ചായം ചാലിച്ച് ഓരോ വീടിനും വർണം പകരുമ്പോൾ ചൈത്രമോളുടെ മനസിലൊരു ചിത്രം മായാതെ കിടപ്പുണ്ട്. ആഗ്രഹിച്ച പൊലീസ് യൂണിഫോം. തന്റെ ആദ്യ ശമ്പളം അച്ഛന്റെ കയ്യിലേക്കു വച്ചുകൊടുത്ത് അനുഗ്രഹം വാങ്ങണമെന്നായിരുന്നു സ്വപ്നം...women, viral news, manorama online, manorama news, breaking news, latest news

ചായം ചാലിച്ച് ഓരോ വീടിനും വർണം പകരുമ്പോൾ ചൈത്രമോളുടെ മനസിലൊരു ചിത്രം മായാതെ കിടപ്പുണ്ട്. ആഗ്രഹിച്ച പൊലീസ് യൂണിഫോം. തന്റെ ആദ്യ ശമ്പളം അച്ഛന്റെ കയ്യിലേക്കു വച്ചുകൊടുത്ത് അനുഗ്രഹം വാങ്ങണമെന്നായിരുന്നു സ്വപ്നം...women, viral news, manorama online, manorama news, breaking news, latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചായം ചാലിച്ച് ഓരോ വീടിനും വർണം പകരുമ്പോൾ ചൈത്രമോളുടെ മനസിലൊരു ചിത്രം മായാതെ കിടപ്പുണ്ട്. ആഗ്രഹിച്ച പൊലീസ് യൂണിഫോം. തന്റെ ആദ്യ ശമ്പളം അച്ഛന്റെ കയ്യിലേക്കു വച്ചുകൊടുത്ത് അനുഗ്രഹം വാങ്ങണമെന്നായിരുന്നു സ്വപ്നം...women, viral news, manorama online, manorama news, breaking news, latest news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചായം ചാലിച്ച് ഓരോ വീടിനും വർണം പകരുമ്പോൾ ചൈത്രമോളുടെ മനസിലൊരു ചിത്രം മായാതെ കിടപ്പുണ്ട്. ആഗ്രഹിച്ച പൊലീസ് യൂണിഫോം. തന്റെ ആദ്യ ശമ്പളം അച്ഛന്റെ കയ്യിലേക്കു വച്ചുകൊടുത്ത് അനുഗ്രഹം വാങ്ങണമെന്നായിരുന്നു സ്വപ്നം. പക്ഷേ, അതിലേക്കുള്ള യാത്രയ്ക്കിടെ, ഒട്ടും പ്രതീക്ഷിക്കാത്ത നേരത്തായിരുന്നു അച്ഛന്റെ വിയോഗം. അതോടെ കുടുംബത്തിന്റെ നെടുംതൂണാകേണ്ടി വന്നു ഈ ഇരുപത്തിയാറുകാരിക്ക്. വീട്ടിലെ മൂത്ത മകളാണ് ചൈത്രമോള്‍. അച്ഛന്റെ മരണത്തോടെ എന്തു ചെയ്യുമെന്നറിയില്ലായിരുന്നു അവൾക്ക്. അപ്രതീക്ഷിത വിയോഗത്തിൽ അമ്മയും തളർന്നു പോയി. പക്ഷേ ചൈത്രയിൽ പ്രതീക്ഷയർപ്പിച്ച് അനിയനും അനിയത്തിയും അമ്മയും ആ വീടുമുണ്ടായിരുന്നു. അങ്ങനെയാണ് പെയിന്റിങ് പണിക്കു പോകാൻ തീരുമാനിച്ചത്. അതിന്റെ വിഡിയോ വൈറലായതോടെ ജീവിതം മാറിമറിഞ്ഞെന്നു പറയുന്നു ചൈത്ര. പക്ഷേ സഹോദരങ്ങളുടെ പഠനവും വീടിന്റെ മൊത്തം പ്രാരാബ്ധവും ഏറ്റെടുത്ത് പെയിന്റിങ് ബ്രഷ് കയ്യിലെടുക്കുമ്പോൾ ചൈത്രയ്ക്ക് ഒരേയൊരു ലക്ഷ്യം മാത്രം, എങ്ങനെയും കുടുംബം പോറ്റണം. അതോടൊപ്പം ഇത്രയും കാലം മനസ്സിലിട്ടു താലോലിച്ച വലിയൊരു സ്വപ്നവുമുണ്ട്. അതിലേക്കുള്ള കഠിനമായ യാത്രാപാതയിലെ ചെറിയൊരു ഭാഗം മാത്രമാണ് ചൈത്രയ്ക്ക് ഇപ്പോഴത്തെ പെയിന്റിങ് ജോലി. ആലപ്പുഴ എസ്‌ഡി കോളജിൽ നിന്ന് ചരിത്രത്തിൽ ബിരുദം നേടിയ ചൈത്ര പിജിഡിസിഎയും പൂർത്തിയാക്കിയിട്ടുണ്ട്. വൈറൽ വിഡിയോ കാരണം ചില ‘തിരിച്ചടികളും’ ഈ പെൺകുട്ടിക്ക് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. അവിടെയും തളരാതെ മുന്നോട്ടുതന്നെയാണ് അവളുടെ യാത്ര. ജീവിതവഴിയിൽ തളരുന്ന, പതറുന്ന ഒരുപാടു പേർക്കു പ്രചോദനമായേക്കാവുന്ന ആ ജീവിതകഥ ‘മനോരമ ഓൺലൈനു’മായി പങ്കുവയ്ക്കുകയാണ് കെ.ആർ.ചൈത്രമോൾ. 

