ജീവിതത്തിലും സിനിമയിലും നിന്ന് കുറേ ചിരികളുമായി കലാഭവൻ പ്രജോദ്
ഇപ്പോൾ കലാഭവൻ പ്രജോദിനെ കണ്ടാൽ അങ്ങനെയൊരു സംശയം ആരും ചോദിക്കില്ല. ചരിച്ചു ചീകിയ നീളൻമുടി പറ്റെ വെട്ടിയിരിക്കുന്നു. ഇതു കാണുമ്പോൾ ‘മുടി വിഗ്ഗല്ലേ...?’ എന്ന കുന്നായ്മ ചോദ്യം മാറി നിൽക്കും.
നിവിൻ പോളിയെ നായകനാക്കി, ഏബ്രിഡ്ഷൈൻ സംവിധാനം ചെയ്യുന്ന ‘ആക്ഷൻ ഹീറോ ബിജു’ എന്ന സിനിമയിലെ പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കാനാണ് പ്രജോദ് ജീവിതത്തിൽ ആദ്യമായി മുടി പറ്റെ വെട്ടുന്നത്. നടനും മഴവിൽ മനോരമയിലെ ‘ഇവിടിങ്ങനാണ് ഭായ്’ എന്ന പ്രോഗ്രാമിന്റെ അവതാരകനുമായ പ്രജോദിന്റെ നോൺസ്റ്റോപ്പ് ചിരിവിശേഷങ്ങൾക്കൊപ്പം.
‘‘ഒറിജിനൽ ആണെങ്കിലും ഡ്യൂപ്ലിക്കേറ്റ് എന്ന പേര് ദോഷം എന്റെ മുടിക്ക് പണ്ടേയുണ്ടായിരുന്നു.’’ചങ്ങനാശേരിയിലെ വീട്ടിലിരുന്നു പ്രജോദ് പറയുന്നു. ‘‘സ്ത്രീകൾ സൂക്ഷിക്കുന്നതു പോലെ ശ്രദ്ധയോടെയാണ് ഞാൻ മുടി സംരക്ഷിച്ചത്. മുടി ആദ്യമായി പാരയാകുന്നത് ഒരിക്കൽ കുവൈറ്റിൽ മിമിക്രി അവതരിപ്പിക്കാൻ ചെല്ലുമ്പോഴാണ്.
പ്രോഗ്രാം കഴിഞ്ഞപ്പോൾ രണ്ടു പേർ സ്വകാര്യമായി വന്ന് വിളിച്ചു. ‘ഒന്ന് വരുമോ ?’ എനിക്ക് അപകടമൊന്നും തോന്നിയില്ല. ഫോട്ടോ എടുക്കാനായിരിക്കും. ഹോട്ടലിന്റെ ഇടനാഴിയിൽ എത്തിയപ്പോൾ രണ്ടു പേരും എന്റെ അപ്പുറവും ഇപ്പുറവുമായി നിന്നു.
ഒരുത്തൻ ചാടിക്കയറി മുടിയിൽ പിടിച്ച് ഒരുഗ്രൻ വലി. വേദന കൊണ്ട് കണ്ണിലൂടെ പൊന്നും വെളളിയുമായി കുറേ ഈച്ചകൾ പറന്നു. കണ്ണുതുറന്നപ്പോൾ രണ്ടു പേരും തൊഴുകൈകളോടെ നിൽക്കുന്നു. ‘‘ ചേട്ടാ ക്ഷമിക്കണം, ഞങ്ങൾ തമ്മിൽ ഒരു പന്തയം ഉണ്ടായിരുന്നു. ചേട്ടന്റെ മുടി വിഗ്ഗാണെന്ന് ഞാൻ പറഞ്ഞു. അല്ലെന്ന് ഇവനും തർക്കിച്ചു. അതൊന്നു തെളിയിക്കാൻ വേണ്ടിയായിരുന്നു. ക്ഷമിക്കണം....
ഞാൻ അവരോട് പറഞ്ഞു. ‘ജീവിക്കാൻ വേണ്ടി നിങ്ങളെ പോലെ ഒരു ജോലി ചെയ്യുന്ന ആളാണ് ഞാൻ. കോമഡി ചെയ്യുന്നവരെല്ലാം കോമാളികൾ ആണെന്ന് കരുതരുത്. ഞങ്ങളും മനുഷ്യരാണെന്ന ഓര്‍മ വേണം.’
