Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഗാസ്റ്റാറിന്റെയും സ്റ്റൈൽമന്നന്റെയും പെൺമക്കൾക്ക് ആഭരണമൊരുക്കിയ മിടുക്കി

ashasebastianmattathil.jpg.image.784.410 പാലാ സ്വദേശിനി ആശ സെബാസ്റ്റ്യൻ മറ്റത്തിലിന്റെ വിജയകഥയും മനോഹരമായി സങ്കൽപിച്ചു രൂപപ്പെടുത്തിയ ഒരു ആഭരണം പോലെ രസകരമാണ്; കൗതുകകരവും. ചിത്രത്തിന് കടപ്പാട്: എംഒഡി

ആദ്യകാഴ്ചയിൽത്തന്നെ കണ്ണിലുടക്കുന്ന, ആകർഷിച്ചു കീഴ്പ്പെടുത്തുന്ന ആഭരണങ്ങൾക്കു പിന്നിൽ ഒരു കഥയുണ്ട്. ആ ആഭരണത്തിന്റെ മാതൃക സങ്കൽപിച്ച്, യാഥാർഥ്യമാക്കിയ ഡിസൈനറുടെ അധ്വാനത്തിന്റെ കഥ. പാലാ സ്വദേശിനി ആശ സെബാസ്റ്റ്യൻ മറ്റത്തിലിന്റെ വിജയകഥയും മനോഹരമായി സങ്കൽപിച്ചു രൂപപ്പെടുത്തിയ ഒരു ആഭരണം പോലെ രസകരമാണ്; കൗതുകകരവും. 

അത്യാകർഷകമായും വ്യത്യസ്തമായും തനിമ നഷ്ടപ്പെടാതെയും അണിഞ്ഞൊരുങ്ങാൻ ആഗ്രഹിക്കുന്നവർ ഇന്നു കേരളത്തിൽ ആദ്യം തേടിപ്പോകുന്നത് ആശ സെബാസ്റ്റ്യനെ. ലോകത്തെല്ലായിടത്തുമുണ്ട് ആശയുടെ ആരാധകർ. അവർ ഡിസൈൻ ചെയ്ത ആഭരങ്ങൾ അഭിമാനത്തോടെ അണിയുന്നവർ. വിവാഹ ദിവസം അവിസ്മരണീയമാക്കാൻ ആഗ്രഹിക്കുന്ന യുവതികളും ആദ്യവസാനം തേടുന്നത് ആശയെ.അമേരിക്കയിലെ ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു പരിശീലനം നേടിയ ആശയ്ക്ക് ആഭരണ നിർമാണ ബിസിനസിൽ കാൽനൂറ്റാണ്ടിന്റെ അനുഭവസമ്പത്തുണ്ട്. സ്വന്തം കുടുംബാംഗങ്ങൾക്ക് ആഭരണങ്ങൾ ഡിസൈൻ ചെയ്തുകൊണ്ടാണ് ആശ ഈ രംഗത്തേക്കു കടന്നുവന്നത്.

bhama-mod.jpg.image.784.410 ആശ സെബാസ്റ്റ്യൻ ഡിസൈൻ ചെയ്ത ആഭരണം ധരിച്ച് ഭാമ. ചിത്രത്തിന് കടപ്പാട്: എംഒഡി

വിവിധ മേഖലകളിൽ പ്രശസ്തരായ താരങ്ങളുൾപ്പെടെയുള്ളവർക്ക് ഇന്നു വിവാഹത്തിന് ഒഴിവാക്കാനാവില്ല ആശയുടെ ആഭരണശ്രേണി. ആഘോഷപൂർവമായ വിവാഹങ്ങളുടെ അനിവാര്യത തന്നെയായിരിക്കുന്നു കൊച്ചിയിൽ ആശ നടത്തുന്ന എം.ഒ.ഡി. സിഗ്‍നേച്ചർ ജ്യൂവലറി. മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൾ സുറുമിയും തമിഴ് സ്റ്റൈൽ മന്നൻ രജനീകാന്തിന്റെ മകൾ ഐശ്യര്യയും വിവാഹച്ചടങ്ങുകളിൽ അണിഞ്ഞു ശ്രദ്ധ നേടിയത് ആശയുടെ ആഭരണങ്ങൾ.  

