രമണീയം ആ നാടകകാലം: കെ പി എ സി ലീലയ്ക്ക് സിനിമയില്‍ രണ്ടാമൂഴം
രംഗം
കെപിഎസിയുടെ പ്രസിദ്ധമായ തുലാഭാരം നാടകം ഒരു സ്റ്റേജില്‍ നടക്കുന്നു.ക്ലൈമാക്സില്‍ വിജയ എന്ന നായികാകഥാപാത്രം ജീവിതത്തിന്‍റെ നിസ്സഹായതയും പട്ടിണിയും മൂലം തന്‍റെ ഓമനക്കുഞ്ഞുങ്ങളെ വിഷം കൊടുത്ത് കൊല്ലുന്നതിന് തൊട്ടുമുന്‍പുള്ള സീനാണ്.നായികയായി അഭിനയിയ്ക്കുന്ന നടി ഡയലോഗ് പറഞ്ഞ് വിതുമ്പുന്നതിനിടയില്‍ ഒരു നിമിഷം കാണികളിലേയ്ക്ക് ഒന്ന് പാളി നോക്കുന്നു.മുന്‍നിരയിലുള്ള സ്ത്രീകളില്‍ പലരും കരയുന്നു. അരുതേ എന്ന് കാണിയ്ക്കുന്നു. കുഞ്ഞുങ്ങളെ ഞങ്ങള്‍ക്ക് തരൂ, വളര്‍ത്തിക്കോളാം എന്നുവരെ ആംഗ്യം കാണിയ്ക്കുന്നു. അഭിനയപൂര്‍ണതയുടെ നിറവില്‍ കെപി എസി ലീലയെന്ന നടിയുടെ ഉള്ളുനിറയുന്നു.
അറുപതുകളില്‍ നാടകവേദികളിലെ മിന്നും താരമായിരുന്നു കെപിസി ലീല. കെപിഎസിയുടെ സൂപ്പര്‍ ഹിറ്റ് നാടകങ്ങളിലെ നായിക. ആ നാടകങ്ങള്‍ സിനിമയായപ്പോള്‍ അതിലും ശ്രദ്ധേയമായ വേഷങ്ങള്‍. വിവാഹത്തോടെ കലാരംഗത്തോടു വിട പറഞ്ഞ ഈ അഭിനേത്രി വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളസിനിമയിലേയ്ക്ക് മടങ്ങിയെത്തി. ജയരാജ് സംവിധാനം ചെയ്ത രൗദ്രം എന്ന സിനിമയിലൂടെ. വരും നാളുകളില്‍ മകച്ച വേഷങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമാകാനൊരുങ്ങുന്ന കെപിഎസി ലീല തന്റെ നാടകകാലം ഓര്‍ത്തെടുക്കുകയാണ്...
കെപിഎസി എന്ന അഭിമാനകാലം
അതൊക്കെയായിരുന്നു ഒരു കാലം. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എന്തൊരു അഭിമാനമാണ്. കെപിഎസിയ്ക്ക് ജനങ്ങളുടെ മനസ്സില്‍ വലിയ സ്ഥാനമുണ്ടായിരുന്നു.ആ സ്നേഹത്തിന്‍റെ ഒരു പങ്ക് ഞാനുള്‍പ്പെടെയുള്ള അതിലെ എല്ലാ നടീനടന്മാര്‍ക്കും കിട്ടിയിരുന്നു.സ്റ്റേജിലെ അനുഭവങ്ങള്‍ വാക്കുകള്‍ കൊണ്ട് പറഞ്ഞു തീര്‍ക്കാനാവില്ല..വിവാഹശേഷം കലാരംഗത്ത് നിന്ന് അകന്നു ജീവിച്ചിരുന്ന കാലത്തും ആ ഓര്‍മ്മകള്‍ മനസ്സില്‍ പച്ച പിടിച്ച്നിന്നു.റിഹേഴ്സലുകള്‍, സ്റ്റേജുകള്‍, ഉറക്കമില്ലാത്ത രാത്രികള്‍, യാത്രകള്‍,അഭിനന്ദനങ്ങള്‍,അംഗീകാരങ്ങള്‍.അഭിനയിച്ച് മതിയായില്ല എന്ന തോന്നല്‍ എപ്പോഴുമുണ്ടായിരുന്നു..ഇപ്പോഴാണ് വീണ്ടും സമയം വന്നത് എന്ന് തോന്നുന്നു...
എങ്ങനെയാണ് കലാജീവിതത്തിന്‍റെ തുടക്കം?
