാര്‍ നമുക്കുണ്ട്. അഥികമൊന്നുമില്ലെങ്കിലും മൂന്നു വനിതകള്‍ ഡ്രൈവിങ് സീറ്റിലുമുണ്ട്. ഓ ഈ ആനവണ്ടി എങ്ങനെ പെണ്ണുങ്ങളോടിക്കുന്നതെന്ന പുരികം ചുളിച്ചുള്ള ചോദ്യത്തിന് ഇവരുടെ ഈ ചുറുചുറുക്കാണ് ഉത്തരം. അതിലൊരാളാണു ഷീബ. കെഎസ്ആര്‍ടിസിയുടെ മൂന്ന് വനിത ഡ്രൈവര്‍മാരിലൊരാള്‍.

വണ്ടികളോടെന്നാണ് കമ്പം തുടങ്ങിയതെന്നു ഷീബയ്ക്ക് അറിയില്ല. പക്ഷേ ഇരുപത് വയസായപ്പോഴേ വണ്ടിയോടിക്കാനും വണ്ടിയോടിക്കല്‍ പഠിപ്പിക്കാനും തുടങ്ങിക്കഴിഞ്ഞിരുന്നു ഷീബ. ബസ് യാത്രകളോട് വല്ലാത്ത കമ്പമായിരുന്നു. കാരണം വേറൊന്നുമല്ല, കാക്കിയുടുപ്പിട്ട് ഡ്രൈവിങ് സീറ്റിലിരിക്കുന്നവരോട് കടുത്ത ആരാധന. വീട്ടിലെ ആങ്ങളമാര്‍ക്ക് പെങ്ങളെ ഡ്രൈവിങ് പഠിപ്പിക്കാനും അതൊരു തൊഴിലായി സ്വീകരിക്കുന്നതിലും പരിപൂര്‍ണ സമ്മതമായിരുന്നു. അതുകൊണ്ടു തന്നെ ബസ് ഓടിപ്പ് അതും കെഎസ്ആര്‍ടിസിയിലെ ബസ് ഓടിപ്പിനോടുള്ള ഹരം അടുത്ത ചങ്ങാതിമാരോടൊക്കെ പറഞ്ഞിരുന്നു. അതിലൊരു ചങ്ങാതിയാണ് ഷീബയെ കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിന്‌റെ ഭാഗമാക്കിയതും. എന്തായാലും മനസ്സില്‍ വിചാരിച്ചു നടന്നത് യാഥാര്‍ഥ്യമായത് അങ്ങനെയാണ്.

