ആദ്യ പവര്‍ലിഫ്റ്റിങ് ലോകകപ്പില്‍ തന്നെ സ്വർണം, പഞ്ചഗുസ്തിയിൽ ദേശീയ തലത്തിൽ സ്വർണം, കേരള സ്റ്റേറ്റ് പവർലിഫ്റ്റിങ് അസോസിയേഷന്റെ ‘സ്ട്രോങ് വുമണ്‍ പുരസ്‌കാരം, മിസ്റ്റർ കേരള ചാംപ്യൻഷിപ്പിൽ ‘വിമൻസ് മോഡൽ ഫിസിക്’ വിഭാഗത്തിൽ സ്വർണമെഡൽ... അംഗീകാരങ്ങളേറെയുണ്ട് മജിസിയ ബാനുവിന്റെ പേരിൽ. ചുരുങ്ങിയ കാലം കൊണ്ടാണ് ലോകചാംപ്യന്‍ പട്ടമുള്‍പ്പെടെ ഒട്ടേറെ നേട്ടങ്ങൾ ഈ പവർലിഫ്റ്റർ സ്വന്തമാക്കിയത്. ആത്മാർഥമായ ആഗ്രഹം, ഒപ്പം കഠിനമായ പരിശ്രമവും  ഒരുപാട് കാലത്തെ അധ്വാനവും–ഇതിന്റെയൊക്കെ ഫലമായാണ് ഇന്നത്തെ നിലയില്‍ എത്താന്‍ കഴിഞ്ഞത് എന്നു പറയുന്നു മജിസിയ. കോഴിക്കോട് ഓർക്കാട്ടേരി സ്വദേശി മജിസിയയുടെ വിശേഷങ്ങളിലേക്ക്...

∙ കായികമേഖലയില്‍ ചുരുങ്ങിയ കാലങ്ങള്‍ കൊണ്ടുതന്നെ സ്വന്തം സ്ഥാനം നേടിയെടുത്ത പെണ്‍കുട്ടി. ഈ നേട്ടങ്ങളെ എങ്ങനെ നോക്കിക്കാണുന്നു?

കഠിനാധ്വാനത്തിനും പരിശ്രമങ്ങള്‍ക്കും കിട്ടിയ അംഗീകാരമാണ് ഇവയോരോന്നും. അതിനാല്‍ തന്നെ ഓരോ നേട്ടങ്ങളും എനിക്കേറ്റവും പ്രിയപ്പെട്ടതാണ്. കുട്ടിക്കാലം മുതല്‍ കായികമേഖലയോട് ഏറെ താൽപര്യമുള്ളയാളായിരുന്നു ഞാന്‍. സ്‌കൂള്‍ പഠനകാലത്ത് തന്നെ അത്‌ലറ്റിക് മത്സരങ്ങളിലും ബോക്‌സിങ്ങിലും പങ്കെടുക്കുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. പിന്നീട് തുടര്‍പഠനത്തിനായി മാഹി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സ് ആന്റ് ഹോസ്പിറ്റലില്‍ ബിഡിഎസിന് ചേരുകയായിരുന്നു. ബിഡിഎസ് രണ്ടാംവര്‍ഷം പഠിക്കുമ്പോഴാണ് ബോക്‌സിങ് ക്ലാസിന് ചേരുന്നത്.  അവിടെ കോച്ചായിരുന്ന രമേഷ് കുമാര്‍ സാറിന്റെ നിർദേശപ്രകാരമാണ് പവര്‍ലിഫ്റ്റിങ് പരിശീലിക്കാന്‍ തീരുമാനിക്കുന്നത്. അതു ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവാകുകയായിരുന്നു. 2017 മേയില്‍ ലഭിച്ച ഏഷ്യന്‍ മെഡലാണ് എനിക്ക് ലഭിക്കുന്ന ആദ്യത്തെ രാജ്യാന്തര പുരസ്‌ക്കാരം. പവര്‍ലിഫ്റ്റിങ് പരിശീലനമാരംഭിച്ചു 3 മാസമാകുമ്പോഴാണ് ഈ നേട്ടം സ്വന്തമാക്കാനായത്.