പാമ്പാക്കുടയാണ് നാട്. അച്ഛന്‍ കുര്യാക്കോസ് അമ്മ മറിയാമ്മ. ചാച്ചന് കൃഷിയായിരുന്നു.ഞങ്ങള്‍ ആറുപേരാണ്.മൂന്നുപെണ്ണും മൂന്നാണും. ഞാനാണ് ഏറ്റവും മൂത്തത്. എനിയ്ക്ക് ചെറുപ്പത്തില്‍ത്തന്നെ വാതത്തിന്‍റെ പ്രശ്നമുണ്ടായിരുന്നു. എപ്പോഴും കാലുവേദനയുണ്ടാകും. അടുത്ത ബന്ധു ഒരു വൈദ്യനുണ്ടായിരുന്നു. പുള്ളി ചാച്ചനോട് പറഞ്ഞു കാലുവേദന മാറാന്‍ കൊച്ചിനെ എന്തെങ്കിലും ഒരു കല പഠിപ്പിയ്ക്ക് എന്ന്.അന്ന് ജീവിതനൗക ഒക്കെ ഇറങ്ങിയ സമയമാണ്. ഞങ്ങള് പിള്ളേര് പാമ്പാക്കുട നിന്ന് പിറവത്ത് നടന്നു പോയി തിയേറ്ററില്‍ ആ സിനിമ കണ്ടു. അതുകഴിഞ്ഞപ്പോ തൊട്ട് ഞാന്‍ ആ സിനിമയിലെ ‘ആനത്തലയോളം വെണ്ണ തരാമെടാ..’ പാട്ടൊക്കെ പാടി എപ്പോഴും ഇങ്ങനെ തുള്ളി നടക്കും. അങ്ങനെ ചാച്ചന് തോന്നി എന്നാപ്പിന്നെ ഡാന്‍സ് പഠിപ്പിച്ചേക്കാം എന്ന്.
ഞാന്‍ തേഡ് ഫോമില്‍ പഠിയ്ക്കുമ്പോഴാണ്. ചാച്ചന്‍റെ ഒരു സുഹൃത്ത് വഴി കോഴിക്കോട് ഡാന്‍സ് പഠിയ്ക്കാന്‍ കൊണ്ട്പോയി ചേര്‍ത്തു. കുറച്ച് നാളത്തേക്ക് എന്നേ ഓര്‍ത്തുള്ളൂ. ഡിസ്ക്കവറി ഓഫ് ഇന്ത്യ എന്നൊരു ബാലെ ട്രൂപ്പ് ആയിരുന്നു അത്. ഉദയശങ്കറിന്‍റെയൊക്കെ ട്രൂപ്പില്‍ ഡാന്‍സ് ചെയ്തിരുന്ന ഒരു സ്ത്രീയായിരുന്നു അതിന്‍റെ ഉടമ. ഒരു വലിയ സ്ത്രീ. അത്രയും വലിയ ഒരു സ്ത്രീയെ ഞാന്‍ അതുവരെ കണ്ടിട്ടില്ലായിരുന്നു. കുട്ടിയായിരുന്നല്ലോ. ഞാന്‍പേടിച്ച് പോയി. കാരണം ഞാന്‍ അവിടെ ചെല്ലുമ്പോ ഞാനേയുള്ളൂ കുട്ടി. ബാക്കിയെല്ലാവരും മുതിര്‍ന്നവരാണ്.
അന്ന് ഒരു മാസം നാല്‍പ്പത് രൂപയായിരുന്നു അവിടെ ഫീസ്. അത്രയ്ക്ക് ആവതുണ്ടായിട്ടൊന്നുമല്ല. എന്‍റെ ബഹളം കണ്ടിട്ടും പിന്നെ വൈദ്യന്‍ പറഞ്ഞതുമൊക്കെ വച്ചിട്ടാണ്. അവരുടെ വീട്ടില്‍ത്തന്നെ താമസിച്ചാണ് പഠിത്തം. അങ്ങനെ കുറെനാള് നിന്നപ്പോ ആകെ ഒരു പന്തികേട്. ഡാന്‍സ് പഠിത്തമൊന്നും കാര്യമായിട്ടില്ല. അവര് മെയിനായിട്ടും ബാലെ ട്രൂപ്പാണല്ലോ. ഞങ്ങള്‍ക്ക് ഇതിന്‍റെ വ്യത്യാസമൊന്നും അറിയില്ലല്ലോ. അങ്ങനെയിരിയ്ക്കുമ്പോ ട്രൂപ്പിന് സിലോണിലേയ്ക്ക് ഒരു ബുക്കിങ്. അവിടെയെല്ലാവരും അതിന്റെ തിരക്കുകളായി. എന്നേം കൊണ്ട് പോകുമെന്നായിരുന്നു പ്രതീക്ഷ. അവിടെ അടുക്കളയില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ മോളുണ്ട്. കുട്ടികളെയൊന്നും കൊണ്ട് പോകുന്നില്ല എന്ന് അവൾ പറഞ്ഞാണ് ഞാനറിയുന്നത്. ഞാന്‍ ചാച്ചനെ വിവരം അറിയിക്കുന്നു.നാല്‍പത് രൂപ കൊടുക്കുന്നതല്ലാതെ ഒന്നും പഠിയ്ക്കുന്നുമില്ല. പ്രോഗ്രാമിനും കൊണ്ട് പോകുന്നുമില്ലാത്ത അവസ്ഥ. എന്നാപ്പിന്നെ എന്നെ തിരിച്ച് കൊണ്ട്പോയേക്കാം എന്ന് ചാച്ചന്‍ തീരുമാനിച്ചു.
