"എന്റെ വണ്ണം സമ്മാനിച്ചത് നിരവധി ഇരട്ടപ്പേരുകൾ": മനസ്സു തുറന്ന് മഞ്ജു സുനിച്ചൻ
മഴവിൽ മനോരമയിലെ 'വെറുതെ അല്ല ഭാര്യ' എന്ന ഷോയിലൂടെ മിനിസ്ക്രീനിലും സിനിമകളിലൂടെ ബിഗ്സ്ക്രീനിലും തിളങ്ങുന്ന അഭിനേത്രിയാണ് മഞ്‍ജു സുനിച്ചൻ. ഹാസ്യപരിപാടിയായ മറിമായവും മഞ്‍ജുവിന്റെ അഭിനയ മികവിനു തെളിവാണ്. റിയാലിറ്റി ഷോയിലൂടെ അഭിനയരംഗത്തെത്തിയ മഞ്ജു സുനിച്ചന്റെ വിശേഷങ്ങളറിയാം.
ആദ്യ സിനിമ
വിവാഹത്തിനു മുമ്പ് പൃഥ്വിരാജിന്റെ ചക്രം എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. അന്നൊന്നും സിനിമാരംഗത്തെ കാര്യങ്ങളെക്കുറിച്ചൊന്നും എനിക്കറിയില്ല. കുട്ടിക്കാലം മുതൽ നൃത്തം പഠിക്കുന്നുണ്ടായിരുന്നു. തൊടുപുഴയിൽ നൃത്തപരിപാടിക്കു പോയപ്പോൾ ചില ഫോട്ടോഗ്രാഫർമാർ ചിത്രങ്ങളെടുത്തിരുന്നു. ഒരു ദിവസം വീട്ടിലേക്കു ഫോൺ വന്നു. ഡാൻസിന്റെ ചിത്രം കണ്ടാണ് വിളിക്കുന്നതെന്നും പുതിയ സിനിമയ്ക്കു പുതുമുഖങ്ങളെ ആവശ്യമുണ്ടെന്നും ഓഡിഷന് കോഴിക്കോട്ടെത്തണമെന്നും പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി. എന്തായാലും പോയി നോക്കാം എന്നു വിചാരിച്ചു.
ഒഡിഷനിൽ പങ്കെടുത്തു. ലോഹിതദാസ് സാറിന്റെ സിനിമയായിരുന്നു. ചക്രത്തിൽ വില്ലന്റെ ഭാര്യയുടെ കഥാപാത്രമായിരുന്നു എനിക്ക്. അതായിരുന്നു എന്റെ ആദ്യ സിനിമ. അന്ന് സിനിമയുടെ പ്രാധാന്യത്തെക്കുറിച്ചൊന്നും അറിയില്ല. അഭിനയിച്ചു, പ്രതിഫലം വാങ്ങി, വീട്ടിലെത്തി. അഭിനയത്തെക്കുറിച്ച് കൂടുതൽ അറിയാനും അന്വേഷിക്കുവാനുമുള്ള അറിവും ഇല്ലായിരുന്നു. അന്ന് എനിക്ക് മേക്കപ്പ് ചെയ്തത് പട്ടണം റഷീദിക്കയായിരുന്നു. സത്യത്തിൽ മിക്ക പ്രമുഖരെയും അന്ന് എനിക്ക് അറിയില്ലായിരുന്നു.
എന്റെ ഭാഗ്യമാണ് വെറുതെയല്ല ഭാര്യ റിയാലിറ്റിഷോ
വിവാഹമൊക്കെ കഴിഞ്ഞ് കുടുംബിനിയായി, അടുക്കളയിൽ വെച്ചും വിളമ്പിയുമൊക്കെ ജീവിതം മുന്നോട്ടു പോകുകയായിരുന്നു. അപ്പോഴാണ് ടിവിയിൽ വെറുതെയല്ല ഭാര്യ ഷോ കാണുന്നത്. സത്യത്തിൽ എനിക്ക് അസൂയ തോന്നി. ഭാര്യമാരെല്ലാം അടിപൊളിയായി ഒരുങ്ങി ലിപ്സ്റ്റിക്കുമൊക്കെയിട്ട് മേക്കപ്പൊക്കെ ചെയ്ത് സൂപ്പറായിരിക്കുന്നു. ഞാനോ, മുഷിഞ്ഞ വേഷവുമിട്ട് കാഴ്ചയിൽ നിറംമങ്ങിയും. ഒരുകൈ നോക്കിയാലെന്താ എന്ന ചിന്തയായിരുന്നു എന്നെ വെറുതെയല്ല ഭാര്യ രണ്ടാം ഭാഗം ഷോയിലെത്തിച്ചത്.
