22–ാം വയസ്സില്‍ ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയുടെ മേധാവി അപൂർവങ്ങളിൽ അപൂർവമായി മാത്രം സ്ത്രീകൾ നേടുന്ന അംഗീകാരം എന്നു പറയേണ്ടി വരും ഇതിനെ. വിദ്യാർഥിനി ആയിരിക്കുമ്പോൾ തന്നെ ഇങ്ങനെ ഒരു പദവിയിലേക്ക് എത്തി ചേരാൻ കഴിയുമെന്ന് തെളിയിച്ച വ്യക്തിയാണ് ഗീതു ശിവകുമാർ എന്ന ഈ തിരുവനന്തപുരം സ്വദേശിനി. പെണ്ണായതു കൊണ്ട് മാത്രം ജീവിതത്തിലെ ലളിതമായ വെല്ലുവിളികൾക്ക് പോലും അവസരം കൊടുക്കാൻ തയാറാകാത്ത സ്ത്രീകൾക്ക് പ്രചോദനമാണ് ഗീതുവിന്റെ ജീവിതം. നിങ്ങൾ എന്താകണം എന്ന് നിങ്ങൾ തന്നെ തീരുമാനിക്കണം അതിനു ആദ്യം പെണ്ണാണ് എന്ന തോന്നൽ മനസ്സിൽ നിന്നുമകറ്റണം എന്ന് ഗീതു നിസ്സംശയം പറയുന്നു. ഈ വനിതാ ദിനം നിങ്ങളുടെ ദൃഡ നിശ്ചയങ്ങൾക്കുള്ള ദിനമാകട്ടെ എന്നും ഗീതു ആശംസിക്കുന്നു. ഗീതുവിന്റെ വാക്കുകളിലേക്ക്...

സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരോട്..

ബിസിനസ് തുടങ്ങാൻ വിൽ പവർ വരുന്ന ആ സമയത്തുതന്നെ ഉള്ള റിസോഴ്സസ് വച്ച് സംരംഭം ആരംഭിക്കണം അതിനു ആദ്യം വേണ്ടത്. തനിക്കിത് പറ്റുമെന്ന ആത്മവിശ്വാസമാണ്. അടിസ്ഥാന കാര്യങ്ങൾ ഉൾപ്പെടുത്തി ബിസിനസ് ആരംഭിച്ച ശേഷം അതിനൊപ്പം ബാക്കിയുള്ള കാര്യങ്ങൾ ആഡ് ചെയ്യുന്നതാണ് നല്ലത്. എല്ലാം ശരിയായിട്ട് ബിസിനസ് തുടങ്ങാം എന്നു വിചാരിക്കുന്നത് മണ്ടത്തരമാണ്. നമുക്ക് ധൈര്യമുണ്ടെന്നും ആത്മവിശ്വാസം ഉണ്ടെന്നും കൂടെ നിൽക്കുന്നവർക്ക് കൂടി ബോധ്യപ്പെടണം.

അവരെന്ത് വിചാരിക്കും?

ഗീതു ശിവകുമാർ

എന്തെങ്കിലും തുടങ്ങാൻ പ്ലാൻ ഉണ്ടെങ്കിൽ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത മനസ്സിൽ നിന്നും ആദ്യം കളയണം. നമ്മൾ തെറ്റായി എന്തേലും ചെയ്യുമ്പോഴാണ് അങ്ങനെ ഒക്കെ ചിന്തിക്കേണ്ടത്. ചിലപ്പോൾ ഫാമിലിയുടെ സാമീപ്യം നിങ്ങൾക്ക് കുറച്ച് നാൾ നഷ്ടമാകാം. പക്ഷേ അതൊക്കെ താൽക്കാലികം മാത്രമാകും. വിൽ പവറോട് കൂടി മുന്നോട്ട് പോകുകയാണ് വേണ്ടത്. ഫാമിലിയുടെ പിന്തുണ കൂടി ഉണ്ടെങ്കിൽ അതൊരു വലിയ കാര്യമാണ്.

എനിക്ക് പഠിക്കുന്ന സമയത്തെ പ്രോജക്ടുകള്‍ക്കെല്ലാം വീട്ടില്‍ വലിയ പിന്തുണയായിരുന്നെങ്കിലും ജോബ് ഓഫറുകളൊക്കെ വേണ്ടെന്നു വച്ച് സ്വന്തമായി കമ്പനി മതിയെന്നു തീരുമാനിച്ചപ്പോള്‍ വീട്ടില്‍ അത്ര സന്തോഷമൊന്നും ആയിരുന്നില്ല. അച്ഛന്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരനാണ്. അമ്മ കവടിയാറിലാണ് താമസം. അവര്‍ ഇരുവരേയും കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കിയതോടെ കാര്യം ശരിയായി. അവരെ ബോധ്യപ്പെടുത്താൻ പറ്റിയതാണ് എനിക്ക് ഗുണമായത്.

ആണിന് പറ്റുന്നത് പെണ്ണിന് പറ്റില്ലേ?

ഗീതു ശിവകുമാർ

പെണ്ണാണ് എന്നതിനാൽ ഒരിക്കലും നിങ്ങൾ ഒന്നിൽ നിന്നും ഒഴിവാക്കപ്പെടരുത്. ഒരാളോട് സംസാരിക്കാൻ തുടങ്ങുമ്പോൾ ആത്മവിശ്വാസം കൈവിടാതെ സംസാരിക്കുക. വളരെ ആത്മവിശ്വാസത്തോടെ ഒരാളോട് അങ്ങോട്ട് സംസാരിക്കുമ്പോൾ തിരിച്ച് നമുക്ക് ആദരവാകും ലഭിക്കുക. ഒഴിഞ്ഞു നിന്നു ചമ്മലോടെ ഒന്നിനെയും സമീപിക്കരുത്. അവിടെ നമ്മൾ വെറും പെണ്ണെന്ന് ലേബൽ ചെയ്യപ്പെടുന്നു. നമ്മുടെ വ്യക്തിത്വത്തെയാണ് അവിടെ ജഡ്ജ് ചെയ്യപ്പെടുന്നത്. ഞാനൊരു ഗേൾസ് സ്‌കൂളിലാണ് പഠിച്ചത്. നമ്മളെ സംബന്ധിച്ചിടത്തോളം ഒരു ബെഞ്ച് എടുത്ത് അങ്ങോട്ട് വയ്ക്കണമെങ്കിൽ നമ്മൾ പെണ്ണുങ്ങൾ തന്നെ ചെയ്യും. ഡെസ്കിൽ കയറേണ്ടി വന്നാൽ കേറും മരത്തിൽ കയറേണ്ടി വന്നാൽ കേറും. അങ്ങനെ എല്ലാം നമ്മൾ ചെയ്യുന്ന രീതി. ഇതൊക്കെ നമ്മളെ കുറെയൊക്കെ സ്വയം പര്യാപ്തമാക്കും. ജോലികൾ സ്വയം ചെയ്യാനുള്ള താൽപര്യം ഉണ്ടാക്കും. ഇതു ആൺകുട്ടികൾ ചെയ്താലേ ശരിയാകൂ എന്നൊരു ചിന്ത മനസ്സിൽ വരാതിരിക്കുന്നതാണ് നല്ലത്.

നിക്ഷേപം സ്ത്രീകൾക്ക്

നിക്ഷേപം സ്ത്രീകൾക്ക് ഒരു പ്രശ്നമേയല്ല. സ്ത്രീകൾക്ക് നിക്ഷേപം കിട്ടുന്ന നൂറുകണക്കിന് പദ്ധതികളാണ് ഇവിടെയുള്ളത്. സംരംഭം തുടങ്ങാൻ ലോൺ കിട്ടും സ്റ്റാർട്ടപ്പുകൾ ആണ് തുടങ്ങുന്നതെങ്കിൽ ഗ്രാന്റുകൾ കിട്ടും. സർക്കാർ ഫണ്ടുകൾ ഉണ്ട്. ചെറുകിട കച്ചവടങ്ങളാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ വലിയൊരു നിക്ഷേപം ആവശ്യം വരുന്നില്ല. വലിയൊരു നിക്ഷേപം കിട്ടിയാലേ ആരംഭിക്കുന്നുവെന്ന് വാശി പിടിക്കേണ്ട കാര്യമില്ല.

ഒറ്റക്ക് യാത്ര ചെയ്യാൻ പേടിയില്ലേ?

എല്ലാരും എന്നോട് ചോദിക്കും ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പേടിയില്ലെയെന്ന്. ആദ്യമൊക്കെ എനിക്കും പേടി ഉണ്ടായിരുന്നു. എന്നാൽ നമ്മുടെ ആത്മവിശ്വാസം ആണ് നമ്മളെ ആ പേടിയിൽ നിന്നു രക്ഷിക്കുന്നത്. ബോൾഡ് ആയി ആത്മവിശ്വാസത്തോടെ അങ്ങോട്ട് ആളുകളോട് പെരുമാറിയാൽ നമ്മളോടും അവർ നന്നായി തന്നെ പെരുമാറും. നേരത്തെ പറഞ്ഞത് പോലെ ആ ആദരവ് തിരിച്ചു കിട്ടും. നമ്മൾ കൂടുതൽ റിസർവ് ആകുമ്പോഴാണ് ആളുകൾ നമ്മളെ മിസ് യൂസ് ചെയ്യാൻ ശ്രമിക്കുന്നത്. അതിനുള്ള അവസരം ഒരിക്കലും നൽകരുത്.