സോഷ്യൽ മീഡിയ വന്നതിൽ പിന്നെ ഉള്ളിൽ അടക്കി വച്ചിരുന്ന കഴിവുകളെ വാനോളം പറത്തി വിടാൻ മനുഷ്യർക്ക് എളുപ്പത്തിൽ സാധിക്കുന്നുണ്ട്. ടിക്ക് ടോക്കും ഓൺലൈൻ മാധ്യമങ്ങളും എല്ലാം മുതിർന്നവരുടെയും കുട്ടികളുടെയും ഉള്ളിലെ വാസനകളെ പുറത്തേയ്ക്ക് കൊണ്ട് വന്നിട്ടുണ്ട്. പ്രത്യേകിച്ച് സ്ത്രീകളെന്നും കുട്ടികളെന്നും പറയാൻ കാരണമുണ്ട്, അടുക്കളയിലും വീടിനുള്ളിലും മാത്രമായി ഒതുങ്ങിപ്പോയ ഒരുപാട് പേര് ഇത്തരത്തിൽ സോഷ്യൽ മീഡിയയിലൂടെ അവസരങ്ങൾ കണ്ടെത്തുകയും അറിയപ്പെടുകയും ചെയ്തിട്ടുണ്ട്. പലപ്പോഴും പെട്ടെന്നുള്ള ആവേശത്തിൽ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർ അഭിനന്ദിക്കുമ്പോൾ വീണ്ടും ചെയ്യാനുള്ള പ്രചോദനം കൂടി ലഭിക്കുന്നു. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ അടുത്തിടെ വൈറലാക്കപ്പെട്ട പാട്ടാണ് ജിയാ ഹരികുമാർ പാടിയ "ദേവസഭാതലം..." എന്ന് തുടങ്ങുന്ന രവീന്ദ്ര സംഗീതം.

മനോഹരമായ ഒരു രാഗമാലികയാണ് "ഹിസ് ഹൈനസ് അബ്ദുല്ല" എന്ന ചിത്രത്തിൽ യേശുദാസും രവീന്ദ്രൻ മാഷും ഒപ്പത്തിനൊപ്പം പാടിക്കൊഴുപ്പിച്ച  ദേവസഭാതലം എന്ന ഗാനം. പത്ത് വ്യത്യസ്തമായ രാഗങ്ങളാണ് ഒന്നിച്ച് ഒരു പാട്ടിൽ പാടിയിരിക്കുന്നത്, അതുകൊണ്ട് തന്നെ പാട്ടുകാർ പോലും തിരഞ്ഞെടുക്കാൻ മടിക്കുന്ന ഗാനവുമാണത്. ഒരു മാല പോലെ ഓരോ രാഗങ്ങളും ഒന്നിച്ച് പിന്നാലെ പാടുമ്പോൾ എങ്ങാനും തെറ്റ് സംഭവിച്ചാലോ? എന്നാൽ അത്തരം പേടികളൊന്നുമില്ലാതെ  അനായാസമായി ജിയ മോൾ അത് പാടി. അതും പതിനൊന്ന് വയസ്സ് മാത്രമുള്ള ഒരു കുട്ടി. അതുകൊണ്ട് തന്നെയാണ് സോഷ്യൽ മീഡിയ അതേറ്റെടുത്തതും.

യു കെയിലാണ് ജിയ 'അമ്മ നിഷയ്ക്കും  അച്ഛൻ ഹരികുമാറിനും അനുജത്തിയ്ക്കുമൊപ്പം താമസിക്കുന്നത്. പാട്ടു വിശേഷങ്ങളെക്കുറിച്ച് ജിയയുടെ 'അമ്മ നിഷ പറയുന്നു. "ജിയ ഔദ്യോഗികമായി പാട്ട് പഠിച്ചിരുന്നില്ല , അവളുടെ അച്ഛനും അതെ, പക്ഷെ അദ്ദേഹത്തിനു പാട്ടിനോടു നല്ല കമ്പമുണ്ടായിരുന്നതുകൊണ്ട് പാടുമായിരുന്നു.അദ്ദേഹം തന്നെയാണ് അവൾക്ക് പാട്ടുകൾ പറഞ്ഞു കൊടുത്തതും. ഇപ്പോൾ ജിയ ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം മാളവികയുടെ കീഴിൽ ഓൺലൈനിൽ സംഗീതം പഠിക്കുന്നുണ്ട് ."