∙ മലബാറിലെ സാധാരണ മുസ്‌ലിം കുടുംബത്തിലും ചുറ്റുപാടിലും ജനിച്ചു വളര്‍ന്ന് മജിസിയ നേരിടേണ്ടി വന്ന വെല്ലുവിളികള്‍ എന്തൊക്കെയായിരുന്നു ?

സാഹചര്യങ്ങൾ ഇങ്ങനെയെല്ലാമായിരിക്കെ, പവര്‍ലിഫ്റ്റിങ് പരിശീലനം എന്നത് തികച്ചും സ്വപ്‌നതുല്യമായിരുന്നു. കാരണം ഞാന്‍ പരിശീലനം തുടങ്ങുന്ന സമയത്ത് അതിന് ആവശ്യമായ സ്ഥലം പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ എന്റെ നിശ്ചയദാര്‍ഢ്യം എന്നെ ഇന്നത്തെ നിലയിലെത്താന്‍ സഹായിച്ചു. സാമ്പത്തികമായി പിന്നാക്കം നിന്ന കുടുംബമായതിനാല്‍ തന്നെ പരിപാടികളില്‍ പങ്കെടുക്കുന്നതിന് സ്‌പോണ്‍സറെ കണ്ടുപിടിക്കേണ്ടതും ഏറെ പ്രയാസകരമായിരുന്നു. 

∙ കുടുംബത്തിന്റെ പിന്തുണ എത്രമാത്രം കരുത്തേകുന്നു...? 

ഉപ്പ, ഉമ്മ, അനിയന്‍ എന്നിവരടങ്ങുന്നതാണ് കുടുംബം. കുട്ടിക്കാലം മുതല്‍ തന്നെ ഈ മേഖലയോടുള്ള താല്‍പര്യം കണ്ടു മനസ്സിലാക്കിയ ഉപ്പയുടെയും ഉമ്മയുടെയും പൂർണ പിന്തുണയാണു ലഭിക്കുന്നത്. അതാണ് ഏറ്റവും വലിയ കരുത്തും. ആദ്യമൊക്കെ കുടുംബക്കാരില്‍ നിന്നും അടുത്ത സുഹൃത്തുക്കളില്‍ നിന്നുപോലും എതിര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തരം എതിര്‍പ്പുകളെ വെല്ലുവിളിച്ച് മുന്നേറാനായതിലും വിജയം കണ്ടെത്താന്‍ സാധ്യമായതിലും സന്തോഷമുണ്ട്. പണ്ട്  എതിര്‍ത്തിരുന്നവര്‍ പോലും ഇന്നു കൂടെ നിന്നു പ്രോത്സാഹിപ്പിക്കുന്നത് കാണുമ്പോള്‍ തികച്ചും അഭിമാനം തോന്നുന്നു. 

എന്റെ ജീവിതത്തില്‍ എടുത്തു പറയേണ്ട മറ്റൊന്നാണ് കള്ളിയത്ത് ടിഎംടി എനിക്ക് നല്‍കിയ പിന്തുണയും പ്രോത്സാഹനവും. അധികമൊന്നും അറിയപ്പെട്ടിട്ടില്ലാത്ത എന്നെപ്പോലൊരു കായികതാരത്തെ കണ്ടെത്തി ലോകത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ മാനേജ്‌മെന്റ് കാണിച്ച മനസ്സിന് നന്ദി പറയാനും ഞാനീ അവസരം ഉപയോഗിക്കുകയാണ്.  

തികച്ചും അപ്രതീക്ഷിതമായാണ്, സ്റ്റീല്‍ രംഗത്ത് 90 വര്‍ഷത്തോളം സേവനപാരമ്പര്യമുള്ള കള്ളിയത്ത് ടിഎംടിയുടെ ‘ഉള്‍ക്കരുത്തിന്റെ കഥകള്‍’ എന്ന സീരീസിന്റെ ഭാഗമാകുന്നത്. എന്റെ ജീവിതത്തിലൂടെ ഞാന്‍ മറ്റുള്ളവര്‍ക്ക് പകരാന്‍ ആഗ്രഹിച്ച ഒന്നാണ് ഉള്‍ക്കരുത്ത്. എന്റെ വിജയം എന്നും ഉള്‍ക്കരുത്തിലാണ് എന്നുറച്ചു വിശ്വസിച്ച എന്റെ ചിന്താഗതികളുമായി അടുത്തു നിന്ന ആശയം എന്നതാണ് ഈ സിരീസില്‍ ഭാഗമാകാന്‍ പ്രേരിപ്പിച്ചത്. ഇത്തരം നൂതനആശയങ്ങള്‍ കായികമേഖലയില്‍ ഭാവി കണ്ടെത്താനാഗ്രഹിക്കുന്നവര്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് ഏറെ പ്രചോദനമാവുകയും ചെയ്യും.