കാവ്യ മാധവന്റെയും ഭാവനയുടെയും വിവാഹച്ചടങ്ങുകളിലു മുണ്ടായിരുന്നു ആശയുടെ ആഭരണങ്ങളുടെ സാന്നിധ്യം. 

ആശയ്ക്കു വളരെ ചെറുപ്പത്തിലേ പ്രണയം തോന്നിയത് രത്നങ്ങളോടും വജ്രങ്ങളോടുമായിരുന്നു. ചിത്രരചനയിലും താൽപര്യമുണ്ടായിരുന്ന ആശ ഒഴിവുസമയങ്ങൾ ചിത്രം വരച്ചും നിറം ചാർത്തിയും ആഘോഷിച്ചു. വിവാഹാവസരം എത്തിയപ്പോൾ മറ്റു യുവതികളെപ്പോലെ ആശയും ആഭരണക്കടകളിൽ യോജിച്ച ആഭരണങ്ങൾ തേടിയിറങ്ങി. അതായിരുന്നു വഴിത്തിരിവ്. തനിക്ക് ഏറ്റവും യോജിച്ച ഒരു ആഭരണം ആശയ്ക്കു കണ്ടെത്താനായില്ല. നന്നായി ഇണങ്ങുന്നത്. വ്യത്യസ്തമായത്. തനിമയുള്ളത്. തനിക്കുള്ള ആഭരണം എന്തുകൊണ്ട് സ്വന്തമായി ഡിസൈൻ ചെയ്തു കൂടാ എന്നു ചിന്തിച്ചു. ക്രിസ്ത്യൻ വധുവിന് ഏറ്റവും യോജിക്കുന്ന ഒരു ആഭരണത്തിനാണ് ആദ്യം രൂപം നൽകിയത്. അതോടെ ഒരു വസ്തുത ആശ മനസ്സിലാക്കി. വിദഗ്ധനായ ഒരു ആഭരണ നിർമാതാവ് ഉണ്ടെങ്കിൽ തന്റെ മനസ്സിലുള്ള ആശയം അയാളോടു പറയാം. അങ്ങനെ താൻ മനസ്സിൽ താലോലിക്കുന്ന ആഭരണം സൃഷ്ടിക്കാം.

redrubymodchain.jpg.image.784.410 .അമേരിക്കയിലെ ജെമോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നു പരിശീലനം നേടിയ ആശയ്ക്ക് ആഭരണ നിർമാണ ബിസിനസിൽ കാൽനൂറ്റാണ്ടിന്റെ അനുഭവസമ്പത്തുണ്ട്. ചിത്രത്തിന് കടപ്പാട്: എംഒഡി

വിവാഹത്തിന് ആഭരണം എടുക്കാൻ പോയതു വഴിത്തിരിവ് ആയതുപോലെ വിവാഹം കഴിച്ചുചെന്ന വീടും ആശയുടെ ഭാവിയെ രൂപപ്പെടുത്തി– വന്യമായ സ്വപ്നങ്ങളിൽ ആഗ്രഹിച്ച അതേരീതിയിൽ. ആശ വിവാഹം കഴിച്ചുചെന്നതു തലമുറകളായി സ്വർണാഭരണ കച്ചടവത്തിൽ ഏർപ്പെട്ട ഒരു വീട്ടിലായിരുന്നു. ഒരു ഡിസൈനറായിരുന്നെങ്കിലും ആ രംഗത്തു ഭാവി രൂപപ്പെടുത്താൻ ആശയ്ക്കു സ്വന്തം വീട്ടിൽ അവസരം കിട്ടിയിരുന്നില്ല. പക്ഷേ പുതിയ വീട്ടിൽ ആശ എന്ന ഡിസൈനർ സസന്തോഷം സ്വീകരിക്കപ്പെട്ടു. തുടക്കത്തിൽ തന്നെ ആശ ഡിസൈൻ ചെയ്ത ആഭരങ്ങൾ പ്രശസ്തമായി. ആളുകൾ പറഞ്ഞുപറഞ്ഞ് ആ ആഭരണങ്ങളുടെ പ്രശസ്തി എല്ലായിടത്തുമെത്തി. വർഷങ്ങൾക്കുശേഷം മകൻ അക്ഷയ് സെബാസ്റ്റ്യൻ മറ്റത്തിൽ അമ്മയുടെ ആഭരങ്ങൾക്കു വ്യാവസായികമായ വിപണിയും കണ്ടെത്തി–എംഒഡി സിഗ്‍നേച്ചർ സിരീസിൽ. 

asha-son.jpg.image.784.410 മകൻ അക്ഷയ് സെബാസ്റ്റ്യൻ മറ്റത്തിൽ അമ്മയുടെ ആഭരങ്ങൾക്കു വ്യാവസായികമായ വിപണി കണ്ടെത്തി–എംഒഡി സിഗ്‍നേച്ചർ സിരീസിൽ. ചിത്രത്തിന് കടപ്പാട്: എംഒഡി

പരമ്പരാഗതമായി കണ്ടുവരുന്ന തരം ആഭരണങ്ങളല്ല ആശ ഡിസൈൻ ചെയ്യുന്നത്. അവ വ്യത്യസ്തമാണ്. പാരമ്പര്യവും ആധുനികതയും ഒരുമിച്ചുചേരുന്നത്. കേരളത്തിലെ പുതിയ തലമുറ സ്വർണാഭരണങ്ങളിൽനിന്ന് അകലുകയാണെന്നാണ് ആശ പറയുന്നത്. പരിമിതമായ ഡിസൈനുകൾ മാത്രമാണ് സ്വർണത്തിൽ ഡിസൈൻ ചെയ്യാനാവുന്നത്. ഇതു പലരെയും അസംതൃപ്തരാക്കുന്നു. ആശ പുതിയ തലമുറയെക്കൂടി മുന്നിൽകണ്ടുകൊണ്ടാണ് ആഭരങ്ങൾ രൂപകൽപന ചെയ്യുന്നതും വിപണിയിലിറക്കുന്നതും. ഏറ്റവും പുതിയ തലമുറയുടെ അഭിരുചികളും അവയിൽ പ്രകടം. അതുകൊണ്ടുതന്നെയാണ് പ്രശസ്തരായ താരങ്ങൾപോലും ആശയ്ക്കുവേണ്ടി കാത്തുനിൽക്കുന്നതും. 

ashasebastianmod2.jpg.image.784.410 പരമ്പരാഗതമായി കണ്ടുവരുന്ന തരം ആഭരണങ്ങളല്ല ആശ ഡിസൈൻ ചെയ്യുന്നത്. അവ വ്യത്യസ്തമാണ്. പാരമ്പര്യവും ആധുനികതയും ഒരുമിച്ചുചേരുന്നത്. ചിത്രത്തിന് കടപ്പാട്: എംഒഡി

സ്വർണം ആഭരണങ്ങൾക്കുവേണ്ടി കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധ വേണമെന്നു പറയുന്നു ആശ. ആഭരണം ആയതിനുശേഷവും അതിന്റെ രൂപമാറ്റവും ഭാരവുമൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്. ഏത് ആഭരണം ആണെങ്കിലും അത് അണിയുന്ന വ്യക്തിയുടെ പ്രായവും നിറവും പ്രധാനമാണ്. അതുപോലെ സ്വർണാഭരണത്തിൽ പതിക്കുന്ന കല്ലുകളും ശ്രദ്ധിക്കണം. 

redrubymod.jpg.image.784.410 പുതിയ തലമുറയെക്കൂടി മുന്നിൽകണ്ടുകൊണ്ടാണ് ആഭരങ്ങൾ രൂപകൽപന ചെയ്യുന്നതും വിപണിയിലിറക്കുന്നതും. ഏറ്റവും പുതിയ തലമുറയുടെ അഭിരുചികളും അവയിൽ പ്രകടം. ചിത്രത്തിന് കടപ്പാട്: എംഒഡി

