പെൺകുട്ടികൾ മരിക്കുന്നത് എങ്ങനെയൊക്കെയാവും? അതിലേറ്റവും ക്രൂരമായ രീതിയിലല്ലേ വാളയാറിൽ രണ്ടു കൊച്ചു പെൺകുഞ്ഞുങ്ങൾ കൊല്ലപ്പെട്ടത്? പെൺകുട്ടികളുടെ ജീവിതം എന്തും അനുഭവിക്കാനും ഇരുളിൽ തുടരാനുമുള്ളതാണെന്ന് ഇങ്ങനെ പറഞ്ഞു വയ്ക്കുന്നത് ആരൊക്കെയാണ്? കാലം മാറുകയാണ്, എല്ലാ ഇടങ്ങളിലേക്കും സ്ത്രീകൾ അവരുടെ ജീവിതവും ജോലിയും വ്യാപിപ്പിക്കുകയാണ്.

ഇപ്പോഴും അതൊന്നും സഹിക്കാനാകാത്ത, സ്ത്രീകൾ എന്നാൽ അടിമപ്പണി ചെയ്യാനും ലൈംഗിക ബന്ധത്തിലേർപ്പെടാനും മാത്രമുള്ള ഉപകരണങ്ങളാണെന്നു  ധരിക്കുന്ന പുരുഷന്മാരും ഉണ്ടെന്നുള്ളതിന്റെ ഉത്തരം മാത്രമാണ് വാളയാർ കേസ്. ഒരു പെൺകുട്ടിയുടെ മരണശേഷം, ആ അമ്മയും അച്ഛനും ഒറ്റപ്പെട്ടു പോകുമെന്നറിഞ്ഞിട്ടും ഒൻപത് വയസ്സുള്ള രണ്ടാമത്തെ പെൺകുട്ടിയെയും ക്രൂരതയ്ക്കിരയാക്കി കൊലപ്പെടുത്തിയവർ എന്തു ശിക്ഷയാണ് അർഹിക്കുന്നത്?

പറയുന്നത്ര എളുപ്പമല്ല കാര്യങ്ങൾ. സമൂഹമാധ്യമങ്ങൾ ആർത്തിരമ്പുകയാണ്, ആ പെൺകുട്ടികളുടെ മരണശേഷവും അവർക്കു നീതി നിഷേധിക്കപ്പെട്ടതിൽ വേദനിക്കുകയാണ് കുറേ മനുഷ്യർ. തെളിവില്ലാത്തതിനാൽ രക്ഷപ്പെട്ടു പോകുന്ന പ്രതികൾ ഭയം സൃഷ്ടിക്കുന്നുണ്ട്. ഒരുതരം അരക്ഷിതാവസ്ഥയും സ്ത്രീകളിൽ ഇന്ന് ഉണ്ടാക്കപ്പെടുന്നുണ്ട്. 

വാളയാർ കേസിൽ ഒരുപാടു പേർ അവരുടേതായ രീതിയിൽ പ്രതികരിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽനിന്ന് തെരുവിലേക്കിറങ്ങിയ സമരങ്ങളും പ്രതിഷേധങ്ങളുമുണ്ട്. അത്തരത്തിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഒന്ന് സിനിമ-നാടക നടനായ സന്തോഷ് കീഴാറ്റൂരിന്റെ ഏകാംഗ നാടകമായിരുന്നു. തെരുവിലൂടെ തന്റെ മക്കളെ ഓർത്തു വിലപിക്കുന്ന ഒരു സ്ത്രീയുടെ വേഷം കെട്ടി സന്തോഷ് കീഴാറ്റൂർ ജനശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തു. 