എറണാകുളത്തെ കോട്ടപ്പടിയിലെ പാപ്പുവിന്‌റെയും കുട്ടിയുടെയും മകളായ ഷീബ അഞ്ചു വര്‍ഷമായി കെഎസ്ആര്‍ടിസിയിലെ ജീവനക്കാരിയായിട്ട്. നാഷണല്‍ പെര്‍മിറ്റുള്ള ഒരു കൂട്ടുകാരനുണ്ട് ഷീബയ്ക്ക്. ജോയ്. തൃശൂര്‍ കെഎസ്ആര്‍ടിസിയിലെ ജീവനക്കാരനാണ് ജോയ് ഇപ്പോള്‍. അവധിക്ക് നാട്ടിലെത്തുമ്പോഴൊക്കെ തന്്‌റെ കയ്യിലുള്ള ലോറ് ഷീബയ്ക്ക് ഓടിക്കാന്‍ നല്‍കാന്‍ ജോയിക്ക് ഒരു ആത്മവിശ്വാസക്കുറവും ഇല്ലായിരുന്നു. ആലുവ വരെയൊക്കെ ഓടിക്കുമായിരുന്നു. കെഎസ്ആര്‍ടിസിയില്‍ ജോയ് ജോലിക്കു കയറിയപ്പോള്‍ ഷീബ കെഎസ്ആര്‍ടിസിയില്‍ എന്നേലും വനിതകളെ ഡ്രൈവറായി എടുക്കുമോയെന്ന് അന്വേഷിച്ചു കൊണ്ടേയിരുന്നു. അങ്ങനെയാണ് ഷീബ ആഗ്രഹിച്ച പോലൊരു മാറ്റം വരുന്നുവെന്ന് കൃത്യസമയത്ത് ജോയ് വിവരം നല്‍കിയത്. അന്നുവരെ എഴുത്തു പരീക്ഷ കഴിഞ്ഞായിരുന്നു ഡ്രൈവിങ് ടെസ്റ്റ് നടത്തി ഡ്രൈവര്‍മാരെ എടുത്തുകൊണ്ടിരുന്നത്. ആ വര്‍ഷം മുതല്‍ വണ്ടി റോഡില്‍ ഭംഗിയായി ഓടിച്ച് എച്ചും എടുത്തു കാണിക്കുന്നവര്‍ മാത്രം പരീക്ഷയ്‌ക്കെത്തിയാല്‍ മതിയെന്ന തീരുമാനം വന്നു. സര്‍ട്ടിഫിക്കറ്റുകളുമായി ഷീബയോട് റിക്രൂട്ട്‌മെന്‌റ് നടക്കുന്ന കാക്കനാട് പോകാന്‍ ജോയ് പറഞ്ഞു. ആ ്ഗ്രൗണ്ടില്‍ ഒരു മടിയും കൂടാതെ ആത്മവിശ്വാസത്തോടെ ഷീബ വണ്ടിയോടിച്ചു. പരീക്ഷകളും സര്‍ട്ടിഫിക്കറ്റ് പരിശോധനയും കൃത്യമായി പിന്നാലെ നടന്നു. ഷീബ കെഎസ്ആര്‍ടിസിയിലെ ഡ്രൈവറായി. ആദ്യ ഓട്ടം കോതമംഗലം-വെള്ളാരംകുത്ത് റോഡിലൂടെയായിരുന്നു ഷീബ വണ്ടിയോടിച്ചത്. ഹോം ഡിപ്പോ കോതമംഗലമായിരുന്നു. പക്ഷേ കോതമംഗലത്തു നിന്ന്് മൂന്നാറിലേക്കും എറണാകുളത്തേയ്ക്കുമായിരുന്നു ആദ്യ ഓട്ടം. കയറ്റിറക്കവും വളവും തിരിവും ആവോളമുള്ള റൂട്ട് ഷീബയ്ക്കു പാടാകുമെന്നു കണ്ട് ഡിപ്പാര്‍ട്ട്‌മെന്‌റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഷീബയെ പെരുമ്പാവൂര്‍ ഡിപ്പോയിലേക്കു മാറ്റി. അവിടെ നിന്നാണ് ഓടിച്ചു തെളിഞ്ഞത്. ഇപ്പോള്‍ അങ്കമാലി ഡിപ്പോയിലാണ് ഷീബ. ആലുവ-ചാലക്കുടി റൂട്ടില്‍ വണ്ടിയോടിക്കുന്നു. വളയിട്ട കൈകള്‍ വലിയൊരു വളയത്തെ പിടിച്ചു വളച്ച് തിരിച്ച് ഒരു നാടിന്‌റെ യാത്രകള്‍ക്ക് കൂട്ടാകുന്നു...

വേറൊരു പണിയും ചെയ്യാന്‍ കിട്ടിയില്ലേ...പെണ്ണുങ്ങള്‍ക്ക് പറ്റുന്ന പരിപാടിയാണോ ഇതൊക്കെയെന്ന ചോദ്യം ഒരുപാട് പേരില്‍ നിന്ന് കേട്ടിട്ടുണ്ട്. പക്ഷേ അതിനൊന്നും ഷീബ ചെവി കൊടുക്കാറില്ല. അതൊന്നും കേള്‍ക്കാന്‍ സമയമില്ല. ഒന്നാമതേ എനിക്കൊരുപാടിഷ്ടമുള്ള ജോലി...പിന്നെ നമുക്ക് ജീവിക്കണ്ടേ...ജീവിക്കാന്‍ കിട്ടിയ ജോലിയല്ലേ... നമ്മള്‍ തന്നെ ജീവിക്കണ്ടേ...അതുമാത്രമല്ല ജോലിക്കു കയറിയ വിഭാഗത്തിലെ ആരും പരസ്യമായി വിമുഖത അറിയിച്ചിട്ടുമില്ല. പലതരം മനുഷ്യരല്ലേ പലതരത്തില്‍ അവര്‍ പെരുമാറും...നമ്മളതൊക്കെ ചിന്തിക്കുന്നതെന്തിന്...ഷീബ ചോദിക്കുന്നു. 

