പാര്‍വതി തിരുവോത്തിനെ രാച്ചിയമ്മയാക്കി സംവിധായകന്‍ വേണു ഒരു സിനിമ പ്രഖ്യാപിക്കുന്നതു വരെ തൃശൂര്‍ സ്വദേശിയും അഭിഭാഷകയുമായ കുക്കു ദേവകിയ്ക്ക് ഉറൂബിന്റെ രാച്ചിയമ്മ എന്നാല്‍ പ്രിയപ്പെട്ട ഒരു കഥാപാത്രം മാത്രമായിരുന്നു. വേണുവിന്റെ പ്രഖ്യാപനവും അതു തുടക്കമിട്ട ചര്‍ച്ചകളും പക്ഷേ, കുക്കുവിന്റെ ജീവിതം മാറ്റി മറിച്ചു. കറുത്ത നിറമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ വെളുത്തവര്‍ കറുത്ത ചായം തേച്ച് ഇറങ്ങുന്ന പതിവിനെ പരസ്യമായി ചോദ്യം ചെയ്ത കുക്കു, പുതിയ കാഴ്ചാശീലങ്ങള്‍ കൂടി മലയാളികള്‍ക്ക് പരിചയപ്പെടുത്തി. വിമര്‍ശനങ്ങള്‍ വാക്കുകളില്‍ അവസാനിപ്പിക്കാതെ സ്വന്തം ശരീരത്തെ തന്നെ കുക്കു ഉപകരണമാക്കി. 

കറുത്ത സ്ത്രീകളെ അരികുവല്‍ക്കരിക്കുന്ന മലയാളികളുടെ സൗന്ദര്യസങ്കല്‍പങ്ങള്‍ക്കു മുന്നില്‍ സ്വന്തം നിറത്തെ ആഘോഷമാക്കി കുക്കു നടത്തിയ ഫോട്ടോഷൂട്ടുകള്‍ ഒരു പൊളിച്ചെഴുത്തായിരുന്നു. പെട്ടെന്നൊരു സുപ്രഭാതത്തില്‍ സംഭവിച്ചതല്ല കുക്കു ദേവകിയുടെ രാഷ്ട്രീയവും ഇടപെടലുകളും. ഏതൊരു കറുത്ത സ്ത്രീയും നേരിടുന്ന അവഗണനകളുടെയും മാറ്റി നിറുത്തപ്പെടലുകളുടെയും കളിയാക്കപ്പെടലുകളുടെയും നേരനുഭവങ്ങള്‍ അതിനു പിന്നിലുണ്ട്. കറുപ്പിന്റെ രാഷ്ട്രീയ സംവാദവുമായി കുക്കു ദേവകി മനോരമ ഓണ്‍ലൈനില്‍.

ആദ്യ ഫോട്ടോഷൂട്ട് സംഭവിച്ചതിങ്ങനെ

രാച്ചിയമ്മയെക്കുറിച്ചുള്ള എന്റെ ഫെയ്സബുക്ക് പോസ്റ്റ് കണ്ടാണ് ഫൊട്ടോഗ്രാഫര്‍ പ്രശാന്തും സുഹൃത്ത് രേവതിയും എന്നെ സമീപിക്കുന്നത്. ഒരു ഫോട്ടോഷൂട്ടിനെക്കുറിച്ചൊന്നും ഞാന്‍ ഒരിക്കലും ആലോചിച്ചിട്ടു പോലുമില്ല. ഈ ആശയം പറഞ്ഞപ്പോള്‍ ഞാനാദ്യം പറഞ്ഞത് എനിക്ക് ആലോചിക്കാന്‍ രണ്ടു ദിവസത്തെ സമയം വേണമെന്നാണ്. കാരണം ഞാനൊരു മോഡലൊന്നുമല്ല. അഭിഭാഷകയും രണ്ടു കുട്ടികളുടെ അമ്മയുമാണ്. ഒരു മോഡല്‍ ഫോട്ടോഷൂട്ട് എന്നു പറയുന്നത് എന്റെ സ്വപ്നത്തില്‍ പോലും ഇല്ലാത്ത സംഗതിയാണ്. പക്ഷേ, ആലോചിച്ചപ്പോള്‍ തോന്നി, ശരീരം കൊണ്ടു തന്നെ വേണം സമൂഹത്തിന്റെ കാഴ്ചാശീലങ്ങളെ അപനിര്‍മിക്കേണ്ടതെന്ന്. അങ്ങനെയാണ് ഫോട്ടോഷൂട്ടിന് സമ്മതം മൂളിയത്. 