സന്തോഷ് കീഴാറ്റൂർ പ്രതികരിക്കുന്നു:

സന്തോഷ് കീഴാറ്റൂർ

‘ഇന്നു നിങ്ങൾ കാണുന്ന ഈ ഞാനും ഒരു അമ്മയുടെ മകനാണ്. എന്റെ ചുറ്റുപാടും ഒരുപാടു പെങ്ങന്മാരുണ്ട്, അവർക്കൊക്കെ പെൺമക്കളും. ആ കുഞ്ഞുങ്ങൾ ഒക്കെയും എന്റെയും മക്കൾ ആണ്. ഇപ്പോൾ പാലക്കാട്‌ ഈ സംഭവം നടന്നപ്പോഴും, നേരെത്തെ കശ്മീരിൽ ഇതിലും ചെറിയ പെൺകുട്ടിയെ അങ്ങേയറ്റം മൃഗീയമായി വേട്ടനായ്ക്കൾ കടിച്ചു കീറിക്കുടഞ്ഞ് കണ്ണ് ചൂഴ്ന്നു കൊലപ്പെടുത്തിയപ്പോഴും എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.

എന്റെ വീട്ടിലേക്ക് വരുന്ന എന്റെ അനുജത്തിമാരുടെ, എന്റെ പെങ്ങന്മാരുടെ, എന്റെ അമ്മയുടെ പോലും മുഖത്തു നോക്കാൻ എനിക്കു കഴിഞ്ഞില്ല. ഇതൊക്കെ ആരുടെ വയറ്റിൽ പിറന്ന പിശാചുക്കൾ ആണെന്ന് കശ്മീരിലെ പെൺകുട്ടിയുടെ വാർത്ത കണ്ടപ്പോൾ, അതിലെ കുറ്റവാളികളെ രക്ഷപ്പെടുത്തുവാൻ വേണ്ടി അതിനേക്കാൾ നികൃഷ്ടരായ മനുഷ്യർ തെരുവിലിറങ്ങി ലഹള വെയ്ക്കുന്നത് ടിവിയിൽ കണ്ടപ്പോൾ എന്റെ അമ്മ ഉറക്കെ ചോദിച്ചുകൊണ്ടിരുന്നു. ഇന്ത്യയിൽ ഇതിങ്ങനെ ഓരോ ദിവസവും ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്.

നീചമായി, ക്രൂരമായി പീഡിപ്പിക്കപ്പെട്ട് ഡൽഹിയിലെ പെൺകുട്ടി മരിച്ചപ്പോൾ,  ഈ രാജ്യത്തെ നിയമം കൂടുതൽ ശക്തമായെന്നും ഇനി ഒരിക്കലും ഇങ്ങനെയൊന്ന്  ഇവിടെ ഉണ്ടാകില്ല എന്നും നിങ്ങളും ഞാനും വിചാരിച്ചതാണ്. പക്ഷേ ഓരോ ദിനവും അതിനേക്കാൾ ഞെട്ടിക്കുന്ന വാർത്തകൾ പുറത്തു വരുന്നു. ഇതിനുത്തരവാദികളായ മനുഷ്യമൃഗങ്ങൾ യാതൊരു മറയും ലജ്ജയുമില്ലാതെ നെഞ്ചും വിരിച്ചു നമ്മുടെ കൂട്ടത്തിലേക്കു തന്നെ വീണ്ടും ഇറങ്ങി വരുന്നു. 

സൗമ്യ, കശ്മീരിലെ ആ പെൺകുട്ടി, ഇപ്പോഴും ഉത്തർപ്രദേശിൽ മരണക്കിടക്കയിൽ കഴിയുന്ന ആ പെൺകുട്ടി, ഇപ്പോൾ നമ്മുടെ തൊട്ടരികിൽ മരണപ്പെട്ട മറ്റു രണ്ടു പെൺകുട്ടികളും. ഒരു മനുഷ്യൻ എന്ന നിലയിൽ എനിക്ക് ഇനിയും നോക്കി നിൽക്കാൻ കഴിയില്ല. എനിക്ക് എന്റെ വീട്ടിലേക്കു പോകണം,അമ്മയുടെയും എന്റെ അനുജത്തിമാരുടെയും മുന്നിൽ നിൽക്കണം. എനിക്കുറപ്പുണ്ട് ഇവിടെ ഒരു ഗവണ്മെന്റ് ഉണ്ടെന്നും ആ ഗവണ്മെന്റ് ഇടതുപക്ഷം ആണെന്നും അതുകൊണ്ട് പ്രതികൾ, അവർ ആരായാലും ,ശിക്ഷിക്കപ്പെടുമെന്നും. അതെന്റെ ഉറപ്പാണ്, ഈ നാട്ടിലെ പെങ്ങന്മാർക്കുള്ള വിശ്വാസമാണ്.

അരുണ ഷാൻ ബാഗിന്റെ കഥയൊക്കെ നമ്മൾ മാധ്യമങ്ങളിലൂടെ അറിഞ്ഞതാണ്. മിടുക്കിയായ ആ നഴ്സ് 1973 മുതൽ അബോധാവസ്ഥയിൽ ആയിരുന്നു; 2015 ൽ മരിക്കുന്നതുവരെ. 'പെൺനടൻ' എന്ന ഏകാംഗ നാടകം ഇന്ത്യ ഒട്ടാകെ അവതരിപ്പിക്കുന്ന ഒരു കലാകാരൻ എന്ന നിലയിൽ ഈ രാജ്യത്തെ പെൺകുട്ടികൾക്കു വേണ്ടി എനിക്കു പ്രതികരിക്കാതിരിക്കാനാകില്ല. ആ നാടകം കണ്ട നല്ല മനുഷ്യർ ഇത്തരം അനീതി എവിടെക്കണ്ടാലും വീട്ടിലെ കുട്ടികളെ ഓർത്തു ചോദ്യം ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്.  അതു മാത്രമാണ് എന്റെ ലക്ഷ്യവും.’

അഭിനേത്രി ലക്ഷ്മിപ്രിയയുടെ പ്രതികരണത്തിൽ ഒരു അമ്മയുടെ കരുതൽ പ്രതിഫലിക്കുന്നുണ്ട്. ലക്ഷ്മി പ്രിയ സംസാരിക്കുന്നു:

‘രണ്ടു കുഞ്ഞുമക്കളുടെ ആത്മാക്കളുടെ നിലവിളി.... കൊന്നിട്ടും വീണ്ടും വീണ്ടും അപമാനിച്ചും കഴുത്തു ഞെരിച്ചും കൊന്നുകൊണ്ടിരിക്കുന്ന രണ്ടു ബാലികമാർ. വിധി കണ്ടു മനഃപൂർവം വരുത്തിയ മുറുക്കത്തിൽ കണ്ണും ചെവിയും ഹൃദയവും മൂടി ഞാൻ ഇരുന്നു. വിധി എനിക്കദ്ഭുതമായിരുന്നില്ല. ഇതു കേരളമാണ്. ഇവിടെ ബലാത്സംഗം ചെയ്യപ്പെട്ട ഏതു പെൺകുട്ടിക്കാണ് നീതി കിട്ടിയിട്ടുള്ളത്?. സൂര്യനെല്ലി? വിതുര? സൗമ്യ? ജിഷ? ആർക്കാണു കിട്ടിയത്? 

                         

ലക്ഷ്മി പ്രിയ

ചെവി നല്ലോണം കൂർപ്പിച്ചാൽ കേൾക്കാം ഇവരുടെയൊക്കെ നിലവിളി. ഞാൻ കണ്ട ഏറ്റവും വലിയ കരച്ചിൽ സൗമ്യയുടെ അമ്മ സുമതിയമ്മയുടേതാണ്. അതിനു ശേഷം ,പീഡിപ്പിക്കപ്പെട്ട ഒരു പെൺകുട്ടിയുടെയും അമ്മമാരെ കാണാൻ ഞാൻ ശ്രമിച്ചിട്ടില്ല. ആ കരച്ചിൽ കാണാനും സഹിക്കാനുമുള്ള കരുത്ത് ദൈവം നൽകിയിട്ടില്ല. അതുകൊണ്ടാണ്. സൂര്യനെല്ലി പെൺകുട്ടിയെ വീണ്ടും വീണ്ടും കണ്ട അഭിഭാഷക പലവട്ടം പറഞ്ഞത് സമുന്നതനായ ആ രാഷ്ട്രീയ നേതാവിനെ ടിവിയിലോ പത്രത്താളുകളിലോ കാണുമ്പോൾ ആ കുട്ടി ഇന്നും ഉറക്കെ നിലവിളിക്കുമെന്നും ആക്രോശിക്കുമെന്നുമാണ്. അയാൾ അവളെ ഉപദ്രവിച്ചു എന്നതിന് ഇതിനുമപ്പുറം എന്തു തെളിവാണ് വേണ്ടത്?.

പറയുന്നത് ‘അവൾ’ ആണ്. നാൽപതിലധികം പേരാൽ ദിവസങ്ങളോളം പിച്ചിച്ചീന്തപ്പെട്ടവൾ. നമ്മുടെ ഇഷ്ടമില്ലാതെ നമ്മെ ഒന്നു തൊടുകയോ അശ്ലീല ആംഗ്യം കാണിക്കുകയോ ചെയ്ത ഒരു വ്യക്തിയെ മരിക്കുന്ന കാലംവരെ നമുക്കു മറക്കാൻ സാധിക്കുമോ? ആ നരാധമനെ കണ്ടാൽ എങ്ങനെയാകും നാം പ്രതികരിക്കുക?  അധികാരക്കസേരയിൽ എത്രയോ സ്ത്രീകൾ മാറി മാറി വന്നു?  എന്നിട്ടും അയാളുടെ ഒരു രോമത്തിൽ പോലും സ്പർശിക്കാൻ ആർക്കും കഴിഞ്ഞില്ല….

                      

ജിഷ കൊല്ലപ്പെടുന്നതിനു മുൻപ് അവൾ ആരെ ഭയന്നാവാം ആ പെൻ ക്യാമറ വാങ്ങിയതും അതിന്റെ പ്രവർത്തനങ്ങൾ പഠിച്ചതും? ആരെ രക്ഷിക്കാനാണ് ഇരുട്ടിൽ പിച്ചിച്ചീന്തി മുഖം പോലും നഷ്ടപ്പെട്ട ആ കുട്ടിയെ പൊതുശ്മശാനത്തിൽ രഹസ്യമായി കൊണ്ടുചെന്ന് എരിച്ചു കളഞ്ഞത്? അവളെ പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ പറഞ്ഞത് ഇത്രയും ക്രൂരമായി മുറിവേൽപ്പിച്ച ശരീരം കണ്ടിട്ടില്ല എന്നാണ്.

പിറ്റേ ദിവസത്തെ പെണ്ണുകാണൽ ചടങ്ങു സ്വപ്നം കണ്ട് ട്രെയിൻ യാത്ര ചെയ്ത സൗമ്യ ഒരു ഒറ്റക്കയ്യനാൽ മൃഗീയമായി പീഡിപ്പിക്കപ്പെട്ടിട്ട് അവൾക്ക് എന്തു നീതിയാണ് നേടിക്കൊടുത്തത്?. അവളെ ക്രൂരമായി കൊലപ്പെടുത്തിയ അവനെ തൂക്കിലേറ്റാൻ ആ തെളിവുകളൊന്നും മതിയാകാതെ പോയത് എന്തുകൊണ്ടാണ്?

നിർഭയ കേസിൽ, പ്രായപൂർത്തി ആവാത്തതിന്റെ പേരിൽ ജുവനൈൽ ഹോമിൽനിന്നു പുറത്തു വന്ന ആ ക്രിമിനൽ കമ്പിവടി കൊണ്ട് അവളുടെ കുടൽ മാല വരെ പുറത്തു കൊണ്ടുവന്നിരുന്നു എന്നത് മനസ്സാക്ഷിയുള്ള ആർക്കാണ് മറക്കാൻ കഴിയുക? ലിസ്റ്റെടുത്താൽ ഇനിയുമുണ്ട്. കിളിരൂർ, കവിയൂർ, പരവൂർ, അങ്ങനെ എത്രയെത്ര………. പറഞ്ഞു തരൂ ആർക്കാണ്, ആർക്കാണ് നീതി കിട്ടിയത്?

മൺ മറഞ്ഞ ചിലർക്ക് അവരുടെ പേരുകൾ കിട്ടി. ജീവിച്ചിരിക്കുന്നവരെ ‘ഇര’ എന്നോ അവരുടെ സ്ഥലപ്പേര് കൂട്ടി പെൺകുട്ടി എന്നോ വിളിക്കുന്നു. പൊതു സ്ഥലങ്ങളിൽ മുഖം നഷ്ടപ്പെട്ട രക്തസാക്ഷികൾ ആത്മഹത്യയെക്കാളും വലിയ നോവിൽക്കൂടി കടന്നു പോയതിനാൽ ശിഷ്ട ആയുസ്സ് ജീവിച്ചു തീർക്കുന്നു. യഥാർഥത്തിൽ അവരും എന്നോ മരിച്ചു കഴിഞ്ഞതല്ലേ?  സ്വയം നഷ്ടപ്പെടുന്നതിനെത്തന്നെയല്ലേ മരണം എന്നു പറയുന്നത്?  അവരെ അങ്ങനെ ആക്കിയവർ ജീവിതത്തിലെ എല്ലാ ആനുകൂല്യങ്ങളും പറ്റി മാന്യന്മാരായി സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നു. അവരെ കാണുമ്പോൾ ഈ പെൺകുട്ടികൾക്കും അവരുടെ വീട്ടുകാർക്കും ഉണ്ടാകുന്ന വേദന നിങ്ങൾക്കു ചിന്തിക്കാൻ കഴിയുന്നുണ്ടോ? 

പതിമൂന്നും ഒൻപതും വയസ്സും പ്രായമുള്ള കുഞ്ഞുങ്ങൾ ‘ഉഭയസമ്മത’ത്തോടെ തയാറായി എന്നു പറഞ്ഞ ഉദ്യോഗസ്ഥന്റെ മാനസികാവസ്ഥ എന്തായിരുന്നിരിക്കും?  ഈ ‘ഉഭയ കക്ഷി സമ്മതത്തിനും’ പ്രായപൂർത്തി ബാധകമല്ലേ? എന്റെ കുഞ്ഞുങ്ങൾ പീഡിപ്പിക്കപ്പെട്ടു എന്നു ഹൃദയം പൊട്ടി ഒരച്ഛനും അമ്മയും പറയുമ്പോൾ പിന്നെയെന്തു തെളിവാണ് വേണ്ടത്?.

തകരം മറയാക്കിയ കൂരകളിൽ പൊലിയാൻ  ഇനി എത്ര ജിഷമാരും വാളയാർ പെൺകുട്ടികളും ഉണ്ട്? നെഞ്ചു പിഞ്ഞി പോകുന്ന നോവായി ആ രണ്ടു പൈതലുകൾ.. കണ്ണിൽ നിന്നു മായാതെ ആരോ വരച്ച രണ്ടു കുഞ്ഞി ഫ്രോക്കുകൾ; അയയിൽ വിരിച്ചത്. എനിക്കു തോന്നുന്നത് ഇവിടെ ഈ പ്രളയമെല്ലാം ഉണ്ടാകുന്നത് പെണ്ണിന്റെ കണ്ണുനീർ കൊണ്ടാണെന്നാണ്. പെണ്ണിന്റെ കണ്ണുനീരിൽ ദൈവത്തിന്റെ സ്വന്തം നാട് മുങ്ങിപ്പോകും, തീർച്ച!!!.

സമൂഹമാധ്യമങ്ങളിൽ സജീവമായ ആക്ടിവിസ്റ്റും പ്രവാസിയുമായ ജോളി രാഷ്ട്രീയമോ മതമോ നോക്കാതെ സമകാലിക വിഷയങ്ങൾ വ്യക്തമായി പഠിച്ച്  സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കുന്ന വ്യക്തിയാണ്, ജോളിക്ക് പറയാനുള്ളത്:

‘ജനങ്ങൾ പുറമെ കാണുമ്പോൾ എല്ലാം  സുതാര്യമാണ്, വിശ്വസനീയമാണ്. ഭരണാധികാരികളുടെ മുഷ്ടി ചുരുട്ടിയും വിരൽ ചൂണ്ടിയുമുള്ള വാക്കുകൾ ജനങ്ങളിൽ ആവേശം പകരുന്നതാണ്. കൈയടിക്കാനും ആർപ്പ് വിളിച്ച് പ്രോത്സാഹിപ്പിക്കാനും ജനങ്ങൾ തയാറുമാണ്. പക്ഷേ, പിന്നീട് ഈ വാക്കുകൾക്ക് എന്ത് സംഭവിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ...? നിങ്ങൾക്ക് കിട്ടുന്ന ഏതാനും കുത്തുകൾ നിങ്ങൾ ഒന്ന് യോജിപ്പിച്ച് നോക്കൂ. ചിലതിൽ ഒന്നും കാണാൻ സാധിക്കില്ല. ചിലതിൽ നിങ്ങൾ പ്രതീക്ഷിക്കാത്ത മറ്റെന്തൊക്കെയോ ആയിരിക്കും നടന്നിരിക്കുക. 

ഒന്നു നിലവിളിക്കാൻ പോലും ത്രാണിയില്ലാത്ത രണ്ട് പിഞ്ചു കുഞ്ഞുങ്ങൾ തൂങ്ങിയാടിയത് ഒരു മാസത്തെ ഇടവേളകളിലാണ്. എട്ട് വയസ്സുകാരി മൂന്നാൾ പൊക്കമുള്ള ഉത്തരത്തിൽ കയറി കുടുക്കിട്ട് ആത്മഹത്യ ചെയ്തു എന്ന പൊലീസ് റിപ്പോർട്ട് ലോക ചരിത്രത്തിൽ തന്നെ അടയാളപ്പെടുത്തി വെക്കേണ്ട ഒന്നാണ്.

എഴുത്തുകാരനും നടനും ചലച്ചിത്ര നിർമാതാവുമായ തമ്പി ആന്റണി സംസാരിക്കുന്നു: 

തമ്പി ആന്റണി

‘അമേരിക്കയിലെ നിയമമനുസരിച്ച് ഉദയസമ്മതപ്രകാരമാണെങ്കിൽപോലും പെൺകുട്ടികളോ ആൺകുട്ടികളോ പരസ്പരം ശാരീരികമായി ബന്ധപ്പെടുന്നത് നിയമാനുസൃതമായ വയസ്സിൽ താഴെയാണെങ്കിൽ ബലാത്സംഗമായാണ് കണക്കാക്കപ്പെടുക. ലോകത്തിൽ എവിടെയും അങ്ങനെതന്നെ ആവണമെന്നുതന്നെയാണ് കരുതുന്നത്. 

ഇരകൾക്കും അവരുടെ കുടുംബത്തിനും നീതി നിഷേധിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിൽ പുനരന്വേഷണം എന്നത് നമ്മുടെ ധർമമാണ്. നമ്മുടെ നാട്ടിൽ ഇപ്പോൾ പൊലീസിന് എന്തും മാനിപുലേറ്റ് ചെയ്യാനാകും, ആ രീതി മാറ്റുക തന്നെ വേണം.’

എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മാനസി പി.കെ. പറയുന്നത് ഇങ്ങനെ:

‘അയാളുടെ മുഖം ഓർമ വന്നാൽ പിന്നെ രണ്ടു ദിവസമെനിക്കു ഭക്ഷണം കഴിക്കാൻ പോലും പറ്റാറില്ല ചേച്ചീ. കുടൽമാല പുറത്ത് വരും വിധത്തിൽ ഞാൻ ഓക്കാനിച്ചു പോകും. ചില ഭക്ഷണങ്ങൾക്കു പോലും ആ നിമിഷം അയാളുടെ വൃത്തികെട്ട മുഖം മാത്രമായിരിക്കും. എനിക്കറിയാം ചേച്ചീ ഇങ്ങനെ പട്ടിണി കിടന്നത് കൊണ്ടൊന്നും ഓർമകളൊന്നും നശിക്കാൻ പോണില്ലെന്ന്. എന്നോടും എന്റെ ശരീരത്തോടും എന്തെങ്കിലുമൊക്കെ ചെയ്യണംന്ന് മാത്രമേ അപ്പോ തോന്നുള്ളൂ. ഓർമകളിങ്ങനെ ഭീകരമാകുമ്പോൾ ഞാൻ എന്നോടു തന്നെ എന്തെങ്കിലും ചെയ്യും.’ – അവളതു പറഞ്ഞു തീരുമ്പോൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.

