അഞ്ചാം വയസ്സിൽ ഹാമർ കയ്യിൽ പിടിച്ചു തുടങ്ങിയതാണ് നർഗീസ്; ഇന്ന് നിർധനർക്കായി 6 സൗജന്യ വസ്ത്രാലയങ്ങൾ; നന്മ
തീർത്തും നിർധനർക്കായി കേരളത്തിൽ ഏഞ്ചൽ കളക്‌ഷൻസ് എന്ന പേരിൽ ആറു സൗജന്യവസ്ത്രാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സാധാരണ തുണിക്കടയിൽ പോകുന്നതുപോലെ ഏഞ്ചൽസിൽ പോയി ഷോപ്പിങ് നടത്തി മടങ്ങാം, ബിൽ അടയ്ക്കേണ്ടതില്ല. വയനാട് കേന്ദ്രമായ അഡോറ എന്ന എൻജിഒയുടെ സംരംഭമാണ് ഏഞ്ചൽസ്. അഡോറയെയും എക്സിക്യൂട്ടീവ് ഡയറക്ടർ നർഗീസ് ബീഗത്തെയും പരിചയപ്പെടാം.
അഞ്ചാമത്തെയോ ആറാമത്തെയോ വയസ്സിൽ പാവയും പന്തുമായി കുട്ടികൾ കളിക്കുന്ന പ്രായത്തിൽ കൈകളിൽ ഹാമർ പിടിച്ചുതുടങ്ങിയതാണ് കുഞ്ഞുനർഗീസ്. വലിയ കരിങ്കല്ലുകൾ പൊട്ടിച്ച് അരയിഞ്ച്, കാൽ ഇഞ്ചു വലുപ്പത്തിലെ മെറ്റലാക്കി വിറ്റാണ് ഉമ്മയും ഉമ്മമ്മയും വീടുപുലർത്തിയിരുന്നത്. വൈകുന്നേരമാകുമ്പോഴേയ്ക്കും ചുറ്റിക ചിടിച്ചു കുഞ്ഞുകൈകളിലെല്ലാം നിറയെ കുമിളകൾ വന്നുനീറ്റൽ സഹിക്കാൻ കഴിയാതെയാകും. എങ്കിലും ദിവസം രണ്ടോ മൂന്നോ ചട്ടി മെറ്റൽ പൊട്ടിച്ചുണ്ടാക്കുമായിരുന്നു. മെറ്റൽ വാങ്ങാൻ ആളെത്തിയാലുടൻ ഉമ്മമ്മ അത് വിറ്റ് കാശ് കൈയിൽ കിട്ടുമ്പോൾ ആ നീറ്റൽ മറക്കും. അപ്പോൾ നിറയെ സന്തോഷമാണ്. ഗൾഫിൽ ജോലി തേടി പോയി എങ്ങുമെത്താതെ പോയ ഉപ്പ, മൂന്നു സഹോദരങ്ങൾ, പട്ടിണി, ദാരിദ്ര്യം ഇതൊക്കെയാണ് നർഗീസിന് ബാല്യത്തെക്കുറിച്ചുള്ള ഓർമ.
പിന്നീട് ഉമ്മ ഗൾഫിലേക്ക് വീട്ടുജോലിക്കായി പോവുകയും അത്യാവശ്യങ്ങൾക്കുള്ള പണം വന്നുതുടങ്ങുകയും ചെയ്തതോടെ അവൾ നന്നായി പഠിച്ചു, ആഗ്രഹിച്ചതുപോലെ നഴ്സ് ആയി. എങ്കിലും നല്ല ഉടുപ്പിടാനും നല്ല ഭക്ഷണം കഴിക്കാനും വല്ലാതെ കൊതിച്ച ആ നാളുകൾ കണ്ണുകളിൽ നിന്ന് മാഞ്ഞില്ല, അതുകൊണ്ടുതന്നെയാണ് 22 വർഷം മുൻപ് ആദ്യ സ്റ്റൈപ്പൻഡായ 300 രൂപ മെസ്ഫീസിൽ നിന്നു മിച്ചം പിടിച്ച മുപ്പതോ അമ്പതോ രൂപയുമായി അവൾ അത്യാവശ്യക്കാരുടെ അടുത്തേക്ക് പോയത്. ഇന്ന് വയനാട് ആസ്ഥാനമായ അഡോറ എന്ന എൻജിഒ വഴി നർഗീസ് ബീഗത്തിന്റെയും സന്നദ്ധപ്രവർത്തകരുടെയും സഹായം കേരളം മുഴുവനെത്തുന്നുണ്ട്. മാസം തോറും ഭക്ഷണക്കിറ്റുകളായും മരുന്നായും കുട്ടികൾക്ക് ഫീസും പഠനസഹായവുമായി അഡോറയുടെ കരുതൽ ആവശ്യക്കാരിലേക്കെത്തുന്നു.
നർഗീസ് എന്ന റോസിന
കോഴിക്കോട് വെള്ളയിൽ കടപ്പുറത്തെ ചാപ്പയിൽ മത്സ്യത്തൊഴിലാളിയായിരുന്ന ഹംസക്കോയയുടെയും കമറുന്നിസയുടെയും മൂത്തമകളായിരുന്നു റോസിന. മലപ്പുറം ജില്ലയിലെ കാരാട്ട് ലക്ഷംവീട്ടിലായിരുന്നു അന്ന് താമസം. കുഞ്ഞുനാളിൽ പഠിക്കാനും എഴുതാനും വലിയ ആഗ്രഹമായിരുന്നു. ഒരുപാട് സങ്കടം വന്നപ്പോഴൊക്കെ തുണ്ടുകടലാസുകളിൽ എഴുതിനിറയ്ക്കുകയും വലുതാകുമ്പോൾ മാധവിക്കുട്ടിയെ പോലെ ഒരു എഴുത്തുകാരിയാകുമെന്ന് സ്വപ്നം കാണുകയും ചെയ്തു. കുത്തിക്കുറിച്ച കവിതകൾക്ക് താഴെ കുറിച്ചിട്ട തൂലികാനാമമാണ് പിന്നീട് നർഗീസ് ബീഗം എന്ന വിളിപ്പേരായത്. ഉമ്മയോടൊപ്പം ആശുപത്രികളിൽ പോകുമ്പോൾ കാണുന്ന വെള്ളക്കുപ്പായക്കാരെ കണ്ട് നഴ്സ് ആകണമെന്നായി പിന്നീട് ആഗ്രഹം. രണ്ടു പതിറ്റാണ്ടോളമായി ഫറൂഖ് കോളജിനടുത്ത കോയാസ് ഹോസ്പിറ്റലിൽ നഴ്സാണ് നർഗീസ് ബീഗം. ആശുപത്രിയിലെ ഡ്യൂട്ടി സമയം കഴിഞ്ഞിറങ്ങിയാൽ അഡോറയുടെ പ്രവർത്തനങ്ങളുമായി വയനാട്ടിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ പോകും. ഫെയ്സ്ബുക്കിൽ സജീവമായതോടെ പോസ്റ്റുകൾ വഴിയാണ് ബീഗം തന്റെ പ്രവർത്തനങ്ങൾ സമൂഹവുമായി പങ്കുവക്കുന്നത്.