ആ സമയത്ത് കലാമണ്ഡലത്തിലെ ഒരു രാജരത്നം സാറ് അവിടെ ഭരതനാട്യം പഠിപ്പിയ്ക്കാന്‍ വരുന്നുണ്ട്. പിള്ളേര്‍ക്ക് പരിശീലനം കാണാനൊന്നും പറ്റില്ല. മുറി അടച്ചിട്ടായിരിയ്ക്കും പഠിപ്പൊക്കെ. എനിയ്ക്ക് കാണാന്‍ മോഹമുണ്ടായിരുന്നു. അകത്തുന്നിങ്ങനെ പാട്ടും മ്യൂസിക്കും കേള്‍ക്കുമ്പോള്‍ എന്‍റെ ഉള്ളിങ്ങനെ തുടിയ്ക്കും. ഞാന്‍ കൂട്ടത്തിലെ കുട്ടിയായിരുന്നത് കൊണ്ട് മാസ്റ്റര്‍ വരുമ്പോ ആ മുറിയിലേയ്ക്ക് ഭക്ഷണമൊക്കെ എടുത്ത് കൊടുക്കേണ്ട ചുമതല എനിയ്ക്കായിരുന്നു. മാഷ്ക്ക് എന്നോട് എന്തോ വാത്സല്യം തോന്നി എന്നെക്കൊണ്ട് പാടിയ്ക്കുവേം അഭിനയിപ്പിയ്ക്കുവേം ഒക്കെ ചെയ്യുമായിരുന്നു.
ഒരു ദിവസം മാഷ് അവിടെയുള്ള സമയത്താണ് ചാച്ചന്‍ എന്നെ കൂട്ടിക്കൊണ്ടു പോകാന്‍ വരുന്നത്. മാഷ് കാര്യം തിരക്കിയപ്പോ ചാച്ചന്‍ പറഞ്ഞു. നാല്‍പത് രൂപ ഫീസ് കൊടുത്ത് ഇങ്ങനെ വെറുതെ നില്‍ക്കാനുള്ള കഴിവില്ലാ എന്ന്. അന്ന് നാല്‍പ്പതുരൂപാ ഒരുപാട് വലുതാണ്. അപ്പൊ മാസ്റ്റര്‍ ചാച്ചനോട് പറഞ്ഞു ഇവള്‍ക്ക് കലയുണ്ട്. ഇവളുടെ കണ്ണുകള്‍ കണ്ടാലറിയാം. ഇവളെ നൃത്തം പഠിപ്പിയ്ക്കണം. ഇത് ബാലെ ട്രൂപ്പല്ലേ. ലീലയെ കലാമണ്ഡലത്തില്‍ ചേര്‍ത്തോളൂ,അവിടെ നൃത്തം മാത്രമായി പഠിയ്ക്കാം എന്ന്. അങ്ങനെ നേരെ അങ്ങോട്ടുപോയി മോഹിനിയാട്ടത്തിന് ചേര്‍ന്നു..അവിടെയും ഫീസുണ്ടായിരുന്നു.വള്ളത്തോള്‍ ഒക്കെയുള്ള സമയമാണ്.മോഹനയാണ് അവിടെ എന്‍റെ അടുത്ത കൂട്ടുകാരി.അങ്ങനെ അവിടെ കുറേക്കാലം. ഡാന്‍സ് പഠിയ്ക്കാന്‍ പറ്റുന്നു എന്ന സന്തോഷം. മാസ്റ്റര്‍ പറഞ്ഞു തരും.
അപ്പോഴും പ്രോഗ്രാമിന് കൊണ്ട് പോകുന്നില്ല. ഫീസടയ്ക്കാന്‍ ബുദ്ധിമുട്ട് വന്നപ്പോ മാസ്റ്റര്‍ പറഞ്ഞു.എന്‍റെ വീട്ടിലാക്കിക്കോ. ഫീസൊന്നും തരണ്ട ഗുരുകുലം പോലെ പഠിപ്പിച്ചോളാം എന്ന്. അവിടെ വീട്ടില്‍ മാസ്റ്ററും അമ്മയും മാത്രമേയുള്ളൂ. അവര് തഞ്ചാവൂര്കാരാണ്. അങ്ങനെ ഞാനും മോഹനയും മാസ്റ്ററുടെ വീട്ടിലായി. മാസ്റ്റര്‍ പാലക്കാട്ടേയ്ക്ക് മാറീപ്പോ ഞങ്ങളേംകൊണ്ട് പോയി. അങ്ങനെ അവിടെ കഴിയുമ്പോഴാണ് ഒരു ദിവസം ഏരൂര്‍ വാസുദേവന്‍ വരുന്നത്. അപ്പൊ ഞങ്ങളോട് പഠിച്ചത് കളിച്ച് കാണിയ്ക്കാന്‍ മാസ്റ്റര്‍ പറഞ്ഞു. ഞങ്ങള് കാണിച്ചു.
പിന്നീട് ഒരു ദിവസം ചാച്ചന്‍ വന്ന് സാധനങ്ങളൊക്കെ എടുത്തോ പോകാം എന്നായി. ആദ്യം വീട്ടില്‍ പോയി. പിന്നെ കൊണ്ട് പോയത് പി ജെ ആന്റണിയുടെ നാടകട്രൂപ്പിലേയ്ക്ക് ആയിരുന്നു. നായികയായി അഭിനയിയ്ക്കാന്‍. എനിയ്ക്ക് ആകെ സങ്കടമായി. ഒന്നാമത്തെ കാര്യം കൂട്ടുകാരി മോഹനയെ പിരിയണം .രണ്ടാമത്തെ കാര്യം എനിയ്ക്ക് ഡാന്‍സ് ചെയ്യാനാണ് ആഗ്രഹം. അത് നടക്കുമോ എന്ന പേടി. അവിടെ ചെന്നപ്പോ അന്നത്തെ പ്രധാന നടന്മാര്‍ എല്ലാരുമുണ്ട്. നെല്ലിക്കോട് ഭാസ്ക്കരന്‍, ശ്രീമൂലനഗരം വിജയന്‍,പോഞ്ഞിക്കര ഗംഗാധരന്‍. അന്നെനിയ്ക്ക് പതിനാലു വയസ്സേയുള്ളൂ. സാരിയുടുത്താല്‍ നിക്കില്ലാ. കയറൊക്കെ കെട്ടി വയ്ക്കണം. അങ്ങനെ നാടകം ചെയ്തു. അതുകഴിഞ്ഞ് ഷാഡോ ഗോപിനാഥ്, ബിയാട്രീസ് ചേച്ചിയൊക്കെ ട്രൂപ്പ് തുടങ്ങീപ്പോ അതിലും നൃത്തം ചെയ്തു..
