പ്രൊഫഷന്റെ ഭാഗമായി ചെയ്യുന്നതാണെങ്കിലും ചില മനുഷ്യര്‍ അതിനും അപ്പുറത്തേക്ക്, തികച്ചും വ്യക്തിപരമായ ജീവിതത്തില്‍ ചില എഴുത്തുകുത്തുകള്‍ നടത്തും. അവരുടെ സംസാരത്തില്‍ നിന്നു പകരുന്ന ഊര്‍ജ്ജം പിന്നീടുള്ള കുറേയധികം നിമിഷങ്ങളെ നിര്‍ണയിക്കും. പ്രതിരോധ വകുപ്പ് വക്താവായ ധന്യ സനലിനോട് സംസാരിച്ചപ്പോള്‍ അതാണു തോന്നിയത്.
ലൈഫ് ഈസ് അമേസിങ് എന്ന് എഴുതിയിടാന്‍ തോന്നി. സിവില്‍ സര്‍വീസിലെ നേട്ടങ്ങള്‍ക്കപ്പുറം യാത്ര കൊണ്ട് അവര്‍ ചരിത്രം രചിച്ച വേളയിലാണ് ധന്യ സനലുമായി സംസാരിച്ചത്. പെണ്ണിനു കൂടിയുള്ളതാണ് ഈ ലോകത്തെ എല്ലായിടങ്ങളുമെന്നു വിളിച്ചു പറയുന്ന ഒരു വിധി കൂടി അടുത്തിടെ എത്തിയിരുന്നല്ലോ. ആ ഉത്തരവിന്റെ ബലത്തില്‍ അഗസ്ത്യാര്‍കൂടത്തിന്റെ അങ്ങേയറ്റത്തേക്ക് മലകയറി ചരിത്രം രചിച്ചിരിക്കുകയാണ് ധന്യ. മലകയറ്റമെന്ന കമ്പത്തേയും യാത്രകള്‍ നിറയുന്ന പ്രൊഫഷണല്‍ ജീവിതത്തേയും കുറിച്ച് ധന്യ സംസാരിക്കുന്നു.
പണ്ടേ ഇങ്ങനെയാ...
കൂട്ടുകാരുടെ കൂടെ ട്രക്കിങിനു പോകാറുണ്ട്. പണ്ടേയുള്ള ശീലമാണ്. അന്നേ ഹരമാണ്. ചെറുപ്പത്തിലേ അച്ഛനും അമ്മയുമൊക്കെയായി എവിടെയെങ്കിലും പോകുമ്പോള്‍ ട്രക്കിങിന് വശമുണ്ടേല്‍ ഞാന്‍ ഹാപ്പി ആവുകയും. ചെയ്യും. അവര്‍ക്ക് ചെറിയ പേടി കാണുമെങ്കിലും ഞാന്‍ വലിയ ആത്മവിശ്വാസത്തിലായിരുന്നു എപ്പോഴും. ഇപ്പോള്‍ അവര്‍ രണ്ടാളും ഇല്ല. അനുജത്തി ദിവ്യയും കുടുംബവും സിംഗപ്പൂരിലാണ്. അവള്‍ക്ക് അവിടെയിരുന്നു എന്റെ ട്രക്കിങ് കമ്പത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താനാകില്ലല്ലോ.
എന്തായാലും ഞാന്‍ പോകും എന്നറിയാം. എവിടെ പോകുവെങ്കിലും അവളെ വിളിച്ചറിയിക്കും. പേടിയുണ്ട് ആളിന്. പക്ഷേ ഇപ്പോള്‍ കുറേ വര്‍ഷമായില്ലേ ഞാനീ ട്രക്കിങും കാര്യങ്ങളുമൊക്കെയായി. അതുകൊണ്ട് അവള്‍ ഇപ്പോള്‍ ഭക്ഷണം കഴിച്ചോ യാത്രയില്‍ ഭക്ഷണം കരുതിയിട്ടുണ്ടോ എന്നുറപ്പു വരുത്തിയിട്ട് ഫോണ്‍ വയ്ക്കും. അതാണ് പതിവ്. അഡ്വെഞ്ചറസ് ആയ എന്തു കാര്യവും ചെയ്യാന്‍ വലിയ ഹരമാണ്. അതിന്റെ ഭാഗമായാണ് ഈ യാത്രയും. പിന്നെ കൂട്ടുകാര്‍ക്കും എന്റെ സ്വഭാവം അറിയാം. സേഫ് ആയി പോയി വാ എന്നു മാത്രം അവരും പറയും .