∙ പെയിന്റിങ് ജോലി പെൺകുട്ടികളെ സംബന്ധിച്ച് കഠിനമല്ലേ? അതിലേക്കെത്തിയതെങ്ങനെയാണ്? 

ADVERTISEMENT

കഴിഞ്ഞ വർഷമാണ് അച്ഛൻ കലവൂർ കാട്ടൂർ കറുത്തകണ്ടം പറമ്പിൽ രാമചന്ദ്രൻ മരിച്ചത്. മത്സ്യബന്ധനത്തൊഴിലാളി ആയിരുന്നു. വള്ളത്തിൽ വച്ച് ഹൃദയാഘാതം വരികയായിരുന്നു. അച്ഛന് കൃത്യസമയത്ത് ചികിത്സ ലഭിച്ചിരുന്നെങ്കിൽ രക്ഷപ്പെടുമായിരുന്നു. ‌അതോർക്കുമ്പോൾ എന്നും വേദനയാണ്. അച്ഛൻ മരിച്ച് മൂന്നാം ദിവസം ജപ്തി നോട്ടിസ് വന്നു. ജപ്തി നടപടികൾ ഒഴിവാക്കാനായി കടംവാങ്ങി ബാങ്കിലടയ്ക്കുകയായിരുന്നു. കുടുംബത്തിലെ മൂത്ത ആൾ ഞാനാണ്. അമ്മ തൊഴിലുറപ്പിനു പോകും. പക്ഷേ, ലോണൊന്നും അടയ്ക്കാനുള്ള തുക അമ്മയ്ക്കു കണ്ടെത്താനാകില്ല. അച്ഛൻ മരിച്ചതിന്റെ ദുഃഖത്തിൽനിന്ന് അമ്മ പുറത്തുവന്നിട്ടില്ല. ലോൺ തുക വീട്ടാനും സഹോദരങ്ങളുടെ പഠനത്തിനുമായി എനിക്ക് ഒരു ജോലി കണ്ടെത്തണമായിരുന്നു.

