1983 എന്ന് സിനിമയിലെ രമേശനെപ്പോലെ ക്രിക്കറ്റ് സ്വപ്നം കണ്ട് നടന്ന ഒരാളായിരുന്നു തിരുവനന്തപുരത്തുകാരൻ ഗോപൻ. ക്രിക്കറ്റിൽ നിന്നു താൻ ഒരു പാട് അകലെയാണെന്നു മനസ്സിലാക്കിയപ്പോൾ തന്റെ മകനെങ്കിലും ആ രംഗത്ത് എന്തെങ്കിലും ആകണമെന്നു ഗോപൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. അതിനായി ഗോപൻ മകനെയും കൊണ്ട് പലയിടങ്ങളിലും കയറിയിറങ്ങി. അച്ഛന്റെ ആഗ്രഹം പോലെ ഒരു ക്രിക്കറ്റ് താരമായി വളരാൻ അവൻ കഠിനമായി പ്രയത്നിക്കുകയും ചെയ്തു.
സിനിമയുടെ തിരക്കഥ പോലെ വളഞ്ഞു തിരിഞ്ഞു പോകുന്ന ജീവിതത്തിൽ പക്ഷേ, സംഭവിച്ചതു തികഞ്ഞ യാദൃച്ഛികതകൾ. ആഗ്രഹം പോലെ ക്രിക്കറ്റ് അയാഃളുടെ രക്ഷയ്ക്ക് എത്തിയില്ലെങ്കിലും അതിലൂടെ അയാൾക്ക് മറ്റൊരു ജീവിതമുണ്ടായി. അങ്ങനെ സിനിമയിലും സീരിയലിലുമെത്തി. ഇന്ന് കുടുംബങ്ങളുടെ സ്വീകരണമുറിയിലെ പ്രിയ താരങ്ങളിൽ ഒരാളാണ് ആ ചെറുപ്പക്കാരൻ. പേര്, വിവേക് ഗോപൻ ; അറുന്നൂറിധികം എപ്പിസോഡുകൾ പിന്നിട്ട ‘പരസ‌്പര’ത്തിലെ സൂരജ് എന്നു പറഞ്ഞാൽ എല്ലാവരും തലയാട്ടും; മനസ്സിലായി എന്നു പറഞ്ഞ്.
സെലിബ്രിറ്റി ക്രിക്കറ്റിൽ നെടുംതൂണായി നിൽക്കുന്ന ഇടം കൈയനാണ് വിവേക്. സിനിമയിലാണ് വിവേകിനെ ആദ്യം കണ്ടത്. ഇപ്പോൾ സീരിയലിലും. ബാക്കി വിവേക് പറയുകയാണ്. ക്രിക്കറ്റും അഭിനയവും കൂടിക്കലർന്ന തന്റെ ജീവിതത്തെക്കുറിച്ച്.
അഭിനയവും കൈയിലുണ്ടെന്ന് അറിഞ്ഞതെങ്ങനെയായിരുന്നു?
അഭിനയം വീണ്ടും ക്രിക്കറ്റിലേക്കുളള വഴിയായി മാറിയതാണ്. സ്കൂളിലും കോളജിലും പഠിക്കുന്നകാലത്ത് ‘അണ്ടർ 19’ക്രിക്കറ്റ് ടീമിൽ എങ്ങനെയെങ്കിലും എത്തിപ്പെടുക എന്നതായിരുന്നു ആഗ്രഹം. പക്ഷേ, എന്തുകൊണ്ടോ നടന്നില്ല. ക്ലബ് ക്രിക്കറ്റുകളിൽ എന്റെ ആഗ്രഹം അവസാനിക്കുകയായിരുന്നു. മറ്റു മേഖലകൾ പോലെ വ്യക്തി താൽപര്യങ്ങൾ ഒരു പാടുളള സ്ഥലമാണു ക്രിക്കറ്റും. ഒരാൾ നന്നായി കളിക്കും എന്നതല്ല പലപ്പോഴും സെലക്ഷന്റെ മാനദണ്ഡം. പിന്നെ ശുപാർശ ചെയ്യാൻ ആളുണ്ടാവണം. അങ്ങനെ ഒരു പാടു ഘടകങ്ങൾ. അതുകൊണ്ടൊക്കെയായിരിക്കണം ആഗ്രഹിച്ച രീതിയിൽ മുന്നോട്ടു പോകാൻ കഴിയാഞ്ഞത്.
വീട്ടിൽ നിന്നു നല്ല പ്രോത്സാഹനം ഉണ്ടായിട്ടും ?
