സിനിമയിലെ കലക്ടർ സൂപ്പർ പവർഫുൾ, യാഥാർഥ്യമതല്ല: രേണുരാജ് ഐഎഎസ്
സിനിമയിൽ കാണുന്നതു പോലെയല്ല കലക്ടർ ജോലിയെന്നും സിവിൽ സര്‍വീസ് കസേര ഒരു മ്യൂസിക്കൽ ചെയർപോലെയാണെന്നും ദേവീകുളം സബ്കലക്ടർ രേണുരാജ് ഐഎഎസ്. വനിതാദിനത്തോട് അനുബന്ധിച്ച് മലയാള മനോരമ ആലപ്പുഴ യൂണിറ്റിൽ സംഘടിപ്പിച്ച 'പെണ്ണായിരിക്കുന്നതിന്‍റെ ആനന്ദം' എന്ന പരിപാടിയുടെ ഭാഗമായി വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അവർ.
ഒരു സിവില്‍ സെർവൻറ് എന്നതിന്‍റെ ഒരു ന്യൂനത നമ്മൾ പൊതുമണ്ഡലത്തിലുള്ള ഒരു വ്യക്തിയാണെന്നതാണ്. ആർക്കു വേണമെങ്കിലും നമ്മളുമായി സഹകരിക്കാനും നമ്മളെ ആക്രമിക്കാനും പറ്റും. നമ്മളൊരു പബ്ലിക് ഫിഗറാണെന്നുള്ളത് മറച്ചുവച്ച് ഒതുങ്ങി നിൽക്കാനാകില്ല. ആഗ്രഹം പോലെ പ്രവർത്തിക്കാൻ പറ്റുമോയെന്നു ചോദ്യത്തിന് ഈ ജോലി നമ്മൾ സിനിമയിൽ കാണുന്നതു പോലെയല്ലെന്ന ഓർമപ്പെടുത്തലോടെയാണ് രേണു രാജിന്റെ മറുപടി. സിനിമയിലെ കലക്ടർ സൂപ്പർ പവർഫുളാണ്. അത്തരമൊരു ചിന്ത വച്ച് സേവനത്തിനു വന്നാൽ ചെറിയ നിരാശയുണ്ടാകും.
ജോലി സ്ത്രീയെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയും അവസരവും
"ജോലിയുമായി ബന്ധപ്പെട്ട വെല്ലുവിളികളും പ്രശ്നങ്ങളും സ്വകാര്യമായി എടുക്കുമ്പോഴാണ് വ്യക്തിയെന്ന നിലയിൽ തകർന്നു പോകുന്നത്. ജോലിയുമായി ബന്ധപ്പെട്ടുണ്ടായ ഇത്തരം വെല്ലുവിളികളോ പ്രശ്നങ്ങളോ ഒരു വ്യക്തി എന്ന നിലയിലോ സ്ത്രീ എന്ന നിലയിലോ ബാധിച്ചെന്ന തോന്നൽ എനിക്കുണ്ടായിട്ടില്ല." അതായിരിക്കണം മുന്നോട്ടു പോകാൻ തനിക്കു കരുത്തായിട്ടുള്ളതെന്നും അവർ കൂട്ടിച്ചേർത്തു.
ഒരു സ്ത്രീ അധികാരമുള്ള കസേരയിലിരിക്കുമ്പോൾ അതൊരു വലിയ വെല്ലുവിളിയും ഒപ്പം വലിയ അവസരവുമാണ്. ഒരു പെണ്ണല്ലേ ഇരിക്കുന്നത് എന്ന ചിന്തയാണ് പൊതുവെ കണ്ടുവരുന്നത് എന്തെല്ലാം വിദ്യാഭ്യാസ യോഗ്യതയും കഴിവുമുണ്ടെങ്കിലും സ്വയം തെളിയിക്കാൻ നിർബന്ധിതയാകുന്നു. അതിനാല്‍ തന്നെ ഒരു പെണ്ണായതു കൊണ്ടു താഴ്ത്തിക്കെട്ടേണ്ടതില്ലെന്നു തെളിയിക്കാനുള്ള അധികബാധ്യത സ്ത്രീകളുടെ മേലുണ്ട്. അതാണ് വലിയ വെല്ലുവിളിയായി തോന്നിയിട്ടുള്ളത്.
