ഗോത്രവിഭാഗത്തിലെ ആദ്യ മലയാളി എയര്‍ഹോസ്റ്റസ് പറയുന്നു;‘തൊലിവെളുപ്പല്ല, കഴിവാണു മുഖ്യം’
കണ്ണൂർ കാവുംകുടി ആദിവാസി കോളനിയിലെ ചെറിയ വീട്ടിലിരുന്ന് ഗോപിക കണ്ട സ്വപ്നം ആകാശം തൊടുന്നതായിരുന്നു. കുട്ടിക്കാലത്ത് മാനംകാണിക്കാതെ, മയിൽപീലിയെ പുസ്തകത്താളുകളില്‍ സൂക്ഷിച്ചിരുന്നതു പോലെ, ആ ആകാശ സ്വപ്നം അവൾ പ്രിയപ്പെട്ടവരെ പോലും അറിയിച്ചില്ല...women, airhostess, manorama news, manorama online, viral news, breaking news
കണ്ണൂർ കാവുംകുടി ആദിവാസി കോളനിയിലെ ചെറിയ വീട്ടിലിരുന്ന് ഗോപിക കണ്ട സ്വപ്നം ആകാശം തൊടുന്നതായിരുന്നു. കുട്ടിക്കാലത്ത് മാനംകാണിക്കാതെ, മയിൽപീലിയെ പുസ്തകത്താളുകളില്‍ സൂക്ഷിച്ചിരുന്നതു പോലെ, ആ ആകാശ സ്വപ്നം അവൾ പ്രിയപ്പെട്ടവരെ പോലും അറിയിച്ചില്ല...women, airhostess, manorama news, manorama online, viral news, breaking news
കണ്ണൂർ കാവുംകുടി ആദിവാസി കോളനിയിലെ ചെറിയ വീട്ടിലിരുന്ന് ഗോപിക കണ്ട സ്വപ്നം ആകാശം തൊടുന്നതായിരുന്നു. കുട്ടിക്കാലത്ത് മാനംകാണിക്കാതെ, മയിൽപീലിയെ പുസ്തകത്താളുകളില്‍ സൂക്ഷിച്ചിരുന്നതു പോലെ, ആ ആകാശ സ്വപ്നം അവൾ പ്രിയപ്പെട്ടവരെ പോലും അറിയിച്ചില്ല...women, airhostess, manorama news, manorama online, viral news, breaking news
കണ്ണൂർ കാവുംകുടി ആദിവാസി കോളനിയിലെ ചെറിയ വീട്ടിലിരുന്ന് ഗോപിക കണ്ട സ്വപ്നം ആകാശം തൊടുന്നതായിരുന്നു. കുട്ടിക്കാലത്ത് മാനംകാണിക്കാതെ, മയിൽപീലിയെ പുസ്തകത്താളുകളില്‍ സൂക്ഷിച്ചിരുന്നതു പോലെ, ആ ആകാശ സ്വപ്നം അവൾ പ്രിയപ്പെട്ടവരെ പോലും അറിയിച്ചില്ല. മേഘക്കീറുകൾക്കിടയിലൂടെ പറന്നുപോകുന്ന വിമാനത്തിന്റെ ശബ്ദം കേട്ടാൽ അവൾ പോലും അറിയാതെ കാലുകൾ മുറ്റത്തേക്കു ചലിക്കും. ഉയർന്നും ചിലപ്പോഴൊക്കെ താഴ്ന്നും പറന്നു പോകുന്ന വിമാനങ്ങൾ കാണുമ്പോൾ കണ്ണുകള്‍ കൗതുകംകൊണ്ട് വിടരും. വിമാനത്തിലെ സുന്ദരികളായ ആതിഥേയകളെക്കുറിച്ചു കേട്ട നിമിഷം മുതൽ അവരിലൊരാളാകണമെന്നായി മോഹം. അവരെങ്ങനെയായിരിക്കും? എന്തായിരിക്കും വേഷം? അവരിലൊരാളാകാൻ എന്തുചെയ്യണം? എന്നിങ്ങനെയുള്ള നൂറുകൂട്ടം ചോദ്യങ്ങളെ മനസ്സിലിട്ടു താലോലിച്ചു. ആ കൗമാരക്കാരിയുടെ സ്വപ്നം ഇപ്പോൾ യാഥാര്‍ഥ്യമാകുകയാണ്. തനിക്കൊപ്പം വളർന്ന ആകാശ സ്വപ്നങ്ങളിലേക്കുള്ള ഈ പെണ്‍കുട്ടിയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. കൂലിപ്പണിക്കാരായ ഗോവിന്ദന്റെയും വിജിയുടെയും മകൾക്ക് സാമ്പത്തികം വലിയ പ്രശ്നമായിരുന്നു. പക്ഷേ അതിനെയെല്ലാം മറികടന്ന് ഇപ്പോൾ എയർ ഇന്ത്യ എക്സ്പ്രസിലെ ഗോത്രവർഗക്കാരിയായ ആദ്യ മലയാളി എയര്‍ഹോസ്റ്റസായിരിക്കുകയാണ് ഗോപിക ഗോവിന്ദൻ. സ്വപ്നം യാഥാർഥ്യമാകുമ്പോൾ, പിന്നിട്ട വഴികളെ കുറിച്ച് ‘മനോരമ ഓൺലൈനി’നോടു മനസ്സു തുറക്കുകയാണ് ഗോപിക.