പിന്നെയാണ് കെപിഎസിയില്‍ എത്തുന്നത്. ട്രയിന്‍ കയറി പിന്നെ ബസ് കയറി അവിടെ പോയത് ഇന്നത്തെപ്പോലെ ഓര്‍മ്മയുണ്ട്. ഒ. മാധവന്‍റെ വീട്ടിലേയ്ക്കാണ് ആദ്യം ചെല്ലുന്നത്. വിജയകുമാരി അന്ന് കെപിഎസിയിലുണ്ട്. മുകേഷിന്റെ താഴെയുള്ള കുട്ടിയെ പ്രസവിയ്ക്കാന്‍ പോകുമ്പോ പകരക്കാരിയായാണ് എന്നെ വിളിയ്ക്കുന്നത്. മുടിയനായ പുത്രനാണ് നാടകം. ബിയാട്രീസ് ചേച്ചി അന്ന് മാസ്റ്ററുടെ അടുത്ത ഡാന്‍സ് പഠിയ്ക്കാന്‍ വരുന്നുണ്ടായിരുന്നു. അവര് പറഞ്ഞാണ് എന്നെ കെപിഎസിയിലേയ്ക്ക് വിളിച്ചതെന്നാണ് എനിയ്ക്ക് പിന്നീട് അറിയാന്‍ കഴിഞ്ഞത്. ചേച്ചി വഴിയാണ് ലീല കെപിഎസിയില്‍ എത്തിയത് എന്നൊന്നും ചേച്ചി ഒരിടത്തും പറഞ്ഞു നടന്നില്ല. അതാണ് മഹത്വം.
എനിയ്ക്ക് അന്ന് നാടകത്തില്‍ നടക്കാനറിയില്ല. നിക്കാനറിയില്ല. കരയാനറിയില്ല. എന്ത് ചെയ്താലും ഡാന്‍സായിപ്പോകും.വർഗീസ് തിട്ടയില്‍ എപ്പോഴും പറയും ലീല വന്നു ഭരതനാട്യത്തില്‍ നിന്നു എന്ന്. എന്നെ കളിയാക്കും. എനിയ്ക്ക് അപ്പോഴും ഡാന്‍സ് ചെയ്യാന്‍ പറ്റാത്തതിന്റെ സങ്കടമാണ്. ബിയ ചേച്ചി ഡാന്‍സ് ചെയ്യുന്നുണ്ട്. അത് കാണുമ്പോ എനിയ്ക്ക് സങ്കടം കൂടും. ആ വര്‍ഷത്തോടെ ആ നാടകം തീരുവായിരുന്നു. പുതിയ നാടകം എഴുതുകയാണ്. അതാണ് പുതിയ ആകാശം പുതിയ ഭൂമി. അതില്‍ എനിയ്ക്ക് പറ്റിയ രീതിയിലുള്ള ഒരു കഥാപാത്രമുണ്ട്.ഡാന്‍സും ഉണ്ട്. എനിയ്ക്ക് സന്തോഷമായി. അതുകഴിഞ്ഞ് അശ്വമേധം,യുദ്ധകാണ്ഡം,ശരശയ്യ ഇതിലെല്ലാം ഡാന്‍സും അഭിനയവുമുണ്ട്.അതൊരു നല്ല കാലമായിരുന്നു.
പിന്നെയാണ് കൂട്ടുകുടുംബം വരുന്നത്േ. നര്‍ത്തകിയുടെ ജീവിതമാണ് കഥ. കുടുംബത്തിനു വേണ്ടി എല്ലാം ചെയ്ത് കുടുംബവും നഷ്ടപ്പെട്ട് കാമുകനും നഷ്ടപ്പെട്ട് ഒടുവില്‍ എല്ലാരും തള്ളിക്കളയുന്ന ഒരു കഥാപാത്രം.സത്യം പറഞ്ഞാല്‍ ആ കാലത്തെ ഒരു നടിയുടെ ജീവിതം തന്നെയായിരുന്നു അത്.ഞാനൊക്കെ അന്ന് ഒരുപാട് കരഞ്ഞിട്ടുണ്ട്. നാടകം കഴിഞ്ഞു പുലര്‍ച്ചെയാണ് വീടെത്തുന്നത്. വേണ്ടാത്ത എന്തോ ചെയ്തിട്ടുവരുന്ന പോലെ. ഒരു വൃത്തികെട്ട ജോലി ചെയ്യുന്ന പോലെയായിരുന്നു ആളുകളുടെ മനോഭാവം. കുത്തുവാക്കുകള്‍. ഒറ്റപ്പെടുത്തലുകള്‍. പള്ളിയില്‍ നിന്നൊക്കെയുള്ള ചില ചോദ്യങ്ങള്‍. പക്ഷേ, ചാച്ചനും അമ്മയും കലാബോധമൊക്കെയുള്ളവരായിരുന്നു.പിന്നെ ചാച്ചന്‍ കമ്മ്യൂണിസ്റ്റ്കാരനായതു കൊണ്ട് വലിയ മതവിശ്വാസം ഒന്നും ഉണ്ടായിരുന്നില്ല.പള്ളീന്നൊക്കെ പണ്ടേ എഴുതിത്തള്ളിയപോലെയാരുന്നു.