ഐഎഎസ് എന്ന ജോലി ഒരു നിശ്ചിത ചട്ടക്കൂട്ടിലുള്ളതാണ്. സ്ത്രീയായാലും പുരുഷനായാലും അതുചെയ്യാൻ ബാധ്യതയുള്ളതാണ്. സ്ത്രീ എന്ന നിലയിൽ ഒരു വിഭാഗം ജനങ്ങൾക്കിടയിൽ വലിയ പ്രചോദനമായി പ്രവർത്തിക്കാനാകുമെന്നത് വലിയ കാര്യമാണ്. മൂന്നാറിലെ സ്കൂളിലും കോളജിലും വിളിച്ചാൽ ഏതു പരിപാടിക്കും പോകാൻ ശ്രമിക്കാറുണ്ടെന്നും അവർ വ്യക്തമാക്കി.. ഇത് അവിടെ പോയി പ്രശസ്തയാകാൻ ചെയ്യുന്നതല്ല. പക്ഷേ ആ സ്ഥലത്തിനു അതു ആവശ്യമാണ്. അവിടുത്തെ കുട്ടികൾക്കു നമ്മളെ ആവശ്യമുണ്ട് പത്താം ക്ലാസ് കഴിഞ്ഞാലും വളരാൻ അവസരമുണ്ടെന്നു മനസിലാക്കാനും നേരിട്ടറിയാനും അവർക്കു നമ്മളെപ്പോലെയുള്ള ആളുകൾ വേണം. ഇത്തരത്തിൽ അവർക്കു പ്രചോദനമാകാന്‍ പറ്റുന്നുവെന്നത് വലിയ കാര്യമാണ്.
നിങ്ങളെ തൊട്ടവനെ ഒരു തരത്തിലും വെറുതെ വിടരുത്, അക്കാര്യത്തിലാണ് നിങ്ങൾക്കു വാശി വേണ്ടത്.
ഒരാൾ നിങ്ങളോട് മോശമായി പെരുമാറുന്നത് ഒരിക്കലും നിങ്ങളുടെ തെറ്റല്ല. അതൊരു അപമാനമായി കാണേണ്ട ആവശ്യവുമില്ല. നിങ്ങളെ തൊട്ടവനെ ഒരു തരത്തിലും വെറുതെ വിടരുത് . ആ കാര്യത്തിലാണ് നിങ്ങൾക്കു വാശി വേണ്ടത്. അല്ലാതെ എനിക്കൊരു അപമാനം പറ്റിയെന്നു പറഞ്ഞ് തലകുനിച്ചിരിക്കുകയല്ല വേണ്ടത്. സമൂഹത്തിൽ എല്ലാവരും നല്ലവരല്ല. പുരുഷൻമാരുടെ കൂട്ടത്തിലും ഒരു 80–90 ശതമാനം ആളുകളും നല്ലവരാണ്. സ്ത്രീകളെ ബഹുമാനിക്കുന്നവരും അവർ മുന്നോട്ടുവരണമെന്നു ആഗ്രഹിക്കുന്നവരും പിന്തുണയ്ക്കുന്നവരുമാണ്. പക്ഷേ അത്തരത്തിലല്ലാത്തവരുമുണ്ട്. സ്ത്രീകളുടെ ഇടയിലും ഇത്തരം ആളുകളുണ്ട്.
ഒരിക്കലും കരയരുതെന്നു പറയുന്നില്ല. വിഷമം വരുമ്പോൾ കരയുന്നത് ആരുടെയും കുറവല്ല. പക്ഷേ കരഞ്ഞ് ഇരുന്നു പോകരുതെന്നതാണ് കാര്യം. അതിൽ നിന്ന് എഴുന്നേറ്റു വരാൻ സാധിക്കണം, നമ്മളെ തളർത്തുന്ന ശക്തികള്‍ നമുക്കു ചുറ്റുമുണ്ട്. അതിലേക്ക് ഒരു പാട് ആഴ്ത്തിറങ്ങാൻ പോകുകയാണെങ്കിൽ നമുക്ക് ഈ ലോകം, അല്ലെങ്കിൽ ജീവിതത്തിൽ നാം കേൾക്കാൻ ആഗ്രഹിക്കുന്ന ആ നല്ല സംഗീതം നഷ്ടപ്പെട്ടു പോകും.