∙ എയർ ഹോസ്റ്റസ് എന്ന ജോലി തിരഞ്ഞെടുക്കാൻ കാരണം എന്താണ് ?
എട്ടാംക്ലാസിൽ പഠിക്കുമ്പോഴാണ് ഈ സ്വപ്നം മനസ്സിൽ കയറുന്നത്. വിമാനം കാണുമ്പോഴൊക്കെ ഞാന്‍ കൗതുകത്തോടെ നോക്കി നിൽക്കുമായിരുന്നു. അത് എന്നെ എപ്പോഴും അദ്ഭുതപ്പെടുത്തി. ഇന്നും ആ കൗതുകം ഒട്ടും ചോർന്നു പോയിട്ടില്ല. പക്ഷേ, വിമാനത്തെക്കുറിച്ച് ഒന്നും എനിക്ക് അറിയില്ലായിരുന്നു. പിന്നീട് ഓരോ ഭാഗത്തെക്കുറിച്ചും കൂടുതൽ അറിയാനുള്ള ആഗ്രഹം തോന്നി. അതേപ്പറ്റി കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. ഒരു എയർക്രാഫ്റ്റിലും എയർപോർട്ടിലും നടക്കുന്ന കാര്യങ്ങളെ കുറിച്ച് ഞാൻ കേട്ടറിഞ്ഞു. പിന്നീട് ആഴത്തിൽ അറിയാനും പഠിക്കാനുമുള്ള ശ്രമങ്ങൾ നടത്തി.
വിമാനം കാണുന്നു എന്നതിനപ്പുറം എന്നെ ഈ ജോലിയിലേക്ക് ആകർഷിച്ചത് അവരുടെ ഒരു യൂണിഫോം ആയിരുന്നു. ഏത് എയർലൈൻസിന്റേതാണെന്ന് ഓർമയില്ല, ഇപ്പോൾ മലേഷ്യൻ എയർലൈന്‍സിന്റേതിനു സമാനമായ ഒരു യൂണിഫോം ആയിരുന്നു അത്. കാണാൻ നല്ല ഭംഗിയാണല്ലോ എന്നു തോന്നി. എനിക്കൊപ്പം എന്റെ ഇഷ്ടവും വളർന്നു. പ്ലസ്ടു കഴിയുന്നതു വരെ എന്റെ സ്വപ്നത്തെ കുറിച്ച് ആരോടും ഞാൻ പറഞ്ഞിരുന്നില്ല. പ്ലസ്ടു കഴിയുമ്പോൾ മറ്റുള്ളവരെപ്പോലെ ഏതെങ്കിലും പ്രഫഷനൽ കോഴ്സ് പഠിക്കുമെന്നു തന്നെയായിരുന്നു കരുതിയിരുന്നത്. പക്ഷേ, അതൊന്നും എന്നെ ആകർഷിച്ചില്ല.
∙ എയർ ഹോസ്റ്റസുമാരെ ഇഷ്ടപ്പെടാൻ കാരണം..?
ഞാന്‍ ഈ മേഖലയെ കുറിച്ച് അന്വേഷിച്ചു. എന്നെപ്പോലുള്ള ഒരു സാധാരണ പെണ്‍കുട്ടിക്ക് സാധിക്കുന്ന കാര്യമാണെന്നു തോന്നിയില്ല. അൽപം കൂടി സാമ്പത്തിക ഭദ്രതയൊക്കെയുള്ളവര്‍ക്കേ സാധിക്കൂ എന്നാണു കരുതിയത്. കാരണം ഞാൻ അന്വേഷിച്ച സ്ഥലങ്ങളിലെല്ലാം എനിക്കു താങ്ങാൻ കഴിയുന്നതിലും കൂടുതല്‍ ഫീസാണ് കോഴ്സിനു പറഞ്ഞിരുന്നത്. ആ സമയത്ത് ഇത് എനിക്ക് പറഞ്ഞിട്ടുള്ള പ്രഫഷനല്ലെന്നു കരുതി സ്വപ്നം തൽക്കാലത്തേക്കു പാതിവഴിയിൽ ഉപേക്ഷിച്ചു. അങ്ങനെ എല്ലാവരെയും പോലെ ഡിഗ്രിക്ക് ചേർന്നു. ഡിഗ്രി കഴിഞ്ഞ് രണ്ടു വർഷം വെറുതെയിരുന്നു. ആ സമയത്ത് ചെറിയ ജോലിക്കു പോയി. വേറെ പ്രഫഷൻ നോക്കാമെന്നു കരുതി. ആ സമയത്ത് ഒരു ബന്ധുവിന്റെ വെള്ളയും ചുവപ്പുമുള്ള ഡ്രസ് കണ്ടപ്പോഴാണ് എന്റെ മനസ്സിലേക്ക് വീണ്ടും ആ പഴയ മോഹം വരുന്നത്. ഞാൻ ചേച്ചിയോടു പറഞ്ഞു: ‘ഈ നിറത്തിലുള്ള യൂണിഫോമുള്ള എയർ ഹോസ്റ്റസുമാരുണ്ട്. നല്ല ഭംഗിയാണ്. എനിക്ക് ഭയങ്കര ഇഷ്ടമാണ്.’ അപ്പോൾ ചേച്ചി എന്നോട്, നിനക്ക് ശ്രമിച്ചൂടെ എന്നു ചോദിച്ചു. ഞാൻ ശ്രമിച്ചതാണെന്നും നിലവിലെ അവസ്ഥയിൽ സാധിക്കില്ലെന്നും പറഞ്ഞു. എന്നിട്ട് ഞാൻ ചേച്ചിയുടെ ഡ്രസിട്ടു നോക്കി. ഇപ്പോൾ കണ്ടാൽ എയർഹോസ്റ്റസിനെ പോലെയുണ്ടെന്ന് ചേച്ചി പറഞ്ഞു. ഇങ്ങനെയെങ്കിലും കണ്ടാൽ തോന്നുന്നുണ്ടല്ലോ എന്നോർത്ത് അപ്പോഴും ഞാൻ ആശ്വസിക്കുകയാണ് ചെയ്തത്.
∙ ഏവിയേഷൻ കോഴ്സിന് ചേരുന്നതിന് വെല്ലുവിളികൾ ഉണ്ടായിരുന്നോ?
ചേച്ചിയോട് എന്റെ സ്വപ്നത്തെ കുറിച്ചു പറഞ്ഞ് രണ്ടാഴ്ചയ്ക്കകം തികച്ചും അപ്രതീക്ഷിതമായ ഒരു സംഭവമുണ്ടായി. സര്‍ക്കാർ തലത്തില്‍ ഏവിയേഷൻ കോഴ്സ് പഠിപ്പിക്കുന്നു എന്ന് ഞാൻ അറിഞ്ഞു. ഒരു വർഷത്തെ ഡിപ്ലോമ കോഴ്സാണ്. സർക്കാർ ചെലവിലാണ് കോഴ്സ്. വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരില്ലെന്നും മനസ്സിലായി. അത് ഗ്രൗണ്ട് സ്റ്റാഫിനായുള്ള കോഴ്സായിരുന്നു. എന്തായാലും കുഴപ്പമില്ല, ഒരു വഴി തുറന്നു കിട്ടിയാൽ ബാക്കി മുന്നോട്ടു പോകാമെന്ന ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. കോഴ്സിനിടയ്ക്കു തന്നെ എയർഹോസ്റ്റസ് ട്രെയ്നിങ്ങിനായുള്ള ഇന്റർവ്യൂവിൽ പങ്കെടുത്തു. അതുകിട്ടി. ഇപ്പോൾ മുംബൈയിൽ ട്രെയിനിങ് പുരോഗമിക്കുകയാണ്.