മുടിക്കഥയിലെ മറ്റൊരു ഇഴ പ്രജോദ് ഓർമയിൽ നിന്ന് നീർത്തിയിട്ടു. ‘ഒരിക്കൽ കലാഭവൻ ഷാജോണും കോട്ടയം നസീറും ഒക്കെയുളള വേദിയിൽ അവർക്കടുത്ത് ഞാൻ ചെന്നിരുന്നു. അപ്പോഴേ ഷാജോൺ ഗൗരവ ശബ്ദത്തിൽ അൽപം ബാസ് ഒക്കെയിട്ടു പറഞ്ഞു. ‘ഞങ്ങൾ ഈ ടോപ് ആര്‍ട്ടിസ്റ്റുകൾ ഇരിക്കുന്നിടത്ത് നീ വന്നിരുന്നത് ശരിയായില്ല.’ അതിനോട് യോജിച്ചു കൊണ്ട് നസീറിക്ക തലയാട്ടി. എനിക്കാകെ സങ്കടമായി ഞാനിങ്ങനെ ഹൃദയം വിജൃംഭിച്ച് പതിയെ അവിടെ നിന്ന് എഴുന്നേൽക്കാൻ തുടങ്ങിയപ്പോഴാണ് നസീറിക്ക ചിരിക്കാൻ തുടങ്ങിയത്. ഷാജോൺ സ്വന്തം വിഗ്ഗിൽ തൊട്ട് പറഞ്ഞു, ‘ഞങ്ങള് ടോപ് ആർട്ടിസ്റ്റുകളാണ്. ടോപ് വച്ച ആർട്ടിസ്റ്റുകൾ. അതാണു പറഞ്ഞത്’.
കർത്താവേ, ഹർത്താല്
ഇതിനോടകം ഇരുപത്തിയഞ്ച് സിനിമയിൽ അഭിനയിച്ചു. അയ്യായിരത്തിൽ അധികം സ്റ്റേജുകളിൽ പ്രോഗ്രാം അവതരിപ്പിച്ചു. സ്റ്റേജിൽ അവതരിപ്പിച്ചതിനേക്കാൾ ചിരിപ്പിക്കുന്ന കുറേ അനു ഭവങ്ങൾ ജീവിതത്തിൽ ഉണ്ട്. അതെല്ലാം ചേർത്ത് ഒരു പുസ്തകം എഴുതിക്കൊണ്ടിരിക്കുകയാണ് പ്രജോദ്. ഇന്നലെ എഴുതിയ അധ്യായത്തിന്റെ തലക്കെട്ടാണ് ‘കർത്താവേ ഹർത്താല്’.
‘‘ഇരുപത് വർഷം മുമ്പ് നടന്ന സംഭവമാണ് നായകൻ ഒരു എസ്ഐ. വില്ലന്മാർ ഞാനും സുഹൃത്തും. സ്റ്റേജ് പ്രോഗ്രാം കഴിഞ്ഞ് ആലപ്പുഴയിൽ വെളുപ്പിനെ വന്നിറങ്ങിയതാണ് ഞങ്ങൾ. അപ്പോഴാണറിയുന്നത് അന്ന് ഹർത്താലാണെന്ന്. മറ്റു മാർഗമില്ല. നടക്കുക തന്നെ. അങ്ങനെ കഥയൊക്കെ പറഞ്ഞ് നേരം പുലരാറായപ്പോൾ ഞങ്ങൾ പെരുന്ന മനയ്ക്കച്ചിറവരെ എത്തി. വീട്ടിലേക്ക് ഇനി അധികം ദൂരമില്ല. ഒന്നു വിശ്രമിച്ചിട്ടു നടക്കാം. എന്നു കരുതി റോഡരുകിൽ ഇരുന്നു. അഞ്ചു മിനിറ്റങ്ങനെ പോയി. കണ്ണഞ്ചുന്ന വെട്ടം പെട്ടെന്ന് മുന്നിൽ വന്ന് ബ്രേക്കിട്ടു. പൊലീസ് ജീപ്പാണ്. എസ് ഐ ചാടി ഇറങ്ങി. ഞാൻ വിരണ്ടു.
‘എന്താടാ പരിപാടി ? എന്താ വഴിയരുകിൽ കുത്തിയിരിക്കുന്നേ ?’
കൂട്ടുകാരൻ മൊത്തം സൈലന്റ് മോഡിലാണ്. മുക്കിയും മൂളിയും ഞാൻ പറഞ്ഞു.
‘സാറെ, ഒരു മരണം അറിയിക്കാനുണ്ടായിരുന്നു . ഹർത്താലായതുകൊണ്ട് വണ്ടി ഒന്നും വരുന്നില്ല. മീൻ വണ്ടി വല്ലതും കിട്ടുമോന്ന് നോക്കി നിക്കുവാ....’