സിവിൽ സർവീസ് കസേര ഒരു മ്യൂസിക്കൽ ചെയർ പോലെ
സിവിൽ സർവീസ് കസേര ഒരു മ്യൂസിക്കൽ ചെയർ പോലെയാണ്. നമ്മൾ ചിന്തിക്കുന്ന എല്ലാ കാര്യങ്ങളും പൂർണമായി നടപ്പിലാക്കാൻ പറ്റുമെന്നു നിർബന്ധമില്ല. പല കാര്യങ്ങളും സദ്ദുദ്ദേശത്തോടെ ചെയ്യുമ്പോഴും പലപ്പോഴും തടസങ്ങളും നേരിടേണ്ടി വരാറുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാനായി ആത്മാർത്ഥമായി ചിന്തിച്ച്, ഉറക്കമൊഴിച്ച് കണ്ടുപിടിച്ച പരിഹാര മാർഗങ്ങളൊക്കെ ചെയ്തു തുടങ്ങുമ്പോൾ അപ്രതീക്ഷിതമായി പല കോണുകളിൽ നിന്നുണ്ടാകുന്ന തടസങ്ങളും വാദങ്ങളുമൊക്കെ കൊണ്ട് അതു നടത്തിക്കൊണ്ടു പോകാൻ പറ്റാതെ വരാറുണ്ട്, പക്ഷേ എന്നിരുന്നാലും ഈ സമൂഹത്തിന് ഒറ്റപ്പെട്ടും കൂട്ടായും ചെയ്യാൻ കഴിയുന്ന ഒരുപാടു നല്ല കാര്യങ്ങൾ ഈ ജോലിയിലുണ്ട്.
ഏറ്റവും കാര്യമായി എനിക്കു തോന്നിയിട്ടുള്ളത് നമുക്ക് ഒരുപാട് ബന്ധങ്ങളുണ്ടെന്നതാണ്. പല ഘട്ടങ്ങളിലും ആവശ്യക്കാരെ സഹായിക്കാൻ നിലവിലുള്ള വ്യവസ്ഥകളുടെ പരിമിതി മൂലം കഴിഞ്ഞെന്നു വരില്ല. ഈ സന്ദർഭങ്ങളിലാണ് ബന്ധങ്ങൾ സഹായകരമാകുന്നത്. നമ്മൾ ചോദിച്ചാൽ ചെയ്യുന്നവരുണ്ട്. അവരെയും ചോദിക്കാൻ അറിയാത്ത, ബന്ധങ്ങളില്ലാത്ത പാവപ്പെട്ട, അര്‍ഹരായവരെയും തമ്മിൽ ബന്ധിപ്പിക്കുക. ഇതാണ് നമുക്ക് ചെയ്യാൻ പറ്റുക.
അതൊരു ചെറിയ കാര്യമാണെങ്കിലും അവരുടെ ജീവിതത്തിലതൊരു വലിയ കാര്യമാണ്. അങ്ങനെ ഒരുപാടു അവസരങ്ങൾ ഈ ജോലിയിലുണ്ട്. ഒരുപക്ഷേ നമ്മൾ ചെയ്യുന്ന വലിയ വാർത്തകളിൽ ഇടംപിടിക്കുന്ന കാര്യങ്ങളെക്കാളൊക്കെ ജോലി കഴിഞ്ഞു രാത്രി കിടന്നുറങ്ങുമ്പോൾ നമുക്ക് സന്തോഷവും സമാധാവും നൽകുന്നത് ആരുമറിയാതെ ചെയ്യാൻ പറ്റുന്ന ചെറിയ ചെറിയ കാര്യങ്ങളാണ്. കംഫർട്ട് സോൺ നോക്കുകയാണെങ്കിൽ ഡോക്ടറായിരുന്നപ്പോഴാണ് അത്തരമൊരു തോന്നിയിട്ടുള്ളതെന്നും രേണു രാജ് പറഞ്ഞു. ദേവീകുളത്ത് തുടർപഠനം മുടങ്ങുന്ന ഘട്ടത്തിലെത്തിയ പാവപ്പെട്ട ഒരു കുട്ടി ഇത്തരത്തിൽ സഹായിക്കാനായതിന്‍റെ അനുഭവവും അവർ വിദ്യാർഥികളുമായി പങ്കുവച്ചു.