എന്റെ വീട് തന്നെയാണ് ഫോട്ടോഷൂട്ടിനായി ഉപയോഗിച്ചത്. അരിമ്പൂരില്‍ ചെറിയൊരു ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന സുമ ആയിരുന്നു ഞങ്ങളുടെ മെയ്ക്കപ്പ് ആര്‍ടിസ്റ്റ്. പാടത്ത് കൊയ്ത്തിനൊക്കെ പോകുന്ന ഒരു സാധാരണ സ്ത്രീയാണ് സുമ. അവള്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു പ്രൊജക്ടിന്റെ ഭാഗമാകുന്നതു തന്നെ. ഒരു ഫോട്ടോഷൂട്ടിന് ആവശ്യമുള്ള സംഭവങ്ങളൊന്നും അവളുടെ ചെറിയ പാര്‍ലറില്‍ ഇല്ലെന്നു പറഞ്ഞെങ്കിലും ഞങ്ങള്‍ അവളെ തന്നെ ഉറപ്പിച്ചു. ഒരു തരത്തില്‍ ആ തിരഞ്ഞെടുപ്പും ഒരു രാഷ്ട്രീയ തീരുമാനമായിരുന്നു. അങ്ങനെ ഞങ്ങള്‍ സെറ്റായി. 

ഹാഫ് ന്യൂഡ് ശൈലിയിലുള്ള ചിത്രങ്ങളായിരുന്നു ആദ്യ ഫോട്ടോഷൂട്ടില്‍ എടുത്തത്. സ്റ്റൈലിങ് പൂര്‍ണമായും രേവതി ഏറ്റെടുത്തു. ഫോട്ടോക്ക് പോസ് ചെയ്തൊന്നും എനിക്ക് ശീലമില്ല. ആകെ അറിയുന്നത് നൃത്തമാണ്. അതിനാല്‍ ഞാന്‍ പ്രശാന്തിനോട് ഏതെങ്കിലും ഒരു പാട്ട് വയ്ക്കാന്‍ ആവശ്യപ്പെട്ടു. അതിന് അനുസരിച്ച് ഞാന്‍ മുഖത്ത് ഭാവങ്ങള്‍ വരുത്തി. പ്രശാന്ത് അതു ക്ലിക്ക് ചെയ്തു. അങ്ങനെയായിരുന്നു ഞങ്ങളുടെ ഫോട്ടോഷൂട്ട്.  

കറുത്ത നര്‍ത്തകി

ആദ്യ സെറ്റ് ഫോട്ടോകള്‍ റിലീസ് ചെയ്തപ്പോള്‍ തന്നെ അത് വൈറലായി. മികച്ച പ്രതികരണങ്ങളാണ് അതിനു ലഭിച്ചത്. നല്ലൊരു ചര്‍ച്ചയും അതിനു സമാന്തരമായി സംഭവിച്ചു. അതോടെ ഞങ്ങള്‍ രണ്ടാമതും ഒരു ഫോട്ടോഷൂട്ടിന് ഒരുക്കങ്ങള്‍ തുടങ്ങി. ഇത്തവണ നൃത്തമാണ് ഞങ്ങള്‍ തിരഞ്ഞെടുത്തത്. ചെന്നൈയിലെ പ്രശസ്തമായ കലാക്ഷേത്രയില്‍ നിന്നു ഭരതനാട്യം അഭ്യസിച്ചിട്ടുളള വ്യക്തിയാണ് ഞാന്‍. അവിടെയൊന്നും എന്റെ നിറം ഒരു പ്രശ്നമായി എനിക്ക് അനുഭവപ്പെട്ടിട്ടില്ല. സ്റ്റേജില്‍ പെര്‍ഫോമന്‍സ് ചെയ്യാനായി കേറുമ്പോള്‍ മുഖത്ത് ചായം തേച്ച് വെളുപ്പിക്കാന്‍ അവിടെ ആരും നിര്‍ബന്ധിച്ചിട്ടുമില്ല. പക്ഷേ, കേരളത്തില്‍ അങ്ങനെയല്ല കാര്യങ്ങള്‍. നമ്മുടെ സ്കൂള്‍ യുവജനോത്സവത്തിലെ നൃത്ത ഇനങ്ങളെടുത്തു നോക്കൂ. നര്‍ത്തകരുടെ മുഖഛായ തന്നെ മാറ്റി മറയ്ക്കുന്ന മെയ്ക്കപ്പാണ് ഇവിടെ ഉപയോഗിക്കുന്നത്. എല്ലാവര്‍ക്കും ഒരേ നിറം. ഒരേ ഭാവങ്ങള്‍. കറുത്ത നിറത്തില്‍ തന്നെ വേദിയില്‍ പ്രത്യക്ഷപ്പെടുന്ന എത്ര നര്‍ത്തകരുണ്ട് നമുക്ക്? കറുപ്പ് എന്ന നിറത്തിനോടുള്ള ഈ തീണ്ടിക്കൂടായ്മയെ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നു തോന്നി. അങ്ങനെയാണ് ഭരതനാട്യത്തിന്റെ വേഷമണിഞ്ഞ് ഫോട്ടോഷൂട്ട് നടത്താമെന്ന ചിന്തയുണ്ടായത്. എന്റെ നിറം കൃത്യമായി അടയാളപ്പെടുത്ത മെയ്ക്കപ്പില്‍ ഭരതനാട്യത്തിന്റെ ചമയങ്ങളണിഞ്ഞ് നടത്തിയ ഫോട്ടോഷോട്ടും ഏറെ ചര്‍ച്ചയായി. 