വീട്ടിൽ നിന്നു നല്ല പ്രോത്സാഹനം ഉണ്ടായിരുന്നു. ലാബ് ടെക്നീഷ്യനായ അച്ഛന്റെ വരുമാനത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. അമ്മയ്ക്ക് ഹൃദയസംബന്ധമായ രോഗമുണ്ടായിരുന്നു. അതിന്റെ ചികിത്സയും ആശുപത്രി വാസവും ചെലവുകളും.... അതുകൊണ്ടുതന്നെ മുഴുവൻ സമയവും കളിക്കു വേണ്ടി മാറ്റിവയ്ക്കാൻ പറ്റിയ സാഹചര്യമായിരുന്നില്ല.
കളിക്കാനുളള ആഗ്രഹവും അതിനുവേണ്ടി അധ്വാനിക്കാനുളള മനസ്സും മാത്രം ഉണ്ടായിട്ടു കാര്യമില്ലല്ലോ. കലാതാൽപര്യവും കുട്ടിക്കാലത്തേയുണ്ടായിരുന്നു. അഭിനയമല്ല സംഗീതം. എന്റെ അമ്മൂമ്മ സേതുക്കുട്ടിയമ്മ നല്ല പാട്ടുകാരിയും ആകാശവാണിയിൽ ആർട്ടിസ്റ്റുമായിരുന്നു. അമ്മ മംഗളാദേവി വഴുതയ്ക്കാട് രമാദേവി മന്ദിരത്തിലെ സംഗീതാധ്യാപികയായിരുന്നു. വീട്ടിലും സംഗീതം പഠിക്കാൻ ധാരാളം കുട്ടികൾ വരും. അവരോടൊപ്പമിരുന്നു പഠിച്ച് ചെറുപ്പത്തിലേ ഞാനും പാടാൻ തുടങ്ങി. പക്ഷേ, പിന്നീടൊരിക്കലും ആ വഴിക്കു തിരിഞ്ഞില്ല. കല കൊണ്ടു ജീവിക്കാൻ കഴിയുമെന്നൊന്നും അന്നു കരുതിയില്ല.
ക്രിക്കറ്റിൽ കാണികളെ മുഖാമുഖം കാണുകയല്ലേ? എന്താണ് അനുഭവം?
ഒരു കളിക്കാരൻ എന്ന നിലയിൽ നമുക്കത് സന്തോഷമാണ്. പക്ഷേ, പലപ്പോഴും വ്യക്തിപരമായ പ്രശ്നങ്ങളും ഉണ്ടായിരിക്കും. ഒരു ഉദാഹരണം പറയാം. സംസ്ഥാനതല ക്രിക്കറ്റിൽ എന്റെ അരങ്ങേറ്റം. തിരുവനന്തപുരത്തു വച്ചായിരുന്നു. കുച്ച്ബീഹാർ ട്രോഫിക്കുവേണ്ടിയുളള കളി. കേരളവും ആന്ധ്രയും തമ്മിലാണു മത്സരം. ഞാൻ എറിഞ്ഞ ആദ്യത്തെ പന്തിൽ തന്നെ ആന്ധ്രയുടെ മഹേഷ് സിങ് ഔട്ടായി. അപ്പോൾ സമയം രാവിലെ 10.30.
ആ സമയത്ത് എന്റെ വീട്ടിൽ നിന്ന് കൂട്ട നിലവിളി ഉയരുകയായിരുന്നു. ഞങ്ങളെ വളർത്തിയ മുത്തശ്ശി അന്ത്യശ്വാസം വലിച്ചതും അതേ സമയത്തായിരുന്നു. ഇതൊന്നും അറിയാതെ ഞാൻ ആ കളിയിൽ നിന്ന് മൂന്ന് വിക്കറ്റെടുത്തു. കളി കഴിഞ്ഞപ്പോഴാണ് ഇതൊക്കെ അറിയുന്നത്. കളിക്കളത്തിൽ നിന്നു നേരേ പോയത് അമ്മൂമ്മയുടെ മൃതദേഹം കാണാനാണ്. ചടങ്ങുകൾ കഴിഞ്ഞ് തിരിച്ചു പോന്നു. പിന്നീട് ഒരു പാടു സ്ഥലങ്ങളിൽ കളിച്ചെങ്കിലും ആ അനുഭവം ഒരിക്കലും മറക്കാൻ കഴിയില്ല.
അമ്മ മരിച്ചതിനു ശേഷം ഞങ്ങൾക്ക് മുത്തശ്ശിയായിരുന്നു എല്ലാമെല്ലാം. യഥാർഥത്തിൽ അമ്മ മരിച്ച ദുഃഖം അറിയിക്കാതെയാണു മുത്തശ്ശി ഞങ്ങളെ വളർത്തിയത്. അച്ഛന്റെ സുഹൃത്താണു ഡോ. ഭരത് ചന്ദ്രൻ. അമ്മയ്ക്ക് സർജറി വേണമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അമ്മയ്ക്കു പക്ഷേ, പേടിയായിരുന്നു. സർജറിക്ക് അമ്മ സമ്മതിച്ചില്ല. അന്നതു ചെയ്തിരുന്നെങ്കിൽ അമ്മ കുറച്ചു കാലം കൂടി ജീവിച്ചേനേ. അതൊരു ദുഃഖമാണ് അന്നും ഇന്നുംം.
സാമ്പത്തിക ബുദ്ധിമുട്ടായിരുന്നെന്നു കേട്ടിട്ടുണ്ട് ?
എന്നെ സംബന്ധിച്ചിടത്തോളം വലിയ ബാധ്യതയായിരുന്നു ക്രിക്കറ്റ് കളി. ബാറ്റും പാഡും ഡ്രസും ഉൾപ്പെടെ എന്റെ കുടുംബത്തിനു താങ്ങാനാവാത്ത വലിയ ചെലവ്. അതു കൊണ്ട് സീനിയേഴ്സിൽ നിന്നു പഴയ ബാറ്റും പാഡുമൊക്കെ വാങ്ങിയാണ് കളിക്കാനിറങ്ങിയിരുന്നത്. ക്രിക്കറ്റിനോടുളള ഇഷ്ടം അത്രയ്ക്കും ഉണ്ടായിരുന്നു. അണ്ടർ 19 ക്യാംപിൽ പ്രവേശനം നടക്കില്ലെന്ന് അറിഞ്ഞപ്പോൾ വലിയ നിരാശ തോന്നി. എങ്കിലും ക്രിക്കറ്റ് ഉപേക്ഷിച്ചില്ല. ക്രിക്കറ്റു കൊണ്ടു തന്നെ ജീവിക്കണം എന്നു കരുതി.
അക്കാലത്ത് ഒരു ജോലി വളരെ അത്യാവശ്യമായി തോന്നി. അങ്ങനെയാണു മെഡിക്കൽ റപ്പാകുന്നത്. തുടക്കത്തിൽ ശമ്പളം വളരെ കുറവായിരുന്നു. പിന്നീട് കഠിനാധ്വനം ചെയ്ത് ശമ്പളമൊക്കെ കൂടി. പക്ഷേ, ആ സമയത്തും ഞാൻ ക്രിക്കറ്റ് കളിച്ചു. അക്കാലത്താണ് സെലിബ്രിറ്റി ക്രിക്കറ്റ് എന്ന ആശയം വരുന്നത്. പക്ഷേ, ഞാൻ സെലിബ്രിറ്റി അല്ലല്ലോ? ചില സുഹൃത്തുക്കൾ സഹായവുമായെത്തി. ശ്രീപത്മം ഫാർമയുടെ ഉടമ ബാലകൃഷ്ണൻ പ്രിയദർശൻ സാറിന് എന്നെ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ ‘അറബിയും ഒട്ടകവും പി.മാധവൻ നായരും’ എന്ന സിനിമയിൽ അഭിനയിച്ചു. പിന്നീട് ഒന്നു രണ്ടു സിനിമകളിൽ ചെറിയ ചെറിയ വേഷങ്ങൾ. അതോടെ താരങ്ങളുടെ ക്രിക്കറ്റ് ടീമിലെത്തി.
അതു ജീവിതത്തിൽ പുതിയ വഴി തുറന്നോ?
പിന്നീടങ്ങോട്ട് സിനിമയൊന്നും കിട്ടിയില്ല. വീണ്ടും ജോലിക്കു പോയാലോ എന്നായി ആലോചന അപ്പോഴേക്കും കല്യാണം കഴിഞ്ഞു കുടുംബമായി. ആ സമയത്താണ് സീരിയലിൽ അവസരങ്ങൾ തേടുന്നത്. നിർമാതാവ് ജയകുമാർ സാറും സംവിധായകൻ പുരുഷോത്തമൻ സാറും ‘പരസ്പരം’ സീരിയലിലേക്കു വിളിച്ച് ഒരു നല്ല റോൾ തന്നു.
എനിക്കു വളരെ ഇഷ്ടപ്പെട്ട ക്യാരക്ടർ ആണു സൂരജ്. എല്ലാം കൊണ്ടും പോസിറ്റീവായ കഥാപാത്രം. സൂരജിനെപ്പോലെ ഒരു മകൻ ഉണ്ടായിരുന്നെങ്കിൽ, ഒരു ഭർത്താവ് ഉണ്ടായിരുന്നെങ്കിൽ എന്നൊക്കെ പറഞ്ഞ് ഒരു പാടു കത്തുകൾ കിട്ടാറുണ്ട്. കത്തുകളിൽ നിന്ന് എനിക്കു തോന്നുന്നത് ഈ സീരിയൽ കൂടുതലും കാണുന്നത് വിദ്യാര്‍ത്ഥികളാണെന്നാണ്.
ആരാധകരുമില്ലേ ഒരു പാട് ?
പിന്നേ....പല തരം ആരാധകര്‍ ഒരു കൗതുകം പറയാം. ഒരിക്കൽ ദുബായ് മാളിൽ വച്ച് ഒരു സർദാർജി പിടിച്ചു നിർത്തി. എന്നോടു സീരിയലിനെക്കുറിച്ചു സംസാരിക്കാൻ തുടങ്ങി. ഞാൻ അദ്ഭുതപ്പെട്ടു. ഭാഷ പോലും അറിയാത്ത ഒരാൾ സീരിയലിനെക്കുറിച്ചു പറയുന്നോ.....
ഞാൻ ചോദിച്ചു. ‘ഭാഷ അറിയാതെ സീരിയൽ കണ്ടിട്ട് എന്തു കാര്യം ?’
അദ്ദേഹം പറഞ്ഞു. ‘ഞാൻ കുറച്ചു നാൾ തിരുവനന്തപുരത്ത് ജോലി ചെയ്തിട്ടുണ്ട്. അപ്പോൾ കണ്ടു തുടങ്ങിയതാണ് പിന്നീട് പല പല സ്ഥലങ്ങളിൽ മാറി മാറി ജോലി ചെയ്തിട്ടും ആ ശീലം മാറിയില്ല. ഇപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു.’
മലയാളം സീരിയൽ ഒരു എപ്പിസോഡ് പോലും വിടാതെ കാണുന്ന സർദാർജി എനിക്കൊരു അദ്ഭുതമായിരുന്നു. ഒട്ടുമിക്ക സിനിമകളും നായകന്മാരെ ചുറ്റിപ്പറ്റിയായിരിക്കും. അതു പോലെ സീരിയലുകൾ നായികമാരെ കേന്ദ്രീകരിച്ചാണു പോകുന്നത്. എങ്കിലും ‘പരസ്പര’ത്തിലെ സൂരജിനെ എല്ലാവർക്കും ഇഷ്ടമാണ്. മലയാളികൾ ഉളളിടത്തൊക്കെ നമ്മളെ അറിയുന്ന ആരെങ്കിലുമൊക്കെയുണ്ടാവും. അതൊരു സന്തോഷമാണ്.
ഒരിക്കൽ മുംബൈയിൽ ഒരു സീരിയൽ ഷൂട്ടിങ് നടക്കുന്നു. റോഡരികിലാണ് ഷൂട്ടിങ്. ഞാനും പാർവതിയുമാണ് അഭിനയിക്കുന്നത്. കുറച്ചു സമയം കഴിഞ്ഞപ്പോൾ പൊലീസ് വന്നു. ഞങ്ങളുടെ ക്യാമറയടക്കം അവർ കൊണ്ടു പോകാനൊരുങ്ങി. അപ്പോഴാണ് കാഴ്ചക്കാരായി നിന്ന മലയാളികൾ ഞങ്ങളുടെ രക്ഷയ്ക്കെത്തിയത്. അവർ പൊലീസിനോടു സംസാരിച്ചു. ഞങ്ങളെ മോചിപ്പിച്ചു. ഇതൊക്കെ ആ കഥാപാത്രത്തെക്കുറിച്ചുളള സ്നേഹം കൊണ്ടു സംഭവിക്കുന്നതാണ്.
സീരിയലിൽ തിരക്കാണെങ്കിലും സിനിമയാണ് ഇപ്പോഴും മനസ്സിലുളളത്. നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിക്കാനാണ് താൽപ്പര്യം. അതിനൊരു കാരണമുണ്ട്. വില്ലൻ മോശമായതുകൊണ്ട് സിനിമ മോശമായി എന്നാരും പറയില്ലല്ലോ?
കുടുംബം
എന്റെ സഹോദരി ദേവികയുടെ സുഹൃത്തായിരുന്നു സുമി മേരി തോമസ്. അങ്ങനെ കണ്ടുളള പരിചയം വിവാഹത്തിലെത്തി. കിങ്ഫിഷറിൽ എയർ ഹോസ്റ്റസായിരുന്നു സുമി. ഇപ്പോൾ തിരുവനന്തപുരത്ത് ടെക്നോപാർക്കിൽ എക്സിക്യൂട്ടീവായി ജോലി നോക്കുന്നു. മകൻ സിദ്ധാർഥിന് അഞ്ചു വയസ്സ്.