എൽഎൽഎമ്മിനു ചേർന്നപ്പോൾ ആദ്യത്തെ ഒരു മാസം മുഴുവൻ ഫ്രഷേഴ്സ് ഡേ ഓർത്ത് ആവലാതിപ്പെട്ട് ഭക്ഷണം കഴിക്കാതെ നടന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു. മുഖത്തെ പേടി കണ്ട്, അയിഷ പാവമായതുകൊണ്ട് 2 മിനിറ്റ് കരഞ്ഞിട്ട് പൊക്കോളൂ എന്നാണ് അന്ന് സീനിയർ വിദ്യാർഥികൾ ആവശ്യപ്പെട്ടത്. ആ പെൺകുട്ടിയെ പക്ഷേ ഇന്ന് നാടിനറിയാം. ആർ.ബാലകൃഷ്ണപിള്ളയെ തോൽപ്പിച്ച് 15 വർഷമായി കൊട്ടാരക്കര നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന പി.അയിഷ പോറ്റി. ഇനി മത്സരരംഗത്തില്ലെങ്കിലും സജീവ രാഷ്ട്രീയത്തിൽ തുടരാൻ തന്നെയാണ് അയിഷപോറ്റിയുടെ തീരുമാനം.

തുടർച്ചയായി 3 തവണ ഒരു മണ്ഡലത്തെ പ്രതിനിധീകരിക്കുക, തിരിഞ്ഞുനോക്കുമ്പോൾ കൊട്ടാരക്കരയെക്കുറിച്ച് എന്ത് തോന്നുന്നു? 

കൊട്ടാരക്കരയ്ക്ക് അടിമുടി മാറ്റം വരുത്തിയാണ് പടിയിറങ്ങുന്നത് എന്നതിൽ സന്തോഷമുണ്ട്. കൊട്ടാരക്കര സിവിൽ സ്റ്റേഷൻ, കോടതി സമുച്ചയം, കെഎസ്ആർടിസി ഷോപ്പിങ് കോംപ്ലക്സ്, അന്താരാഷ്ട്ര തൊഴിൽ നൈപുണ്യ കേന്ദ്രം എന്നിവയെല്ലാം വ്യക്തിപരമായി ഏറെ സന്തോഷം നൽകിയ പദ്ധതികളാണ്. സിവിൽ സ്റ്റേഷൻ ഉദ്ഘാടനത്തിന് എത്തിയ ജനക്കൂട്ടം ഇപ്പോഴും ഓർമയിലുണ്ട്. മണ്ഡലത്തിൽ സമ്പൂർണ വൈദ്യുതീകരണം നടത്താനായി. സ്കൂളുകളുടെയും റോഡുകളുടെയും മുഖം മാറി. വില്ലേജ് ഓഫിസുകളും സ്മാർട്ടായി. പൊട്ടിപ്പൊളിഞ്ഞ് കിടന്നിരുന്ന സബ്റജിസ്ട്രാർ ഓഫിസുകൾ എല്ലാം ഇതിനിടെ പുതുക്കിപ്പണിതു.

ആകസ്മികമായിരുന്നോ തിരഞ്ഞെടുപ്പിലേക്കുള്ള വരവ്?

അഭിഭാഷകയായി നല്ല നിലയിൽ പ്രാക്ടീസ് ചെയ്യുന്ന സമയത്താണ് ജില്ലാ പഞ്ചായത്തിലേക്ക് കൊട്ടാരക്കര ഡിവിഷനിൽനിന്ന് മത്സരിക്കാൻ 2000ൽ പാർട്ടി ആവശ്യപ്പെടുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷനിൽ സജീവമായിരുന്നു അന്നേ. മത്സരിക്കണം എന്നൊന്നും അന്നു ചിന്തിച്ചിട്ടില്ല. 102 വോട്ടുകൾക്കായിരുന്നു ആദ്യ വിജയം. 2003ൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായി. അഭിഭാഷക എന്ന നിലയിൽ മുന്നിൽ വരുന്ന കക്ഷികളെ മാത്രമായിരുന്നു പരിചയമെങ്കിൽ ഒരുപാട് പേരുടെ പ്രശ്നങ്ങൾ നേരിട്ടറിയാനും പരിഹരിക്കാനും കഴിഞ്ഞത് ജനപ്രതിനിധിയായ ശേഷമാണ്. പഞ്ചായത്തിൽ രൂപീകരിച്ച ‘സ്നേഹ സാന്ത്വന സേന’ എന്ന കൂട്ടായ്മ സൂനാമി ദുരന്തസമയത്ത് രക്ഷാപ്രവർത്തനത്തിൽ സജീവ സാന്നിധ്യമായിരുന്നതാണ് ചേർത്തുവക്കുന്ന ഓർമ്മകളിൽ ഒന്ന്.

ആർ.ബാലകൃഷ്ണപിള്ളയ്ക്കെതിരെ മത്സരിച്ചതിന്റെ ഓർമ്മകൾ എന്തൊക്കെയാണ്?

ആർ.ബാലകൃഷ്ണപിള്ളയുടേത് എന്നു കരുതുന്ന മണ്ഡലം. ജില്ലാ പഞ്ചായത്തിലെ പരിചയംകൊണ്ടു മാത്രമാണ് മത്സരിക്കാനിറങ്ങുന്നത്. മറ്റു പലർക്കും വേണ്ടി വോട്ട് ചോദിച്ചിട്ടുണ്ടെങ്കിലും സ്വന്തമായി വോട്ട് ചോദിക്കാൻ ആദ്യമൊക്കെ മടിയായിരുന്നു. പ്രബലനായ സ്ഥാനാർഥിയാണ് എതിരെങ്കിലും തോൽക്കും എന്ന് ഞാൻ കരുതിയിട്ടില്ല. അന്ന് വിജയിക്കുമോ എന്ന് ചോദിച്ച മാധ്യമപ്രവർത്തകരോടും അതു തന്നെയാണ് പറഞ്ഞത്. കുടുംബശ്രീ വഴിയൊക്കെയുള്ള പരിചയം കൊണ്ട് മണ്ഡലത്തിലെ സ്ത്രീകളുടെ പിന്തുണ നല്ലതോതിൽ എനിക്കുണ്ടായിരുന്നു. ഓരോ തവണയും ഭൂരിപക്ഷം ഉയർന്നത് അംഗീകാരമായാണ് കാണുന്നത്.

തിരക്കേറിയ ജനപ്രതിനിധി ആയപ്പോൾ അഭിഭാഷകയായ അയിഷ പോറ്റിയെ മിസ് ചെയ്തിരുന്നോ?

ഒരുപാട്. പക്ഷേ, അഭിഭാഷക ആയിരുന്നത് ജനപ്രതിനിധി എന്ന നിലയിൽ ഒരുപാട് സഹായിച്ചിട്ടുമുണ്ട്. അഭിഭാഷക എന്നത് ഏറെ വരുമാനം നേടിത്തരുന്ന ജോലി ആയിരുന്നു. പക്ഷേ, നമ്മൾ നമുക്ക് വേണ്ടി മാത്രം ജീവിച്ചാൽ പോരല്ലോ. തിരിഞ്ഞു നോക്കുമ്പോൾ സംതൃപ്തി മാത്രമേയുള്ളൂ.

കുട്ടികളുടെയും വനിതകളുടെയും ക്ഷേമം സംബന്ധിച്ച ഉപസമിതിയിൽ അംഗമായിരുന്നല്ലോ.. വനിതകളുടെ പ്രശ്നങ്ങളിൽ ഇടപെട്ടതുമായി ബന്ധപ്പെട്ട് ഓർമയിൽ നിൽക്കുന്ന ഒരനുഭവം എന്താണ്?

കുറേയധികം വർഷം മുൻപ് എന്നെ കാണാൻ വീട്ടിൽ വന്ന ഒരു സ്ത്രീയുടെ മുഖം ഇന്നും ഓർമ്മയിലുണ്ട്. ആകെ കരുവാളിച്ച് അവശയായ ഒരു സ്ത്രീ. മുഖത്തുൾപ്പെടെ ശരീരമാകെ പൊള്ളിയതിന്റെയും അടിയേറ്റതിന്റെയും പാടുകൾ. വിളിച്ചിരുത്തി വിശദമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഭർത്താവ് ഏൽപിച്ച മുറിവുകളായിരുന്നു എല്ലാം. 2 മണിക്കൂറിലധികം ആ സ്ത്രീയോട് സംസാരിച്ചു. അടി കൊണ്ടു നിൽക്കരുത്, എതിർക്കണം. അതിനുള്ള കരുത്ത് നിനക്കുണ്ട് എന്നു പറഞ്ഞ് മനസ്സിലാക്കിയാണ് അവരെ വിട്ടത്. മൂന്നോ നാലോ മാസം കഴിഞ്ഞ് ‘എന്നെ ഓർമ്മയുണ്ടോ?’ എന്ന ചോദ്യവുമായി അവർ വീണ്ടും വന്നു. ആദ്യ കാഴ്ചയിൽ മനസ്സിലാക്കാൻ പറ്റാത്തവിധം മാറിപ്പോയിരുന്നു. ഇനി തല്ലിയാൽ കേസ് കൊടുക്കും എന്ന് ഉറപ്പിച്ചു പറഞ്ഞപ്പോൾ ഭർത്താവിന്റെ സ്വഭാവം മാറിത്തുടങ്ങി എന്നാണ് അവർ പറഞ്ഞത്. ചെറുത്തുനിൽക്കാനുള്ള ധൈര്യം സ്ത്രീകൾക്ക് വേണം എന്നാണ് ഞാൻ എല്ലാവരോടും പറയാറുള്ളത്.

രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്ന സ്ത്രീകളോട് എന്താണ് പറയാനുള്ളത്?

എല്ലാ സ്ത്രീകളോടും പറയാനുള്ളത് കൃത്യമായ രാഷ്ട്രീയം ഉണ്ടായിരിക്കണം എന്നാണ്. തൊഴിൽസംഘടനകളിൽ തീർച്ചയായും അംഗത്വമെടുക്കണം. ഒന്നിച്ച് നിന്നാൽ മാത്രമേ ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിയൂ. രാഷ്ട്രീയരംഗത്തേക്കു കടന്നു വരേണ്ടതിനെപ്പറ്റി പറയുമ്പോൾ, വന്നാൽ എന്തു കിട്ടും എന്ന് ചോദിക്കുന്നവരുണ്ട്. ആ മനോഭാവം തെറ്റാണ്. എന്നെ സംബന്ധിച്ച് ആളുകളോട് മിണ്ടാൻ ഭയന്നിരുന്ന ഒരാളിൽ നിന്ന് ധൈര്യവതിയായ അയിഷ പോറ്റിയായി മാറി എന്നതാണ് രാഷ്ട്രീയ പ്രവർത്തനമുണ്ടാക്കിയ ഏറ്റവും വലിയ നേട്ടം. 

ഇനിയൊരു മത്സരത്തിനില്ലാത്ത നിലയ്ക്ക് അഭിഭാഷകയായി സജീവമാകുമോ?

ആഗ്രഹമുണ്ട്. എന്റെ ഓഫിസും ഇവിടെയുണ്ട്. നീണ്ട 20 വർഷത്തെ ഇടവേളയാണ് നികത്തേണ്ടത്. ആദ്യ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ മക്കൾ അഞ്ചിലും പത്തിലും പഠിക്കുകയായിരുന്നു. തിരക്കിനിടെ കുടുംബത്തിന് അധികം സമയം നീക്കിവയ്ക്കാൻ ആയിട്ടില്ല. 3 കൊച്ചുമക്കൾക്കുമൊപ്പം അൽപ്പം കൂടി സമയം ഇനി കിട്ടുമല്ലോ എന്ന സന്തോഷമുണ്ട്. എംഎൽഎ അല്ലെങ്കിലും കൊട്ടാരക്കരയിൽ സജീവമായി രംഗത്തുണ്ടാവും. ഇനി വരുന്നവർ എന്നേക്കാളും മികച്ച ആശയങ്ങൾ ഉള്ളവരാകും. കൊട്ടാരക്കരയെ ഇനിയും പുരോഗതിയിലെത്തിക്കാൻ അവർക്കു കഴിയുമെന്നാണ് പ്രതീക്ഷ.

English Summary: Interview with Kottarakkara MLA P Aisha Potty