മറന്നു കളഞ്ഞു ഞാന്‍ അതെല്ലാം...

അൻസിബ

സംസാരിച്ചു തുടങ്ങിയാൽ അൻസിബ ഒരു പക്കാ കോഴിക്കോടൻ പെണ്‍കുട്ടിയാണ്. ഒരൽപ്പം റൊമാന്റിക് ആയ, ചോറും സാമ്പാറും ഇഷ്ടം പോലെ കഴിക്കുന്ന, മൈലാഞ്ചിക്കല്യാണവും നിക്കാഹും സ്വപ്നം കാണുന്ന, നടന്‍ സൂര്യയെപ്പോലൊരു ചെക്കനെ കിട്ടണേ എന്നു പ്രാർത്ഥിക്കുന്ന സാധാരണ പെൺകുട്ടി. പക്ഷേ, സിനിമയിലെ അന്‍സിബ ഇപ്പോൾ പഴയതുപോലെയല്ല. ഓരോ തീരുമാനത്തിനും മുമ്പ് പലവട്ടം ആലോചിക്കുന്നു. പുതിയ ചുവടുവയ്ക്കും മുമ്പ് എല്ലാ വശവും പഠിക്കുന്നു. സിനിമ തന്നെയാണ് ഈ പെണ്‍കുട്ടിയെ ഇങ്ങനെയൊക്കെ പാകപ്പെടുത്തിയതും.

ദ‌ൃശ്യത്തിൽ മോഹൻലാലിന്റെ മകളായ ശേഷം അൻസിബ വീണ്ടുമെത്തുന്നത് ഒരു വര്‍‌ഷത്തെ ഇടവേളയ്ക്കു ശേഷമാണ്. ഷീ ടാക്സിയിലെ നാലു പെണ്‍കുട്ടികളിൽ ഒരാളായി....

ദൃശ്യത്തിനു ശേഷം മലയാള സിനിമകളില്‍ അൻസിബ എന്ന നടി നിറഞ്ഞു നില്‍ക്കും എന്നു കരുതി...

ഞാനും അ‌ങ്ങനെ സ്വപ്നം കണ്ടിരുന്നു. പക്ഷേ, ഒട്ടും പ്രതീക്ഷിക്കാത്ത ചില കാര്യങ്ങളാണ് സംഭവിച്ചത്. ‌ദൃശ്യം ഇറങ്ങും മുമ്പ് മാധ്യമങ്ങളിലെ ഇന്റർവ്യൂ കണ്ട് പലരും അൻസിബയെ ഇന്റർനെറ്റിൽ സെർച്ച് ചെയ്തു. അന്വേഷിച്ചവരൊക്കെ കണ്ടത് ഒരു തമിഴ് സിനിമയുടെ ഫോട്ടോ ഷൂട്ടിന്റെ പടങ്ങളാണ്. 'ഓർഫനേജിലെ കുട്ടിയുടെ ക്യാരക്ടറാ' ണെന്നു പറഞ്ഞാണ് ആ ചിത്രത്തിലേക്കു വിളിച്ചത്. ഫോട്ടോഷൂട്ടിന് റെഡിയായിരിക്കണം എന്ന് എഗ്രിമെന്റിൽ എഴുതിയിരുന്നു. സിനിമയിൽ പോസ്റ്ററിനും പ്രമോഷനും വേണ്ടി മാത്രം ഫോട്ടോഷൂട്ട് നടത്താറുണ്ടെന്നു എനിക്കറിയില്ലായിരുന്നു. അതിനുവേണ്ടി മത്രം ചില ര‌ംഗങ്ങൾ ക്രിയേറ്റ് ചെയ്യും. ആ രംഗങ്ങളൊന്നും സിനിമയിൽ ഉണ്ടാവണമെന്നില്ല. സിനിമയ്ക്ക് ആളു കയറാന്‍ വേണ്ടിയുള്ള ട്രിക്കാണത്.

ഫോട്ടോഷൂട്ടിന് പോയപ്പോൾ അവർ മിനി സ്കർട്ട് തന്നു. അതു കണ്ട് ‌ഞാൻ കരയാൻ തുടങ്ങി. പക്ഷേ, എഗ്രിമെന്റിൽ പറഞ്ഞതാണല്ലോ, സമ്മതമല്ലെങ്കിൽ നഷ്ടപരിഹാരം തരണമെന്നായി. ഒടുവിൽ സ്കർട്ടിനടിയില്‍ കാൽപ്പാദം വരെയുള്ള സ്കിൻസ് ഇടാൻ സമ്മതിച്ചു. ഫോട്ടോഷൂട്ടിന് നിന്നെങ്കിലും ആ പടത്തിൽ പിന്നെ ഞാൻ അഭിനയിച്ചില്ല ദ‌ൃശ്യം ഇറങ്ങിയപ്പോൾ ആരോ ആ ചിത്രങ്ങൾ ഇന്റർനെറ്റിൽ നൽകി. വീട്ടിലെല്ലാവർക്കും വലിയ വിഷമമായി. എനിക്കു ടെൻഷൻ കൊണ്ട് ഭ്രാന്തു പിടിക്കുമെന്ന അവസ്ഥയായി.

അൻസിബ പ്രതികരിച്ചില്ലേ ?

പരാതി കൊടുക്കാന്‍ പലരും പറഞ്ഞു. പരാതിയും ബഹളവുമായാൽ പ്രശ്നം കൂടുതൽ ശ്രദ്ധിക്കപ്പെടുകയല്ലേ ഉള്ളൂ. ഇപ്പോൾ കുറച്ചു പേരേ കണ്ടുള്ളൂ. ഇനി കാണാത്തവര്‍ക്കു കൂടി ഞാന്‍ തന്നെ കാണിച്ചു കൊടുക്കേണ്ടല്ലോ എന്നു കരുതി മനപ്പൂർവം മറന്നു കളയുകയായിരുന്നു. അക്കാര്യം സംസാരിക്കാന്‍ പോലും എനിക്കിഷ്ടമല്ല. അതോർത്ത് എത്രയോ രാത്രികളിൽ ഉറക്കമില്ലാതെ ഞാൻ കരഞ്ഞിട്ടുണ്ട്.

ആ സംഭവത്തിനു ‌ശേഷം ഏതു സെറ്റിൽ ചെന്നാലും തുറന്നു പറയാൻ പഠിച്ചു. 'പരംജ്യോതി 'എന്ന പുതിയ തമിഴ് ചിത്രത്തിൽ ദാവണിയുടുത്ത‌ാണ് അഭിനയിച്ചിരിക്കുന്നത്. പക്ഷേ, കള്ളുകുടിച്ച‌‌‌് പാടുന്നൊരു റെയിൻ സോംങ് സീനുണ്ട് ഈ പടത്തിൽ . ല‌ഹരി മൂത്ത് ആടിക്കുഴഞ്ഞ് അഭിനയിക്കണം. എന്റേതായ രീതിയിൽ വള്‍ഗറാകാതെ മാത്രമേ ചെയ്യൂ എന്നു ഞാന്‍ ഉറപ്പിച്ചു പറഞ്ഞു.

ദൃശ്യത്തിനു ശേഷം ഒരു മലയാള സിനിമ ചെയ്യാൻ ഇത്ര വൈകിയത്?

പിന്ന‌ീട് വന്നതെല്ലാം അച്ഛൻ-മകൾ കഥകളായിരുന്നു. സ്കൂൾ കുട്ടി ഇമേജ് വിട്ട് ഒരു പ്രൊമോഷൻ വേണമെന്നു തോന്നി. ഷീ ടാക്സിയിൽ വ്യത്യസ്തമായ ക്യാരക്ടറാണ്. കാവ്യ ചേച്ചി ഓടിക്കുന്ന ടാക്സിയിലെ യാത്രക്കാരില്‍ ഒരാളാണ് ഞാൻ. അനൂപേട്ടൻ, സുരാജേട്ടൻ തുടങ്ങി എല്ലാവരുടെയും കൂടെ ഫുള്‍ ലെങ്ത് കഥാപാത്രം. 'ഉത്തരച്ചെമ്മീൻ ' എന്ന സിനിമയാണ് അടുത്തത്. അർത്തുങ്കൽ കടപ്പുറത്തായിരുന്നു ഷൂട്ട്. അവിടുത്തെ ആളുകളോട് സംസാരിച്ചാണ് 'കടാപ്പുറം' ഭ‌ാഷ പഠിച്ചത്. വീട്ടിലെത്തിയിട്ടും എന്റെ സംസാരം മാറാൻ ഒരാഴ്ചയെടുത്തു. ഏറ്റവും എക്സൈറ്റിങ് ആയ കാര്യം ഈ രണ്ടു പടത്തിലും ഞാന്‍ തന്നെയാണ് ശബ്ദം കൊടുത്തിരിക്കുന്നതെന്നാണ്.

പ്ലസ്ടുക്കാരിയുടെ റോൾ ചെയ്തിട്ടും അൻസിബയ്ക്ക് ഹോട്ട് ഇമേജ് ഉണ്ടല്ലോ ?

ഫേസ് ബുക്കിലിടുന്ന ചിത്രങ്ങളിൽ ഫുൾസ്ലീവ് ചുരിദാറിട്ടു നിന്നാലും ഹോട്ട് എന്നാണ് ആളുകൾ കമന്റ് ഇടാറ്. നാടൻ ക്യാരക്ടറുകളാണ് ഞാൻ ചെയ്തതിലേറെയും. പക്ഷേ, എന്റെ കണ്ണുകൾക്ക് ഒരു മയക്കം ഉണ്ട്. പഴയ നടി സ്മിതയുടെ പോലെ എന്ന് പഠിക്കുന്ന കാലത്ത് പലരും പറയുമായിരുന്നു. ധരിക്കുന്ന വസ്ത്രങ്ങൾ പോലും ഹോട്ട് എന്നു വിളിക്കും വ‌ിധം ആകുന്നത് ആഗ്രഹിക്കുന്ന ആളല്ല ഞാൻ. ജീൻസും ടോപ്പുമൊക്കയാണ് എന്റെ ഫാഷന്റെ അങ്ങേയറ്റം.

ചെറുപ്പത്തിൽ‌ ആരാകണമെന്നായിരുന്നു ആഗ്രഹം ?

അൻസിബ

ഞാന്‍ നടിയാകണമെന്ന് എന്നേക്കാൾ ആഗ്രഹം ഉമ്മ റസിയയ്ക്കായിരുന്നു. ഞാനും ഉമ്മയും തമ്മിൽ പതിനാറോ പതിനേഴോ വയസ്സിന്റെ വ്യത്യസമേ ഉള്ളൂ. ഉമ്മയോടാണ് ഞാനെല്ലാം ഷെയർ ചെയ്യുന്നത്‌. ഉപ്പ നിസ്സാര്‍ ഫോട്ടോഗ്രാഫർ ആണ്. ഞങ്ങൾ ആ‌റു മക്കള്‍.

ഉമ്മയ്ക്ക് സിനിമയിൽ അഭിനയിക്കാൻ വലിയ ആഗ്രഹമായിരുന്നു. പക്ഷേ, യാഥാസ്ഥിതിക കുടുംബമായതുകൊണ്ട് അന്നത് സാധിച്ചില്ല. മകളെയെങ്കിലും നടിയാക്കണമെന്ന് ഉമ്മ തീരുമാനിച്ചു. ഒരു സിനിമ പോലും വിടാതെ തീയറ്ററിൽ കൊണ്ടുപോയി കാണിച്ചിരുന്നത് ഉമ്മയാണ്. പിന്നെ എനിക്കും സിനിമ ക്രെയ്സ് ആയി.

ഞാന്‍ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്തു. റിയാലിറ്റി ഷോയ്ക്കുവേണ്ടി ഞാൻ പോലും അറിയാതെ അനിയനെക്കൊണ്ട് എന്റെ ഫോട്ടോ അയപ്പിച്ചതും ഉമ്മ തന്നെ. അതിൽ ജനപ്രിയ നായികയായി തിരഞ്ഞെടുക്കപ്പെട്ടു.

റിയാലിറ്റി ഷോയിലെ വിജയികളുടെ പോർട്ട് ഫോളിയോ തിരഞ്ഞ് തമിഴ‌് ഗാനരചയിതാവ് ഏകാദശി അദ്ദേഹം ഡയറക്ട് ചെയ്യുന്ന 'കൊഞ്ചം വെയിൽ കൊഞ്ചം മഴൈ ' എന്ന പടത്തിലേക്ക് വിളിക്കുകയായിരുന്നു.പ്ലസ് വൺ കാരിയായ ഞാൻ ആ ചിത്രത്തിൽ പ്ലസ്ടുക്കാരിയായും ഇരുപത്തെട്ടു വയസ്സുള്ള വീട്ടമ്മയായും രണ്ട് ഗെറ്റപ്പിൽ അഭിനയിച്ചു. രണ്ടാമത്തെ ചിത്രവും തമിഴിൽ. ഉടുമ്പൻ എന്ന ആ ചിത്രത്തിൽ ഗ്രാമീണപ്പെണ്ണിന്റെ വേഷമായിരുന്നു. ഈ ക്യാരക്ടറുകളുടെ സ്റ്റിൽസ് കണ്ടിട്ടാണ് ജീത്തു സാർ ദൃശ്യത്തില്‍ വിളിക്കുന്നത് . അൻസിബ എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ വിധി എന്നാണ്. വിധി പോലയേ എല്ലാം നടക്കൂ എന്നെനിക്കുറപ്പുണ്ട്.

സിനിമയില്‍ ഏത് അഭിനേത്രിക്ക് പകരക്കാരിയാവാനാണ് ഇഷ്‍ടം ?

'ഗോപുരങ്കൾ സായ് വതില്ലൈ ' എന്ന സിനിമയിൽ സുഹാസിനി ചെയ്ത ക്യാരക്ടര്‍ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പിന്നെ 'മൂൻട്രാം പിറൈ 'യിലെ ശ്രീദേവിയുടെ റോൾ.... അങ്ങനെ ഒരുപാടുണ്ട്. പിന്നെ, എനിക്ക് അൻസിബ ആവാൻ മാത്രമേ കഴിയൂ. ഓരോരുത്തർക്കും അവരവരുടെ സ്പെയ്സ് ഉണ്ട് സിനിമയിൽ. ഉർവശിചേച്ചിയാണ് എന്റെ ഫേവറിറ്റ് ഹീറോയിൻ എങ്കിലും എനിക്കൊരിക്കലും ഉർവശിചേച്ചിയെപ്പോലെയാവാൻ പറ്റില്ലെന്ന് നന്നായി അറിയാം. അല്ലെങ്കില്‍ മഞ്ജു ചേച്ചി വിട്ടു നിന്ന പതിനാലു കൊല്ലവും ആ കസേര ഒഴിഞ്ഞു തന്നെ കിടക്കില്ലല്ലോ..

സിനിമ നിർത്തുന്നു എന്നും ഉടൻ കല്യാണം ഉണ്ടെന്നും ഒരു വാർത്ത കേട്ടല്ലോ...

കല്യാണത്തെക്കുറിച്ച് ഞാനിതുവരെ ചിന്തിച്ചിട്ടില്ല. പക്ഷേ, ഒരുപാട് പ്രൊപ്പോസൽസ് വരുന്നുണ്ട്. 'വീട്ടിൽ വന്ന് മോളെ കെട്ടിച്ച് തര്വോ'ന്ന് ഉമ്മയോട് ചോദിച്ചിട്ടുണ്ട് ചിലര്‍. 'എടാപോടാ' എന്ന് വിളിക്കുന്നൊരാളെ കല്യാണം കഴിച്ചാൽ ശരിയാവില്ല. 'ഇക്ക' എന്ന് വിളിക്കുന്നൊരാളെ കല്യാണം കഴിക്കാനാണ് എനിക്കിഷ്ടം.‌ അതും ഒരു ക‌ൂട്ടുകുടുംബത്തിലായാൽ അത്രേം സന്തോഷം. ട്രഡീഷണൽ രീതിയിൽ തിളങ്ങുന്ന തട്ടവും ചുവന്ന സാരിയും ത്രീ ഫോർത്ത് കൈയുള്ള ബ‌്ലൗസുമൊക്കയിട്ടുള്ള കല്യാണമാണ് എന്റെ മനസ്സിൽ. ഉമ്മയോടു ഞാൻ പറയും 'എനിക്ക് സിംപിൾ കല്യാണം മതി' എന്ന്. പക്ഷേ, പറഞ്ഞ് പറ‍ഞ്ഞ് വരുമ്പോൾ ഉമ്മ ചോദിക്കും ഇതത്ര സിംപിൾ അല്ലല്ലോ എന്ന്.

പ്രണയമൊന്നും ഉണ്ടായിട്ടില്ലേ ?

സ്കൂളിൽ പേരിനു പോലും ഒരു പ്രണയം ഇല്ലാത്ത ഏക ആൾ ഞാനായിരിക്കും. എന്താണു കാരണമെന്ന് മനസ്സിലായിട്ടില്ല. പക്ഷേ, ഞാൻ സത്യത്തിൽ ഭയങ്കര റൊമാന്റിക്കാ. 'ഉന്നൈ നിനൈത്ത് 'എന്ന ചിത്രം എത്ര തവണ കണ്ടെന്ന് എനിക്കു തന്ന അറിയില്ല. സൂര്യയാണ് അതിൽ നായകൻ. ആ കണ്ണുകളിലേക്ക് നോക്കിയാൽ ആരും ഫ്ളാറ്റ് ആകും. കല്യാണം കഴിക്കാൻ സൂര്യയെപ്പോല റൊമാന്റിക് ആയ, മെച്വേഡ് ആയ ഒരാളെ എവിടെ പോയാലും തിരയാറുണ്ട്.

പക്ഷേ, അൻസിബ അൽപം സീരിയസ് ആണെന്ന് എല്ലാവരും പറയുന്നു....

കംഫർട്ട് സോണിൽ മാത്രമേ ഞാൻ സംസാരിക്കൂ എന്നതാണ് എന്റെ ഏറ്റവും വലിയ മൈനസ് പ‌ോയിന്റ്. അല്ലാത്തപ്പോള്‍ ഒതുങ്ങിക്കൂടിയിരിക്കും ഞാൻ. സെറ്റിലും അങ്ങനെത്തന്നെ. എന്റെ കൂടെ അഞ്ചാം ക്ലാസു മുതൽ പഠി‌ച്ച ഷാനവാസ് ആണു ഉമ്മ കഴിഞ്ഞാൽ എന്റെ ബെസ്റ്റ് ഫ്രണ്ട്. രണ്ടുപേരുടെയും വീട്ടകാരും നല്ല സൗഹൃദത്തിലാണ്. കോഴിക്കോട്ടെ എന്റെ ബെസ്റ്റ് കമ്പനി നടന്‍ സുധീഷ‌േട്ടനാണ്. ദൃശ്യത്തിനു ശേഷം കോഴിക്കോട്ടെ കുറേ സാംസ്ക്കാരിക പരിപാടികളിൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു.

വീട്ടിലിരിക്കുമ്പോൾ എന്ത് ചെയ്യാനാണിഷ്ടം ?

പാചകം വലിയ ഇഷ്ടമാണ്. ഉന്നക്കായ, ചട്ടിപ്പത്തിരി കോഴിക്കോടന്‍ വിഭവങ്ങളെല്ലാ ഉണ്ടാക്കും. നോമ്പുതുറയ്ക്ക് നൈസ് പത്തിരിയും ബീഫ് കറിയുമൊക്കെ ഞാനൊറ്റയ്ക്കുണ്ടാക്കും. പിന്നെ കവിതകൾ എഴുതാന്‍ ഇഷ്ടമാണ്. പക്ഷേ ആരെയും കാണിക്കില്ല. അത്രയ്ക്ക് നല്ലതാണല്ലോ എന്റെ കവിതകൾ. മാധവിക്കുട്ടിയുടെ കഥകളും എം.ടി സാറിന്റെ ചെറു കഥകളും ഒരുപാടിഷ്ടമാണ്. സത്യം പറഞ്ഞാൽ, എം.ടി. സാറിന്റെ വീട്ടിലേക്ക് ഞങ്ങളുടെ ഫ്ളാറ്റിൽ നിന്ന് നടക്കാനുള്ളതേയുള്ളൂ. വീടിനുമുന്നിലൂടെ അദ്ദേഹം മോണിങ് വാക്കിനു പോകുന്നതു ഞാൻ കണ്ണിമയ്ക്കാതെ നോക്കി നിൽക്കും. അതു തന്നെ മഹാഭാഗ്യം എന്നങ്ങു കരുതും. അദ്ദേഹം സ്ക്രിപ്റ്റ് എഴുതി സിനിമ ചെയ്തിരുന്ന ആ സുവർണ കാലത്ത് എനിക്ക് ജനിക്കാൻ കഴിഞ്ഞില്ലല്ലോ...