മാനസി

ഏറ്റവും ഇഷ്ടത്തോടെ കൊണ്ടു നടന്ന നീളമുള്ള മുടി മുഴുവൻ മുറിച്ചു കളഞ്ഞും കൈത്തണ്ടയിൽ ബ്ലേഡ് കൊണ്ട് കീറി മുറിച്ചും ബോധം കെടുവോളം മദ്യപിച്ചും അവളിപ്പോഴും തന്റെ വേദനയും, നിരാശയും ഇടക്കിടെ മറന്നു കളയുന്നുണ്ട്. മറവിയുടെ ആഴങ്ങളിലേക്ക് കണ്ണുകളടച്ച് അവൾ ഊളിയിടുമ്പോൾ എട്ട് വയസ്സുള്ള ഒരു പെറ്റിക്കോട്ടുകാരി കണ്ണുകൾ ഇറുക്കിയടച്ച് കടന്നു പോകാറുണ്ടെന്ന് അവൾ എന്നോട് പറയാറുമുണ്ട്. ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുക എന്നതല്ലാതെ ഇളം പ്രായത്തിൽ അവൾ അനുഭവിച്ച ഭീകരതയെ നോർമലൈസ് ചെയ്യാനുള്ള ഒരു വാക്ക് പോലും ഞാൻ പരതിയില്ല എന്നത് സത്യമാണ്.

‘അന്നെനിക്ക് എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലായിരുന്നു. അച്ഛനോടും, അമ്മയോടും പറയരുതെന്ന് ആ ചേട്ടൻ പറഞ്ഞപ്പോൾ മാത്രമാണ് ചീത്തയാണെന്ന് തോന്നിത്തുടങ്ങിയത്. പേടിയായിരുന്നു എന്നും. ഒരു ദുഃസ്വപ്നം കണ്ട പോലെ ആ ദിവസങ്ങളെ പിന്നീട് മറക്കാൻ ശ്രമിച്ചെങ്കിലും ഓരോ ദിവസവും ഓർമകൾ കൊണ്ട് വേട്ടയാടപ്പെടുകയാണ്.’

ശ്വാസം വിടാതെ അവൾ വീണ്ടും ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കും. ചില രാത്രികളിൽ ഫോണിന്റെ അപ്പുറത്ത് പലതും പുലമ്പും. ജീവിതാന്ത്യം വരെ ഓർത്തോണ്ടിരിക്കാതെ ഒരു കൊടിച്ചിപ്പട്ടി കടിച്ചെന്നു കരുതി ഡെറ്റോളിട്ടൊന്ന് കഴുകിയേച്ച് സീൻ വിട് പിള്ളേരെ എന്നൊക്കെ പലർക്കും പറയാൻ തോന്നിയേക്കാം. പക്ഷേ നിങ്ങളടക്കമുള്ള മനുഷ്യര് പല കാര്യങ്ങളിൽ പല വിധത്തിൽ അനുഭവിക്കുന്നത് തന്നെയാണ് ഇവരൊക്കെ അനുഭവിക്കുന്നത് എന്നേ എനിക്കും പറയാൻ പറ്റുള്ളൂ. നിങ്ങളുടെ അറിവില്ലായ്മയേയോ നിസ്സഹായതയേയോ ആരെങ്കിലും ചൂഷണം ചെയ്താൽ നിങ്ങൾക്കത് എന്നെങ്കിലും മറക്കാൻ പറ്റുമോ,,?ചിലപ്പോൾ നിങ്ങൾ പൊറുത്തു കൊടുക്കുമായിരിക്കും, പക്ഷേ മറവിക്ക് എന്നെങ്കിലും വിട്ട് കൊടുക്കാൻ പറ്റിയിട്ടുണ്ടോ,,? ഇല്ല, ഒരിക്കലും പറ്റില്ലതിന്.

അടുത്ത കാലത്ത് പരിചയപ്പെട്ട ഒരു പെൺസുഹൃത്ത് ഒരിക്കൽ പറയുകയുണ്ടായി. ‘ഉപ്പാന്റെ കുടുംബത്തിൽ ഏറ്റവും നല്ല വ്യക്തിയായിരുന്നു അയാൾ. ഏവർക്കും ഏറ്റവും പ്രിയപ്പെട്ടയാൾ. എന്നോ ഒരു ദിവസം അമിത ലാളനകൾ കാട്ടുന്ന അയാളുടെ കൈകൾ നെഞ്ചിലമർന്നപ്പോഴാണ് അയാളോടെനിക്കുള്ള വെറുപ്പിന്റെ പുൽനാമ്പുകൾ മുളച്ചു തുടങ്ങിയത്. ഉപദ്രവമായിട്ടൊന്നും പിന്നീട് ഉണ്ടായില്ലെങ്കിലും വാപ്പയേക്കാൾ പ്രായമുള്ള ആ മനുഷ്യനോട് പിന്നീട് അറപ്പു മാത്രമേ തോന്നിയിട്ടുള്ളൂ. 