ഐശ്വര്യ റായ് പെണ്‍കുട്ടികളോട് ചെയ്തത്

മലയാളികള്‍ക്ക് വെളുപ്പിനോട് പ്രത്യേകമായൊരു മമതയുണ്ട്. കറുത്തതിനെന്താ കുഴപ്പമെന്നൊക്കെ പുറമേയ്ക്ക് ചോദിക്കുമെങ്കിലും എല്ലാവര്‍ക്കും ഉള്ളാലെ അത് അംഗീകരിക്കാന്‍ മടിയുണ്ട്. ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ അതിന്റെ ചെവിയുടെ പിറകുവശം പിടിച്ചു നോക്കും. കുഞ്ഞു കറുത്തു പോകുമോ എന്നൊരു അന്വേഷണമാണത്. കറുപ്പിന് എന്തോ കുറവുണ്ടെന്നു തന്നെയാണ് നമ്മുടെ പൊതുബോധം നമ്മെ പഠിപ്പിച്ചിരിക്കുന്നത്. വെളുപ്പിനോട് ഇത്രയും ഭ്രാന്തമായ ആസക്തി മലയാളികള്‍ക്ക് വന്നത് വിശ്വസുന്ദരിയായി ഐശ്വര്യ റായ് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷമാണെന്നാണ് എന്റെയൊരു നിരീക്ഷണം. അഴകിന്റെ അളവുകോലായി ഐശ്വര്യ റായ് മാറിയപ്പോള്‍ എല്ലാ പെണ്‍കുട്ടികളും അവരെപ്പോലെ ആകണമെന്നു ആഗ്രഹിക്കാന്‍ തുടങ്ങി. അതോടു കൂടി കറുത്ത നിറം അസ്വീകാര്യമായ എന്തോ ഒന്നായി മാറുകയായിരുന്നു. 