അഗസ്ത്യാര്‍കൂടത്തിലെ ആദ്യ വനിത!
2012ല്‍ സിവില്‍ സര്‍വീസ് പരിശീലനത്തിന്റെ ഭാഗമായി നടത്തിയ നീലഗിരി ട്രക്കിങ് ആയിരുന്നു ഇതുവരെ ചെയ്തതില്‍ ഏറ്റവും വലുത്. പക്ഷേ കാഠിന്യമേറിയ ട്രക്കിങ് ഇതു തന്നെയായിരുന്നു. അഗസ്ത്യാര്‍കൂടം ട്രെക്കിങിന് സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കോടതി ഉത്തരവിലൂടെ നീക്കം ചെയ്യപ്പെട്ടതോടെയാണു ട്രക്കിങിനു പോകാന്‍ ഇഷ്ടമുള്ള ഏതൊരാളെയും പോലെ ഞാനും വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തത്. ആദ്യ സംഘത്തോടൊപ്പം തന്നെ പോകാനാകും എന്നു വിചാരിച്ചതല്ല. അത് യാദൃശ്ഛികമായി സംഭവിച്ചത്. അവിടെ ഇതിനു മുന്‍പും സ്ത്രീകള്‍ എത്തിയിട്ടുണ്ടെന്നാണ് അറിഞ്ഞത്. പക്ഷേ അവിടത്തെ സ്ഥലവാസികള്‍ പറയുന്നത് ട്രക്കിങ് നടത്തി ആദ്യമായി അവിടെ ഒരു വനിത എത്തുന്നത് ഇപ്പോഴാണെന്നാണ്.
എളുപ്പമല്ല ഒട്ടും!
ഞാന്‍ ഇതിനു മുന്‍പ് കേരളത്തിലെ വയനാട്, ഇടുക്കി, പൊന്‍മുടി...തുടങ്ങിയ ഇടങ്ങളിലൊക്കെ ട്രക്ക് ചെയ്തിട്ടുണ്ട്. കഴിയാവുന്ന കുന്നുകളിലൊക്കെ വലിഞ്ഞു കയറും. നീലഗിരിക്കുന്നുകളില്‍ നടത്തിയ ട്രക്കിങില്‍ പത്തു ദിവസം കൊടും വനത്തിനുള്ളിലായിരുന്നു. പക്ഷേ ഒന്ന് ഉറപ്പിച്ച് പറയാം അവിടെയൊക്കെ പോയ പോലെ അത്ര എളുപ്പമല്ല അഗസ്ത്യാര്‍കൂടം. ഓടിക്കയറി പോകാന്‍ കഴിയുന്ന ഇടമേയല്ല. ഞാന്‍ ദിവസേന പത്തു കിലോ മീറ്റര്‍ നടക്കുന്ന ഒരാളാണ്. എനിക്കു പോലും ട്രക്കിങ്ങിനിടയില്‍ പലതവണ നല്ല ക്ഷീണം തോന്നി. അപ്പോള്‍ ഒട്ടും നടക്കാത്തവരുടെ കാര്യം കഷ്ടമായിരിക്കും.
