ഇരിഞ്ഞാലക്കുട വനിതാ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ അപർണ ലവകുമാർ വാർത്തകളിൽ നിറയുന്നത് ഇതാദ്യമായല്ല. പതിനൊന്നു വർഷങ്ങൾക്ക് മുൻപ് ഔദ്യോഗിക നിർവഹണത്തിനിടയിൽ തന്റെ കൈയിൽക്കിടന്ന മൂന്നു സ്വർണ്ണ വളകൾ ഊരി നൽകിയാണ് അപർണ അന്ന് മനുഷത്വം പ്രകടിപ്പിച്ചത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഒരു കൊലപാതകക്കേസിൽ ഇൻക്വസ്റ്റ് നടത്താൻ പോയതായിരുന്നു അപർണ. 60,000 രൂപയുടെ ബിൽ അടച്ചാലെ മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകൂ എന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതർ.

ഗാർഹിക പീഡനത്തെത്തുടർന്നായിരുന്നു ആ സ്ത്രീ മരിച്ചത്. അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാൻ വഴികാണാതെ കണ്ണീരോടെ നിൽക്കുന്ന അവരുടെ മക്കളെ കണ്ട് മനസ്സലിഞ്ഞപ്പോഴാണ് അപർണ തന്റെ കൈയിലെ മൂന്നു സ്വർണവളകൾ അവർക്കൂരി നൽകിയത്. ആ സംഭവം നടന്ന് 11 വർഷങ്ങൾക്കിപ്പുറം അപർണ വീണ്ടും വാർത്തകളിൽ നിറയുകയാണ്. കാന്സർ ബാധിതർക്ക് മുടിദാനം ചെയ്യാനായി തലമുണ്ഡനം ചെയ്തതോടെയാണ് അപർണ വീണ്ടും വാർത്തകളിൽ നിറയുന്നത്.

തൃശ്ശൂർ ജില്ലയിലെ ആമ്പല്ലൂർ സ്വദേശിനിയാണ് അപർണ. വളരെ ചെറുപ്പത്തിലേ തന്നെ ഭർത്താവ് മരിച്ച അപർണ രണ്ട് പെൺകുഞ്ഞുങ്ങളെ ഒറ്റയ്ക്കാണ് വളർത്തിയത്. അടുത്തിടെയാണ് അപർണ പുനർവിവാഹിതയായത്. ട്രാഫിക് നിയമങ്ങളെപ്പറ്റിയും വ്യക്തി സുരക്ഷയെപ്പറ്റിയും സ്കൂളുകളിൽ ക്ലാസെടുക്കാറുണ്ട് അപർണ. സെപ്റ്റംബറിൽ അത്തരമൊരു ക്ലാസെടുക്കാൻ പോയപ്പോഴാണ് മുടിദാനം ചെയ്യാൻ തീരുമാനമെടുത്തതെന്ന് അപർണ പറയുന്നു.

ആ സംഭവത്തെക്കുറിച്ച് അപർണ ഓൺമനോരമയോടു പറഞ്ഞതിങ്ങനെ :-

'' കൗതുകം നിറഞ്ഞ കണ്ണുകളുമായി ക്ലാസ് സസൂക്ഷ്മം കേൾക്കുന്ന ഒരു കുട്ടിയെ ഞാൻ തുടക്കം മുതൽ തന്നെ ശ്രദ്ധിച്ചിരുന്നു. അവന്റെ തലയിൽ തീരെ മുടിയില്ലായിരുന്നു. ക്ലാസ് കഴിഞ്ഞതും അവൻ എന്നെ വന്നു കണ്ട് പൊലീസ് വിഭാഗത്തിൽ ജോലിചെയ്യാനുള്ള അവന്റെ ആഗ്രഹത്തെപ്പറ്റി പറഞ്ഞു. അവൻ ഒരു കാൻസർ സർവൈവറാണെന്ന് അവന്റെ ടീച്ചർ പറഞ്ഞപ്പോഴാണ് ഞാനറിയുന്നത്. തുടർച്ചയായ കീമോതെറാപ്പി കൊണ്ടാണ് അവന്റെ മുടി കൊഴിഞ്ഞു പോയതെന്നും ടീച്ചർ പറഞ്ഞു. അവന്റെ അസുഖത്തേക്കാൾ അവനെ വിഷമിപ്പിക്കുന്നത് മുടിപോയതാണെന്നും അതുമായി അവൻ പൊരുത്തപ്പെടുന്നതേയുള്ളൂവെന്നും ടീച്ചർ പറഞ്ഞത് എന്റെ മനസ്സിൽ തട്ടി.''- അപർണ ഓർക്കുന്നു.