ആലപ്പുഴ കാട്ടൂരാണ് വീട്. അച്ഛന്റെ മേഖലയായ മത്സ്യബന്ധനത്തിന് കൊണ്ടുപോകുമോ എന്ന് അച്ഛന്റെ കൂട്ടുകാരോടെല്ലാം ചോദിച്ചിരുന്നു. അവരൊന്നും സമ്മതിച്ചില്ല. അച്ഛന്റെ കഷ്ടപ്പാടുകൾ നേരിട്ടറിയണമെന്നത് വലിയ ആഗ്രഹമായിരുന്നു. അത്രയേറെ യാതന സഹിച്ചാണ് ഒന്നുമറിയിക്കാതെ അച്ഛൻ ഞങ്ങളെ വളർത്തിയത്. അങ്ങനെ ജോലികിട്ടാതായപ്പോഴാണ് സുഹൃത്തിനോട് ഇക്കാര്യം പറയുന്നത്. അവൻ പറഞ്ഞു ഞങ്ങളോടൊപ്പം പെയിന്റിങ്ങിന് വരാൻ. അവൻ തമാശയായി പറഞ്ഞതാണെങ്കിലും ഞാൻ കാര്യമായിത്തന്നെ എടുത്തു. ആശാനോട് ചോദിച്ചപ്പോൾ പുള്ളിയും സമ്മതിച്ചു. 

എന്നെക്കൊണ്ട് പറ്റുമോ എന്ന് അവർക്ക് സംശയം ഉണ്ടായിരുന്നു. പക്ഷേ, ഞാൻ പെട്ടെന്നു തന്നെ ജോലി പഠിച്ചെടുത്തു. ഒരു ദിവസം മാത്രം ശരീരവേദന ഉണ്ടായിരുന്നു. ദേഹത്താകെ ചൂടുകുരു വന്ന് പൊട്ടി. പിന്നീടത് മാറി. എനിക്ക് ശരിക്കും ഉയരങ്ങളെ പേടിയാണ്. മുകളിൽ കയറി താഴേക്കു നോക്കാൻ എനിക്ക് വളരെ ഭയമായിരുന്നു. ഇപ്പോൾ ഞാനതിനെ അതിജീവിച്ചു. അഞ്ചു മാസമായി ജോലിക്ക് പോകാൻ തുടങ്ങിയിട്ട്. ദിവസം 1000 രൂപയാണ് കൂലി. അടുത്തുള്ള വർക്കുകൾക്ക് മാത്രമേ എനിക്ക് പോകാൻ കഴിയൂ. ദുരെ പോയി താമസിച്ച് ചെയ്യേണ്ട ജോലിക്ക് എന്നെ കൊണ്ടുപോകാൻ പറ്റില്ലല്ലോ? പ്രത്യേക താമസസൗകര്യമൊക്കെ ഒരുക്കണ്ടേ?

∙ ‘പൊലീസ് ജോലിയാണ് ഇപ്പോഴും മോഹം’

ADVERTISEMENT

നേരത്തേ ലോട്ടറി മൊത്തവിൽപന ഏജൻസിയിൽ അക്കൗണ്ടന്റ് ജോലി ചെയ്തിരുന്നു. 10,000 രൂപയായിരുന്നു ശമ്പളം. പിന്നെ കോവിഡ് കാലമായപ്പോൾ അത് കുറയാൻ തുടങ്ങി. മാത്രമല്ല ഭയങ്കര ടെൻഷനുള്ള ജോലിയാണ്. കണക്കിന്റെ കളിയാണ്. ഉറക്കം വരെ നഷ്ടമായി തുടങ്ങി. അങ്ങനെയാണ് അത് നിർത്തുന്നത്. പൊലീസ് ജോലിയാണ് എന്റെ സ്വപ്നം. യൂണിഫോം ജോലി. വിവാഹാലോചനകൾ വരുമ്പോഴെല്ലാം ജോലി കിട്ടിയിട്ടു മതി എന്നു പറഞ്ഞ് സമ്മതിക്കില്ലായിരുന്നു. ആദ്യ ശമ്പളം അച്ഛന്റെ കയ്യിൽ കൊടുക്കണമെന്നായിരുന്നു ആഗ്രഹം. 