ആഘോഷാവസരങ്ങളിൽ അണിയുന്ന ആഭരണങ്ങളിൽ വ്യക്തിയുടെ നിറം പോലെ തന്നെ പ്രധാനമാണ് വസ്ത്രങ്ങളുടെ നിറവും. ആഭരണങ്ങളിൽ ഒതുങ്ങിനിൽക്കാതെ വിശേഷാവസരത്തിനുവേണ്ടി ഒരു വ്യക്തിയെത്തന്നെ അണിയിച്ചൊരുക്കാനും ആശയ്ക്കു കഴിയും. അമ്മയിൽനിന്നു കലയിലുള്ള താൽപര്യം പാരമ്പര്യമായി പകർന്നുകിട്ടിയ മകൾ ടിയ നെയ്ൽ കരിക്കാശ്ശേരിയും  കൊച്ചിയിൽതന്നെയാണ്  വ്യവസായ സംരംഭം സ്ഥാപിച്ചിരിക്കുന്നത്. ടി ആൻഡ് എം എന്ന പേരിൽ. അമ്മയും മകളും കൂടി വിവാഹവേളയിൽ വധുവിനെ പൂർണമായി അണിയിച്ചൊരുക്കുന്നു. 

ashasebastianmod.jpg.image.784.410 സ്വർണം ആഭരണങ്ങൾക്കുവേണ്ടി കൈകാര്യം ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധ വേണമെന്നു പറയുന്നു ആശ. ആഭരണം ആയതിനുശേഷവും അതിന്റെ രൂപമാറ്റവും ഭാരവുമൊക്കെ ശ്രദ്ധിക്കേണ്ടതുണ്ട്. ചിത്രത്തിന് കടപ്പാട്: എംഒഡി
modjewellery.jpg.image.784.410 പേടിയില്ലാതിരിക്കുക എന്നതാണ് ആഭരണഡിസൈനിങ്ങിൽ തന്റെ കരുത്ത് എന്ന് പറയുന്നു ആശ. ധീരമായി പുതിയ പരീക്ഷണങ്ങൾ നടത്തുക. പരമ്പരാഗത്യ മൂല്യങ്ങളെ ഉൾക്കൊണ്ടുതന്നെ സമകാലിക ലോകത്തിനിണങ്ങുന്ന ആഭരണ നിർമിതിയാണ് ആശയെ വ്യത്യസ്തയാക്കുന്നത്. ചിത്രത്തിന് കടപ്പാട്: എംഒഡി

പേടിയില്ലാതിരിക്കുക എന്നതാണ് ആഭരണഡിസൈനിങ്ങിൽ തന്റെ കരുത്ത് എന്ന് പറയുന്നു ആശ. ധീരമായി പുതിയ പരീക്ഷണങ്ങൾ നടത്തുക. പരമ്പരാഗത്യ മൂല്യങ്ങളെ ഉൾക്കൊണ്ടുതന്നെ സമകാലിക ലോകത്തിനിണങ്ങുന്ന ആഭരണ നിർമിതിയാണ് ആശയെ വ്യത്യസ്തയാക്കുന്നത്. കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ മുല്ലമൊട്ടുമാല, മാങ്ങാമാല, നാഗപടത്താലി എന്നിവയെല്ലാം പുതിയ രൂപത്തിലും ഭാവത്തിലും ആശയുടെ കൈകളിലൂടെ സ്ത്രീകളെ കാത്തിരിക്കുന്നു. പരമ്പരാഗത ക്രിസ്ത്യൻ ആഭരണമായ കിളിമാലയിലാണു ആശയുടെ ഇപ്പോഴത്തെ പരീക്ഷണം. ഭാഗ്യവതിയായ ഒരു വധുവിനെ കാത്തിരിക്കുന്നു ഈ പുത്തൻ പരീക്ഷണം.