തികച്ചും സാധാരണക്കാരായ മനുഷ്യരാണ് എനിക്കു ചുറ്റിലും ഉണ്ടായിരുന്നത്. ഞാൻ ഇങ്ങനെയൊരു കോഴ്സ് പഠിക്കാൻ പോകുന്നു എന്നു പറഞ്ഞാൽ അവർക്ക് മനസ്സിലാകണമെന്നില്ല. ചുറ്റിലുമുള്ളവരെ പറഞ്ഞു ബോധ്യപ്പെടുത്തുക എന്നത് ശ്രമകരമായിരുന്നു. എന്റെ രക്ഷിതാക്കളോടു പോലും എന്താണു ഞാൻ ചെയ്യാൻ പോകുന്നതെന്ന് ആദ്യം പറഞ്ഞിരുന്നില്ല. അതിന്റെ പ്രധാന കാരണം സാമ്പത്തികം തന്നെയായിരുന്നു. മറ്റൊരു കാര്യം, ആളുകൾ ‘നിന്നെക്കൊണ്ട് ഇതിനു കഴിയുമോ’ എന്നൊക്കെ ചോദിക്കും. അത്തരം ചോദ്യങ്ങളെയൊന്നും നേരിടാനെനിക്ക് താത്പര്യമുണ്ടായിരുന്നില്ല. ഞാൻ സ്വയം എന്നെ ഇതിലേക്ക് നയിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ഇങ്ങോട്ട് എത്താൻ കുറച്ചധികം സമയം എടുത്തിട്ടുണ്ട്.
∙ ഗോപികയുടെ സ്വപ്നത്തെ മാതാപിതാക്കൾ എങ്ങനെയാണ് കണ്ടത്, എതിർപ്പുണ്ടായിരുന്നോ ?
എന്റെ അച്ഛനും അമ്മയും സാധാരണക്കാരാണ്. ഇപ്പോഴും അമ്മയ്ക്കും അച്ഛനും എന്റെ ജോലിയെ സംബന്ധിച്ച് വ്യക്തമായ ധാരണ ഇല്ല. വയനാട്ടിൽ ഏവിയേഷൻ കോഴ്സ് പഠിക്കാൻ പോകുമ്പോഴാണ് അച്ഛനോടും അമ്മയോടും പറഞ്ഞത്. യാതൊരു തരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാകില്ല എന്ന് അച്ഛന് ഉറപ്പു കൊടുത്തു. ഇത് സർക്കാരിന്റെ സഹായത്തോടെ നടക്കുന്ന കോഴ്സാണ്. അതുകൊണ്ടു തന്നെ സ്റ്റഡി മെറ്റീരിയൽസും താമസവും ഭക്ഷണവുമെല്ലാം സൗജന്യമാണ്. നൂറുശതമാനവും ജോലി ഉറപ്പുണ്ടെന്നും പറഞ്ഞു.
ഏവിയേഷൻ കോഴ്സാണ് പഠിക്കാൻ പോകുന്നതെന്നു പറഞ്ഞപ്പോൾ ഗ്രൗണ്ട് സ്റ്റാഫ് ആകില്ലേ എന്നായിരുന്നു അവരുടെ ആദ്യ ചോദ്യം. കാരണം കാബിന്‍ ക്രൂ ആകുന്നതില്‍ അച്ഛനും അമ്മയ്ക്കും അധികം താത്പര്യം ഉണ്ടായിരുന്നില്ല. ആകാശത്തെ ജോലിയാണെന്നു പറയുമ്പോൾ അവർക്ക് ആദ്യം ഭയമായിരുന്നു. അതുകൊണ്ടു തന്നെ ഓൺബോർഡ് പോകുന്നതിനെ കുറിച്ചൊന്നും എല്ലാ കാര്യങ്ങളും ഞാൻ അവരോട് പറയാറില്ല. പക്ഷേ, ഇതിൽ പ്രത്യേകിച്ച് പേടിക്കാനൊന്നും ഇല്ലെന്ന് ഞാൻ അവരെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കാറുണ്ട്. അച്ഛൻ എപ്പോഴും ജോലിയെ സംബന്ധിച്ച് സംശയങ്ങൾ ചോദിക്കും. എവിടെയാണ്, എങ്ങനെയാണ്, എന്താണ് എന്നിങ്ങനെ ഓരോ ചെറിയ കാര്യവും അച്ഛൻ അന്വേഷിക്കും. അതുകൊണ്ട് ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കും.
ഗ്രൗണ്ട്സ്റ്റാഫാകാനാണ് പഠിക്കുന്നതെന്നാണ് അച്ഛനോടും അമ്മയോടും ആദ്യം പറഞ്ഞത്. കോഴ്സ് തുടങ്ങുമ്പോൾത്തന്നെ എന്റെ ഡയറക്ടറോട് എനിക്ക് കാബിന്‍ ക്രൂവാണ് താൽപര്യമെന്ന് പറഞ്ഞിരുന്നു. അദ്ദേഹം പൂർണ പിന്തുണയാണ് നൽകിയത്. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു. പക്ഷേ, ഇത്രയും വേഗം ഇങ്ങനെയൊരു അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ല. ആദ്യം ഗ്രൗണ്ട് സ്റ്റാഫായിരുന്നതിനു ശേഷം പിന്നീട് ഇന്റർവ്യൂവിൽ പങ്കെടുക്കാമെന്നാണ് കരുതിയിരുന്നത്. എന്നാൽ ഇപ്പോൾ നേരിട്ട് ഇന്റർവ്യൂവിൽ പങ്കെടുത്തപ്പോൾ സിലക്‌ഷൻ കിട്ടി.
കണ്ണൂര്‍ ഇന്റർനാഷനൽ എയർപോർട്ട് വന്നപ്പോൾ ഞങ്ങളുടെ സ്ഥലം വഴി ഫ്ലൈറ്റുകൾ കൂടുതലാണ്. ചിലത് താഴ്ന്ന് പറക്കും. ചിലത് ഉയരത്തിൽ പറക്കും. അങ്ങനെ വലുപ്പത്തിന്റെ വ്യത്യാസം എപ്പോഴും കാണാമായിരുന്നു. അച്ഛനും അമ്മയും കൂടുതലും ഫ്ലൈറ്റൊക്കെ കണ്ടത് എന്റെ വട്ടുകൊണ്ടാണ്. ഒരു ഫ്ലൈറ്റ് പറന്നു പോകുമ്പോൾ ഞാൻ വീട്ടിൽനിന്നു പുറത്തേക്കോടും. എന്നിട്ട് ‘അമ്മാ... ഓടി വാ... ഫ്ലൈറ്റ് കാണാം’ എന്ന് വിളിച്ചു പറയും. ‘ഇത്രയും വയസ്സായിട്ടും നിനക്കിങ്ങനെ നോക്കാൻ നാണമില്ലേ’ എന്ന് അമ്മ ചോദിക്കും. മുംബൈയിലേക്ക് ട്രെയിനിങ്ങിനായി പോകുമ്പോൾ പോലും ഫ്ലൈറ്റിനാണോ എന്നു ചോദിച്ച് അവർക്ക് പേടിയായിരുന്നു.
∙ എങ്ങനെയാണ് എയർ ഹോസ്റ്റസ് ജോലിക്കായി തയ്യാറെടുപ്പു നടത്തിയത് ?
ഗോത്ര വിഭാഗത്തിൽ നിന്നാണ് ഞാൻ വരുന്നത്. നമ്മള്‍ എവിടെ ജനിച്ചു എന്നതൊന്നും സ്വപ്നങ്ങൾക്ക് തടസ്സമാകില്ല എന്നതിന് ഏറ്റവും നല്ല ഉദാഹരണം ഞാൻ തന്നെയാണ്. മനസ്സു വച്ചാൽ എല്ലാ പ്രതിസന്ധികളെയും മറികടന്ന് നമുക്ക് പുറത്തുവരാൻ സാധിക്കും. ലോകം മാറിയിരിക്കുന്നു. ടെക്നോളജി ഒരുപാട് മുന്നിലേക്ക് സഞ്ചരിച്ചു. എല്ലാ വിവരങ്ങളും വിരല്‍തുമ്പിലുണ്ട്. പരിശ്രമിക്കാതിരിക്കുമ്പോഴാണ് നമ്മൾ ഒന്നും അറിയാതെ പോകുന്നത്. പരിശ്രമിച്ചാൽ എല്ലാക്കാര്യങ്ങളെ കുറിച്ചും നമുക്ക് അറിയാൻ സാധിക്കും. മുൻപത്തേതിൽനിന്നു ജീവിത സാഹചര്യങ്ങൾക്ക് ഒരുപാട് മാറ്റം സംഭവിച്ചിട്ടുണ്ട്. എനിക്കു ചുറ്റിലുള്ളവരെല്ലാം സ്മാർട് ഫോണൊക്കെ ഉപയോഗിക്കാൻ അറിയുന്നവരാണ്. എല്ലാവരും മറ്റു പല മേഖലകളിലേക്കും പോകുന്നവരാണ്. പക്ഷേ ഇങ്ങനെയൊരു മേഖലയെ കുറിച്ചും അതിന്റെ ജോലി സാധ്യതയെ കുറിച്ചും ചിന്തിക്കുന്നവർ ഇല്ലെന്നു തന്നെ പറയേണ്ടി വരും.
കാബിൻ ക്രൂ എന്നതു പോലെത്തന്നെ പൈലറ്റാകുന്നതും എനിക്കു വലിയ ഇഷ്ടമായിരുന്നു. അവരുടെ യൂണിഫോമിനോടെല്ലാം ഇഷ്ടമായിരുന്നു. അത്തരം സിനിമകളും ഫോട്ടോകളും വിഡിയോകളും എല്ലാം എന്നെ ഈ മേഖലയിലേക്ക് കൂടുതൽ ആകർഷിച്ചു. യുട്യൂബിലും മറ്റും ഞാൻ കൂടുതൽ കണ്ടിരുന്നതും ഇത്തരം വിഡിയോകൾ തന്നെയായിരുന്നു. ആ ഇഷ്ടമാണ് എന്നെ ഇവിടെ വരെ എത്തിച്ചതെന്നാണ് എനിക്കു തോന്നുന്നത്. ഈ പ്രഫഷനിൽ ജോലി ചെയ്യുന്ന ആരെയും എനിക്കറിയില്ലായിരുന്നു. ഫോളോ ചെയ്യാനോ ഇതേക്കുറിച്ചു പറഞ്ഞു തരാനോ ആരും ഉണ്ടായിരുന്നില്ല.
∙ ഈ ജോലി തിരഞ്ഞെടുത്തതിൽ എതിർപ്പ് വന്നിരുന്നോ?
തൊലിവെളുപ്പാണ് നമ്മുടെ പൊതുവെയുള്ള സൗന്ദര്യ സങ്കൽപം. വ്യക്തിത്വവും കാഴ്ചപ്പാടും വച്ച് ആളുകളെ വിലയിരുത്താൻ നമ്മൾ ഇതുവരെ പഠിച്ചിട്ടില്ല. പുറമെയുള്ള രൂപഭംഗി നോക്കിയാണ് ഇപ്പോഴും ആളുകളെ വിലയിരുത്തുന്നത്. ഏവിയേഷൻ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. നിരവധി രാജ്യാന്തര വിമാന സർവീസുകൾ അതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ആഫ്രിക്ക പോലെയുള്ള രാജ്യങ്ങളിൽ ഭൂരിഭാഗവും കറുത്ത വർഗക്കാരാണ്. അവിടെ നിന്നുള്ളവരെല്ലാം കാബിൻ ക്രൂ ആയി വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മാത്രമല്ല, അവർക്കു ചേരുന്ന മേക്കപ്പും കോസ്മെറ്റിക്സും ഉപയോഗിക്കുകയും ചെയ്യുന്നു.
മുഖസൗന്ദര്യമോ ശരീര സൗന്ദര്യമോ നോക്കി മാത്രമല്ല, കഴിവും ആശയവിനിമയശേഷിയും നോക്കിയാണ് ഇപ്പോൾ ആളുകളെ തിരഞ്ഞെടുക്കുന്നത്. കാബിൻ ക്രൂ എന്നു പറയുമ്പോൾ പൊതുവേ മോശം ചിന്ത ആളുകളിലുണ്ട്. ഞാൻ പലപ്പോഴും അതു കേട്ടിട്ടുണ്ട്. പക്ഷേ, ഇത്തരം നെഗറ്റിവ് അഭിപ്രായങ്ങൾക്കു ഞാൻ ചെവികൊടുക്കാറില്ല. ഒരുപക്ഷേ, ഈ പ്രഫഷനെ കുറിച്ച് അവർക്ക് വ്യക്തമായി അറിയാത്തതിനാലായിരിക്കും അത്തരം അഭിപ്രായങ്ങളെല്ലാം പറയുന്നത്. ഇന്നത്തെ തലമുറ അങ്ങനെയാണെന്ന് എനിക്കു തോന്നുന്നില്ല.
∙ വ്യത്യസ്തമായ വഴി സ്വീകരിക്കാൻ പ്രചോദനം ലഭിച്ചത് എവിടെ നിന്നാണ്?
അച്ഛൻ തന്നെയായിരുന്നു ഏറ്റവും പ്രചോദനം നൽകിയ വ്യക്തി. നേടാന്‍ കഴിയില്ലെന്നു കരുതുന്നതെല്ലാം അല്‍പം കൂടി ശ്രമിച്ചാൽ എനിക്ക് നേടിയെടുക്കാൻ സാധിക്കുമെന്ന ചിന്ത എന്നിൽ വളർത്തിയത് അച്ഛൻ തന്നെയായിരുന്നു. ആരും എന്നെ തളർത്തിയിട്ടില്ല. നാട്ടുകാരുടെ അഭിപ്രായവും അങ്ങനെയായിരുന്നു. എല്ലാം എനിക്ക് പെട്ടെന്ന് മനസ്സിലാകുകയും ഞാൻ പഠിച്ചെടുക്കുകയും ചെയ്യും. പുസ്തകം മാത്രം പഠിക്കുന്നതിലല്ല കാര്യമെന്ന് വളർന്നപ്പോൾ എനിക്കു ബോധ്യപ്പെട്ടു. എല്ലാ കാര്യങ്ങളെ കുറിച്ചും അടിസ്ഥാനപരമായ അറിവുണ്ടായിരിക്കണം. പാഠപുസ്തകം മാത്രം പഠിച്ചാൽ അത്തരം അറിവുകൾ നമുക്ക് ലഭിക്കില്ല. ചുറ്റുപാടുകളിൽനിന്നു ലോകത്തെ അറിയാൻ കഴിയണം. അങ്ങനെ എനിക്കെന്തെങ്കിലും വ്യത്യസ്തമായി ചെയ്യണമെന്ന ആഗ്രഹമുണ്ടായി.
ജീവിതത്തിൽ വിജയിച്ചവരായി നമുക്കു തോന്നുന്ന പലരെയും കാണുമ്പോൾ അവരെ പോലെയാകാൻ സാധിച്ചിരുന്നെങ്കിൽ എന്നു ഞാൻ കരുതിയിരുന്നു. എല്ലാവരും ബഹുമാനിക്കുന്ന ഒരാളെപ്പോലെ കണ്ണാടിയുടെ മുന്നിൽ നിന്ന് സ്വയം അഭിനയിക്കും. അങ്ങനെ ഞാൻ എന്നെ സ്വയം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒരു ഔട്ട്‌ലൈൻ പ്രോത്സാഹനമല്ലാതെ, ‘നീ ഇതു ചെയ്യണം’ എന്നു പറയാൻ ആരും ഉണ്ടായിരുന്നില്ല. എയർ ഇന്ത്യ എക്സ്പ്രസിന്റെ പരിശീലനത്തിന് അവസരം ലഭിച്ചപ്പോൾ എന്റെ ചേച്ചി, ഇപ്പോൾ കിട്ടിയ അവസരം പാഴാക്കരുതെന്ന് എന്നോട് പറഞ്ഞു. അങ്ങനെ എന്റെ സ്വപ്നത്തിനു പിന്നാലെ ഞാൻ സഞ്ചരിക്കുകയായിരുന്നു. അടുത്ത മാസത്തോടെ പരിശീലനം പൂർത്തിയാകും.
English Summary: Ability More Important Than Skin Colour, Says First Tribal Air hostess