ചെറുപ്പം തൊട്ടേ പാട്ടിൽ ഇഷ്ടമുണ്ടായിരുന്നു അവൾക്ക്, കേൾക്കുകയും ചെയ്യും. പാടി നോക്കുകയും ചെയ്യും, എന്നാൽ അത് ആ പ്രായത്തിൽ കാണിക്കുന്ന സ്വാഭാവികമായ ഇഷ്ടമാണെന്നാണ് ഞങ്ങൾ കരുതിയത് ഒരിക്കൽ അവളുടെ അച്ഛൻ ഗിറ്റാറിൽ ഒരു പാട്ട് പ്ലേ ചെയ്തുകൊണ്ടിരുന്നപ്പോൾ അവളും അത് ഏറ്റു പിടിച്ച് പാടി. അതുപോലെ ഒരു പ്രോഗ്രാമിന് വേണ്ടി പ്രാക്ടീസ് ചെയ്തുകൊണ്ടിരുന്നപ്പോൾ മോൾക്കും അത് പാടണമെന്നായി. അങ്ങനെ അഷ്ടമി രോഹിണി എന്ന പാട്ട് പഠിച്ചു , അപ്പോഴാണ് അവൾക്ക് പാട്ടിൽ അത്ര താൽപര്യമുണ്ടെന്ന് മനസ്സിലായത്. അവൾക്ക് ഒരു വയസ്സുള്ളപ്പോൾ മുതൽ ഞങ്ങൾ ഇവിടെ യുകെയിലാണ്. രണ്ടു പേരും ഐടി ഫീൽഡിൽ ആണ് ജോലി ചെയ്യുന്നത്, അതുകൊണ്ട് അപ്പോൾ അവളെ ഔദ്യോഗികമായി പാട്ട് പഠിപ്പിക്കാൻ പറ്റുമായിരുന്നില്ല, അടുത്തെങ്ങും അധ്യാപകരുമുണ്ടായിരുന്നില്ല. അന്നവൾക്ക് നാല് വയസ്സാണ്.

പിന്നീട് അവിടെ നിന്നും യു കെയിൽ കുറച്ചു കൂടി നോർത്തിലേയ്ക്ക് ജോലിക്കായി വന്നു. അവിടെ അധ്യാപകരെ അന്വേഷിച്ചു പക്ഷെ കിട്ടിയില്ല. ആ സമയത്താണ് ഇവിടെ സ്റ്റീഫൻ ദേവസ്സിയുടെ ഒരു പരിപാടി വന്നത്. അതുമായി ബന്ധപ്പെട്ടു ഒരു പരിപാടിയുണ്ടായിരുന്നു. "സിങ് വിത്ത് സ്റ്റീഫൻ" എന്നായിരുന്നു അത്. അതിൽ പ്രായ വ്യത്യാസമില്ലാതെ ആർക്കും അദ്ദേഹത്തിന്റെ കൂടെ പാടാനുള്ള ഒരു അവസരമായിരുന്നു. അതിൽ ജിയ  പങ്കെടുത്തു. സ്വയം കേട്ട് പഠിച്ചു , അവളുടെ അച്ഛനാണ് തിരുത്തി കൊടുത്തത്.  ഒരു സ്വകാര്യ ചാനലിന്റെ സ്റ്റുഡിയോയിൽ വച്ചാണ് അത് റെക്കോർഡ് ചെയ്തത്. ശ്രേയ ഘോഷാൽ പാടിയ പാട്ടാണ് അന്നവൾ പാടിയത്, അതിൽ അവൾ ജയിച്ചു. അതുകൊണ്ട് സ്റ്റീഫൻ ദേവസ്സിയുടെ ഒപ്പം ആ പാട്ട് അവൾക്ക് പാടാനും അദ്ദേഹത്തിന്റെ കയ്യിൽ നിന്ന് സമ്മാനം വാങ്ങാനും കഴിഞ്ഞു. അവളെ പാട്ട് പഠിപ്പിക്കണം, എന്തെങ്കിലും ഉപകരണ സംഗീതം പഠിപ്പിക്കണം എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിനു ശേഷമാണ് അവളെ സംഗീതം പഠിപ്പിക്കണം എന്ന് തീരുമാനമെടുക്കുന്നത്. അങ്ങനെയാണ് മാളവിക ഓൺലൈൻ ക്‌ളാസ് എടുക്കുന്നു എന്നറിഞ്ഞത്. അങ്ങനെ അവരുടെ ക്‌ളാസിൽ ജോയിൻ ചെയ്തു. പിന്നെ ഇവിടെ നടക്കുന്ന ചെറിയ മത്സരങ്ങളിലൊക്കെ സ്ഥിരമായി പങ്കെടുക്കാറുണ്ട്, സ്ഥിരമായി സമ്മാനവും ലഭിക്കാറുണ്ട്.