ചൈത്ര അച്ഛൻ രാമചന്ദ്രനൊപ്പം (ഫയൽ ചിത്രം)

കേന്ദ്രസർക്കാരിന്റെ കീഴിലുള്ള പൊലീസ് ജോലികളായിരുന്നു ആദ്യം മുതൽ നോക്കിയിരുന്നത്. ചില ലിസ്റ്റുകളിൽ കയറിയെങ്കിലും അതിന്റെയെല്ലാം കാലാവധി കഴിഞ്ഞുപോയി. പൊലീസ് ജോലിയാണ് ഇപ്പോഴും മോഹം. ജോലി കഴിഞ്ഞ് രാത്രി ബാച്ചിൽ പിഎസ്‌സി പഠിക്കുന്നുണ്ട്. രാത്രി ഏഴര മുതൽ ഒമ്പതര വരെയാണ് ക്ലാസ്. ഒമ്പത് കിലോമീറ്റർ ദൂരമുണ്ട് കോച്ചിങ് സെന്ററിലേക്ക്. രാത്രി പത്തരയാകുമ്പോഴേ വീട്ടിലെത്തൂ. ടുവീലറിൽ വരുമ്പോൾ ചിലപ്പോഴൊക്കെ പേടി തോന്നും. പിന്നെ മനസ്സിനെ ധൈര്യപ്പെടുത്തി മുന്നോട്ട് കൊണ്ടുപോകും. 

ആർക്കും അറിയില്ലായിരുന്നു ഞാൻ പെയിന്റിങ് പണിക്ക് പോകുന്നുണ്ടെന്ന്. എന്റെ കൂടെ ജോലിചെയ്യുന്ന ഒരു ചേട്ടന്റെ സഹോദരൻ ഫയർഫോഴ്സിലാണ്. അദ്ദേഹത്തിന്റെ സുഹൃത്താണ് ഞാൻ പെയിന്റിങ് ജോലി ചെയ്യുന്ന വിഡിയോ എടുത്തത്. അവരത് ഫെയ്സ്‌ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. കുറച്ച് മണിക്കൂറിൽ തന്നെ ലക്ഷക്കണക്കിന് പേർ വിഡിയോ കണ്ടു. എനിക്ക് ഫെയ്സ്ബുക് അക്കൗണ്ടില്ലായിരുന്നു. ഇതിനിടെ, എന്റെ കഥയെല്ലാം അറിഞ്ഞ് എനിക്ക് അവർ തന്നെ പഠിക്കാനായി ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് വാങ്ങിത്തന്നു. ജോലി ചെയ്യുന്നതിനിടെ ക്ലാസ് കേൾക്കും. വിഡിയോ കണ്ടിട്ട് ബിനോയ് വിശ്വം എംപി എന്നെ നേരിട്ട് വിളിച്ചിരുന്നു. കോഴിക്കോട് കലക്ടർ വിളിച്ചിരുന്നു. ഐപിഎസ് നോക്കണം, പൊലീസിൽ ഒതുങ്ങരുത് എന്നൊക്കെ പറഞ്ഞു.

∙ വൈറൽ വിഡിയോയ്ക്ക് ശേഷം ജീവിതം മാറിയോ?

ADVERTISEMENT

എല്ലാവരും തിരിച്ചറിയുന്നുണ്ട്. നാട്ടുകാർ മുഴുവൻ വിഡിയോ കണ്ടു എന്നാണ് പറയുന്നത്. അന്നു മുതൽ ഇതുവരെ ജോലിക്ക് പോകാൻ കഴിഞ്ഞിട്ടില്ല. പനിപിടിച്ചു. പിന്നെ ഇന്റർവ്യും വിഡിയോയുമൊക്കെയായി ആകെ തിരക്കാണ്. പക്ഷേ, ജോലിക്കു പോയാലെ വായ്പ തിരിച്ചടയ്ക്കാൻ പറ്റൂ. ലോണിനത്തിൽ തന്നെ മാസം 27,000 രൂപ അടയ്ക്കണം. വിഡിയോ വന്നതിനു ശേഷം പുറത്തിറങ്ങാൻ പറ്റുന്നില്ല. എല്ലാവരും ചോദിക്കുന്നത് എത്ര കിട്ടി എന്നാണ്? ശരിക്കും വിഷമിപ്പിക്കും ആ ചോദ്യം. സത്യം പറയാല്ലോ അഞ്ച് പൈസ കിട്ടിയിട്ടില്ല. ഞാനത് ആഗ്രഹിക്കുന്നുമില്ല. പക്ഷേ, എന്റെ സഹോദരങ്ങളുടെ പഠനം ആരെങ്കിലും ഏറ്റെടുത്താൽ അത് വളരെ ഉപകാരമായിരുന്നു. അഞ്ച് ലക്ഷം രൂപ ഇപ്പോൾ കടമുണ്ട്. വീട്ടിലെ കാര്യം നോക്കുന്നതുകൊണ്ട് സേവിങ്സൊന്നുമില്ല. അധ്വാനിച്ച് ജീവിക്കാമെന്ന ധൈര്യം മാത്രമുണ്ട്.