സിനിമയിലേയ്ക്ക്..
മുടിയനായ പുത്രനാണ് ആദ്യത്തെ സിനിമ. ഒരു ചെറിയ വേഷമായിരുന്നു. പുതിയ ആകാശം പുതിയ ഭൂമിയില്‍ ഞാനും രാഗിണിയും കൂടെ ഒരു ഡാന്‍സും രണ്ട് സോളോയും. അദ്ധ്യാപിക,അമ്മയെക്കാണാന്‍ എന്നീ സിനിമകള്‍.പിന്നെയാണ് തുലാഭാരം വരുന്നത്. സിനിമയില്‍ ചെറിയ വേഷങ്ങള്‍ ആയിരുന്നു. പ്രധാനപ്പെട്ട റോള്‍ വന്നു തുടങ്ങിയപ്പോള്‍ അന്ന് ഫോണില്ല. എന്നെ അന്വേഷിച്ച് അന്വേഷണങ്ങള്‍ വരുന്നത് കെപിഎസിയുടെ ഓഫീസിലേയ്ക്ക്. ഞാന്‍ മെയിന്‍ റോള്‍ ആയിരുന്നു. എന്നുവച്ചാ നൃത്തോം ചെയ്യും അഭിനയിയ്ക്കുവേം ചെയ്യും. ഇത് രണ്ടും കൂടെ ചെയ്യുന്നവര്‍ അന്ന് കുറവാണ്,അപ്പൊ എന്നെ വിടാന്‍ കഴിയില്ലാത്തത് കൊണ്ട് അവസരങ്ങള്‍ വന്നപ്പോ എന്നെ ഒന്നും അറിയിച്ചില്ല. ചാച്ചന്‍ കൂടെയുണ്ടല്ലോ. ചാച്ചന്‍ അറിഞ്ഞാല്‍ സിനിമയിലേയ്ക്ക് പോകും. വരുമാനം കൂടുതലുണ്ടല്ലോ. അതുകൊണ്ട് ചാച്ചനോടും പറഞ്ഞില്ല.
ഞാന്‍ പിന്നെ ഇതൊന്നും കൂടുതല്‍ ചിന്തിച്ചുമില്ല. ചാച്ചന്‍ പറയുന്നു ചെയ്യുന്നു. അത്രതന്നെ. താഴെയുള്ള പിള്ളേരടെ പഠിപ്പിനും വീട്ടിലെ ആവശ്യങ്ങള്‍ക്കും വരുമാനം വേണമല്ലോ. ഞാനല്ലാതെ ആരും കലാരംഗത്തില്ല. എല്ലാർക്കും കലാവാസനയുണ്ടായിരുന്നു. അത് ചാച്ചന്റെയൊരു സ്വാധീനമായിരുന്നു.അനിയനെയൊക്കെ പ്രസംഗം ചാച്ചന്‍ തന്നെയെഴുതി പഠിപ്പിയ്ക്കും. അനിയത്തിയെ ഞാന്‍ കുറേക്കാലം ഡാന്‍സ് പഠിപ്പിച്ചാരുന്നു.അവള്‍ക്ക് പക്ഷേ പഠിപ്പിനോടായിരുന്നു താൽപര്യം.
എനിയ്ക്ക് പണ്ടേ ഡാന്‍സിനോട് താൽപര്യം ഉണ്ടായിരുന്നതു കൊണ്ട് പഠിയ്ക്കാത്തതില്‍ സങ്കടമൊന്നും തോന്നിയില്ല. പക്ഷേ, ചിലപ്പോ നാടകമൊക്കെ കഴിഞ്ഞു വലിയ വലിയ ആളുകള്‍ വന്നു അഭിനന്ദിയ്ക്കുവേം നമ്മളെ പുകഴ്ത്തി പ്രസംഗിയ്ക്കുവേം ഒക്കെ ചെയ്യുമ്പോ എന്താ പറഞ്ഞേന്നു മനസ്സിലാക്കാന്‍ പറ്റാതെ വരുമ്പോ സങ്കടം തോന്നിയിട്ടുണ്ട്. പിന്നെ അതൊക്കെ ജിവിതത്തിന്റെ ഭാഗം..പക്ഷേ മനസ്സില്‍ സന്തോഷമുണ്ടായിരുന്നു.