കറുത്ത നിറമുള്ളവര്‍ എവിടെ

ഈ നിറത്തില്‍പ്പെട്ടവര്‍ ചെയ്യേണ്ടതായ കാര്യങ്ങള്‍ നിശ്ചയിച്ചു വയ്ക്കപ്പെട്ടിട്ടുണ്ട്. എന്റര്‍ടെയ്ന്‍മെന്റ് മേഖലയില്‍‍ എത്ര കറുത്ത സ്ത്രീകളെ നമ്മള്‍ കണ്ടിട്ടുണ്ട്. അവര്‍ എങ്ങനെയാണ് പ്ലേസ് ചെയ്യപ്പെട്ടിരിക്കുന്നത്? എല്ലായ്പ്പോഴും ഒരു നെഗറ്റീവ് ഷെയ്‍ഡാണ് കറുപ്പിന് ചാര്‍ത്തി നല്‍കിയിരിക്കുന്നത്. അതുകൊണ്ടാണല്ലോ നാം കറുത്ത ബാഡ്ജ് ധരിക്കുന്നതും കറുത്ത കൊടി കാണിക്കുന്നതും കറുത്ത തുണി കൊണ്ട് വായ്മൂടി കെട്ടി പ്രതിഷേധിക്കുന്നതുമെല്ലാം. സന്തോഷത്തിന്റെ ഭാഗമായി കറുപ്പ് എവിടെയെങ്കിലും കാണാറുണ്ടോ? അതുതന്നെയാണ് എന്റര്‍ടെയിൻമെന്റ് രംഗത്തും സംഭവിക്കുന്നത്. കറുത്ത നിറമുള്ളവര്‍ക്ക് വെല്ലുവിളിയാകുന്നത് ഇതൊക്കെയാണ്. സൗമ്യത അങ്ങ് വാരി വിതറേണ്ടി വരും മുഖത്ത്. എങ്കിലും സ്വീകാര്യത ലഭിക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടി വരും. നമ്മുടെ എന്റര്‍ടെയിൻമെന്റ് മേഖലയില്‍ കറുത്തവര്‍ക്ക് ഒരു ഇടമില്ലെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. വെളുത്ത മുഖത്തിനോട് നമുക്ക് സ്വാഭാവികമായി തോന്നുന്ന പോസിറ്റീവ് പ്രതികരണങ്ങള്‍ ഒരു കറുത്ത മുഖത്തിനോട് അത്ര സ്വഭാവികമായി സംഭവിക്കുന്നില്ല. ഇതിലൊരു പ്രശ്നമുള്ളതായി പോലും പലര്‍ക്കും തോന്നിയിട്ടുമില്ല. അങ്ങനെയൊരു സമൂഹത്തില്‍ നിന്നാണ് ഞാനടക്കമുള്ള സ്ത്രീകള്‍ സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. 

എന്റെ നിറമാണ് എന്റെ സമരം

പൊതുവെ സ്ത്രീകളെ വെളുത്തു കാണാനാണ് ആളുകള്‍ക്ക് ഇഷ്ടം. അത് എങ്ങനെ മറികടക്കാമെന്നു ചോദിച്ചാല്‍ ഇങ്ങനെയൊക്കെ എന്നേ മറുപടി നല്‍കാന്‍ കഴിയൂ. തൊണ്ണൂറുകളിലാണ് ഞാന്‍ കോളജില്‍ പഠിച്ചത്. തൃശൂര്‍ കേരളവര്‍മ കോളജിലായിരുന്നു പഠനം. ആരെങ്കിലുമൊക്കെ ശ്രദ്ധിക്കണം, നോക്കണം എന്നൊക്കെയുള്ള ആഗ്രഹവുമായിട്ടാണല്ലോ ആ പ്രായത്തില്‍ നമ്മള്‍ കലാലയത്തിലെത്തുന്നത്. അന്നു ഞാന്‍ കേട്ടിട്ടുള്ള ഒരു പ്രധാന കമന്റ്, നീ കാണാനൊക്കെ കൊള്ളാം. പക്ഷേ കറുത്തിട്ടല്ലേ എന്നായിരുന്നു. കടുത്ത നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ പറയും, നീയെന്താ പാണ്ടികളെപ്പോലെ വരുന്നതെന്ന്. ഇന്നത്തെ കലാലയങ്ങളും വ്യത്യസ്തമല്ലെന്നാണ് ഞാന്‍ മനസിലാക്കുന്നത്. 

എന്റെ നിറം കൊണ്ടു തന്നെയാണ് ഞാന്‍ റിവോള്‍ട്ട് ചെയ്തിട്ടുള്ളത്. അണിഞ്ഞൊരുങ്ങുന്നതിനെ പരിഹസിക്കുന്നവരുടെ ഇടയിലേക്ക് എനിക്കിഷ്ടപ്പെട്ട നിറങ്ങളും ആഭരണങ്ങളും അണിഞ്ഞു തന്നെയാണ് ഞാന്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. അതാണ് എന്റെ സമരം. ഓരോ കളിയാക്കലുകളും പൂമാല ആയി എടുക്കണം. അതില്‍ വിഷമിച്ചിരുന്നാല്‍ അതു നമ്മെ കളിയാക്കുന്നവരുടെ രാഷ്ട്രീയത്തിന് സ്വീകാര്യത നല്‍കും. എന്റെ 16-17 വയസില്‍ എനിക്ക് ലഭിച്ച തിരിച്ചറിവ് അതായിരുന്നു. അങ്ങനെ തന്നെയാണ് ഈ 45 വയസു വരെ ജീവിച്ചതും. ഇനി ജീവിക്കുന്നതും ഇങ്ങനെ തന്നെയായിരിക്കും.

English Summary: Adv. Cuckoo Devaki's Interview About Racim

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT