‘ശരീരം ഒടിഞ്ഞു നുറുങ്ങുന്ന വേദനയുമായാണ് അമ്മ വന്നിരുന്നത്’; ദലിത് പെൺ ജീവിതത്തിന്റെ കാണാപ്പുറങ്ങൾ പറഞ്ഞ് ധന്യ രാമൻ
‘പെണ്ണായി പിറന്നതാണ് എന്റെ ശാപം’ എന്ന് പരിതപിക്കുന്ന എത്രയോ അമ്മമാരും സഹോദരിമാരും ഇന്നും നമുക്കിടയിലുണ്ട്. പെണ്ണായി ജനിച്ചതു കൊണ്ടാണല്ലോ തനിക്ക് ഇങ്ങനെയൊരവസ്ഥയുണ്ടായതെന്ന് ജീവിതത്തിൽ ഒരിക്കലെങ്കിലും ചിന്തിക്കാത്ത സ്ത്രീകളുണ്ടാകില്ല. അസമത്വങ്ങളുടെ പരമ്പര താണ്ടിയായിരിക്കും മിക്ക സ്ത്രീകളും ജീവിത
‘പെണ്ണായി പിറന്നതാണ് എന്റെ ശാപം’ എന്ന് പരിതപിക്കുന്ന എത്രയോ അമ്മമാരും സഹോദരിമാരും ഇന്നും നമുക്കിടയിലുണ്ട്. പെണ്ണായി ജനിച്ചതു കൊണ്ടാണല്ലോ തനിക്ക് ഇങ്ങനെയൊരവസ്ഥയുണ്ടായതെന്ന് ജീവിതത്തിൽ ഒരിക്കലെങ്കിലും ചിന്തിക്കാത്ത സ്ത്രീകളുണ്ടാകില്ല. അസമത്വങ്ങളുടെ പരമ്പര താണ്ടിയായിരിക്കും മിക്ക സ്ത്രീകളും ജീവിത
‘പെണ്ണായി പിറന്നതാണ് എന്റെ ശാപം’ എന്ന് പരിതപിക്കുന്ന എത്രയോ അമ്മമാരും സഹോദരിമാരും ഇന്നും നമുക്കിടയിലുണ്ട്. പെണ്ണായി ജനിച്ചതു കൊണ്ടാണല്ലോ തനിക്ക് ഇങ്ങനെയൊരവസ്ഥയുണ്ടായതെന്ന് ജീവിതത്തിൽ ഒരിക്കലെങ്കിലും ചിന്തിക്കാത്ത സ്ത്രീകളുണ്ടാകില്ല. അസമത്വങ്ങളുടെ പരമ്പര താണ്ടിയായിരിക്കും മിക്ക സ്ത്രീകളും ജീവിത
‘പെണ്ണായി പിറന്നതാണ് എന്റെ ശാപം’ എന്ന് പരിതപിക്കുന്ന എത്രയോ അമ്മമാരും സഹോദരിമാരും ഇന്നും നമുക്കിടയിലുണ്ട്. പെണ്ണായി ജനിച്ചതു കൊണ്ടാണല്ലോ തനിക്ക് ഇങ്ങനെയൊരവസ്ഥയുണ്ടായതെന്ന് ജീവിതത്തിൽ ഒരിക്കലെങ്കിലും ചിന്തിക്കാത്ത സ്ത്രീകളുണ്ടാകില്ല. അസമത്വങ്ങളുടെ പരമ്പര താണ്ടിയായിരിക്കും മിക്ക സ്ത്രീകളും ജീവിത വിജയം നേടിയത്. സ്ത്രീയായി ജനിക്കുമ്പോൾ തന്നെ തുടങ്ങുന്നു അസമത്വം. അപ്പോൾ ഒരു ദലിത് സ്ത്രീയാണെങ്കിലോ? സാധാരണക്കാർക്ക് ചിന്തിക്കാൻ പോലും കഴിയാത്തതാണ് ദലിത് വിഭാഗത്തിൽ ജനിക്കുന്ന ഒരു സ്ത്രീയുടെ അവസ്ഥ. എന്നാൽ സ്വന്തം ജന്മത്തെ പഴിക്കാതെ മാറ്റി നിർത്തലുകളോട് കലഹിച്ചും പോരാടിയും ജീവിത വിജയം നേടിയ സ്ത്രീകളും നമുക്കിടയിൽ ഉണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് ദലിത് ചിന്തകയായ ധന്യ രാമൻ.
പ്രതിസന്ധികളെ അതിജീവിച്ച് ജീവിതവിജയം കൈവരിച്ച കഥയാണ് ധന്യയുടേത്. കേരളത്തിലെ ആദിവാസി–ദലിത് വിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന ധന്യ രാമൻ ശബ്ദം നഷ്ടപ്പെട്ട ആദിവാസി മനുഷ്യരുടെ ശബ്ദമായത് കാരണം നിരന്തരം വേട്ടയാടപ്പെടാറുണ്ട്. ദലിതരുടെ അവകാശങ്ങൾക്കായി സന്ധിയില്ലാ സമരം ചെയ്തിരുന്ന പി.കെ. രാമന്റെയും യശോദയുടെയും മകൾ ധന്യയ്ക്ക് പറയാനുള്ളത് സവർണ മേധാവിത്വത്തിന്റെയും ചൂഷണങ്ങളുടെയും വഞ്ചനയുടെയും കഥയാണ്. അവകാശപ്പെട്ട മണ്ണോ പരിഗണനയോ കിട്ടാതെ അടിച്ചമർത്തപ്പെട്ടു ജീവിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ നിശബ്ദ വിലാപമാണ് അവരുടെ ശബ്ദമാകാൻ ധന്യയ്ക്ക് പ്രേരണയായത്. സവർണ മേധാവിത്വത്തിന്റെ അവസാനത്തെ ഇരയാണ് പത്തുവർഷമായി നാനോ സയൻസിൽ പി എച്ച് ഡി പൂർത്തിയാക്കാൻ കഴിയാതെ നിരാഹാര സമരം നടത്തേണ്ടി വന്ന ദീപ പി. മോഹനൻ എന്ന് ധന്യ പറയുന്നു. മനുഷ്യർ തുല്യരാണ് എന്ന് ഇനി എന്നാണ് എല്ലാവരും മനസ്സിലാക്കുകയെന്നും ധന്യ ചോദിക്കുന്നു.
മറ്റുള്ളവരെക്കാൾ നാലിരട്ടിയാണ് ദലിത് സ്ത്രീകൾ നേരിടുന്ന അസമത്വം!
സ്ത്രീകൾ കേരളത്തിൽ അസമത്വവും പീഡനവും നേരിടുന്നുണ്ട്. പക്ഷേ, അതിലും നാലിരട്ടി കൂടുതൽ അസമത്വം ദലിത് സ്ത്രീകൾ നേരിടുന്നു. ആദിവാസി പെൺകുട്ടികൾക്ക് ആരും ചോദിക്കാനും പറയാനും ഇല്ല എന്നൊരു ധാരണയുണ്ട്. മേൽജാതിയിലെ പുരുഷന്മാർ ദലിത് പെൺകുട്ടികളെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുണ്ട്. പെൺകുട്ടികൾക്ക് സുരക്ഷിതത്വ ബോധം വളരെ കുറവാണ്. 2010ൽ 1137 റേപ്പ് കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. അവരോടെല്ലാം ഞാൻ സംസാരിച്ചിരുന്നു. പൊതുസമൂഹം കോളനികളിൽ എപ്പോൾ വേണമെങ്കിലും കയറിവന്നു റേപ്പ് ചെയ്തിട്ട് പോകാം എന്ന ധാരണയിൽ ആണ്. പതിമൂന്നു വയസ്സുള്ള കുഞ്ഞിനെപ്പോലും റേപ്പ് ചെയ്തിട്ടുണ്ട്. പലതും പുറം ലോകം അറിഞ്ഞിട്ടില്ല. ഞങ്ങൾ ഇതിനൊക്കെ നിന്ന് കൊടുക്കണം, ഇതൊക്കെ ഞങ്ങൾ അനുഭവിക്കാൻ ബാധ്യസ്ഥരാണ് എന്നൊരു ധാരണ സമൂഹത്തിനുണ്ട്. പഠിക്കാൻ പോകുന്ന സമയത്ത് വിവേചനം നേരിട്ടിട്ടുണ്ട്. ഹോസ്റ്റലിൽ നിൽക്കുമ്പോൾ ഞങ്ങളുടെ ഫീസ് കോളജിൽ നിന്നാണ് കൊടുക്കുന്നത്. മറ്റുള്ളവർ നോക്കുമ്പോൾ ഞങ്ങൾ ഓസിനു തിന്നു ജീവിക്കുന്നവരാണ്. ഞങ്ങൾ അധ്വാനിക്കാതെ ജീവിക്കുന്നവരാണ്. തിന്നാൻ വേണ്ടിയാണ് പഠിക്കാൻ വരുന്നത് എന്നുള്ള ധാരണയാണ് കൂടുതൽ ആളുകൾക്കും. അടച്ചുറപ്പുള്ള വീടില്ലെങ്കിൽ നമുക്ക് ഒരിക്കലും സമാധാനം ഉണ്ടാകില്ല. ഞാൻ വളർന്ന സാഹചര്യം അങ്ങനെയാണ്. ടോയ്‌ലറ്റിൽ പോകാനോ കുളിക്കാനോ പോലും സൗകര്യം ഇല്ല. തോട്ടിലാണു കുളിക്കാൻ പോയിരുന്നത്. വെളുപ്പിനേയോ രാത്രിയോ പോകണം. അല്ലെങ്കിൽ ഒളിഞ്ഞു നോക്കാൻ ഒരുപാടുപേർ ഉണ്ടാകും. കുന്നിൻപുറത്താണ് വീട്. അവിടെ നിന്നു താഴെ എത്തി വേണം കുളിക്കാൻ. ഇങ്ങനെ അനവധി ബുദ്ധിമുട്ടുകൾ തരണം ചെയ്തു ജീവിക്കുന്നവരാണ് ദലിത് പെൺകുട്ടികൾ. സംവരണം കിട്ടി ജീവിക്കുന്ന ഞങ്ങളെ അംഗീകരിക്കണ്ട എന്നാണു എല്ലാവരുടെയും കാഴ്ചപ്പാട്. അതുകൊണ്ട് എല്ലായിപ്പോഴും ഞങ്ങൾ വംശീയമായി ആക്രമിക്കപ്പെടുകയാണ്. എത്ര പുരോഗമനം പറഞ്ഞാലും ഇത് മാറുന്നില്ല. ഫെയ്സ്ബുക്കിൽ നവോത്ഥാനവും പുരോഗമനവും പറയുന്ന ഒരു സ്ത്രീയുടെ വീട് ഒരിക്കൽ സന്ദർശിക്കാൻ ഇടയായി. അവരുടെ വീട്ടിൽ പുറത്തെ ജോലികൾ ചെയ്യാൻ ഒരു ദലിത് സ്ത്രീ വരുന്നുണ്ട്. അവരെ വീടിനുള്ളിൽ കയറ്റില്ല. അടുക്കളയിൽ കയറി ഒരു ജോലിയും ചെയ്യാൻ സമ്മതിക്കില്ല. പറച്ചിലിൽ വലിയ സമത്വവാദിയാണ്. നമ്മുടെ നാട്ടിൽ എല്ലാവരുടെയും ഉള്ളിൽ ആഴത്തിൽ വേരൂന്നിയ ഒരു കാര്യമാണ് ജാതി. അത് ഒരിക്കലും മാറാൻ പോകുന്നില്ല.
ജോലികിട്ടിയാൽ അവിടെയും നേരിടുന്നത് പീഡനം തന്നെ
മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിൽ പ്രധാനപ്പെട്ടതാണ് അടച്ചുറപ്പുള്ള കിടപ്പാടം. മഹാത്മാ അയ്യൻകാളിയുടെ കാലം മുതൽ ഞങ്ങൾ ഭൂമിക്കു വേണ്ടി സമരം ചെയ്യുന്നവരാണ്. പക്ഷേ, 2021 ആയിട്ടും ഭൂമി ഇല്ലാത്ത മൂന്ന് ലക്ഷം കുടുംബങ്ങളുണ്ട്. ഈ കുടുംബങ്ങളിലെല്ലാം പത്ത് അംഗങ്ങൾ വരെ ഉണ്ട്. ഇപ്പോൾ കുറച്ചുപേർക്ക് ഫ്ലാറ്റ് കൊടുത്തു. ഫ്ലാറ്റിൽ അവർക്ക് പ്രൈവസി ഇല്ല. സ്ത്രീകൾ ഫ്ലാറ്റിൽ നിരന്നു കിടന്നുറങ്ങും. പുരുഷന്മാർ ടെറസിൽ ടാർപോളിൻ വിരിച്ചു കിടക്കും. കൽപ്പറ്റയിൽ ഉള്ള ഫ്ലാറ്റിലൊക്കെ ഇങ്ങനെയാണ്. അവർക്ക് ഒരു കുടുംബമായി ജീവിക്കാൻ കഴിയുന്നില്ല. സർക്കാർ വിചാരിച്ചാൽ ഭൂമി പ്രശ്നം നിസ്സാരമായി പരിഹരിക്കാൻ കഴിയും. അഞ്ചരലക്ഷം ഏക്കർ ഭൂമി വിദേശ കമ്പനികളുടെ പേരിൽ ഉണ്ട്. അത് തിരിച്ചു പിടിക്കണം എന്ന് കമ്മീഷൻ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ മിച്ചഭൂമി ഞങ്ങൾക്കു തരാം എന്ന് പറഞ്ഞിട്ട് അതിന്റെ സർവേ അമ്പതു ശതമാനം പോലും ആയിട്ടില്ല. ഇതിലൊന്നും ആത്മാർത്ഥമായ ഇടപെടൽ നടക്കുന്നില്ല. അനധികൃതമായി ഒരുപാട് ഭൂമി മറ്റുള്ളവരുടെ കൈയിൽ ഉണ്ട്. ജിഷ മരിച്ചപ്പോൾ കണ്ടില്ലേ. 28 വയസ്സുള്ള പിജി വരെ പഠിച്ച പെൺകുട്ടി പുറമ്പോക്കിൽ ടാർപോളിൻ വച്ച് മറച്ച കുടിലിൽ ആണ് കഴിഞ്ഞിരുന്നത്. 53തവണ എം.എൽ.എ, എം.പി എന്നിവരുടെ അടുത്ത് പരാതി പറഞ്ഞിട്ടും മൂന്നു സെന്റ് സ്ഥലം അവർക്കു കിട്ടിയില്ല. എല്ലാ രാഷ്ട്രീയപ്പാർട്ടിയിലും സവർണ വിഭാഗം ഉണ്ട്. അതുകൊണ്ടാണ് ഇത് ചെയ്യാത്തത്. ഞങ്ങൾ ഇങ്ങനെയൊക്കെ തന്നെ കിടക്കണം എന്നുള്ളത് ആരൊക്കെയോ തീരുമാനിച്ചു വച്ചിരിക്കുകയാണ്. ആദ്യത്തെ ആവശ്യമായ പാർപ്പിടം പോലും ഇല്ലാത്ത കുട്ടികൾക്ക് സ്കൂളിലോ കോളജിലോ പരിഗണന കിട്ടാതിരിക്കുന്നതിൽ അദ്ഭുതമില്ല. അവിടെയും ഞങ്ങൾ നേരിടുന്നത് വലിയ പീഡനമാണ്. ഇപ്പോൾ ദീപ പി മോഹനന്റെ കാര്യം തന്നെ അതിന് ഉദാഹരണമാണ്. ജോലി കിട്ടിയാൽ അവിടെയും പീഡിപ്പിക്കപ്പെടും. ചെറിയ ഒരു വീഴ്ചപോലും വലിയ രീതിയിൽ കൊട്ടിഘോഷിക്കുകയും അപമാനിക്കപ്പെടുകയും ചെയ്യും. എന്ത് സംഭവിച്ചാലും ആദ്യം സംശയത്തിന്റെ നിഴലിൽ എത്തുന്നത് ദലിത് വിഭാഗത്തിലുള്ളവർ തന്നെ ആയിരിക്കും. എല്ലാ മേഖലയിലും വിവേചനം നേരിടുകയാണ്.
എംജി യൂണിവേഴ്സിറ്റിയിൽ ദീപ പി മോഹനൻ നേരിടുന്ന വിവേചനവും ഭീഷണിയും
ദീപ പി. മോഹനൻ കണ്ണൂർ ജില്ലയിലുള്ള ഒരു ദലിത് പെൺകുട്ടിയാണ്. സ്കോളർഷിപ്പ് കിട്ടി മെറിറ്റിൽ തന്നെ പഠിക്കുന്ന ഒരു കുട്ടിയാണ് ദീപ. നാനോ സയൻസിൽ ഒരു ദലിത് കുട്ടി ഗവേഷണം ചെയ്യാൻ എത്തുന്നത് ആദ്യമായിരിക്കും. ഈ വിഷയം എടുത്തു വന്ന ദീപക്ക് കിട്ടിയ ആദ്യ പ്രതികരണം പട്ടിക ജാതിക്കാർ ഇത്തരത്തിലുള്ള സയൻസ് വിഷയങ്ങൾ എടുത്ത് പഠിച്ചാൽ അത് കോളജിന്റെ തന്നെ സൽപ്പേരിനെ ബാധിക്കും എന്നാണ്. ആദ്യമായി മാനസികമായി തളർത്തി പിന്തിരിപ്പിക്കാനാണ് നാനോ സയൻസ് വിഭാഗം മേധാവി നന്ദകുമാർ കളരിക്കൽ ശ്രമിച്ചത്. വകുപ്പിന്റെ ചുമതലയുള്ള ഒരാൾ തന്നെ ഇങ്ങനെ പറഞ്ഞപ്പോൾ ദീപ ഞെട്ടിപ്പോയി. പഠിക്കാൻ ഒരു സൗകര്യമോ സമാധാനമോ അവൾക്ക് അവിടെ ലഭിച്ചില്ല. ലാബ് സൗകര്യം ഒന്നും കൊടുക്കാൻ അവർ തയാറായില്ല. ഒരിക്കൽ അവർ അവളെ ലാബിലിട്ടു പൂട്ടി പോലീസ് വന്നാണ് തുറന്നു വിട്ടത്. അന്ന് അട്രോസിറ്റിക്ക് ആണ് അധ്യാപകർക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്. നന്ദകുമാർ കളരിക്കൽ ഇടതുപക്ഷ സംഘടനയുടെ ആളായതുകൊണ്ടു നല്ല പിന്തുണ ലഭിച്ചു. അയാൾ കോടതിയിൽ പോയി ആ എഫ്ഐആർ റദ്ദ് ചെയ്യിച്ചു. പത്തു വർഷമായി ദീപയെ ലാബിൽ കയറി പരീക്ഷണങ്ങൾ നടത്താനോ ഗവേഷണം പൂർത്തിയാക്കാനോ ഇവർ സമ്മതിക്കുന്നില്ല. ലാബിലൊക്കെ എന്നും പ്രശ്നങ്ങൾ ആണ്. നന്ദകുമാറിനെതിരെ കേസെടുത്തതു മുതൽ നടക്കുന്ന ഉപദ്രവം ആണ്. പട്ടികജാതി–പട്ടിക വർഗ കമ്മിഷനും സർവകലാശാല കമ്മിഷനും അന്വേഷിച്ചപ്പോൾ ദീപയുടെ ഭാഗത്താണ് ശരി എന്നാണ് കണ്ടെത്തിയത്. അവളുടെ ഗവേഷണം പ്രസ്തുത അധ്യാപകൻ തടസപ്പെടുത്തി എന്നും അത് അവളുടെ പഠനത്തെ ബാധിച്ചു എന്നുമുള്ള കൃത്യമായ റിപ്പോർട്ട് ഉണ്ട്. എസ് സി–എസ് ടി കമ്മിഷൻ ഈ അധ്യാപകനെ പുറത്താക്കണം എന്നാണു പറഞ്ഞത്. പക്ഷേ, കമ്മിഷന് നിർദേശിക്കാനല്ലാതെ നടപ്പിലാക്കാനുള്ള അധികാരമില്ല. എന്റെ വീട്ടിൽ മൂന്നുപേർ ഈ രംഗത്തുണ്ട്. കോളജ് പ്രൊഫെസർ, എച്ഒഡി, ഒക്കെ ഉണ്ട്. അതുകൊണ്ട് എനിക്ക് ഈ രംഗത്ത് നടക്കുന്ന വിവേചനം നന്നായി അറിയാം. ഒരു ദലിത് ഏത് പൊസിഷനിൽ എത്തിയാലും ജാതീയതയുടെയും വംശീയതയുടെയും പേരിൽ വിവേചനം നേരിടുകയാണ്.
ദീപയുടെ വിഷയത്തിൽ വൈസ് ചാൻസലറോട് ഞങ്ങൾ സംസാരിച്ചു. ആർക്കും ബുദ്ധിമുട്ടില്ലാത്ത രീതിയിൽ ഇത് പരിഹരിക്കണം എന്നാണു അദ്ദേഹം പറഞ്ഞത്. ദീപയുടെ എല്ലാ ഡിമാൻഡും വിസി അംഗീകരിച്ചിട്ടുണ്ട്. നന്ദകുമാർ കളരിക്കലിനെ അവിടെ നിന്നു മാറ്റണം എന്നുള്ള അവളുടെ ആവശ്യം അംഗീകരിച്ചില്ല. അവൾ പഠനം തുടരുന്ന സമയത്ത് അയാൾ അവിടെയുണ്ടെങ്കിൽ അവളുടെ പഠനം നന്നായി പോകില്ല എന്നുള്ളതുകൊണ്ടാണ് മാറ്റാൻ ആവശ്യപ്പെട്ടത്. ദീപ അവളുടെ പഠനം എന്നേ പൂർത്തിയാക്കേണ്ടതായിരുന്നു. സ്കോളർഷിപ്പ് ഇല്ലാത്ത സമയത്ത് കാന്റീനിൽ ജോലി ചെയ്ത് ആ പണം കൊണ്ടൊക്കെയാണ് പഠിച്ചത്. വിവാഹിതയായി കുട്ടിക്ക് ഒൻപത് വയസായി, ആ കുട്ടിയേയും കൊണ്ട് കോട്ടയത്തു വന്നു നിന്നാണ് പഠിക്കുന്നത്. ജീവിതത്തിൽ വളരെയധികം വെല്ലുവിളികൾ അവൾ നേരിടുന്നുണ്ട്. അതിനിടയിലാണ് പഠിച്ച് ഇവിടെവരെ എത്തിയത്. കണ്ണിൽ പൊടിയിടാൻ ആ അധ്യാപകനെ അവിടെനിന്ന് മാറ്റി എന്നൊക്കെ വെറുതെ പറഞ്ഞാൽ പോരാ രേഖാ മൂലം ഉത്തരവ് ലഭിക്കണം എന്നായിരുന്നു ദീപയുടെ ആവശ്യം.
തമിഴ്നാട് മുഖ്യമന്ത്രി അനുകരിക്കാൻ പറ്റിയ മാതൃക
ഇന്ത്യ മുഴുവൻ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനെ മാതൃകയാക്കണം. ഏതൊരു ഭരണാധികാരിക്കും മാതൃകയാണ് അദ്ദേഹം. ജാതിയുടെ പേരിൽ ഒരു കുഞ്ഞിനെ അമ്പലത്തിൽ നിന്ന് ഇറക്കിവിട്ടപ്പോൾ ആ കുഞ്ഞിനെയും കൂട്ടി അമ്പലത്തിൽ പോയി അദ്ദേഹം ഭക്ഷണം കഴിച്ചു. മനുഷ്യരെ തുല്യതയോടെ കാണുന്നവർ ആയിരിക്കണം ഭരണാധികാരികൾ. വംശീയത നേരിടുമ്പോൾ മിണ്ടാതെ ഇരുന്നു കാണുന്നത് ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണ്. സാമ്പത്തിക സംവരണം കൊണ്ടുവരുമ്പോൾ അത് തെറ്റായ ഒരു സന്ദേശമാണ് സമൂഹത്തിനു നൽകുന്നത്. സാമ്പത്തികം അല്ല ഇവിടത്തെ പ്രശ്നം. ഞങ്ങളുടെ ആൾക്കാർ ഇപ്പോഴും കഠിനമായ ശാരീരിക അധ്വാനം കൊണ്ട് ജീവിക്കുന്നവരാണ്. തൊഴിലിടങ്ങളിൽ പോലും വിവേചനം നേരിടുന്നുണ്ട്. ഇവിടെ എസ് സി/എസ് ടി ആണെങ്കിൽ വേണ്ട എന്ന് പത്രങ്ങളിൽ എഴുതാൻ പോലും ആളുകൾ മടി കാണിക്കുന്നില്ല. ഇതൊക്കെ ഇല്ലാതാക്കേണ്ടത് ഒരു ഭരണാധികാരിയുടെ കടമയാണ്. ഭരണത്തിൽ രാഷ്ട്രീയമാറ്റത്തോടൊപ്പം സാമൂഹിക മാറ്റവും കൊണ്ടുവരാൻ കഴിയണം. അത് ഇവിടെത്തെ ഭരണാധികാരികൾക്ക് കഴിയുന്നില്ല. ഇന്നലെ ഒരു ഡോക്ടർ സഹോദരിയെയും ഭർത്താവിനെയും തല്ലി. അത് ആ പയ്യൻ പട്ടികജാതിക്കാരൻ ആയതുകൊണ്ടാണ്.
പഠനസമയത്ത് നേരിട്ട വെല്ലുവിളികൾ
ഞാൻ ഡിഗ്രി വരെ പഠിച്ചു. കോളജ് ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്. എന്റെ 'അമ്മ കൂലിപ്പണിക്കാരി ആണ്. ജൂൺ–ജൂലൈ മാസങ്ങളിൽ പണിയുണ്ടാകില്ല. അപ്പോൾ ഒന്നും വാങ്ങാൻ പണം ഉണ്ടാകില്ല. ആ സമയത്ത് നല്ല വസ്ത്രമോ ഭക്ഷണമോ ഉണ്ടാകില്ല. സയൻസ് വിഷയം ആയതുകൊണ്ട് വരയ്ക്കാൻ ഒരുപാട് ഉണ്ടാകും. മണ്ണെണ്ണ വിളക്കിനു മുന്നിൽ ഇരുന്നു വരച്ചപ്പോൾ എന്റെ മുടിക്ക് തീപിടിച്ച് കത്തി പോയിട്ടുണ്ട്. ബുക്ക് തുറക്കുമ്പോൾ മണ്ണെണ്ണ മണം ആകും. അതുകൊണ്ട് ഞാൻ ഹോസ്റ്റലിൽ നിന്നാണ് പഠിച്ചത്. എനിക്ക് മൂന്നു ജോഡി വസ്ത്രങ്ങളെ ഉള്ളൂ. 'അമ്മ ഒരു മൊട്ടു കമ്മൽ വിറ്റാണ് എനിക്ക് ബെഡ്ഡും അത്യാവശ്യ സാധനങ്ങളും വാങ്ങിത്തന്നത്. എനിക്ക് ഒന്നും ഇല്ലാത്തതു കൊണ്ട് അവിടെ എന്ത് നടന്നാലും എന്റെ തലയിൽ വച്ച് കെട്ടും. അവിടെ മാനേജ്മെന്റുമായി അടുപ്പമുള്ള ഒരു വ്യക്തിയുടെ ബന്ധു ഉണ്ടായിരുന്നു അവൾ മറ്റുള്ളവരുടെ സാധനങ്ങൾ മോഷ്ടിക്കും. എല്ലാവരും വിചാരിക്കുന്നത് ഞാനാണ് എടുക്കുന്നത് എന്നാണ്. പാവപ്പെട്ടവർക്ക് അഭിമാനം പാടില്ലല്ലോ. അങ്ങനെ ഞാൻ ഒരുപാട് മാനസികമായി ബുദ്ധിമുട്ടി. കോളജിലും ഹോസ്റ്റലിലും ഭക്ഷണം കഴിക്കുന്നിടത്തും എല്ലായിടത്തും ഒറ്റപ്പെടൽ ആണ്. ഞാൻ പഠനം നിർത്തി വീട്ടിൽ പോകാൻ തുനിഞ്ഞിട്ടുണ്ട്. അമ്മ എന്നോട് പറഞ്ഞത് നീ ഇവിടെ തോറ്റു പോയാൽ എല്ലായിടത്തും തോറ്റുപോകും എന്നാണ്. നീ ആരെക്കാളും താഴെയോ മുകളിലോ അല്ല. നിന്നെ ഞാൻ കരിങ്കല്ല് ചുമന്ന് വളർത്തുന്നത് എന്നെപ്പോലെ ആകാതിരിക്കാനാണ്. അതുകൊണ്ടു നീ പിടിച്ചു നിൽക്കണം. വിജയിച്ചു കാണിക്കണം. അമ്മയുടെ ആ വാക്കുകൾ എനിക്ക് ധൈര്യമായി ഞാൻ അവിടെ പിടിച്ചു നിന്ന് പഠനം പൂർത്തിയാക്കി.
എല്ലാം നേരിട്ട് വിജയിച്ച് കാണിച്ചവൾ
ഞാൻ ഇപ്പോൾ കൺസ്ട്രക്ഷൻ ഫീൽഡിൽ ആണ്. പത്തുവർഷമായി ഈ ഒരു ഫീൽഡിൽ ആയിട്ട്. ഫ്ലാറ്റുകളും വീടുകളും കമഴ്ഷ്യൽ ബിൽഡിങ്ങുകളുമെല്ലാം ചെയ്തുകൊടുക്കുന്നുണ്ട്. പൊതുവെ കൺസ്ട്രക്ഷൻ രംഗത്ത് സ്ത്രീകൾ കുറവാണ്. ഒരു കോൺട്രാക്ടർ ആകുമ്പോൾ ഒരു സൈറ്റ് പോയി കണ്ടു സർവേ എടുത്ത് ആര്‍കിടെക്ടിനെ കൊണ്ട് വന്നു സൈറ്റ് കാണിച്ച് ഡിസൈൻ ചെയ്ത്, ആവശ്യമുള്ള കാര്യങ്ങൾ എല്ലാം ചെയ്യണം. ഇപ്പോൾ തെന്മല ചെയ്തുകൊണ്ടിരിക്കുന്നത് ഒരു ട്രീ ഹൗസാണ്. ഇരുമ്പ് ബാറിനു മുകളിലാണ് വീട് ചെയ്യുന്നത്. അങ്ങനെ പലതരത്തിലുള്ള വീടുകൾ ചെയ്യുന്നുണ്ട്. എന്റെ 'അമ്മ കൺസ്ട്രക്ഷൻ തൊഴിലാളി ആയിരുന്നു. അമ്പതു കിലോ സിമന്റ് ചാക്ക്, കരിങ്കല്ല്, ചെളി ഇവയെല്ലാം ചുമന്നുകൊണ്ട് പോകുന്ന അമ്മയെ ആണ് ഞാൻ കണ്ടു വളർന്നത്. വീട് ഒരു കോളനിയിൽ ആയിരുന്നു. രാവിലെ ഏഴരയ്ക്ക് 'അമ്മ പണിക്ക് പോകും പിന്നീട് ഞാൻ തനിയെ ആണ് ഒരുങ്ങി സ്കൂളിൽ പോകുന്നത്. 'അമ്മ എന്നെ ഒരുക്കി സ്കൂളിൽ അയക്കുന്നത് എന്റെ നടക്കാത്ത സ്വപ്നം ആയിരുന്നു. എനിക്ക് ലീവ് ഉള്ളപ്പോഴും അമ്മയ്ക്ക് ലീവില്ല. അമ്മയെ കാത്തിരിക്കുന്ന ദിവസങ്ങളായിരുന്നു എന്റെ കുട്ടിക്കാലം. അമ്മ തിരികെ വരുന്നത് ശരീരം ഒടിഞ്ഞു നുറുങ്ങുന്ന വേദനയുമായാണ്. തിളച്ച വെള്ളം കോരി ദേഹത്ത് ഒഴിച്ചിട്ടാണ് അമ്മ കിടന്നുറങ്ങുക. അമ്മ ഇങ്ങനെ കഷ്ടപ്പെടുന്നത് ചെറുപ്പം മുതൽ എന്റെ വേദനയായിരുന്നു. നാൽപ്പതു വയസ്സ് മുതൽ അമ്മ ഒരു രോഗി ആയി മാറി. ആറു വർഷം അമ്മ കിടന്നു, മരിച്ചിട്ട് ഇപ്പോൾ ഒരു വർഷമാകുന്നു. കൺസ്ട്രക്ഷൻ മേഖലയിൽ എന്റെ മനസ്സ് ഉടക്കി കിടക്കുകയാണ് അതുകൊണ്ടാണ് ഞാൻ ഈ മേഖലയിലേക്ക് വന്നത്. അമ്മ ജോലി ചെയ്ത സമയത്തെ അവസ്ഥ അല്ല എന്റേത്. അന്ന് നമ്മളെ ആട്ടിപ്പായിച്ച ആളുകളുടെ മുന്നിൽ ഞാനിപ്പോൾ ഉടമസ്ഥയാണ്. എന്റെ മകൻ സൈറ്റിൽ വരുമ്പോൾ അവനു നല്ല പരിഗണന കിട്ടുന്നു. തൊഴിലിന്റെ കാര്യത്തിൽ ഞാൻ വിജയിച്ചു നിൽക്കുകയാണ്. ഞാൻ സ്വന്തം കാലിൽ നിൽക്കണം എന്നുള്ളത് എന്റെ അമ്മയുടെ സ്വപ്നം ആയിരുന്നു.
മലയാളസിനിമയിൽ ദലിത് നായികമാരുടെ അഭാവം
സിനിമയിലൊക്കെ നല്ല ജാതിവിവേചനം ഉണ്ട്. മാള അരവിന്ദൻ ചേട്ടനൊക്കെ പട്ടികജാതിക്കാരാണ്. ചേട്ടൻ വെട്ടുവാ സമുദായം ആണ്. അവരുടെ ചില സമ്മേളനങ്ങൾ നടത്തുമ്പോൾ ഞങ്ങളെ വിളിക്കും. മണി ചേട്ടൻ അദ്ദേഹത്തിന്റെ സഹോദരൻ ഇവരുമായൊക്കെ നല്ല സൗഹൃദത്തിൽ ആയിരുന്നു. സിനിമയിൽ ജാതി വിവേചനം ഉണ്ടെന്ന് അവരൊക്കെ പറഞ്ഞിട്ടുണ്ട്. ഒരു ദലിത് സ്ത്രീയാണെങ്കിൽ അവർ ചിത്രീകരിക്കുന്നത് ഒന്നുകിൽ റേപ്പ് ചെയ്യപ്പെടുന്നവരോ അല്ലെങ്കിൽ വീടുപണികാരി ആയിട്ടോ ആയിരിക്കും. അവളെ ഒരിക്കലും നായിക ആക്കില്ല. ഏറ്റവും താഴ്ന്ന നിലയിലുള്ള വ്യക്തി ആയിട്ടായിരിക്കും വേഷങ്ങൾ കൊടുക്കുക. കേരളത്തനിമ തന്നെ തമ്പുരാൻ, മേനോൻ അങ്ങനെയുള്ള സവർണതയാണെന്നാണ് ഇപ്പോഴും മലയാള സിനിമ കാണിക്കുന്നത്. അങ്ങനെ ഏതെങ്കിലും നടനെ നമ്മൾ വല്ലതും പറഞ്ഞാൽ അവരുടെ ഫാൻസ് വന്നു നമ്മളെ ചീത്ത വിളിക്കും. ഒരു സിനിമയ്ക്ക് നല്ല മെസേജ് കൊടുക്കാൻ പറ്റും. പക്ഷേ, വംശീയത വിട്ടുള്ള ഒരു കളിയും സിനിമയിലും ഇല്ല എന്നുള്ളതാണ്. ‘ജയ് ഭീം’ കണ്ടിട്ട് ഇവിടെ സിനിമാ മേഖലയിലുള്ള ഒരാളും ഒന്നും പറഞ്ഞില്ല. അഭിപ്രായം പറയാൻ പേടിയുള്ളവരാണ് സിനിമാലോകത്ത് ഉള്ളവർ അവർക്ക് അവരുടെ ഇമേജ് വിട്ടുകളിയ്ക്കാൻ പറ്റില്ല. ബിനീഷ് ബാസ്റ്റിൻ ഒരു ദലിത് നടൻ ആണ്. അയാൾക്ക് നേരിട്ട ജാതി വിവേചനം തന്നെ ഉദാഹരണമാണ്. ബിനീഷ് വരരുത് എന്ന് പറഞ്ഞത് ഒരു പ്രിൻസിപ്പൽ ആണ്. ഇവരുടെ അധ്യാപനത്തിലും വളർന്നു വരുന്ന തലമുറ ഇങ്ങനെ ആയില്ലെങ്കിൽ അത്ഭുതമുള്ളൂ.
ദലിത് പെൺകുട്ടികൾ അനുഭവിക്കുന്ന മാനസിക പീഡനങ്ങൾ
അക്ഷരം പഠിച്ചു തുടങ്ങുമ്പോൾ നമ്മുടെ മാതാപിതാക്കൾക്ക് കഴിയില്ല കാരണം അവർക്ക് വിദ്യാഭ്യാസം ഉണ്ടാകില്ല. ആദ്യമായി മാനസിക പിന്തുണയാണ് കുട്ടികൾക്ക് നൽകേണ്ടത്. കുട്ടികൾക്ക് പൊതുവിദ്യാലയങ്ങളിൽ പോയാൽ അതിജീവിക്കാൻ ബുദ്ധിമുട്ടാണ്. ലിപി ഇല്ലാത്ത തുളു എന്ന ഭാഷയാണ് ഞങ്ങൾ വീട്ടിൽ നിന്ന് പഠിക്കുന്നത്. സ്കൂളിൽ എത്തുമ്പോൾ മറ്റൊരു ഭാഷ പഠിച്ച് എടുത്തു വേണം ഞങ്ങൾക്ക് പഠിക്കാൻ. ഞങ്ങൾക്ക് ചിലപ്പോൾ നല്ല വസ്ത്രങ്ങളോ ചെരുപ്പോ ഒന്നും ഉണ്ടാകില്ല. വസ്ത്രധാരണവും അംഗീകാരം കിട്ടാനുള്ള മാനദണ്ഡം ആണെന്ന് ഞങ്ങൾ നേരിട്ട് അനുഭവിക്കുന്ന കാര്യമാണ്. എല്ലാവരെയും ഒരുപോലെ കാണാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാകണം. ഞങ്ങളുടെ യോഗ്യതയെ എപ്പോഴും ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്.
ആറ്റിങ്ങൽ നടന്ന സംഭവം കണ്ടില്ലേ ഒരു വനിതാ പോലീസ് ഒരു അച്ഛനെയും മകളെയും മോഷ്ടാക്കൾ ആക്കാൻ നോക്കിയത്. നിങ്ങളൊക്കെ ഇങ്ങനെ ചെയ്യും എന്നാണ് അവർ പറഞ്ഞത്. വലിയ രാഷ്ട്രീയ പിന്തുണ ഉള്ളതുകൊണ്ട് ആ പൊലീസുകാരി കേടുകൂടാതെ ഊരിപ്പോയി. ആ പെൺകുട്ടി വളർന്നു വരുന്നത് വല്ലാത്ത അരക്ഷിതബോധത്തോടെയാകും. നമ്മൾ ആരുടേയും ഒന്നും എടുക്കാതെ കള്ളി എന്നുള്ള ലേബൽ കിട്ടുമ്പോൾ അത് അവരെ ഒരുപാടു മോശമായി ബാധിക്കും ആ മാനസികാവസ്ഥ നന്നായി അറിയാവുന്ന ഒരാൾ ആണ് ഞാൻ. ഹോസ്റ്റലുകളിൽ പെൺകുട്ടികൾ ആത്മഹത്യാശ്രമം വരെ നടത്താറുണ്ട് ഇതൊന്നും പുറം ലോകം അറിയാറില്ല. അങ്ങനെ ഉള്ള രണ്ടു പെൺകുട്ടികളെ ഞങ്ങൾ കൗൺസിലിങ് കൊടുത്ത് രക്ഷപ്പെടുത്തിയിട്ടുണ്ട്. അന്ന് ഒരു പെൺകുട്ടി പറഞ്ഞത് അവിടത്തെ പ്രിൻസിപ്പാൾ പെൺകുട്ടികളെ മോശം വാക്കുകൾ പറഞ്ഞു അപമാനിക്കും എന്നാണ്. അവരുടെ ജീവിതത്തിലെ നിരാശ തീർക്കുന്നത് ഈ പെൺകുട്ടികളുടെ മുകളിലാണ്. അന്ന് ഞങ്ങൾ അവിടെ വലിയ പ്രശ്നം ഉണ്ടാക്കി അവരെ അവിടെ നിന്ന് മാറ്റിച്ചു. ശിക്ഷാ നടപടികൾ ഉണ്ടായാൽ കാര്യങ്ങൾ കുറച്ചൊക്കെ മെച്ചപ്പെടും. നന്ദകുമാർ കളരിക്കലിനെ ഇപ്പോൾ ശിക്ഷിച്ചില്ലെങ്കിൽ ഇനിയും സർവകലാശാലകളിൽ കുട്ടികൾ പീഡനം നേരിടേണ്ടിവരും. വലിയ ദുരന്തം തന്നെ കോളജുകളിൽ സംഭവിക്കും. അത് ഞങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കും. ചെറുപ്പം മുതൽ തന്നെ കുട്ടികൾക്ക് ആത്മവിശ്വാസം ഉണ്ടാക്കി വളർത്തണം. അത് സ്കൂൾ തലം മുതൽ തുടങ്ങണം. കുട്ടികൾ വരുമ്പോൾ അധ്യാപകർ കോളനിയിലെ കുട്ടികൾ എന്ന് പറഞ്ഞു കളിയാക്കിയിട്ടുണ്ട്. കുട്ടികൾക്ക് മെച്ചപ്പെട്ട ജീവിത സൗകര്യം വേണം. അന്തസോടെ ജീവിക്കാൻ കഴിയണം. ജാതിവാൽ തൂക്കി വരുന്ന അധ്യാപകരും കുട്ടികളും സമൂഹത്തിനു കൊടുക്കുന്നത് മോശം സന്ദേശമാണ്. ജാതിവാൽ എടുത്തു കളഞ്ഞാൽ മാത്രമേ അധ്യാപിക ആയി ജോലി ചെയ്യാൻ കഴിയൂ എന്നൊരു സിസ്റ്റം ഉണ്ടാകണം. ജാതിവാൽ തൂക്കി വരുന്നവരാണ് ഇങ്ങനെ പട്ടിക ജാതിക്കാർ പഠിച്ചാൽ കോളജിന്റെ അന്തസ് പോകും എന്നൊക്കെ പറയാൻ ധൈര്യപ്പെടുന്നത്. ദീപ പഠിച്ചാൽ കോളജിന്റെ അന്തസ്സ് പോകുന്നത് എങ്ങനെയാണ് അതിനുത്തരം അയാൾ ഒരിക്കലും പറഞ്ഞിട്ടില്ല.
സാമൂഹികമായും സാമ്പത്തികമായുമുള്ള മാറ്റങ്ങളാണ് ഉണ്ടാകേണ്ടത്. അത്തരത്തിൽ മാറ്റം വരുത്താൻ തമിഴ്നാട് മുഖ്യമന്ത്രിക്ക് കഴിയുന്നുണ്ട്. അതിനെക്കുറിച്ച് അഭിപ്രായം പറയാൻ പോലും ഇവിടെ ആർക്കും അർഹതയില്ല. മുഖ്യമന്ത്രിയെപ്പോലും ജാതിപ്പേര് വിളിച്ചവർ ഇവിടെ ഉണ്ട്. വംശീയതയെ ചെറുക്കേണ്ടത് എങ്ങനെയെന്ന് അവരുടെ പാർട്ടികകർക്ക് പോലും അറിയില്ല.
നിയമവും കൈവിടുന്നു
നിയമം അറിയുന്നവരാണ് ഞങ്ങളെ കൂടുതലും പറ്റിക്കുന്നത്. ഞങ്ങളുടെ ഒട്ടുമിക്ക കേസുകളിലും പ്രതി വക്കീലമ്മാരാണ്. സാമ്പത്തികമായി മാറ്റം വരാനാണ് പെട്രോൾ പമ്പുകൾ ഞങ്ങള്‍ക്ക് അനുവദിച്ചത്. ഒന്നേകാൽ കോടിയാണ് ഒരു പമ്പിന്റെ ഇൻവെസ്റ്റ്മെന്റ്. ഇരുപത്തിയഞ്ചു ലക്ഷം മുതൽ മുടക്കിൽ തുടങ്ങുന്ന ഗ്യാസ് ഏജൻസികൾ, ഇതെല്ലാം നടത്തുന്നത് മറ്റു ജാതിക്കാരാണ്. ഞങ്ങളുടെ പേരിലുള്ള റേഷൻ കടകൾ, അക്ഷയ സെന്ററുകൾ ഇതൊന്നും ഞങ്ങൾക്കു നടത്താൻ കിട്ടുന്നില്ല. ഞങ്ങൾക്ക് അനുവദിച്ചിട്ടുള്ള ഒരു സ്ഥാപനങ്ങളും ഞങ്ങളുടെ കയ്യിലില്ല. ആസ്തി രഹിതമായി ഞങ്ങൾ ജീവിക്കണം എന്നുള്ളതാണ് ഇവിടുത്തെ രാഷ്ട്രീയം. മാന്യമായി ജീവിക്കാൻ സർക്കാർ തരുന്ന സാധ്യത മറ്റുള്ളവർ തട്ടിയെടുക്കുകയാണ്. ജിഷ മരിച്ചപ്പോൾ ഞങ്ങൾ ഇറങ്ങി പ്രതികരിച്ചപ്പോൾ ഞങ്ങളുടെ നേതാവിനെതിരെ കേസ് എടുത്ത് അയാളെ നിശ്ശബ്ദനാക്കി. ഞാൻ ഇടപെടൽ നടത്തുമ്പോൾ എന്നെ പൂട്ടാനായി പിറകെ നടക്കും. തിരുവനന്തപുരം ജഗതിയിൽ ഒരു പെട്രോൾ പമ്പ് ദലിത് യുവതിയുടേത് ആയിരുന്നു. ആർ ബാലകൃഷ്ണപിള്ളയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന കൃഷ്ണൻ നായരുടെ മകനും ഭാര്യയുമാണ് അത് കൈയേറിയത്. ഇവരുടെ പമ്പിൽ ഇവർക്ക് കയറാൻ പറ്റുന്നില്ല ഗുണ്ടകൾ ശല്യം ചെയ്യുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ പോയി പേപ്പർ എടുത്തപ്പോൾ നൂറു ശതമാനവും ആ ചേച്ചിയുടെ പേരിലാണ്. അവർ ആണ് ആസ്തി ഇൻവെസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചേച്ചി അറിയാതെ പേരൂർക്കട ഫെഡറൽ ബാങ്കിൽ പോയി അവർ അക്കൗണ്ട് ഉണ്ടാക്കി. എന്തൊരു കള്ളത്തരമാണ്. ഇവർക്ക് ആരും ചോദിക്കാൻ ഇല്ലെന്നുള്ള ധാരണയിലാണ് ഇങ്ങനെ ചെയ്യുന്നത്. മുന്നൂറു കോടിയുടെ ട്രാൻസാക്ഷൻ ഇവർ നടത്തിയിട്ടുണ്ട്. അങ്ങനെ ഞങ്ങൾ പമ്പ് തിരിച്ചു പിടിക്കാൻ പോയി. ഞാൻ പോയി അവരെ എല്ലാം ഇറക്കി വിട്ടു ഒരുമാസം പമ്പിൽ ഇരുന്ന് എങ്ങനെയാണ് അത് നടത്തുന്നത് എന്ന് പഠിച്ച് അവരുടെ മകനെ പഠിപ്പിച്ചു. ഇപ്പോൾ അവർ അത് നടത്തുന്നുണ്ട്. എന്നെ എങ്ങനെയെങ്കിലും ജയിലിൽ ആക്കാൻ അവർ ഒരുപാട് നോക്കി.
സവർണൻ അടിച്ചുമാറ്റിയ ഞങ്ങളുടെ ആസ്തി തിരിച്ചു പിടിച്ചപ്പോൾ ഞാൻ എല്ലാവരുടെയും കണ്ണിലെ കരടായി. ഞാൻ ഒരു കാര്യത്തിന് ഇറങ്ങി തിരിച്ചാൽ അത് ചെയ്തേ അടങ്ങൂ. എനിക്കെതിരായി അവിഹിതം ആരോപിച്ച് വലിയ ഫ്ലക്സ് ഒക്കെ അവർ വച്ചു. വധഭീഷണിയൊക്കെ വന്നിരുന്നു. ഒരു വക്കീൽ ആണ് ബാങ്കിൽ പോയി എന്റെ വരുമാനവും പണം വരുന്നതും പോകുന്നതും ഒക്കെ അന്വേഷിക്കുന്നത്. നിയമം അറിയാവുന്ന ഇവരൊക്കെ മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് ഒക്കെ പോയി എടുക്കുകയാണ്. ഹൈക്കോടതിയിൽ ജോലി ചെയ്യുന്ന ഒരു ഓഫീസർ കുറത്തി, പുലച്ചി എന്നൊക്കെയാണ് വിളിച്ചത്. അയാൾക്കെതിരെ ഇപ്പോൾ കേസ് എടുത്തിട്ടുണ്ട്. കുറച്ചെങ്കിലും ദൃശ്യതയോടെ നിൽക്കുന്ന എന്നെപോലും അങ്ങനെ വിളിക്കാൻ അയാൾക്കു ധൈര്യം വന്നെങ്കിൽ മറ്റുള്ള പെൺകുട്ടികളെ എങ്ങനെയായിരിക്കും ട്രീറ്റ് ചെയ്യുന്നത്.
അടുത്തിടെ വികലാംഗയായ ഒരു പെൺകുട്ടിക്ക് ഒരു ഗ്യാസ് ഏജൻസി അനുവദിച്ചപ്പോൾ 25% ഓഹരി മറ്റൊരാൾക്ക് കൊടുത്തു. ഇവൾക്ക് തനിയെ നടത്താൻ കഴിവില്ലാത്തതുകൊണ്ടാണ്. പക്ഷേ, അയാൾ ഇവളെ അവിടെ കയറ്റുന്നില്ല. അയാൾക്കെതിരെയും ഞങ്ങൾ പ്രതികരിച്ചു, കേസ് എടുപ്പിച്ചു. ഒരു സ്ഥാപനം നടത്താൻ പോലും ഞങ്ങളെ സമ്മതിക്കുന്നില്ല. ഞങ്ങളുടെ പ്രോജക്റ്റ് വന്നാലും അത് ചെയ്യാൻ ഞങ്ങളിൽ വിദ്യാഭ്യാസം ഉള്ളവരെ സമ്മതിക്കുന്നില്ല. ദലിതനായ ഡോക്ടർമാരും ഡിഗ്രിക്കാരും പി ജി ക്കാരും ഒക്കെ ഒരുപാടുള്ള സ്ഥലമാണ് അട്ടപ്പാടി. അവിടെപോലും ഒരു പ്രോജക്ടും ഞങ്ങളുടെ കുട്ടികളെ ഏൽപ്പിക്കുന്നില്ല. ഞങ്ങൾക്ക് അനുവദിക്കുന്ന ഫണ്ട് മുഴുവൻ പോകുന്നത് മറ്റുള്ളവർക്കാണ്. ഞങ്ങളെ ചവിട്ടി താഴ്ത്തി ഇട്ടിരിക്കുകയാണ്. പുറമെ നിൽക്കുന്നവർക്ക് ഇതൊന്നും മനസിലാകില്ല ഉള്ളിൽ നിന്ന് അനുഭവിക്കുന്നവർക്കേ ഇതെല്ലം മനസ്സിലാകൂ.
മാറ്റം കൊണ്ടുവരേണ്ടത് ഭരണാധികാരികൾ
സ്ത്രീധന നിരോധന നിയമം കൊണ്ട് വന്നിട്ട് കാര്യമില്ല, സ്ത്രീധനം വാങ്ങുന്ന പത്ത് പ്രബലന്മാർക്കെതിരെ കേസെടുത്തു നോക്കൂ. എന്നാലേ അത് പ്രാബല്യത്തിൽ വന്നൂവെന്ന് പറയാൻ കഴിയൂ. സർക്കാർ സംവിധാനങ്ങൾക്കേ ഇത്തരത്തിലുള്ള മാറ്റം കൊണ്ടുവരാൻ കഴിയൂ. സർക്കാർ അങ്ങനെ ചെയ്യുന്നില്ല. വംശീയമായ ആക്രമണം കുറ്റകരമാണ്. എന്നാൽ നമ്മുടെ നാട്ടിൽ സർവസാധാരണമാണ്. ഈയിടെ ഒരു റേഡിയോ ജോക്കി സമരം നടത്തിയിരുന്ന ദീപയെ "കാട്ട്ഫ്രോഡ്" എന്ന് വിശേഷിപ്പിച്ചു. അത് അയാളുടെ ഉള്ളിലെ വംശീയതയാണ്. ആരെയും എന്തും പറയാം എന്ന ധാരണയാണ്. യഥാർത്ഥ മാധ്യമ പ്രവർത്തനം അല്ല അയാൾ നടത്തുന്നത്. അയാൾ ആർക്കോ വേണ്ടി സംസാരിക്കുകയാണ്. അയാൾക്കും അയാളുടെ പാർട്ടിക്കും പബ്ലിസിറ്റി കിട്ടാൻ ശ്രമിക്കുകയാണ്. അയാളുടെ വംശീയതയാണ് ഇവിടെ പ്രകടമായത്. എന്നിട്ടൊരു വാക്കു കൂടി "അടക്കിപ്പിടിച്ചു കരഞ്ഞോ" ആ വാക്കിനു പല അർത്ഥങ്ങളുണ്ട്. ഇത്രയും നാൾ അടക്കിപ്പിടിച്ചു കരഞ്ഞിരുന്നു ഞങ്ങൾക്ക് ഇനി അതിനു മനസ്സില്ല. അവന്റെ വീട്ടിൽ അടക്കിപ്പിടിച്ചു കരയുന്നുണ്ടെങ്കിൽ അത് തീർത്തിട്ട് ഞങ്ങളുടെ അടുത്ത് വന്നാൽ മതി എന്നൊരു മറുപടി ഞാൻ കൊടുത്തിട്ടുണ്ട്. ഇതുവരെ കണ്ടിട്ടോ അറിഞ്ഞിട്ടോ ഇല്ലാത്ത ഒരു പെൺകുട്ടിയെ നോക്കി കാട്ട്ഫ്രോഡ് എന്ന് വിളിക്കാൻ അയാൾക്ക് എന്ത് അധികാരം ആണ് ഉള്ളത്. ദീപ പരാതി കൊടുത്താൽ അയാൾ അകത്താകുന്ന കേസാണ്.
ഒരു സമൂഹത്തെ തുല്യമായിക്കാണാൻ ഭരണാധികാരികൾക്ക് കഴിയണം. വിവേചനം ഇല്ലാതെ ജീവിക്കാൻ ആദ്യം ഭരണാധികാരികളാണ് മാതൃക ആകേണ്ടത്. ഉറങ്ങിക്കിടക്കുന്ന സമൂഹത്തെ ഉണർത്തനം. കേരളം ഒരിക്കലും ചർച്ച ചെയ്യാത്ത വിഷയങ്ങൾ ആണ് ഭൂമിയും ജാതിയും. ഇത് നമ്മൾ ചർച്ച ചെയ്തു പരിഹരിക്കുക തന്നെ വേണം അതിനുള്ള ധൈര്യം എങ്കിലും മാറി വരുന്ന സർക്കാരുകൾ കാണിക്കണം.
English Summary: Special Interview with Dalit Activist Dhanya Raman