കെപിഎസി എന്ന കുടുംബം
അതൊരു വലിയ കുടുംബമായിരുന്നു. പെണ്ണുങ്ങള്‍ എല്ലാരും കൂടെ ഒരു മുറിയില്‍ കിടക്കും. തമാശയൊക്കെ പറഞ്ഞ്. ചിലപ്പോ എന്തെങ്കിലും പറഞ്ഞ് പിണക്കമാവും. അതൊക്കെ പെട്ടെന്ന് മറക്കും.നാടകത്തിന് മുന്‍പ് രണ്ടുമാസമൊക്കെ കാണും റിഹെഴ്സല്‍. ആളുകളെയൊക്കെ വച്ച് ഭക്ഷണമുണ്ടാക്കി. ഡാന്‍സ് പഠിപ്പിയ്ക്കാന്‍ വലിയ വലിയ മാസ്റ്റര്‍മാരെയൊക്കെ ക്ഷണിച്ച് വരുത്തി പഠിപ്പിച്ച്. ഭാസിച്ചേട്ടന്‍റെയൊക്കെ ട്രെയിനിങ് കഴിഞ്ഞാല്‍ ആരും നന്നായി അഭിനയിച്ചുപോകും. ആരും തമ്മില്‍ വലിപ്പച്ചെറുപ്പമൊന്നുമില്ല. അത് അന്നത്തെ സിനിമയിലും അങ്ങനെ തന്നെയായിരുന്നു. എല്ലാരും കലാകാരന്മാര്‍ എന്നൊരു ബഹുമാനം അങ്ങോട്ടും ഇങ്ങോട്ടും കൊടുത്തിരുന്നു. സത്യന്‍ മാഷും രാഗിണിയും മിസ് കുമാരിയും എല്ലാരും അങ്ങനെ തന്നെ.
കെപിഎസിയുടെ നടകമിറങ്ങിയാല്‍ അന്നത്തെ മാഗസിനിലും പത്രത്തിലുമൊക്കെ വാര്‍ത്ത വരും. വാനില്‍ പോകുമ്പോ അതൊക്കെ വാങ്ങിച്ചിടും. ലചിലപ്പോ ഉറക്കെ വായിക്കും. ലനമ്മളെ പുകഴ്ത്തിയൊക്കെ എഴുതിയത് വായിച്ച് കേള്‍ക്കും. പക്ഷേ അതൊന്നും അന്നും ഇന്നും തലയ്ക്ക് പിടിച്ചിട്ടില്ല..
തുലാഭാരം
തുലാഭാരം തന്നെയാണ് എന്റെ കരിയര്‍ ബെസ്റ്റ്. ആളുകളുടെ ഒരു ആരാധന കാണേണ്ടതാണ്. അന്ന് സിനിമാതാരങ്ങളെ അങ്ങനെ പബ്ലിക് ആയിട്ടൊന്നും കാണാന്‍ പറ്റില്ല. നാടകത്തിലെ നടീനടന്മാരെയാണ് ആളുകള്‍ക്ക് കാണാന്‍ കിട്ടുന്നത്. കെപിഎസിയുടെ ബാനര്‍ കാണുമ്പോത്തന്നെ ആളുകള്‍ക്ക് ആവേശമാണ്. വലിയ ഓഫീസര്‍മാരൊക്കെയാണ് സ്വീകരിയ്ക്കാന്‍ വരുന്നത്. അതൊക്കെ ഓര്‍ക്കുമ്പോള്‍ തന്നെ ഒരു കോരിത്തരിപ്പാണ്.പാര്‍ട്ടി സഖാക്കള്‍ വരുമ്പോ എന്തൊരു കാര്യമാണെന്നോ..വയലാര്‍,ഓ എന്‍ വി, ദേവരാജന്‍ മാഷ്. അച്യുത മേനോന്‍ സഖാവോക്കെ ആ നീ വന്നോ എന്നൊക്കെ പരിചയം കാണിച്ച് വരും. അത്രയും സ്നേഹവും സ്വാതന്ത്ര്യവുമാണ്.
തുലാഭാരം നാടകം കഴിയുമ്പോ ക്ലൈമാക്സിലെ കീറിപ്പറിഞ്ഞ വേഷത്തിലാണ് നില്‍ക്കുന്നെ.അതൊന്നു മാറാനുള്ള സാവകാശം പോലും കിട്ടില്ല..ഒന്ന് കണ്ടാല്‍ മതി എന്നൊക്കെ പറഞ്ഞു ആള് കൂടും.ഒരുപാട് കത്തുകള്‍ വരും. അതൊന്നും നമ്മുടെ കയ്യില്‍ തരില്ല. കെപിഎസിയ്ക്ക് ആ കാര്യങ്ങളിലൊക്കെ നല്ല ചിട്ടയാണ്.അച്ചടക്കം നിര്‍ബന്ധമാണ്.കത്തുകള്‍ അവര്‍ പരിശോയ്ക്കും.അഭിനന്ദനവും വിമര്‍ശനവുമൊക്കെയുണ്ടാവും. വലിയ ആളുകളുടെ കത്തുകള്‍ ഫയലില്‍ സൂക്ഷിയ്ക്കും. ആരാധകരുടെ കത്തുകളുണ്ടാവും ചിലപ്പോള്‍ തരും. അല്ലെങ്കില്‍ ഇന്നതാണ് ഉള്ളടക്കം എന്ന് പറയും..പാര്‍ട്ടിയുടെ ഒരു സപ്പോര്‍ട്ട് കൂടി ഉണ്ടായിരുന്നത് കൊണ്ട് അച്ചടക്കം അത്രയ്ക്കുണ്ടായിരുന്നു.
നോര്‍ത്ത് ഇന്ത്യന്‍ ടൂര്‍ ഒക്കെ പോകുമ്പോള്‍ ഇന്റര്‍വല്‍ ആകുമ്പോഴേയ്ക്കും ആകെയൊരു ബഹളമാണ്. നമ്മളെ കാണാന്‍ വേണ്ടി ആളുകള് വരും. വണ്ടിയില്‍ പോകുമ്പോ ഒന്ന് നിര്‍ത്തുവോ ലീലയെ ഒന്ന് കണ്ടാല്‍ മതി എന്നൊക്കെ പറഞ്ഞ് ആള് കൂടും.സ്റ്റേജിലെ സെറ്റിങ്സൊക്കെ മാറ്റുന്ന ഇടവേള സമയത്ത് ആകെ തിരക്കാണ്. വല്യ ഉദ്യോഗസ്ഥന്മാരുടെയൊക്കെ ഭാര്യമാരൊക്കെ മുന്നിലുണ്ടാവും. എന്റെ മുടി തിരിപ്പനാണോ സ്വന്തം മുടിയാണോ എന്നോക്കെയറിയാന്‍ ഓടിവരും. ഒന്ന് തൊട്ടാല്‍ മതിയെന്നൊക്കെ പറയും.
സ്റ്റേജില്‍ ആരാധനയാണ്. പക്ഷേ, ഇതിനൊരു മറുവശവുമുണ്ട്. അവിടെയാണ് സമൂഹത്തിന്റെ ഒരു ഇരട്ടത്താപ്പ് പുറത്തു വരുന്നത്. സ്റ്റേജില്‍ നടി കൊള്ളാം. ജീവിതത്തില്‍ മോശക്കാരിയാണ്. ആരാധിയ്ക്കുന്ന അതേ ആള്‍ തന്നെ നാട്ടില്‍ നടിയെ ദുഷിച്ച് സംസാരിയ്ക്കും. കുടുംബക്കാർ പോലും മാറ്റി നിര്‍ത്തി. അംഗീകരിയ്ക്കാന്‍ മടി കാണിച്ചു. നല്ല വിഷമം തോന്നും. പക്ഷേ സ്റ്റേജില്‍ കേറുമ്പോള്‍ എല്ലാം മറന്നുപോകും.
തുലാഭാരം സിനിമയാകുന്നതിന് മുന്‍പ് ശാരദ നാടകം കാണാന്‍ പലതവണ വന്നിരുന്നു. തിരുവനന്തപുരത്ത് കളിയ്ക്കുമ്പോള്‍. ഒത്തിരി സ്റ്റേജില്‍ കളിച്ച് വിജയിച്ച കഥാപാത്രം. ഭാസി ചേട്ടന്‍ പറഞ്ഞിട്ടാണ് ശാരദ വരുന്നത്. എങ്ങനെയാണ് കഥാപാത്രം,സംഭാഷണം എന്നൊക്കെ. സിനിമ ഇറങ്ങുമ്പോഴും നാടകം ഓടുന്നുണ്ടായിരുന്നു. നാടകം കണ്ടിട്ട് സത്യന്‍ മാഷൊക്കെ നേരിട്ട് അഭിനന്ദനം അറിയിച്ചിരുന്നു.
ശാരദ തുലാഭാരത്തില്‍ നല്ല ഒന്നാന്തരം അഭിനയമായിരുന്നു. ഉര്‍വശി അവാര്‍ഡ് അര്‍ഹിയ്ക്കുന്ന പെര്‍ഫോമന്‍സ് തന്നെ. നാടകത്തില്‍ നിന്ന് ചെറിയ ചില മാറ്റങ്ങള്‍ ഉണ്ടായിരുന്നു.നാടകത്തില്‍ കുട്ടികളെക്കുറിച്ച് പറയുന്നതല്ലാതെ അവരെ കാണിയ്ക്കുന്നില്ല. നായികയുടെ മുഖത്ത് നിന്നുമാണ് ആളുകള്‍ ആ വേദന വായിച്ചെടുക്കുന്നത്. സിനിമയില്‍ പക്ഷേ കുട്ടികളെ കാണിയ്ക്കുന്നുണ്ട്. വിഷം കൊടുക്കുന്നതുള്‍പ്പെടെ. അത് നാടകവും സിനിമയും തമ്മിലുള്ള ഒരു വ്യത്യാസമാകാം. ഒരു നടിയുടെ ജീവിതകാലത്ത് മൊത്തം എടുക്കേണ്ട പേര് തുലാഭാരമെന്ന ഒറ്റ നാടകത്തില്‍ നേടിയെടുത്തു എന്നൊക്കെ അഭിനന്ദിച്ചു പലരും അന്ന്. ഇപ്പോഴും പലരും ഓര്‍ത്തെടുക്കുന്നത് തുലാഭാരത്തിലെയും കൂട്ടുകുടുംബത്തിലെയും ഒക്കെ വേഷങ്ങളാണ്.
വിവാഹം
ഭര്‍ത്താവ് ഡേവിഡ്. കെപിഎസിയിലെ ഒരാളായിരുന്നു. ഓഫീസ് കാര്യങ്ങളൊക്കെ നോക്കുന്ന ജോലിയായിരുന്നു. കലാകാരനായിരുന്നു. കുറച്ച് നാള്‍ ട്രൂപ്പിലുണ്ടായിരുന്നു. പിന്നീട് അഞ്ചുകൊല്ലം ഒക്കെ കഴിഞ്ഞാണ് ആലോചനയുമായി വരുന്നത്. അദ്ദേഹം എല്ലാ സംഗീത ഉപകരണങ്ങളും വായിയ്ക്കും. ലെസ്ലി പീറ്റര്‍ പുള്ളിയുടെ അനിയനാണ്. അവര് കുടുംബമായിട്ട് സംഗീതത്തില്‍ അഭിരുചിയുള്ളവരാണ്.
വിവാഹം കഴിഞ്ഞതോടെ നാടകം നിര്‍ത്തി. കുട്ടികളൊക്കെയായി തിരക്കിലായിരുന്നു. ഭര്‍ത്താവ് വിദേശത്തേയ്ക്ക് ജോലിയ്ക്ക് പോയി. കോഴിക്കോട് താമസിച്ചിരുന്നിടത്ത് നല്ല ഇംഗ്ലീഷ് മീഡിയം സ്കൂളില്ല. അങ്ങനെയാണ് കൊല്ലത്തേയ്ക്ക് വരുന്നത്. അവിടെ ഭര്‍ത്താവിന്‍റെ സഹോദരിയൊക്കെയുണ്ട്. അങ്ങനെ അവിടെയായി പിന്നെയുള്ള ജീവിതം.
കല മനസ്സില്‍ നിന്ന് വിട്ടു പോയിരുന്നില്ല. ഇടയ്ക്ക് റേഡിയോ നാടകങ്ങള്‍ ചെയ്യാന്‍ പോയി. കുട്ടികള്‍ക്ക് ഡാന്‍സ് ക്ലാസ്സെടുത്തു. പയ്യെപ്പയ്യെ അതും നിര്‍ത്തി. ഭര്‍ത്താവിനും താല്‍പര്യമുണ്ടായിരുന്നില്ല. അന്ന് അപവാദങ്ങള്‍ ഒക്കെ പേടിയായിരുന്നു .ഇനിയൊന്നിനും പോകണ്ട എന്ന് തീരുമാനിച്ചു.
കലാകാരന്മാരുടെ കാര്യം അങ്ങനെയാണ്. അഭിനയിയ്ക്കുന്ന കാലത്ത് ആള്‍ക്കൂട്ടത്തിനു നടുവിലായിരിയ്ക്കും. കുറേക്കാലം മാറി നിന്നാല്‍ പിന്നെ ആരും ഓര്‍ക്കില്ല. ഒറ്റപ്പെട്ടുപോകും. അങ്ങനെ ഞാനും ആരുമേതുമറിയാതെ കുറേക്കാലം ജീവിച്ചു. മക്കളൊക്കെ അവരവരുടെ ജീവിതവുമായി തിരക്കിലായി. നാല് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ചു.
സിനിമയിലേയ്ക്ക് തിരികെ വരുന്നു
കെപിഎസി ലളിത സുഹൃത്താണ്. കെപിഎസിയില്‍ ഞങ്ങള്‍ ഏഴുകൊല്ലത്തോളം ഒരുമിച്ചുണ്ടായിരുന്നു. ലളിതയുടെ അന്‍പതുകൊല്ലത്തെ സിനിമാജീവിതം ആഘോഷിയ്ക്കുന്ന ചടങ്ങില്‍ ഞാനും പോയിരുന്നു. പത്രത്തില്‍ പരിപാടിയുടെ പരസ്യം കണ്ടിട്ടു ലളിതയെ വിളിച്ചു. ലളിതയുടെ വീട്ടില്‍ ചെന്ന് ഞങ്ങള്‍ ഒരുമിച്ചാണ് പോയത്. ആ പരിപാടിയ്ക്ക് സംവിധായകന്‍ ജയരാജും ഭാര്യയും വന്നിരുന്നു. അങ്ങനെയാണ് ജയരാജിന്‍റെ രൗദ്രം എന്ന സിനിമയിലേയ്ക്ക് എത്തുന്നത്. അതിന് പുരസ്കാരവും കിട്ടി. എന്തൊരു ലാളിത്യമാണ് അദ്ദേഹത്തിന്. ഷൂട്ടിങ് ദിവസങ്ങളില്‍ അവരുടെ വീട്ടില്‍ത്തന്നെ എന്നെ താമസിപ്പിച്ചു. കരുതല്‍ തന്നു. അതിനുശേഷം ഹരികുമാറിന്റെ ജ്വാലാമുഖി, മിനി ഐ ജിയുടെ ഡിവോഴ്സ് എന്നീ സിനിമകളും ചെയ്തു. ആ സിനിമകള്‍ റിലീസ് ആവുന്നതേയുള്ളൂ. കൊവിഡ് കാലമായതുകൊണ്ട് പിന്നീട് ഒന്നും നടന്നില്ല.
സിനിമയില്‍ ഈ രണ്ടാമൂഴം ഒരുപാട് സന്തോഷം തരുന്നുണ്ട്. സിനിമയ്ക്ക് വേണ്ടിയുള്ള സൗകര്യത്തിനുവേണ്ടി എറണാകുളത്ത് താമസം എറണാകുളത്തേയ്ക്ക് മാറ്റി. അഭിനയിച്ച് കൊതി തീര്‍ന്നിട്ടില്ല. ഇനിയും നല്ല വേഷങ്ങള്‍ പ്രതീക്ഷിയ്ക്കുന്നുണ്ട്.എന്നിലെ കലാകാരിയില്‍ എനിയ്ക്ക് അത്രയ്ക്ക് വിശ്വാസവുമുണ്ട്.
English Summary: Interview with kpac leela