അഗസ്ത്യാര്‍കൂടം വനത്തിനുള്ളില്‍ രണ്ട് രാത്രിയാണ് ചെലവിട്ടത്. ബോണക്കാട് ഫോറസ്റ്റ് ചെക്ക്‌പോസ്റ്റില്‍ നിന്നാണ് യാത്ര തുടങ്ങുന്നത്. മൊത്തം യാത്ര 40 കിലോമീറ്റര്‍. ആദ്യത്തെ ദിവസം 13.5 കിലോ മീറ്ററാണ് താണ്ടിയത്. ബോണക്കാട് നിന്ന് 9.30ന് യാത്ര ആരംഭിച്ച് അതിരുമല ബേസ് ക്യാപില്‍ എത്തിയത് മൂന്നു മണിക്ക്. സാധാരണ ട്രക്കിങ് തുടങ്ങി പതിയെ പതിയെയാണ് അത് കൂടുതല്‍ കഠിനമായ പാതയിലേക്ക് മാറുക. പക്ഷേ അഗസ്ത്യമലയിലേക്കുള്ള ട്രക്കിങില്‍ തുടക്കം മുതല്‍ നമ്മള്‍ സാഹസികതയിലേക്കു കാല്‍വയ്ക്കുകയാണ്.
ആദ്യത്തെ രണ്ടു കിലോമീറ്ററിനുള്ളിലാണ് കരമനയാറിന്റെ ഉദ്ഭവവും അട്ടയാറുമൊക്കെ വരുന്നത്. അത് താണ്ടണം. വഴികളിലൊക്കെ നല്ല കാടാണ്. കാട്ടുചെടികളെ വകഞ്ഞു മാറ്റി വേണം യാത്ര. പിന്നീടുള്ള അഞ്ച് കിലോമീറ്ററില്‍ നാലു കിലോമീറ്റര്‍ പുല്‍മേടാണ്. അപ്പോഴേക്കും സൂര്യന്‍ നമ്മളുടെ ഉച്ചിയില്‍ വെട്ടിത്തിളങ്ങിത്തുടങ്ങും. നല്ല കുത്തനെ കിടക്കുകയാണ് ഈ പുല്‍മേട്. തണലിനൊരു മരമോ വെള്ളമോ ഇല്ലാത്തതു കൊണ്ട് നാലു കിലോമീറ്റർ നടക്കുന്നതു പോലും നാല്‍പത് കിലോമീറ്റര്‍ നടക്കുന്നതു പോലെ ഒരു അനുഭവം തന്നെയായിരിക്കും. അതു കഴിഞ്ഞാല്‍ മുട്ടിടിച്ചാന്‍ പാറ, മുട്ടിടിച്ചാന്‍ തേരി എന്നൊക്കെ അറിയപ്പെടുന്ന സ്ഥലം. നമ്മള്‍ ഒരു ചുവടു വച്ച് അടുത്തതിലേക്കു കാല്‍വയ്ക്കുമ്പോള്‍ മുട്ട് മുഖത്തിടിക്കും. അത്രയ്ക്കു കുനിഞ്ഞ് ആയാസപ്പെട്ടു വേണം കയറാന്‍. അതുകൊണ്ടാണ് ആ പേര് വന്നത്.
പത്ത് കിലോയോളം വരുന്ന ബാഗുമായാണ് ഈ യാത്ര. ക്യാമറ, വെള്ളം, ഡ്രസ്, ഡ്രൈ ഫ്രൂട്‌സ്, ചോക്ലേറ്റ്, മറ്റ് ആഹാര വസ്തുക്കള്‍, സ്വെറ്റര്‍ തുടങ്ങിയ കാര്യങ്ങളൊക്കെയാണ് ബാഗില്‍. ആദ്യ ദിവസം അതിരുമല ബേസ് ക്യാംപിലാണ് തങ്ങിയത്. നല്ല കഞ്ഞിയും കട്ടന്‍ കാപ്പിയുമൊക്കെ കിട്ടുന്നിടമാണ് അവിടം. പിറ്റേ ദിവസം രാവിലെ ഏഴരയ്ക്ക് വീണ്ടും യാത്ര തുടങ്ങും. ആഹാരം അവര്‍ തന്നുവിടും. പൊങ്കാലപ്പാറ എന്ന സ്ഥലത്തു വച്ച്, അവിടെയാണ് ആദ്യം വെള്ളം കിട്ടുന്നത്, പ്രഭാത ഭക്ഷണം കഴിച്ച ശേഷം വീണ്ടും യാത്ര.
പിന്നീടുള്ളത് മൂന്നു മലകളാണ്. അത് താണ്ടിയെത്തുന്ന നാലാം മലയാണ് നമ്മുടെ ലക്ഷ്യ സ്ഥാനം. ഞങ്ങള്‍ 11.10ന് അവിടെയെത്തി. 11.45ന് തിരിച്ചു യാത്ര തുടങ്ങി. വൈകിട്ട് മൂന്നു മണിക്ക് അതിരുമല ബേസ് ക്യാംപിലെത്തി. രാത്രി അവിടെ തങ്ങിയിട്ട് ഏഴര മണിക്ക് വീണ്ടും യാത്ര ചെയ്ത് മൂന്നു മണിയോടെ ബോണക്കാട് എത്തി. അതിരുമലയിലെ താമസം മഞ്ഞിന്‍ കൂടാരത്തില്‍ കിടക്കും പോലെയാണ്. ഓരോ മലകളും കയറാന്‍ കയര്‍ കെട്ടിയിട്ടുണ്ട്. നല്ല ശ്രമകരമായ ദൗത്യമാണ്. അവിസ്മരണീയവും.
രസമുള്ളതിലൊക്കെ കൈവയ്ക്കും
എനിക്ക് രസകരമായത് എന്നു തോന്നുന്നതിലെല്ലാം കൈവയ്ക്കുന്നതാണ് ശീലം. അതുകൊണ്ട് പഠിത്തത്തേക്കാള്‍ ആക്ടീവ് പാഠ്യേതര വിഷയങ്ങളിലാണ്. ഇരുപതു വര്‍ഷത്തോളം ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചിരുന്നു. യുവജനോത്സവങ്ങളില്‍ കഴിയാവുന്ന ഐറ്റങ്ങളിലൊക്കെ പങ്കെടുക്കും. സ്‌കൂള്‍ യൂത്ത്‌ഫെസ്റ്റിവലില്‍ സബ്ജില്ല-ജില്ല തലങ്ങളിലും കോളജില്‍ മെഡിക്കല്‍ കലോത്സവത്തിലും കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു. ഇപ്പോഴും ഡാന്‍സ് തുടരണം എന്നുണ്ട്. തിരുവനന്തപുരത്തെത്തിയപ്പോള്‍ റിഗാറ്റാ ഡാന്‍സ് അക്കാദമിയില്‍ ചേര്‍ന്നെങ്കിലും സമയക്കുറവു മൂലം തുടരാനായില്ല. അതില്‍ നിന്നൊക്കെ വ്യത്യസ്തമാണ് ട്രക്കിങ്.
ഒരു വട്ടം ട്രക്കിങ് ചെയ്ത് നോക്കുന്നവരാരും അതു മറക്കില്ല. നമുക്കൊരു ലഹരി പോലെയാകും അത്. കാടുകള്‍ അങ്ങനെയുള്ളതാണ്. നാട്ടിലില്ലാത്ത നന്മയും ശാന്തതയും സൗമ്യതയുമൊക്കെ കാടിനുള്ളിലുണ്ട്. എവിടേക്കു നോക്കിയാലും ആ ഭാവമാണ്. ചിലര്‍ പോയ സ്ഥലത്തേയ്ക്കു തന്നെ വീണ്ടും പോകും. ഞാന്‍ അങ്ങനെയല്ല എനിക്ക് പുതിയ മലമേടുകളിലേക്കു പോകാനാണിഷ്ടം. ഒരു വട്ടം ചെയ്തു നോക്കൂ. ചെറിയ ചെറിയ മലകളില്‍ തുടങ്ങിയാല്‍ മതി. വളരെ സിമ്പിളായ യാത്രകള്‍. ഒരു പൊതിച്ചോറും വെള്ളവും മാത്രം മതി മലകയറാന്‍. ഇലയില്‍ പൊതിയണം ചോറ്.
ഞാന്‍ ട്രക്കിങിനു പോകുമ്പോള്‍ ധരിക്കുന്ന ഡ്രസ് കണ്ടാല്‍ ഇതു തന്നെയാണ് എനിക്ക് പണി എന്നു തോന്നും. അങ്ങനെയുള്ള ഡ്രസ് ഒന്നും വേണമെന്നില്ല. ഞാന്‍ എന്റെ കംഫര്‍ട്‌സിന് അനുസരിച്ചാണ് അത് തിരഞ്ഞെടുത്തത്. എവിടെ പോയാലും തിരിച്ചിറങ്ങുന്നത് മനസ്സിലൊരുപാട് ഊര്‍ജ്ജവുമായിട്ടായിരിക്കും എന്നെനിക്ക് ഉറപ്പു പറയാനാകും. അത് വളരെ വ്യക്തിപരമായ കാര്യങ്ങളിലായാലും പ്രൊഫഷണല്‍ ലൈഫിലായാലും നല്ലതു മാത്രമേ സമ്മാനിക്കൂ. ചുമ്മാ പോയിട്ട് വാ...എന്നേ എനിക്കെല്ലാവരോടും പറയാനുള്ളൂ.
നഴ്‌സിങില്‍ നിന്നു സിവില്‍ സര്‍വീസിലേക്ക്!
എംബിബിഎസ് കൊതിച്ച് എന്‍ട്രന്‍സ് എഴുതി നഴ്‌സിങില്‍ ലാന്‍ഡ് ചെയ്തു, ഐഎഎസ് മോഹിച്ച് സിവില്‍ സര്‍വീസ് എഴുതി ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസില്‍ എത്തപ്പെട്ടു. ഓരോ സര്‍വീസിനും അതിന്റേതായ വലിയ സ്‌പേസ് ഉണ്ട്. അതുകൊണ്ട് ജോലി നല്ലതു മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. മഞ്ചേരിയിലാണ് വീട്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കി അധ്യാപികയായി ജോലി ചെയ്തിട്ടാണ് സിവില്‍ സര്‍വീസിലേക്കു വരുന്നത്.
ഇപ്പോഴത്തെ ജോലിയില്‍ യാത്രകളാണ് അധികവും. എനിക്കതിനോട് ഏറെയിഷ്ടമായതുകൊണ്ട് നോ പ്രോബ്ലം. ആ നിലപാട് ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളും സമ്മാനിച്ചിട്ടുണ്ട്. ഓഖി ദുരന്ത സമയത്ത്, മാധ്യമങ്ങൾ സംപ്രേഷണം ചെയ്ത ഫൊട്ടോകളും വിഡിയോകളും വിവിധ സേനാ വിഭാഗങ്ങള്‍ക്കൊപ്പം ചിത്രീകരിക്കുകയുണ്ടായി. ആ കാഴ്ചകളൊക്കെ മറക്കാനാകില്ല, ജീവിതത്തിന് വേറെയും ചില അര്‍ഥങ്ങളുണ്ടെന്നു കാണിച്ചു തന്ന കാഴ്ചകളായിരുന്നു അതെല്ലാം.
ഞാന്‍ ഇങ്ങനെ
ധാരളം മനുഷ്യരുമായി ഇടപെടാറുണ്ട്. ആറാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ മുതല്‍ പിജി കഴിഞ്ഞ് സിവില്‍ സര്‍വീസിന് പഠിക്കുന്നവര്‍ക്കു വരെ ക്ലാസ് എടുക്കുന്നുണ്ട്. പതിനഞ്ചു മിനിട്ട് പോലും വെറുതെ കളയാന്‍ ഇഷ്ടമില്ലാത്ത ആളാണ്. എല്ലാവരോടും പറയാനുള്ളതും അതു മാത്രമാണ്. വെറുതെ ഒരു മിനുട്ടു പോലും കളയരുത്. ഉപയോഗപ്രദമായ എന്തെങ്കിലും ഒരു പ്രവൃത്തിയില്‍ ഏര്‍പ്പെടുക, ഒന്നും ചെയ്യാനില്ലെങ്കില്‍ തൂത്തും തുടച്ചുമെങ്കിലും ഉപയോഗിക്കുക.. ജീവിതം നമ്മളോടും നമ്മള്‍ തിരിച്ചും ഇങ്ങനെയിരുന്നാല്‍, ഓരോ ദിനവും അമേസിങ് ആയിരിക്കും.