സത്യം പറഞ്ഞാൽ റിയലിറ്റി ഷോയാണ് എന്നെ ഞാനാക്കി മാറ്റിയത്. റിയാലിറ്റി ഷോയുടെ ഗ്രാൻഡ് ഫിനാലെ കഴിഞ്ഞപ്പോൾ പ്രോഗ്രാമിന്റെ ക്രൂവില്‍ ഉണ്ടായിരുന്ന കുട്ടികൾക്കു കേക്ക് നൽകുവാനായി ഞാൻ പോയിരുന്നു. അവിടെ വച്ച് ഉണ്ണിസാർ എന്നോടു ചോദിച്ചു അഭിനയിക്കുമോയെന്ന്, സ്കൂളിലൊക്കെ പരിപാടിയുടെ ഭാഗമായി നാടകവും മറ്റും ചെയ്തിട്ടുണ്ടെന്നു പറഞ്ഞു. മറിമായത്തിന്റെ ഡയറക്ടറാണ് ഉണ്ണിസാർ എന്ന് എനിക്കറിയില്ലായിരുന്നു.
ഒരു കൈ നോക്കാം എന്നായി. അങ്ങനെ അഭിനയിച്ച ആദ്യ ഹാസ്യപരിപാടിയായിരുന്നു മറിമായം. പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്നു തന്നെ പറയാം. മണികണ്ഠൻ ചേട്ടനും നിയാസിക്കയുമൊക്കെ ഷൂട്ടിന്റെ ഭാഗമായി ഒരുപാടു സഹായിച്ചിട്ടുണ്ട്. അഭിനയം ഇഷ്ടപ്പെട്ടതോടെ മണികണ്ഠൻ പട്ടാമ്പി കഥയെഴുതി തയാറാക്കിയ സിനിമയിലും എനിക്ക് അവസരം നൽകിയിരുന്നു. പൃഥ്വിരാജിന്റെ ഠമാർ പഠാർ ഉൾപ്പെടെ കുറച്ചു സിനിമകളിലും അഭിനയിക്കുവാനുള്ള ഭാഗ്യം ലഭിച്ചു.
ആഗ്രഹങ്ങളും ഇഷ്ടങ്ങളും
എല്ലാ മനുഷ്യർക്കും ആഗ്രഹങ്ങളുണ്ട്. എനിക്കുമുണ്ട് കുഞ്ഞു സ്വപ്നങ്ങളും ആഗ്രഹങ്ങളും. സിനിമയിൽ ശക്തമായ കഥാപാത്രം ചെയ്യണമെന്നുണ്ട്. അതുപോലെ ബിഗ്സ്ക്രീനിൽ എത്തിയാലും മിനിസ്ക്രീനിലും സജീവമാകണമെന്നുണ്ട്. എനിക്കറിയാം എന്നെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരുണ്ടെന്ന്. പുറത്തേക്കിറങ്ങുമ്പോൾ വളരെ സ്നേഹത്തോടെ ഒരുപാട് ആളുകൾ വിശേഷം തിരക്കാറുണ്ട്. പ്രേക്ഷകരെ നിരാശപ്പെടുത്താതെ നല്ല വേഷങ്ങൾ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.
യാത്രകൾ പോകുവാന്‍ എനിക്കിഷ്ടമാണ്. എന്റെ യാത്രകളൊക്കെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമൊപ്പമാണ്. ഇപ്പോൾ ഒറ്റപ്രശ്നമേ ഉള്ളൂ, അധികദിവസം മാറി നിൽക്കാൻ പറ്റില്ല. ഷൂട്ട് മാറ്റിവയ്ക്കാനുമാവില്ല. എങ്കിലും വീണുകിട്ടുന്ന അവസരം യാത്രയ്ക്കായി മാറ്റി വയ്ക്കാറുണ്ട്.