‘എങ്ങോട്ടാ, പോകേണ്ടത്.’
‘ആലപ്പുഴയ്ക്കാ...’
‘ഉം, കേറെടാ, വണ്ടിയില്’ എസ്ഐ പറഞ്ഞു.
ആലപ്പുഴ വരെ ഞാനും സുഹൃത്തും മുഖത്തോടു മുഖം നോക്കിയിരുന്നു. സൈലന്റ് മോഡിലായിരുന്ന സുഹൃത്ത് മരണതുല്യമായ ദയനീയഭാവത്തോടെ എന്നെ നോക്കി. ഞാൻ അതിന്റെ ഒന്നര കൂട്ടിയിട്ട് തിരിച്ചു നോക്കി. വലിയൊരു സൽകർമ്മം ചെയ്ത ചാരിതാർഥ്യത്തോടെ എസ്ഐ ആലപ്പുഴയിൽ കൊണ്ടു ചെന്ന് ഞങ്ങളെ ഇറക്കി വിട്ടു. അന്നവിടെ ലോഡ്‍ജിൽ താമസിച്ച് പിറ്റേന്നായിരുന്നു മടക്കം. ഒരു ഗുണപാഠം ഞാനന്നു പഠിച്ചു. വക്കീലിനോടും വൈദ്യനോടും എന്ന പോലെ പൊലീസുകാരോടും കളളം പറയരുതെന്ന്.’’
എം.ജി യൂണിവേഴ്സിറ്റി കലോൽസവത്തിൽ മിമിക്രി ഒന്നാം സ്ഥാനം നേടിയതിനു ശേഷമാണ് പ്രജോദ് കലാഭവനിലെത്തുന്നത്. ഏറ്റുമാനൂരിൽ കലാഭവൻ പ്രോഗ്രാം വന്നപ്പോൾ കലാഭവൻ മണിയെ കണ്ടു. പരിചയപ്പെട്ടു, വിലാസം നൽകി. പിന്നെ, ഒരു ദിവസം കലാഭവനിൽ നിന്നു ഇന്റർവ്യൂവിനു കത്തു വന്നു. ആബേൽ അച്ചന്റെ മുന്നിലാണ് മിമിക്രി അവതരിപ്പിക്കേണ്ടത്. പ്രജോദിന്റെ ഊഴമെത്തിയപ്പോൾ അച്ചന്റെ ആദ്യ ചോദ്യം.
‘മോനെ, നീ ചെയ്യുന്നത് തവള ചാട്ടം ഒന്നുമല്ലല്ലോ’
‘അല്ലച്ചോ, യൂണിവേഴ്സിറ്റി കലോൽസവ വേദിരംഗമാണ്.’
‘എന്നാൽ കുഴപ്പമില്ല. നിനക്ക് മുമ്പ് അവതരിപ്പിച്ചവൻ തവള ചാട്ടമാണ് ചെയ്തത്. അവൻ അഭിനയം കത്തിക്കയറി ഇവിടുന്ന് ചാടി സ്റ്റോർറൂം വരെ പോയി.’ ഒട്ടും ചിരിക്കാതെ അച്ചൻ പറഞ്ഞു.
എന്തായാലും പ്രജോദിന്റെ പെർഫോമൻസ് കണ്ട് അച്ചൻ ഒന്നു തോളു കുലുക്കി ചെറിയൊരു ചിരി ചിരിച്ചു. അങ്ങനെ വെറും പ്രജോദ്, കലാഭവൻ പ്രജോദായി. ഇരുന്നൂറു രൂപ ശമ്പളക്കാരനായി.
അമേരിക്കയിലെ ചെണ്ടക്കാരൻ
വിദേശയാത്രകളിൽ ഞാനിപ്പോഴും ഓർക്കുന്നത് കലാഭവൻ മണിച്ചേട്ടനും നാദിർഷിക്കയ്ക്കും ഒപ്പമുളള ഒരു അമേരിക്കൻ യാത്രയാണ്. പ്രോഗ്രാം കഴിഞ്ഞ് വലിയൊരു പണക്കാരന്റെ വീട്ടിൽ അതിഥികളായി പോയി. അവിടെച്ചെന്നപ്പോഴേ മണിച്ചേട്ടനു സന്തോഷമായി. സ്വീകരണമുറിയിൽ പരിപാവനമായി വച്ചിട്ടുണ്ട് ഒരു ചെണ്ട. പിന്നെ മദ്ദളം, മിഴാവ് ഇടയ്ക്ക.... അങ്ങനെ കേരളത്തിലെ പല വാദ്യോപകരണങ്ങളും.
മണിച്ചേട്ടൻ പറഞ്ഞു, ‘ഡാ, നാദിർഷാ, നീ ഒരു പാട്ടുകാരനല്ലേ? നിന്റെ വീട്ടിൽ എത്ര സംഗീത ഉപകരണങ്ങളുണ്ട്. ഇതു പോലുളള മനുഷ്യന്മാരെ കണ്ടു പഠിക്കണം’.
പാനോപചാരത്തിനു ശേഷം ആതിഥേയൻ കത്തിക്കയറുകയാണ്. മദ്ദളം ചൂണ്ടി അദ്ദേഹം പറഞ്ഞു, ‘ഈ ചെണ്ട ഞാൻ തൃശൂര് നിന്ന് വാങ്ങിയതാണ്. നല്ല വില കൊടുത്തു. പോട്ടെ, പണമല്ലേ.... അതു നാളെയും ഉണ്ടാകും....’
പിന്നെ മിഴാവ് ചൂണ്ടി പറഞ്ഞു, ‘ഈ ചെണ്ടയ്ക്ക് പതിനയ്യായിരം ചോദിച്ചു. പക്ഷേ, ഞാൻ പത്തിന് ഒപ്പിച്ചു.’
അപ്പോഴാണ് ഞങ്ങൾക്ക് ഒരു കാര്യം മനസ്സിലായത്. ഇദ്ദേഹത്തിനു എല്ലാം ചെണ്ടയാണ്. ഇത്രയുമൊക്കെ മണ്ടത്തരം പറഞ്ഞെങ്കിലും അയാൾക്കു വാദ്യോപകരണങ്ങളെക്കുറിച്ചു അൽപം പൊതുവിജ്ഞാനം പകരാൻ മണിച്ചേട്ടൻ തയ്യാറായി. പക്ഷേ, ആതിഥേയനായ ചേട്ടന്റെ മറുപടിയിൽ ആ ശ്രമം ഉപേക്ഷിക്കപ്പെട്ടു. ‘പേര് എന്നതാണേലും ഒച്ച തന്നെയല്ലിയോ കേൾക്കുന്നത്. അപ്പോ ചെണ്ടേന്ന് പറയുന്നതല്ലേ എളുപ്പം’.
കോളജ് കാലം
‘കോളജിൽ പഠിത്തത്തേക്കാളും രാഷ്ട്രീയമായിരുന്നു എനിക്കു പ്രിയം. പ്രീഡിഗ്രിക്ക് റെപ്, ആർട്സ് ക്ലബ് സെക്രട്ടറി, ജനറൽ സെക്രട്ടറി വരെ ആയി. മിമിക്രിയിൽ സജീവമായപ്പോൾ രാഷ്ട്രീയ പ്രവർത്തനം കുറച്ചു. ക്യാംപസുമായുളള സ്നേഹം പുതുക്കാൻ പിന്നെയും ക്യാംപസിൽ വരും. അങ്ങനെയൊരിക്കലാണു മലയാളം പി.ജി.വിദ്യാർഥിനിയായ ലക്ഷ്മിയെ പരിചയപ്പെട്ടത്. ഇഷ്ടം തോന്നി, പറഞ്ഞു. വീട്ടുകാർ വഴി ഉറപ്പിച്ചു.
അപ്പോഴാണ് എന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ആ സംഭവം. സിനിമയിൽ എങ്ങനെയും തല കാണിക്കാൻ നടക്കുന്ന കാലത്ത് കുറച്ചു സുഹൃത്തുക്കൾ ചേർന്ന് എന്നെ നായകനാക്കി ഒരു പ്രോജക്ട് പ്ലാൻ ചെയ്തിരുന്നു. ‘രതിനിർവേദം പോലൊരു ക്ലാസ് പടം’ ആയിരുന്നു മനസ്സിൽ.
ഷൂട്ടിങ് തുടങ്ങി രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ഷക്കീലയുടെ ‘കിന്നാരത്തുമ്പികൾ’ റിലീസാവുന്നത്. അതു വലിയ വിജയമായതോടെ എന്റെ സിനിമയുടെ സ്വഭാവം മാറി. ഇടയ്ക്ക് ഷക്കീല വന്ന് അഭിനയിച്ചു പോയി. സിനിമ പൂർത്തിയായെങ്കിലും ഉടനെ റിലീസ് ആയില്ല. കഷ്ടകാലത്തിന് വിവാഹ നിശ്ചയത്തിനു ഒരാഴ്ച മുമ്പ് പടം റിലീസായി. വീടിനടുത്തുളള മതിലുകളിൽ പോസ്റ്റർ നിരന്നു.
ഒരു ദിവസം രാത്രി ഓട്ടോയിൽ വീട്ടിലേക്ക് വരികയാണ്. ഡ്രൈവർക്ക് എന്നെ അറിയില്ല. അദ്ദേഹം പറഞ്ഞു, ‘ഇവിടെ ഒരു സ്കൂൾ മാഷിന്റെ മകൻ ‘മറ്റേ പടത്തില്’ അഭിനയിച്ചെന്നേ. പയ്യനെ വീട്ടീന്ന് ഇറക്കി വിട്ടെന്നാ കേൾക്കുന്നേ’.
ഞാൻ ഒന്നും മിണ്ടിയില്ല. മനസ്സ് ആകെ ഉലഞ്ഞു പോയി. ആത്മഹത്യയെക്കുറിച്ചു വരെ ചിന്തിച്ച നാളുകളായിരുന്നു അത്. അന്ന് ലക്ഷ്മി തന്ന സപ്പോർട്ടാണ്. എന്നെ ഇതുവരെ എത്തിച്ചത്. കറുകച്ചാൽ എൻഎസ്എസ് ഹൈസ്കൂളിൽ അധ്യാപികയാണ് ലക്ഷ്മി. ഞങ്ങൾക്കു മൂന്നു മക്കൾ. മൂത്തവൻ ആദിത്യൻ ഏഴാം ക്ലാസിൽ. രണ്ടാമത്തെ മകൾ മധുമതി. ഒന്നാം ക്ലാസിൽ. ഇളയവൾ ചന്ദ്രതാരക്ക് രണ്ടരവയസ്.
മീശമാധവനിലെ മണവാളൻ ഹിറ്റായതോടെ എനിക്ക് മണവാളൻ ചാൻസുകൾ തന്നെയായി. അതോടെ മണവാളനാണെങ്കിൽ വേണ്ടെന്നു പറയാൻ തുടങ്ങി. ഡിറ്റക്ടീവിലെ സുമേഷ് എന്ന വില്ലനും 1983 യിലെ മാന്റിൽ ജോണിയുമാണ് ഇതുവരെ ചെയ്തതിൽ ഏറെ ഇഷ്ടമുളള കഥാപാത്രങ്ങൾ.’
ക്രീസിലെ പ്രജോദ്
‘സിനിമ പോലെ തന്നെ രസമുളള അനുഭവമായിരുന്നു സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് എന്ന താരങ്ങളുടെ ക്രിക്കറ്റ് കളിയും. കളിക്കാൻ മാത്രമല്ല, കുറേ ചിരിക്കാനും പറ്റി.
വിശാഖപട്ടണത്ത് മൽസരത്തിന്റെ അവസാന ഓവർ. ജയിക്കാൻ വേണ്ടത് 200 റൺസ്. ക്രീസിൽ ക്യാപ്റ്റൻ ലാലേട്ടനൊപ്പം ഞാനും. പാട്ടുകാരനും നടനുമായ നിഖിൽ വെളളവുമായി എത്തി വളരെ സീരിയസായി പറഞ്ഞു, ‘നിങ്ങളെന്താണ് ഇങ്ങനെ മുട്ടി മുട്ടി നിൽക്കുന്നത്. നമുക്ക് ജയിക്കാം. സിക്സറിനു ശ്രമിക്കൂ. എല്ലാ പന്തും സിക്സർ അടിച്ചോ...’ ആറു പന്തിൽ 200 റൺസ് അടിക്കാനാണ് അവൻ പറയുന്നത്. കലിപ്പ് കേറിയതാണ്, പക്ഷേ, അവന്റെ ആവേശത്തിൽ വെളളമൊഴിക്കേണ്ട എന്ന് കരുതി ഒന്നും പറഞ്ഞില്ല.
മാർച്ച് ഗംഭീരമായി തോറ്റു. പക്ഷേ, നിഖിൽ പറഞ്ഞതറിഞ്ഞ് എല്ലാവരും കൂട്ടച്ചിരിയായി. അപ്പോഴാണ് ലാലേട്ടന്റെ ചിരി സിക്സർ. ‘200 പന്തിൽ ആറു റൺസ് ആയിരുന്നെങ്കിലും നമ്മൾ കഷ്ടപ്പെട്ടേനെ’.