ജിയ മോളും കുടുംബവും കെ.എസ്. ചിത്രയ്ക്കൊപ്പം

ഒരിക്കൽ  എം.ജി. ശ്രീകുമാർ വന്നപ്പോൾ അവർ മത്സരം വച്ചിരുന്നു, അത് നടത്തിയ രണ്ടു തവണയും അവൾക്കായിരുന്നു സമ്മാനം. ഒരിക്കൽ ചിത്ര ചേച്ചി വന്നപ്പോഴും മത്സരം നടത്തി, അതിൽ ഒന്നാം സമ്മാനം മറ്റൊരു കുട്ടിക്ക് ആയിരുന്നെങ്കിലും അവൾ പാടിയ "ആലാപനം" എന്ന പാട്ടിനു ഒരുപാട് അഭിനന്ദനം കിട്ടി. അങ്ങനെ ജിയയ്ക്ക്  പാട്ടിനോട് അടുപ്പം കൂടി വരുകയായിരുന്നു.

ഒരിക്കൽ ഒരു തമിഴ് ഓൺലൈൻ ഗ്രൂപ്പിൽ ഇന്റർനാഷണൽ സംഗീത മത്സരം നടന്നു. മൂന്നു നാല് റൗണ്ട് ഉണ്ടായിരുന്നു, സിങ് ഇൻ ശ്രുതി എന്ന ഗ്രൂപ്പിൽ നടന്ന ആ മത്സരത്തിൽ അവൾക്കായിരുന്നു ഒന്നാം സമ്മാനം .കിട്ടിയത്.അന്ന് സുജാത മാം പാട്ടു കേട്ടിട്ട് നേരിട്ട് മോളെ അഭിനന്ദിച്ചിരുന്നു, അതൊക്കെ വലിയ സന്തോഷമാണ്. അതിനു ശേഷം ഓംങ്കാര എന്നൊരു മത്സരത്തിൽ ഔസേപ്പച്ചൻ, വയലിനിസ്റ്റ് രൂപരേഖ അവരൊക്കെയായിരുന്നു ജൂറികൾ അതിലും അവൾ മത്സരിച്ച്, അതിലെ ഫൈനൽ ആയി പാടിയ പാട്ടായിരുന്നു ദേവസഭാതലം. അതിനു വേണ്ടി വീഡിയോ റെക്കോർഡ് ചെയ്തു അയച്ചു, അതിലും അവൾ തന്നെയാണ് വിജയിച്ചത്. പക്ഷേ നമ്മൾ അത് സോഷ്യൽ മീഡിയയിൽ ഇടാതെ ഇരുന്നതാണ്, പെട്ടെന്നൊരു ദിവസം ചില ഗ്രൂപ്പുകളിൽ ആ പാട്ട് ഷെയർ ചെയ്യപ്പെട്ടു കണ്ടു, മാത്രമല്ല ഒരുപാട് അഭിനന്ദനങ്ങളും അതിനു കിട്ടുന്നുണ്ടായിരുന്നു. ഏറ്റവും വലിയ സന്തോഷം ആ പാട്ട് കേട്ടിട്ട് യേശുദാസ് സാർ തന്നെ അഭിനന്ദനം വോയിസ് ആയി അയച്ചതാണ്.