വീട്ടുവിശേഷം
എറണാകുളം കിഴക്കമ്പലമാണ് നാട്. ഭർത്താവ് സുനിച്ചനും മകൻ എഡ് ബർണാഡും അടങ്ങുന്നതാണ് കുടുംബം. മകൻ ഏഴാം ക്ലാസ്സിലാണ്. സുനിച്ചന്റെ വീട് കോട്ടയത്താണ്. ഷൂട്ടിന്റെ സൗകര്യത്തിനായി ഇപ്പോൾ ഞങ്ങൾ എറണാകുളത്താണ് താമസം. സ്വകാര്യ സ്കൂളിൽ ലീവ് വേക്കൻസിയിൽ കുറച്ചുനാൾ പഠിപ്പിച്ചിട്ടുണ്ട്. കിഴക്കമ്പലത്ത് ഇപ്പോൾ താമസിക്കുന്ന വീടിനടുത്താണ് എന്റെ തറവാട്. അവിടെ അച്ഛനും അമ്മയുമുണ്ട്. സഹോദരനും കുടുംബവും ഡൽഹിയിലാണ്.
മഞ്ജു വണ്ണം കുറച്ചതെങ്ങനെ
കുട്ടിക്കാലം മുതൽ ഞാൻ നല്ല തടിച്ചിട്ടായിരുന്നു. വീപ്പ, തടിച്ചി, കുട്ടിയാന എന്നിങ്ങനെ പല ഇരട്ടപ്പേരുകളും സ്കൂളിൽനിന്നു കിട്ടിയിട്ടുണ്ട്. അതൊക്കെ കേൾക്കുമ്പോൾ ഒരുപാടു സങ്കടം തോന്നിയിട്ടുണ്ട്. എന്നെപ്പോലെ വണ്ണം കൂടുതലുള്ളവരെല്ലാം നേരിടുന്ന പ്രശ്നവും ഇതൊക്കെയാണ്. അന്നൊക്കെ ഞാൻ ശരീരം മെലിയാനായി പലതും നോക്കിയിട്ടുണ്ട്. ഒന്നും ഫലിച്ചില്ല. ഇപ്പോൾ വണ്ണം കുറക്കാൻ കാരണങ്ങൾ രണ്ടുണ്ട്. സിനിമാരംഗത്തേക്ക് കടന്നുവന്നപ്പോൾ പ്രഫഷന്റെ ഭാഗമായി വണ്ണം കുറയ്ക്കാമെന്ന് കരുതിയതാണ് ഒന്നാമത്തേത്. മറ്റൊന്നുമല്ല. സ്ക്രീനിൽ കാണുമ്പോൾ സാധാരണ വണ്ണത്തെക്കാളും കൂടുതലായാണ് കാണുന്നത്.
എനിക്കു തന്നെ വൃത്തികേടായി തോന്നി. രണ്ടാമത്തേത്, തടികൂടിയിട്ട് അസഹ്യമായ മുട്ടുവേദന പിടികൂടി. അങ്ങനെ ഡയറ്റീഷ്യന്റെ നിർദേശമനുസരിച്ച് ഡയറ്റ് ആരംഭിച്ചു. 89 കിലോയിൽനിന്ന് 75 കിലോയായി ശരീരഭാരം കുറച്ചു. ആദ്യം കുറെ ബുദ്ധിമുട്ടിയെങ്കിലും തടി കുറയുന്നതു കണ്ടപ്പോൾ ആവേശമായി. ഭക്ഷണത്തിൽ നിയന്ത്രണം വരുത്തി.
ശരീരഭാരം കുറയ്ക്കാം, ഇവ ശ്രദ്ധിക്കൂ
മധുരപലഹാരങ്ങൾ ഒഴിവാക്കാം.
അരി ആഹാരം പൂർണമായും ഉപേക്ഷിക്കാം. ചോറിനു പകരം വെജിറ്റബിൾ സാലഡോ ചപ്പാത്തിയോ പഴങ്ങളോ ആവാം.
ധാരാളം വെള്ളം കുടിക്കുക.
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ ഒഴിവാക്കാം.
ഒാട്സ്, റാഗി, പയർ മുളപ്പിച്ചത് തുടങ്ങിയ ഭക്ഷണമാക്കാം.
അമിതമായി വിശപ്പ് തോന്നുമ്പോൾ വെജിറ്റബിൾ സാലഡ് ധാരാളം കഴിക്കുക.
ടിൻ ഫൂഡും ഹോട്ടൽ ഭക്ഷണവും ഒഴിവാക്കാം.