പക്ഷേ എന്തും പറയാനുള്ള സ്വാതന്ത്ര്യം മാതാപിതാക്കളുടെ അടുത്തുണ്ടായിട്ടും എനിക്കവരോടു പറയാൻ പറ്റിയില്ല.പക്ഷേ അവരോട് അതു പറയാത്തതിന്റെ കുറ്റബോധം എന്നെ പൊള്ളിക്കാൻ തുടങ്ങിയത് എന്റെ അനിയത്തിയും അയാളുടെ മാനസിക വൈകല്യത്തിന് ഇരയാക്കപ്പെട്ടപ്പോഴാണ്. അവളത് എന്നോടു പറയുമ്പോഴാണ് ഞാൻ ചെയ്ത തെറ്റിന്റെ ആഴമെനിക്ക് മനസ്സിലായത്. കൂടുതലൊന്നും സംഭവിച്ചില്ലെങ്കിൽ പോലും കുടുംബത്തിൽ മറ്റൊരാൾക്കും മറ്റൊന്നും സംഭവിക്കാൻ ഇനി ഞങ്ങൾ സമ്മതിക്കില്ല’ എന്നു പറഞ്ഞവൾ നിർത്തി. 

മുകളിൽ പറഞ്ഞിരിക്കുന്ന അനുഭവങ്ങളിൽ കൂടി കടന്നു പോയ ഓരോരുത്തർക്കും മാതാപിതാക്കൾ ഇല്ലാഞ്ഞിട്ടോ, അവരാൽ അവഗണിക്കപ്പെട്ടവരായിട്ടോ ഒന്നുമല്ല പലർക്കും പലതും സംഭവിച്ചത്. അവരുടെ ഇട്ടാവട്ടത്തുനിന്നുതന്നെ അവരോട് ചിരിച്ചുകൊണ്ട് മക്കളുടെ മേൽ ഒരുത്തൻ കൈ വെക്കുന്നത് അറിയാതെ പോയവരാണ് അവർ. കുടുംബത്തെയും അയൽക്കാരെയും നാട്ടുകാരെയും കൂട്ടുകാരെയും അത്രമേൽ വിശ്വസിച്ചു പോയവർ.

വാളയാറിലെ പെൺകുട്ടികളുടെ മാതാപിതാക്കളും ഒരു പക്ഷേ അത്രമേൽ ചുറ്റുമുള്ളവരെ വിശ്വസിച്ചു പോയവരായിരിക്കാം. ദാരിദ്ര്യത്തിൽ അലയുമ്പോൾ എല്ലാ മാതാപിതാക്കളും കരുതുന്നതു പോലെ, തങ്ങളുടെ മക്കൾക്ക് ദൈവം കാവലുണ്ടെന്നു കരുതി അവർ ആശ്വസിച്ചിരിക്കാം. ഒരു മിഠായിയുടെ മധുരത്തിലേക്കോ ഒരു ഐസ്ക്രീമിന്റെ നുണച്ചലിലേക്കോ ആ മക്കൾ നടന്നു പോകുന്നത് ഓരോ നിമിഷവും ഞങ്ങളെ പോലുള്ളവർക്ക് കാണാൻ കഴിയുന്നുണ്ട്. കൂടപ്പിറപ്പിന്റെ പിടച്ചലിനെ ഓർത്ത് പേടിയോടെ ശ്വാസം മുട്ടിപ്പോയതായിരിക്കാം അവർ. എന്തൊരു നിസ്സഹായതയായിരിക്കും ആ മക്കളുടെ കണ്ണിൽ നിറഞ്ഞ് കിടന്നിട്ടുണ്ടാവുക.’