രാത്രി സമയങ്ങളിലും വണ്ടിയോടിക്കണം...തിരക്കേറിയ റൂട്ടിലും വണ്ടിയോടിക്കണം...രാപ്പകല്‍ ഭേദമില്ലാതെ ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ജോലി ചെയ്യണം...എങ്കിലും ഷീബ പറയുന്നു ഒരിക്കലും ഒരു സങ്കടമോ നിരാശയോ ക്ഷീണമോ തോന്നിയിട്ടില്ല...കണ്ടക്ടര്‍മാരെ അപേക്ഷിച്ച് ഡ്രൈവര്‍മാര്‍ക്ക് സുരക്ഷിതത്വം ഏറെയാണ്. അവരുടെ കാര്യം ഓര്‍ക്കുമ്പോള്‍ എനിക്ക് വിഷമം തോന്നാറുണ്ട്. ഞാനൊരു ഡ്രൈവറായതിനാല്‍ എന്ിക്കൊരു കാബിനുണ്ട്. ജീവനില്‍ പേടിയുള്ളതുകൊണ്ട് എത്ര മോശക്കാരായാലും അവിടേക്ക് കടന്നുവന്ന് ശല്യം ചെയ്യില്ല. വണ്ടിയിലിരിക്കുന്നവരുടെ ജീവന്‍ ഡ്രൈവറുടെ കയ്യിലാണെന്ന് അവര്‍ക്കറിയാമല്ലോ. സന്ധ്യാ നേരത്തൊക്കെ കുടിച്ച് ബോധമില്ലാതെ വണ്ടിയുടെ ഫ്രണ്ടില്‍ വന്നിരുന്നു വായിനോക്കുന്ന ചിലരൊഴികെ മറ്റാരും ശല്യക്കാരായി ഇല്ല. ഷീബ പറയുന്നു...സ്ഥിരം ഓടുന്ന റൂട്ടിലെ യാത്രക്കാരോട് അധികം അടുക്കാനോ അകലാനോ പോയിട്ടില്ല. എല്ലാവര്‍ക്കുമൊരു ചെറു പുഞ്ചിരി നല്‍കുന്നതിനു മുന്‍പേ ഇങ്ങോട്ടാണ് കിട്ടാറുള്ളത്. വനിത ഡ്രൈവറോട് അവര്‍ക്കും സ്‌നേഹം മാത്രം. എങ്കിലും ഇത്രയും കാലത്തെ കെഎസ്ആര്‍ടിസി യാത്രയില്‍ മറക്കാനാവാത്ത ഒരു മുഖമേയുള്ളൂ ഷീബയ്ക്ക്. ഒരു എറണാകുളം യാത്രയ്ക്കിടിയിലെ ബ്ലോക്കില്‍ പെട്ട് വണ്ടിയ്ക്ക് ബ്രേക്ക് പോയി വണ്ടി നിരങ്ങി ഫ്രണ്ടില്‍ കിടന്നൊരു കാറിന്‌റെ പുറകിലിട്ട് ഇടിച്ചു. വണ്ടിയ്ക്ക് കാര്യമായ പ്രശ്‌നമൊന്നുമുണ്ടായില്ലെങ്കിലും വഴക്കുണ്ടാക്കാന്‍ വരുന്നവരാണ് അധികവും. പക്ഷേ ആ മുഖം അവരില്‍ നിന്നൊല്ലാം വ്യത്യസ്തമായിരുന്നു. ഷീബയെ സമാധാനിപ്പിച്ച് അയാള്‍ യാത്രയായി....ആ മനുഷ്യനെ ഇടയ്ക്കിടെ ഓര്‍ക്കാറുണ്ട് ഷീബ.