∙ ഡോക്ടര്‍, അത്‌ലറ്റ്, മോഡല്‍... ഏതു മേഖലയോടാണ് കൂടുതല്‍ താല്‍പര്യം?

ഇവ മൂന്നും ഒരുമിച്ച് കൊണ്ടുപോവുക എന്നതു തന്നെയാണ് ഇപ്പോഴത്തെ ആഗ്രഹം. ഇപ്പോള്‍ ഇവ മൂന്നും ഒരുമിച്ച് നല്ല രീതിയില്‍ മുന്നോട്ട് പോകുന്നുമുണ്ട്. ക്ലാസില്‍ പലപ്പോഴും അവധി എടുക്കേണ്ടി വരാറുണ്ടെങ്കിലും ഇത്തരം അവസരങ്ങളെ ഒഴിവാക്കാറില്ല. കാരണം ഓരോ സാധ്യതകളും എനിക്ക് എന്റെ കഴിവുകളെ തിരിച്ചറിയാനും കൂടുതല്‍ പരിശ്രമിക്കാനുമുള്ള അവസരങ്ങളാണ്. അതിനാല്‍ ഇപ്പോള്‍ ഇത്തരം അവസരങ്ങള്‍ക്കു തന്നെയാണ് പ്രാധാന്യം നല്‍കുന്നത്. പവർലിഫ്റ്റിങ് മത്സരങ്ങള്‍ക്ക് വേണ്ടി ഇന്തോനീഷ്യ, റഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളില്‍ ഇതിനകം സഞ്ചരിക്കാന്‍ സാധിച്ചതും ഏറെ സന്തോഷം തരുന്ന കാര്യമാണ്. 

∙ ‘ഉള്‍ക്കരുത്തിന്റെ കഥകള്‍’ എന്ന വിഡിയോ സിരീസിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് ? 

ദേശീയ- അന്തര്‍ദേശീയ മാധ്യമങ്ങളില്‍ നിരവധി ഇന്റര്‍വ്യുകളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും ഏറെ ശ്രദ്ധിക്കപ്പെടുന്നത് ഈ വിഡിയോ വന്നതിനു ശേഷമാണ്. ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങിയതും ഈ വിഡിയോയിലൂടെയാണ്. സമൂഹമാധ്യമങ്ങളില്‍ മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ചുരുങ്ങിയ ദിവസം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. ഒരുപാട് പേര്‍ക്ക് പ്രചോദനമായെന്ന് ഫോണ്‍കോളുകളിലൂടെയും സന്ദേശങ്ങളിലൂടെയും കേള്‍ക്കുമ്പോള്‍ മനസ്സ് നിറയുന്നു. 

∙ ലക്ഷ്യം, ഭാവിപരിപാടികള്‍ എന്നിവയെക്കുറിച്ച് ?

രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കൊണ്ട് പവര്‍ലിഫ്റ്റിങ്ങില്‍ ഇത്രയും നേട്ടങ്ങള്‍ നേടാനായെങ്കില്‍, വെയ്റ്റ്‌ലിഫ്റ്റിങ് പരിശീലനം കൂടെ ആരംഭിച്ച് ഏതെങ്കിലും ഒരു ഒളിംപിക്‌സില്‍ മത്സരിച്ച് സ്വർണം നേടുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. കൂടാതെ പവര്‍ലിഫ്റ്റിങ്ങില്‍ താല്‍പ്പര്യമുള്ള പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിന് വേണ്ടി ഒരു അക്കാദമി തുടങ്ങണമെന്നും ആഗ്രഹിക്കുന്നു. ഈ വര്‍ഷം ഫിന്‍ലന്‍ഡില്‍ നടക്കുന്ന വേള്‍ഡ് സിരീസില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പുകളിലാണ് ഇപ്പോള്‍.