അനുജത്തി ചിത്ര ഡിഗ്രി കഴിഞ്ഞു. നഴ്സിങ് അവളുടെ സ്വപ്നമാണ്. എന്നെക്കൊണ്ട് എത്രത്തോളം അതിന് സാധിക്കുമെന്നറിയില്ല. അവളിപ്പോൾ അടുത്തൊരു റേഷൻ കടയിൽ തൽക്കാലത്തേക്ക് സഹായിക്കാൻ പോകുന്നുണ്ട്. അവളോട് കടയിലെത്തുന്ന ചേച്ചിമാർ ചോദിക്കുന്നത്, ഇനി ജോലിക്ക് വരണ്ടല്ലോ ചേച്ചിക്ക് എത്ര കിട്ടി എന്നാണ്. അവൾക്കിപ്പോൾ അവിടെയും പോകാൻ പറ്റുന്നില്ല. വിഡിയോ വൈറൽ ആയപ്പോൾ എന്റെ നമ്പർ കൊടുത്തിരുന്നില്ല. പെയിന്റിങ് ആശാന്റെ നമ്പറാണ് കൊടുത്തത്. ആശാനെ വിളിച്ച് ചിലർ സഹായിക്കാമെന്ന് പറയുന്നുണ്ടെന്നറിഞ്ഞു. പക്ഷേ, ആരാ എന്താ എന്നൊന്നും അറിയില്ല.

ഞാൻ പിഎസ്‌സി ക്ലാസിനു പോകുന്നുണ്ടായിരുന്നു. അവർക്ക് എന്റെ ബുദ്ധിമുട്ടുകളൊന്നും അറിയില്ലായിരുന്നു. അച്ഛൻ മരിച്ചതു മാത്രമേ അറിയുമായിരുന്നുള്ളൂ. ഇൗ വിഡിയോ കണ്ടിട്ട് അവർ പഠനത്തിൽ മുഴുവൻ സപ്പോർട്ട് ചെയ്യാമെന്ന് അറിയിച്ചിട്ടുണ്ട്. അത് മാത്രമാണ് ആകെ പോസിറ്റിവ് ആയി തോന്നിയത്. അനിയൻ നന്നായി പഠിക്കും. വീട്ടിൽ തന്നെ ഏറ്റവും നന്നായി പഠിക്കുന്നത് അവനാണ്. അവനിപ്പോൾ പോളിടെക്നിക്കിന് പഠിക്കുകയാണ്. ഞാൻ പണിക്കു പോകുന്നത് അവന് സങ്കടമാണ്. അവൻ ആൺകുട്ടിയല്ലേ, അവൻ പഠനം നിർത്തി പണിക്കു പോകാം എന്നാണു പറയുന്നത്. പക്ഷേ , അച്ഛനുണ്ടായിരുന്നെങ്കിൽ ഒന്നും അറിയണ്ടായിരുന്നു. ഞങ്ങളെ എല്ലാവരെയും നന്നായി പഠിപ്പിച്ചേനേ. അതോർക്കുമ്പോൾ അച്ഛന്റെ കടമ നിറവേറ്റണമെന്നാണ് ആഗ്രഹം. 

∙ പെയിന്റിങ് ജോലിക്ക് പോകുന്നതിനെ വീട്ടുകാർ പിന്തുണച്ചിരുന്നോ?

പടം വരയ്ക്കാൻ പോകുന്നുവെന്ന് പറഞ്ഞാണ് പോയത്. ജോലിക്കു പോയി രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് അമ്മ അറിയുന്നത് ഞാൻ പെയിന്റിങ് ജോലിക്കാണ് പോകുന്നതെന്ന്. ഭയങ്കര കരച്ചിലൊക്കെ ആയിരുന്നു. ഇനി പോകേണ്ട എന്നൊക്കെ പറഞ്ഞു. പക്ഷേ, അമ്മയെ കാര്യം പറഞ്ഞു മനസ്സിലാക്കി. 

∙ എങ്ങനെ കിട്ടി പ്രതിസന്ധികളെ നേരിടാനുള്ള ഈ മനക്കരുത്ത്?

പണ്ടേ ധൈര്യത്തോടെയാണ് അച്ഛനും അമ്മയും വളർത്തിയത്. മറ്റുള്ളവർ എന്ത് പറയും എന്നൊന്നും ചിന്തിക്കേണ്ട, ഞങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനൊക്കെ അവകാശം തന്നിരുന്നു. ജീൻസും ഷർട്ടുമെല്ലാം വാങ്ങിത്തരുമായിരുന്നു. എന്തിനാണ് പെൺകുട്ടികളെ ഇത്തരം വസ്ത്രം ഇടീപ്പിക്കുന്നതെന്ന് അവരോട് ആരെങ്കിലും ചോദിച്ചാൽ അത് ഞങ്ങളുടെ ഇഷ്ടം എന്നാണു പറയാറുള്ളത്. ദിവസവും ജിമ്മിൽ പോകും ഞാൻ. ജിമ്മിൽ ട്രെയിനർ ആവാനും ഇഷ്ടമാണ്. പെയിന്റിങ് ജോലി കഴിഞ്ഞ് രാത്രിയിൽ പിഎസ്‌സി ക്ലാസിനു പോകുന്നു. നൃത്ത പരിശീലനം മാത്രമാണ് ഇപ്പോൾ നിർത്തേണ്ടി വന്നത്. എനിക്ക് ഇത്രയേറെ പ്രാരാബ്ധങ്ങൾ ഒക്കെയുണ്ടെന്ന് എന്റെ കൂടെയുള്ളവർക്കോ സുഹൃത്തുക്കൾക്കോ ഒന്നും അറിയില്ലായിരുന്നു. ഇപ്പോഴാണ് അവർ വിവരങ്ങളെല്ലാം അറിയുന്നത്. ഞാൻ ആരോടും ഒന്നും പറയില്ല. എല്ലാം ഉള്ളിലൊതുക്കും. ആരും കാണാതെ ഒറ്റയ്ക്കിരുന്ന് കരയും. പക്ഷേ, പാറിപ്പറന്ന് നടക്കാനാണ് എനിക്കിഷ്ടം. 

വൈറൽ വിഡിയോക്കു പിന്നാലെ ഇന്റർവ്യൂവിനും മറ്റുമായി വിളിക്കുന്നവരോട് ചൈത്ര ഒരു കാര്യം കൂടി പറഞ്ഞിട്ടാണ് ഫോൺ വയ്ക്കാറുള്ളത്. പൊലീസ് യൂണിഫോമിട്ടു കഴിഞ്ഞ് നമുക്ക് ഒന്നുകൂടി ഇന്റർവ്യൂ ചെയ്യണമെന്ന്.

ചൈത്രയുടെ കുടുംബത്തെ സഹായിക്കാൻ താൽപര്യമുള്ളവർക്ക് ഈ നമ്പറിൽ ബന്ധപ്പെടാം 96052 35198 (ചൈത്രയുടെ അമ്മ യമുന)

English Summary: Special Interview With Painter girl Chaithra