കെഎസ്ആര്‍ടിസിയിലെ വനിത ഡ്രൈവര്‍ എന്ന കൗതുകത്തിനപ്പുറം ഷീബ ഒരു നല്ല ഡ്രൈവറാണെന്നാണ് മുതിര്‍ന്ന ഡ്രൈവറും ഡ്യൂട്ടി നിശ്ചയിക്കുന്ന ആളുമായ തോമസിന്‌റെ അഭിപ്രായം. ലോങ് പോകാനും പകരക്കാരായി ആകാനും അധികം ഡ്യൂട്ടി ചെയ്യാനും ഷീബയ്ക്കു രണ്ടു വട്ടം സമ്മതമാണ്. കൃത്യസമയത്ത് പോയി കൃത്യതയോടെ തിരിച്ചെത്തുന്ന ഷീബ പക്വതയും കൃത്യതയും അച്ചടക്കവുമുള്ളൊരു ഉദ്യോഗസ്ഥയാണെന്ന് തോമസ് പറയുന്നു.

വണ്ടിയോടിക്കാന്‍ വിമാനം പറത്താന്‍ ട്രെയിനോടിക്കാന്‍ കൊതിക്കുന്നവര്‍ ഒത്തിരിയുണ്ട്. പക്ഷേ കെഎസ്ആര്‍ടിസി ഓടിക്കണമെന്നതൊരു ബാല്യകാല ചാപല്യമായി മാറാത്ത ഷീബയെ പോലുള്ളവര്‍ അപൂര്‍വ്വമാണ്. ആ സ്വപ്നത്തെ കയ്യെത്തിപ്പിടിക്കുന്നവര്‍ അതിലും അപൂര്‍വ്വം.

ഷീബയുടെ അച്ഛന്‍ മരംവെട്ടുകാരനായിരുന്നു. അമ്മ ഒരു സാധാരണ വീട്ടമ്മയും. രണ്ടു ചേട്ടന്‍മാരും ഒരു ചേച്ചിയുമടക്കം മൂന്നു സഹോദരങ്ങള്‍. സാധാരണ കുടുംബമായിരുന്നുവെങ്കിലും മനുഷ്യ മൂല്യങ്ങള്‍ മനസ്സിലാക്കിയാണു ജീവിച്ചത്. ആണ്‍-പെണ്‍ എന്ന വേര്‍തിരിവില്ലാതെയാണു വളര്‍ത്തിയത്. ആരെയും അധികം പേടിക്കേണ്ടതില്ല...പെണ്ണായിപ്പോയല്ലോ എന്നു ചിന്തിക്കേണ്ടതില്ല....നമ്മള്‍ നമ്മളായി തന്നെ ജീവിക്കുക. മനുഷ്യരോടു നന്നായി പെരുമാറി മാത്രം ശീലിക്കുക...പിന്നീടുള്ളതെല്ലാം വഴിയേ വന്നുകൊള്ളും. അച്ഛന്‍ നല്‍കിയ ഉപദേശമായിരുന്നു ഷീബയ്ക്ക് അ്ന്നും ഇന്നും ധൈര്യമാകുന്നത്. ഷീബ ഡ്രൈവറാകുന്നത് കാണാനാകാതെ അച്ഛന്‍ പോയി. എങ്കിലും കുഞ്ഞിലേ മനസ്സില്‍ കൂടിയ സ്വപ്‌നത്തിന്‌റെ യാഥാര്‍ഥ്യ വഴിയിലൂടെ ഷീബ വളയം പിടിക്കുന്നു...നാട്ടാര് പറയും പോലെ ആനവണ്ടിയൊന്നുമല്ലെന്ന്ു പറഞ്ഞു കൊണ്ട് വലിയ ബുദ്ധിമുട്ടൊന്നുമില്ല ഈ വണ്ടിയോടിക്കാനെന്നു പറഞ്ഞു കൊണ്ട്...കാക്കി യൂണിഫോം സ്‌കൂള്‍ പിള്ളേരുടേതു പോലെയായല്ലോ എന്നൊരു ചെറിയ പരിഭവം പറഞ്ഞുകൊണ്ട്.