"ദേവസഭാതലം പാടിയ കുട്ടി നന്നായിട്ടുണ്ട്" എന്നൊക്കെയായിരുന്നു അത്. വിദ്യാരംഭത്തിന്റെ അന്നായിരുന്നു ആ മെസേജ് കിട്ടിയത്. അതൊരു വലിയ ഭാഗ്യമായി കാണുന്നു, ഞങ്ങൾക്ക് അദ്ദേഹം ദൈവം തന്നെയാണ്. ആ പാട്ടാണ് വൈറലായത്. പതിനായിരത്തിലധികം കമന്റുകൾ തന്നെ വന്നിരുന്നു, പലതിനും മറുപടി നൽകാൻ പറ്റിയില്ല, എങ്കിലും ഒരുപാട് സന്തോഷം. ഒരുപാട് പേര് വിളിച്ചു അഭിനന്ദനം അറിയിച്ചിരുന്നു, രാജസേനൻ സർ, കൈലാസ് മേനോൻ,ബോംബെ ജയശ്രീ  ഒക്കെ വിളിച്ചിരുന്നു."

മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഗാനമാണ് "ദേവസഭാതലം". മോഹൻലാലും കൈതപ്രവും അനശ്വരമാക്കിയ രംഗങ്ങൾ ഉള്ള പാട്ടിനെ അനായാസമായാണ് ജിയ പാടിയത്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയ ആ പാട്ട് ഏറ്റെടുത്തു പലരും പാട്ട് കേട്ട് കണ്ണ് നിറയ്ക്കുകകയും  ആരാണ് പാടിയത് എന്നന്വേഷിക്കുകയും ചെയ്തിരുന്നു. യു കെയിൽ ഇപ്പോൾ ജിയയ്ക്ക് സ്‌കൂളിൽ ക്‌ളാസ് തുടങ്ങിയിരിക്കുന്നു.

"ഇത്തരം പാട്ടുകളോടാണ് ജിയയ്ക്ക്  ഏറെയിഷ്ടം. അത് പഠിക്കണമെന്ന് താല്‍പമുണ്ടായിരുന്നു. ആദ്യം ഈ പ്രായത്തിൽ അത്രയും വേണ്ടെന്നു അവളുടെ ഗുരു പറഞ്ഞെങ്കിലും പിന്നീട് മത്സരത്തിന് വേണ്ടി മാളവിക തന്നെയാണ് ജിയയെ അത് പഠിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ പലരും സ്വന്തം മകളോടെന്ന പോലെയാണ് സംസാരിച്ചത്. പതിനൊന്ന് വയസ്സുള്ള ഒരു കുട്ടി ആ പാട്ട് എടുത്തു പാടിയതിനെ ഒക്കെ പലരും അഭിനന്ദിച്ചു. സ്വന്തം കുട്ടി ആകുമ്പോൾ അവൾ ചെയ്യുന്നതെല്ലാം നല്ലതാണെന്നു തോന്നുമല്ലോ അങ്ങനെയാണ് ഞങ്ങൾ അവളുടെ സംഗീതത്തെ കണ്ടിരുന്നത്. പക്ഷേ അത് മാത്രമല്ല എന്ന് അവളുടെ പാട്ടിനു കിട്ടിയ പ്രതികരണം ഞങ്ങൾക്ക് മനസ്സിലാക്കി തന്നു. എങ്കിലും അവൾ പാടുന്ന പാട്ടുകളുടെയോ ഒന്നും ആഴവും വ്യാപ്തിയുമൊക്കെ ജിയയ്ക്ക് അറിയാനുള്ള പ്രായമൊന്നും ആയിട്ടില്ല. പാടാനുള്ള ഇഷ്ടം കൊണ്ട് അവൾ പാടുന്നു, അല്ലാത്തപ്പോൾ കളിക്കുന്നു, അതാണ് ജിയയുടെ റുട്ടീൻ."

ജിയ മോളും കുടുംബവും സംഗീത സംവിധായകൻ ശരത്തിനൊപ്പം

സംഗീതത്തെക്കുറിച്ച് ആധികാരികമായി പറയാൻ കഴിയുന്ന ആളല്ല ജിയയുടെ അച്ഛൻ ഹരികുമാർ വാസുദേവനും. ജിയയെപ്പോലെ തന്നെ കേട്ടും പാടിയും തന്നെ പഠിച്ച ആളാണ്. എങ്കിലും അദ്ദേഹമിപ്പോൾ യു കെയിൽ ഐ ടി സ്ഥാപനത്തിൽ ജോലി ചെയ്യുന്നു, 'അമ്മ നിഷയും അതെ വഴിയിൽ തന്നെയാണ്. അനുജത്തി ഇവാനി, ഇപ്പോൾ രണ്ടു വയസ്സ്. നാട്ടിൽ ഹരികുമാറിന്റെ വീട് പൂജപ്പുരയാണ് നിഷയുടേത് പട്ടാമ്പിയും.

"മാളവിക അനിൽ കുമാറിന്റെ അടുത്ത് എല്ലാ ഞായറാഴ്ചയും സ്‌കൈപ്പ് വഴിയാണ് സംഗീതം ഓൺലൈൻ ക്‌ളാസ്. മൂന്ന് വർഷമായി തുടങ്ങിയിട്ട്. ലോക്ക് ഡൗൺ ആയിരുന്നപ്പോൾ ലാൽഗുഡി ജയറാം സാറിന്റെ മക്കൾ വിജി ലാൽഗുഡി ഒരു വർക്ക്ഷോപ്പ് അന്നൗൻസ് ചെയ്തിരുന്നു. അതിൽ മോളെ രെജിസ്റ്റർ ചെയ്തു. പക്ഷെ അത് മുതിർന്നവർക്ക് വേണ്ടിയുള്ള കോഴ്സ് ആയിരുന്നു. അതുകൊണ്ട് അവർ വിളിച്ച് മോളുടെ പാട്ടു ഇഷ്ടമായി അതുകൊണ്ട് തന്നെ അപേക്ഷ നിരസിക്കാൻ പറ്റില്ല അതുകൊണ്ട് മോളെ ആ തില്ലാനകൾ കുറച്ചു ക്ലാസ് ആയി പേഴ്‌സണൽ ആയി പഠിപ്പിക്കാം എന്ന് പറഞ്ഞു. അതൊരു വലിയ അനുഗ്രഹമായി തോന്നു. അദ്ദേഹത്തിന്റെ മകൾ വിജയലക്ഷ്മി ലാൽഗുഡി ആണ് അത് മോളെ പഠിപ്പിച്ചത്. അവർ അഞ്ചു തില്ലാന ക്ലാസുകൾ മോൾക്ക് എടുത്തു. ലോക്ക് ഡൗണിൽ വയലിൻ ക്ലാസ് തുടങ്ങിയിട്ടുണ്ട്, അത് രൂപ രേവതിയാണ് എടുക്കുന്നത്. വെസ്റ്റേൺ കീബോർഡ് പഠിക്കുന്നുണ്ട്. സ്റ്റീഫൻ ദേവസ്സിയുടെ ഓൺലൈൻ ക്‌ളാസിൽ രെജിസ്റ്റർ ചെയ്തിട്ടുണ്ട്, അതും തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ വെസ്റ്റ്ൻ വോക്കൽ ക്‌ളാസും തുടങ്ങിയിട്ടുണ്ട്. സ്‌കൂളിൽ ടാലെന്റ്റ് ഷോയ്ക്ക് ഒക്കെ പങ്കെടുക്കുന്നതുകൊണ്ട് വെസ്റ്റേൺ മ്യൂസിക്കും ജിയയ്ക്ക് ഇഷ്ടമാണ്."