അഡോറ
1998ൽ സുൽത്താൻ ബത്തേരിയിൽ നിലവിൽ വന്ന എൻജിഒ ആണ് അഡോറ. തന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി നർഗീസ് ബീഗം അതിൽ അംഗമാകുകയും പിന്നീട് അഡോറയെ ഏറ്റെടുക്കുകയുമായിരുന്നു. ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും ഇടയിൽനിന്ന് ഇന്ന് ഇരുനൂറോളം നിർധന കുടുംബങ്ങളെ ദത്തെടുത്ത് അവർക്ക് തണലും തുണയുമാകുന്നത് ഈ ഓർഗനൈസേഷനാണ്. കേരളത്തിനു പുറമേ തമിഴ്നാട്ടിലും കർണാടകയിലും അഡോറയുടെ പ്രവർത്തനമുണ്ട്. വീടില്ലാത്തവർക്ക് സ്പോൺസർമാരുടെ സഹായത്തോടെ വീട് നിർമിച്ചുനൽകുകയും ചെയ്യുന്നു. 65ലേറെ വീടുകൾ നിലവിൽ പൂർത്തിയാക്കി താക്കോൽ കൈമാറിയിട്ടുണ്ട്. ചികിത്സാ സഹായത്തിനും വീടുനൽകാനുമൊക്കെ ഒരുപാട് സർക്കാർ സ്കീമുകൾ നിലവിലുണ്ട്. അതിനെ കുറിച്ച് അറിവില്ലാത്തവർക്ക് പറഞ്ഞുകൊടുക്കാനും ബീഗം ശ്രമിക്കുന്നു.
പഠിക്കാൻ കഴിവുള്ള വിദ്യാർഥികൾക്ക് കോഴ്സ് പൂർത്തിയാകുന്നതുവരെ അഡോറയുടെ സഹായമെത്തുന്നുണ്ട്. എംബിബിഎസ്, ബിഡിഎസ്, എൻജിനീയറിങ് മുതൽ സിവിൽ സർവീസ് കോച്ചിങ്ങിനുവരെ പോകുന്ന കുട്ടികളുണ്ട്. അവരോട് ബീഗം പറയുന്ന ഒരേ ഒരു കാര്യം നാളെ ഉയരങ്ങളിൽ എത്തുമ്പോൾ നിങ്ങളേക്കാൾ താഴെ ഉള്ള ഒരാളെ എങ്കിലും കൈപിടിച്ചുയർത്താൻ നിങ്ങളൊരു കാരണമാകണം എന്നു മാത്രം. അഡോറയുടെ കീഴിൽ പുനർജനി എന്ന പേരിൽ ഒരു വേസ്റ്റ് ക്ലോത് റീസൈക്ലിങ് യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. ചെടിച്ചട്ടികൾ, ബാഗുകൾ, ചവിട്ടികൾ ഇവയെല്ലാം ഉൽപാദിപ്പിക്കുന്നത് വഴി നിരവധി പെൺകുട്ടികളെ സാമ്പത്തിക സ്വയംപര്യാപ്തതയിലേക്കെത്തിക്കുന്നുണ്ട്.
ഏഞ്ചൽസ്
അഡോറയുടെ പ്രധാന പ്രോജക്ടാണ് ഏഞ്ചൽസ് കളക്ഷൻസ് എന്ന സൗജന്യവസ്ത്രാലയം. പണമില്ലാത്തതിനാൽ നല്ല വസ്ത്രങ്ങൾ ധരിക്കാൻ പറ്റാതെ പോകുന്നവർക്ക് ഏഞ്ചൽസിൽ വന്നു വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. വയനാട്ടിലെ മേപ്പാടി, സുൽത്താൻ ബത്തേരി, കമ്പളക്കാട്, തലപ്പുഴ എന്നിവിടങ്ങളിലും കൊല്ലത്തും കാസർകോട്ടുമായി ആറ് കേന്ദ്രങ്ങളാണ് ഏഞ്ചൽസിനുള്ളത്. വിവാഹ വസ്ത്രങ്ങൾക്കായി ഇവിടെ പ്രത്യേക സെക്ഷൻ തന്നെയുണ്ട്. വിവാഹനാളിൽ മാത്രം ധരിച്ച് അലമാരയുടെ കോണിലേക്ക് മാറ്റുന്നതിനു പകരം വിവാഹവസ്ത്രങ്ങൾ പുതുമ മാറാതെ ഏഞ്ചൽസിൽ എത്തിച്ചാൽ അത് നിധി പോലെ കരുതി നെഞ്ചോടു ചേർത്തുകൊണ്ടുപോകുന്ന ഒരു പാട് പേർ വരുമെന്ന് നർഗീസ് ബീഗം പറയുന്നു, അവരുടെ കണ്ണിലെ തിളക്കവും സന്തോഷക്കണ്ണീരുമാണ് നിങ്ങൾക്കുള്ള പ്രതിഫലമെന്നും.
വിവാഹവസ്ത്രങ്ങൾ മാത്രമല്ല കുഞ്ഞുങ്ങൾ വലുതായതിനു ശേഷം പാകമാകാതെ മാറ്റിവച്ച ഒരു കുഞ്ഞുടുപ്പോ ചില പ്രത്യേക അവസരങ്ങളിലേക്കായി വാങ്ങിവച്ച് ഉപയോഗമില്ലാതെ ഇരിക്കുന്ന ഡ്രസുകളോ എന്തുമാകാം, ഏഞ്ചൽസിലൂടെ അത് അർഹിക്കുന്ന കൈകളിൽ എത്തിച്ചേരുമെന്നുറപ്പ്. ഇതുകൂടാതെ പല ഷോപ്പുകളും സ്റ്റോക്ക് ഒഴിക്കലിന്റെ ഭാഗമായും അല്ലാതെയും ഏഞ്ചൽസിലേക്ക് വസ്ത്രങ്ങൾ എത്തിക്കാറുണ്ട്. ഏതെങ്കിലും ഐറ്റം കുറവുവന്നാൽ ഒരു ഫെയ്സ്ബുക് പോസ്റ്റിന്റെ ദൂരത്തിൽ ലോകമെമ്പാടു നിന്നും കൊറിയറിലെത്തുന്ന നല്ല മനുഷ്യരുടെ കരുതലാണ് ഏഞ്ചൽസിനെ മുന്നോട്ടുകൊണ്ടുപോകുന്നത്. നിർധനരായ പെൺകുട്ടികൾക്ക് അടിവസ്ത്രങ്ങളും സാനിറ്ററി പാഡുകളുമെല്ലാം ഏഞ്ചൽസിലെത്തി കളക്റ്റ് ചെയ്തുപോകാനും സൗകര്യമുണ്ട്.
തീർത്തും നിർധനരായ ആളുകൾക്ക് വേണ്ടി ഏർപ്പെടുത്തിയ സംരംഭമാണെന്ന ബോർഡ് പുറത്തുണ്ട്. അവിടെ മറ്റു ആളുകൾ വന്നു വസ്ത്രങ്ങൾ കൊണ്ടുപോകുമെന്നോ ബീഗത്തിന് പേടിയില്ല. ദിവസവും നൂറുകണക്കിന് ആളുകൾ ആറു കേന്ദ്രങ്ങളിലുമായി വന്നു വസ്ത്രം വാങ്ങി പോകുന്നുണ്ട്. അവരെല്ലാം അത്യാവശ്യക്കാർ ആകുമെന്നുതന്നെയാണ് വിശ്വാസം. വിവാഹവസ്ത്രങ്ങൾ എടുക്കാൻ വരുന്നവർ ഏതെങ്കിലും ജനപ്രതിനിധിയുടെ കത്തോ ശുപാർശയോ ആയിട്ടാകും സാധാരണ വരുക. ഓരോ സ്ഥലത്തും ഏഞ്ചൽസിനെ മുന്നോട്ടുപോകാൻ ഒരു ടീം കൂടെയുണ്ട്. ഒപ്പം സ്റ്റോറിന്റെ നടപ്പിനായി ഒരു സ്റ്റാഫും. ഇതുവഴി ഏറ്റവും ആവശ്യക്കാരായ ചിലർക്ക് തൊഴിൽ കൊടുക്കാനും കഴിഞ്ഞു.
വിളിക്കാം നിങ്ങൾക്കും
‘ഹലോ പഴയ സാധനങ്ങൾ എടുക്കുന്ന നർഗീസ് അല്ലേ’ – ഇങ്ങനെയൊരുവിളി നർഗീസിനെ തേടി പലയിടത്തുനിന്നുമെത്താറുണ്ട്. വീടു പൊളിക്കുമ്പോൾ ബാക്കിയാകുന്നൊരു വാതിലോ നിറം മങ്ങിയൊരു കസേരയോ നിങ്ങൾക്ക് ആവശ്യമില്ലാത്ത ഫർണിച്ചറോ അങ്ങനെയെന്തും കളക്ട് ചെയ്ത് അഡോറയിലെത്തിക്കും പോളിഷ് ചെയ്തു വൃത്തിയാക്കി ആവശ്യക്കാർക്ക് സൗജന്യമായി എത്തിച്ചുനൽകും. കിടക്കാൻ ഒരു പാ പോലുമില്ലാത്തവന് ഒരു കട്ടിൽ കിട്ടുമ്പോഴത്തെ സന്തോഷമാണ് യഥാർഥ സന്തോഷം.
സ്വപ്നം, ലക്ഷ്യം
നട്ടെല്ലിനു ക്ഷതമേറ്റവർക്കും കൂട്ടിരിപ്പുകാരില്ലാത്ത കിടപ്പുരോഗികൾക്കുമായി ഒരു തുറന്ന വീട് ബീഗത്തിന്റെ ഏറെ കാലത്തെ സ്വപ്നമാണ്. അവർക്കുള്ള ഫിസിയോതെറപ്പി, ചികിത്സാ സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന ഒരിടം. ഇത്തരക്കാരെ പഴയ അവസ്ഥയിലേക്ക് തിരികെ എത്തിക്കാൻ കഴിയില്ലെങ്കിലും മാനസികമായ പിന്തുണയും ഫിസിയോതെറപ്പി വഴി കൈകളുടെ ബലവും വർധിപ്പിച്ച് ജീവിതത്തിന്റെ സന്തോഷങ്ങളിലേക്ക് എത്തിക്കാമെന്ന് ബീഗം പറയുന്നു. ഇപ്പോൾ കോയമ്പത്തൂരിലാണ് ഇത്തരക്കാരെ ഫിസിയോ തെറപ്പിക്കായി കൊണ്ടുപോകുന്നത്. നാൽപതിലേറെ പേരെയാണ് ബീഗം ഒപ്പം നിന്ന് ഫിസിയോ തെറപ്പി നടത്തി സ്വന്തം കാര്യം നോക്കാൻ പ്രപ്തരാക്കിയത്. പിന്നീട് അവർക്ക് എന്തെങ്കിലും കൈത്തൊഴിലോ പെട്ടിക്കടയോ ഒക്കെ ഏർപ്പാടാക്കാനും കഴിയും.
ഇത്തരമൊരു തുറന്ന വീടിനായുള്ള ഓട്ടത്തിലാണ് നർഗീസ് ബീഗമിപ്പോൾ. ഒന്നുവിളിച്ചാൽ വിളിപ്പുറത്ത് ഓടിയെത്തുന്ന, വണ്ടി ഓടിച്ചോ, ടിക്കറ്റ് ബുക്ക് ചെയ്തോ, ക്യാംപുകൾ സംഘടിപ്പിച്ചോ, വസ്ത്രങ്ങളും മരുന്നും സ്പോൺസർ ചെയ്തോ ഒക്കെ ആരുമറിയാതെ ഒപ്പം നടക്കുന്ന കുറേ നല്ല മനുഷ്യരുടെ കൂട്ടുള്ളപ്പോൾ ഒന്നും അസാധ്യമല്ലെന്നു ബീഗത്തിനറിയാം. അല്ലെങ്കിലും ഈ ലോകം അത്ര മോശമൊന്നുമല്ലല്ലോ..