ആ സംഭവത്തിനു ശേഷമാണ് തന്റെ കറുത്തുനീണ്ട് ഇടതൂർന്ന മുടി കാൻസർ രോഗികൾക്ക് വിഗ് നിർമിക്കാനായി അപർണ മുറിച്ചു നൽകിയത്. മുടി മുറിച്ചത് എന്തോ വല്യ കാര്യമാണെന്നുള്ള ഭാവമൊന്നും അപർണക്കില്ല.

മക്കൾക്കൊപ്പം അപർണ

'' സത്യം പറഞ്ഞാൽ ഇത്രയേറെ അഭിനന്ദനം ലഭിക്കാൻ തക്ക കാര്യങ്ങളൊന്നും ഞാൻ ചെയ്തിട്ടില്ല. എത്രയോ പേർ അവരുടെ അവയവങ്ങൾ ദാനം ചെയ്യുന്നുണ്ട്. അതുവച്ചു നോക്കിയാൽ എനിക്ക് ഒന്നും നഷ്ടപ്പെടാനില്ല. മുടി പിന്നെയും കിളിർക്കും. അല്ലെങ്കിൽത്തന്നെ പുറംമോടിയിൽ എന്താണ് കാര്യം?.

മുടിനഷ്ടപ്പെടുമ്പോഴുള്ള കാൻസർ രോഗികളുടെ വേദന തനിക്ക് മനസ്സിലാക്കാൻ കഴിയുമെന്നും അപർണ പറയുന്നു. എന്നാൽ അപർണയുടെ മക്കൾ ദേവികയ്ക്കും ഗൗരിക്കും ആദ്യമൊന്നും അമ്മയുടെ മൊട്ടത്തലയെ അംഗീകരിക്കാനായില്ല. പിന്നീട് സമൂഹമാധ്യമങ്ങളിലും മറ്റും അമ്മയെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടപ്പോഴാണ് അമ്മചെയ്തത് എത്ര വലിയ കാര്യമാണെന്ന് അവർക്കു മനസ്സിലായത്.

താൻ മുടി ദാനം ചെയ്തത് വാർത്തയാകാനുള്ള കാരണത്തെക്കുറിച്ച് അപർണ പറയുന്നതിങ്ങനെ :-

''തലമുടി കുറവുള്ള സ്ത്രീകളേയും തലയിൽ ഒട്ടും മുടിയില്ലാത്ത സ്ത്രീകളെയും അംഗീകരിക്കാൻ സമൂഹത്തിനിപ്പോഴും മടിയാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം പ്രത്യേകം നിയമങ്ങൾ സെറ്റ് ചെയ്തു വച്ചിരിക്കുകയാണ്. ആദ്യം അതു മാറണം''.

2008 ൽ സ്വർണ്ണ വള ഊരി നൽകിയതിനെക്കുറിച്ച് അപർണ ഓർക്കുന്നതിങ്ങനെ :-

''ആ സമയത്ത് ഞാനൊരു സിംഗിൾ മദർ ആയിരുന്നു. ഒരമ്മയ്ക്ക് അവരുടെ മക്കൾ എത്ര പ്രിയപ്പെട്ടതാണെന്ന് എനിക്ക് നന്നായറിയാം. വേദനയനുഭവിക്കുന്ന കുഞ്ഞുങ്ങളെയെല്ലാം എന്റെ സ്വന്തം കുഞ്ഞുങ്ങളായാണ് ഞാൻ കാണുന്നത്. അവർ സങ്കടപ്പെടുന്നത് എനിക്ക് സഹിക്കാനാകില്ല.''

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT