സിനിമ മാത്രമായിരുന്നു എന്റെ ഉളളിൽ

വിനീത് ക‌ുമാർ

ബാലതാരമായി വന്ന് നായകനായി ‌മാറിയ വിനീത് ക‌ുമാർ സംവിധായകനായി നമുക്ക് മുന്നില്‍ എത്തുകയാണ്.സിനിമയിൽ എത്തിച്ചേർന്നില്ലെങ്കിൽ എന്താകുമായിരുന്നു എന്നൊരു ചോദ്യം വിനീത് കുമാറിനോടു ചോദിക്കരുത്. സ്വത വേ വിനീതനായ വി‌നീത് ഒരല്പം പരുക്കനാകും. വിനീതിന്റെ ഓരോ വാക്കിലും ചലനത്തിലുമുണ്ട് സിനിമയോടുളള പ്രണയം.

ഒരു വടക്കൻ വീരഗാഥയില്‍, വലിയ കണ്ണപ്പൻ ചേകവരുടെ കൂടെ കുഞ്ഞാമലിന്റെ ചുമലിലേറി, കേളികേട്ട പുത്തൂരം വീട്ടിൽ വന്നിറങ്ങിയ കൊച്ചു ചന്തുവിനെ ഏതു മലയാളിയാണു മറക്കു ക. ചൂതിനു പൊൻപണം വച്ചു തായം കളിക്കുന്ന ഉണ്ണിയാര്‍ച്ചയു ടെയും ആരോമലുണ്ണിയുടേയും മുന്നില്‍ നിസ്സഹായനായി നിന്ന പാവം ചന്തുവിന്റെ ദൈന്യത മുഴുവനും വിനീതിന്റെ പളുങ്കു കണ്ണുകളിൽ നിറഞ്ഞു നിന്നു. നമ്മുടെ കൺമുന്നിൽ വിനീത് വളർന്നു, നായകനായി, ചതിക്കാത്ത കാമുകനായി, ‘കരളേ നിൻ കൈ പിടിച്ചാൽ.....’ എന്ന പാടിയ നിഖിൽ മഹേശ്വറായി... മലയാള സിനിമയിൽ ഇടയ്ക്കിടെ മിന്നി മാഞ്ഞ ആ പൂച്ചക്കണ്ണുകള്‍ ഇനി തെളിയുക ക്യാമറയ്ക്കു പിന്നിലാണ്. ‘അയാൾ ഞാനല്ല’ എന്ന ചിത്രത്തിൽ സംവിധായകനായി പുതിയ തുടക്കം കുറിക്കു കയാണ് വിനീത് കുമാർ.

അഭിനേതാവിൽ നിന്ന് എങ്ങനെയാണ് സംവിധാനത്തിലേക്ക് ?

ക്യാമറയ്ക്കു മുന്നിൽ നില്‍ക്കുമ്പോഴും പിന്നില്‍ നില്‍ക്കുമ്പോഴും സിനിമ മാത്രമായിരുന്നു ഉളളിൽ. അഭിനയിക്കുമ്പോഴും സിനിമ സംവിധാനം ചെയ്യണം എന്ന ആവശ്യവുമായി ആളുകൾ സമീപി ച്ചിരുന്നു. പക്ഷേ, എന്റെ സിനിമ എന്തായിരിക്കണം എന്നെനിക്ക് അറിയാമായിരുന്നു. മറ്റൊന്നും തന്നെ ഞാൻ ചിന്തിച്ചിരുന്നില്ല. സിനിമയ്ക്കു വേണ്ടി നിരവധി കഥകളെഴുതി. കൂട്ടുകാരോട് ചര്‍ച്ച ചെയ്തു. അവർക്ക് ഇഷ്ടം തോന്നി ചെയ്യാം എന്നാകു മ്പോഴാകും, ആ കഥ എന്നെ പൂർണമായും തൃപ്തനാക്കുന്നില്ല എന്നു തിരിച്ചറിയുക. സംവിധാനം ഇത്രയും നീണ്ടു പോകാൻ കാരണം അതാണ്.

ഇതിനിടയ്ക്ക് പരസ്യങ്ങൾ ചെയ്തു. സ്വന്തമായി ഒരു പ്രൊഡക്ഷൻ കമ്പനിയുണ്ട് എനിക്ക്. ഞാന്‍ സംവിധാനം ചെയ്ത മഴ എന്ന മ്യൂസിക് ആൽബവും നല്ല അഭിപ്രായങ്ങൾ നേടിത്തന്നു.

സംവിധായകൻ രഞ്ജിത്ത് ചേട്ടനും ഞാനും സിനിമയെക്കുറിച്ച് സംസാരിക്കുമായിരുന്നു. ഒരിക്കൽ രഞ്ജിത്തേട്ടൻ ഒരു കഥ പറഞ്ഞു. ആ കഥ എന്നെ ആകർഷിച്ചു. അങ്ങനെയാണ് ‘അയാള്‍ ഞാനല്ല ’ എന്ന സിനിമ സംവിധാനം ചെയ്യട്ടേ എന്ന് രഞ്ജിത്തേട്ടനോട് ചോദിക്കുന്നത്.

ഫഹദുമായുളള സൗഹൃദം ?

അനിയത്തിപ്രാവ് എന്ന സിനിമയിലേക്ക് പാച്ചിക്ക (ഫാസിൽ) എന്നെ വിളിച്ചിരുന്നു. ചാക്കോച്ചൻ ചെയ്ത വേഷത്തിലേക്ക്. പക്ഷേ, ഞാനന്ന് പ്രീഡിഗ്രി കഴിഞ്ഞതേയുളളൂ. അദ്ദേഹത്തിന്റെ വീട്ടിൽ എത്താനാണ് ആവശ്യപ്പെട്ടത്. ഞാൻ ചെന്നപ്പോൾ അദ്ദേഹം തിരക്കിലാണ്. എനിക്കിത്തിരി നേരം കാത്തിരിക്കേണ്ടിയിരുന്നു. അതുകൊണ്ടാകും അദ്ദേഹം വീട്ടിനകത്തേക്കു നോക്കി ഫഹദിനെ വിളിപ്പിച്ചു. എന്നെ മുഷിപ്പിക്കാതെ സംസാരിച്ചിരിക്കാൻ ആവശ്യപ്പെട്ടു. ഫഹദും അന്നു കുട്ടിയാണ്. എന്നെക്കാൾ സ്വല്പം ഇളപ്പം. അന്നു ഞങ്ങൾ രണ്ടു പേരും പറഞ്ഞത് പഠന ത്തെക്കുറിച്ചും പരീക്ഷകളെക്കുറിച്ചുമായിരുന്നു, പക്ഷേ, ആ സിനിമയിലെ കഥാപാത്രം എനിക്കു കിട്ടിയില്ല. കുറച്ചു കൂടി പക്വതയുളള ഒരാളെയായിരുന്നു വേണ്ടത്. അന്ന് പറഞ്ഞു തുടങ്ങിയ സംസാരം പിന്നീട് സിനിമകളെക്കുറിച്ചായി. ഇന്ന് ഫഹദ് എന്റെ നല്ല സുഹൃത്താണ്. സിനിമ സംസാരിക്കാൻ കഴിയുന്ന ഏറ്റവും നല്ല ചങ്ങാതി.

ആ ഒരു അടുപ്പം ഈ സിനിമയില്‍ ഏറെ ഗുണം ചെയ്തിട്ടുണ്ട്. എനിക്ക് എന്താണ് വേണ്ടത് എന്ന് ഫഹദിനു വേഗം തിരിച്ചറിയാന്‍ കഴിഞ്ഞു.

സിനിമാ മോഹം കുട്ടിക്കാലത്തേയുണ്ടായിരുന്നോ?

കണ്ണൂരിലെ പയ്യങ്ങാടിയിലാണ് വീട്. സിനിമ ആ നാട്ടിൻപുറത്ത് വിദൂരസ്വപ്നമാണ്. അച്ഛൻ ഫൊട്ടോഗ്രാഫറായിരുന്നു. ക്യാമറ എടുത്ത് കളിക്കാൻ എനിക്കന്നേ ഇഷ്ടമാണ്. കുറച്ചു കൂടി മുതിർന്നപ്പോൾ വിഡിയോ ക്യാമറയിലായി കമ്പം. അനിയത്തിയും അനിയനുമായിരുന്നു അന്ന് അഭിനേതാക്കൾ. വി സി ആർ ഉപയോഗിച്ചാണ് ശബ്ദം റിക്കോർഡ് ചെയ്യുക. ആ പ്രോസസ് ഇത്തിരി കോംപ്ലിക്കേറ്റഡാണ്. ഇന്നത്തെ കുട്ടികൾ എത്ര വേഗമാണ് ഷോർട് ഫിലിം ഒക്കെ ചെയ്യുന്നത്.

വടക്കൻ വീരഗാഥയെ കുറിച്ചുളള ഓർമകള്‍?

ഒരു വടക്കൻ വീരഗാഥയ്ക്കാണ് ആദ്യമായി സ്റ്റേറ്റ് അവാർഡ് കിട്ടുന്നത്. മികച്ച ബാലതാരത്തിനുളള പുരസ്കാരം. വലിയ ഒരു ടീമായിരുന്നു അത്. എം.ടി. സർ, ഹരിഹരൻ സർ, മമ്മുക്ക. അന്നു ഞാൻ ആറാം ക്ലാസിലാണ്. ഒഡിഷനു പോകുമ്പോള്‍ ഇരുന്നൂ റോളം കുട്ടികൾ. അവരെല്ലാം പറയുന്നത് തങ്ങൾ ചന്തു ആകാൻ വന്നിരിക്കു‌കയാണ് എന്നാണ്. എന്റെ മുഖത്ത് അന്നൊരു കറുത്ത മറുകുണ്ട്. മമ്മുക്കയ്ക്കും അത്തരത്തിൽ ഒരു മറുകുണ്ടായിരുന്നു. അതാവണം നറുക്ക് വീണത് എനിക്കാണ്.

എന്നെ ആദ്യമായി കാണിക്കുമ്പോൾ ബാക്ക്ഗ്രൗണ്ടിൽ മുഴങ്ങുന്നതു മമ്മുക്കയുടെ ഗംഭീര ശബ്ദമാണ്. ആ വരികളൊന്നും ഞാൻ മറന്നിട്ടില്ല.

കളരിയും മറ്റും ചെയ്യണമെന്നറിയാം. ഞാനന്ന് കളരി പഠിച്ചിട്ടുണ്ട്. ക്ലാസിക്കൽ ‌ഡാൻസിലും പരിശീലനം ഉണ്ട്. പക്ഷേ, സെറ്റിൽ കളരി പഠിപ്പിക്കാൻ ഗുരുക്കന്മാരുണ്ടായിരുന്നു. ഹരിഹരൻ സാറിന്റെയോ എം.ടി. സാറിന്റെയോ വലുപ്പം മനസ്സിലാക്കാനുളള പക്വത ഒന്നുമായിട്ടില്ല. പക്ഷേ, ആദ്യ ടേക്കില്‍ ഒ കെ ആവുക എന്തോ വലിയ കാര്യമാണെന്നറിയാം. ഹരിഹരൻ സാർ ഷോട്ട് കഴിയുമ്പോൾ വെരി ഗുഡ് എന്നു പറയും. ഉറക്കെയാണ് അദ്ദേഹം അത് പറയുക. അതു കേള്‍ക്കാൻ ഇഷ്ടമുളള കുട്ടിയായിരുന്നു ഞാനും. അതുകൊണ്ട് പറഞ്ഞു തരുന്നത് അതു പോലെ ചെയ്യാൻ ശ്രമിച്ചിരുന്നു.

വടക്കൻ വീരഗാഥയിൽ ഒരു പാട്ടു സീനിൽ ഞാൻ ജോമോളെ കല്യാണം കഴിക്കുന്നതായി കാണിക്കുന്നുണ്ട്. ഒരുപാട് പേടിച്ച് ചെയ്ത സീനായിരുന്നു അത്. സ്കൂളില്‍ എത്തുമ്പോൾ കൂട്ടുകാരൊക്കെ കളിയാക്കില്ലേ ?. ഒടുവിൽ ഞാനൊരു കാര്യം കണ്ടു പിടിച്ചു. ആ സീനിൽ ഞാൻ താലി കെട്ടിയില്ല. താലി ജോമോളുടെ കഴുത്തിൽ വയ്ക്കുന്നതേ ഒളളൂ. കെട്ടുന്നത് സുകുമാരിയമ്മയാണ്. അത് പറഞ്ഞാണ് ഞാൻ രക്ഷപ്പെട്ടത്. ജോമോളെ ശരിക്കും കല്യാണം കഴിച്ചു പോകുമോ എന്നായിരുന്നു അന്ന് എന്റെ പേടി.

മലയാള സിനിമയിൽ ഇരുപത്തിയാറു വർഷങ്ങൾ ?

വിനീത് ക‌ുമാർ, സന്ധ്യ, മൈത്രേയി

1988 ലാണ് സിനിമയിൽ എത്തുന്നത്. കഴിഞ്ഞ വർഷം ഒരു വടക്കൻ വീരഗാഥയുടെ ഇരുപത്തിയഞ്ചാം വര്‍ഷം ആഘോഷി ച്ചു. പക്ഷേ, എന്റെ ആദ്യ സിനിമ പി.എൻ. മേനോന്‍ സംവിധാനം ചെയ്ത പടിപ്പുരയാണ്. സ്റ്റേറ്റ് യൂത്ത് ഫെസ്റ്റിവലിൽ ഭരതനാ ട്യത്തിന് ഒന്നാം സ്ഥാനമുണ്ടായിരുന്നു. അതാണ് സിനിമയിലേക്കുളള വഴി തുറന്നത്. മുരളിയും പ്രേംജിയുമാണ് ആ ചിത്രത്തി ലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അപ്രധാനമായ കഥാപാത്രമായിരുന്നു എന്റേത്. സ്ക്രീനിൽ എന്റെ മുഖം കാണു ന്നത് സിബി മലയിൽ സാറിന്റെ മുദ്ര എന്ന സിനിമയിലാണ്. എന്റെ മൂന്നാമത്തെ ചിത്രമാണ് ഒരു വടക്കൻ വീരഗാഥ.

കുട്ടിക്കാലത്ത് നല്ല ചിത്രങ്ങളുടെ ഭാഗമാകാൻ കഴിഞ്ഞിരുന്നു. പക്ഷേ, മുതിർന്ന ശേഷം കിട്ടിയ ചിത്രങ്ങളിൽ പൂർണമായും തൃപ്തനാക്കുന്ന് ഒന്നും ഉണ്ടായിരുന്നില്ല.

സൗഹൃദങ്ങൾ ധാരാളമുളള ആളാണല്ലോ ?

സിനിമാ സൗഹൃദങ്ങൾ അധികമില്ലാത്ത ഒരാളാണ് ഞാൻ. ഭൂരി ഭാഗവും സ്കൂൾ-കോളജ് സൗഹൃദങ്ങളാണ്. പക്ഷേ, ഉളള സൗഹൃദങ്ങളിൽ വളരെയധികം ഇൻവോൾവ്ഡ് ആകാറുണ്ട്. ഐ.ക്യുവിനെക്കാൾ ഇ.ക്യൂ കൂടുതലുളള വ്യക്തിയാണ് ഞാൻ.വ്യക്തിബന്ധങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം കൊടുക്കാറ്. അമ്മയുമായി ഒരു പാട് അടുപ്പമുണ്ട്. അതാകാം ഇമോഷനലായി ആണ് ഞാൻ തീരുമാനങ്ങള്‍ എടുക്കാറ്. വ്യക്തിബന്ധങ്ങളുടെ പേരിൽ സിനിമകളും ചെയ്തിട്ടുണ്ട്. ചിലപ്പോഴൊക്കെ തെറ്റായ തീരുമാനങ്ങളിലാകും അത് ചെന്നെത്തുക. ഞാനൊരു മോശം ബിസിനസുകാരനാണ്. പക്ഷേ, ജീവിതം ബന്ധങ്ങളുടെ പേരിൽ കാണാനാണ് എനിക്കിഷ്ടം.

മലയാള സിനിമ വിനീതിന്റെ കണ്ണുകളെ വേണ്ടത്ര പരിഗണിച്ചിട്ടില്ല എന്നു തോന്നിയിട്ടുണ്ടോ ?

എന്റെ കണ്ണുകൾ കാരണം സിനിമ നഷ്ടപ്പെട്ടെന്നോ കിട്ടിയെന്നോ തോന്നുന്നില്ല. നല്ല കണ്ണുകളാണ് എന്റേത് എന്ന് പലരും പറഞ്ഞിട്ടുണ്ട്. അപരിചിതന്റെ ലൊക്കേഷനിൽ വച്ച് സന്തോഷ് ശിവൻ പറഞ്ഞിരുന്നു, എന്റെ മുഖത്തേക്കു നോക്കുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ ആകര്‍ഷിക്കുന്നത് കണ്ണുകളാണെന്ന്. അതാണെന്ന് തോന്നുന്നു മനോഹരമായ അഭിനന്ദനം.

ദേവദൂതനിൽ, നിഖിൽ മഹേശ്വർ എന്ന അന്ധനായ സംഗീത ജ്ഞന്റെ റോളായിരുന്നു ചെയ്തത്. ആ കഥാപാത്രത്തിനു വേണ്ടി ഉപയോഗിച്ചത് ഇളം നീല നിറത്തിലെ ലെൻസായിരുന്നു. കണ്ണുകളുടെ നിറവും കാസ്റ്റിങ്ങും ആയി ബന്ധമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. വ്യത്യസ്തമായ കൃഷ്ണമണികൾ മാത്രമാണ് വേണ്ടിയിരുന്നെങ്കിൽ എന്റെ കണ്ണുകള്‍ ഉപയോഗിച്ചാൽ പോരായിരുന്നോ?

പക്ഷേ, ഏറ്റവും രസകരമായി തോന്നിയത് എഫ്ബിയിൽ കണ്ട ഒരു പോ‌സ്റ്റാണ്. ഒരു വടക്കൻ വീരഗാഥയിലെ സ്റ്റിൽ വെച്ചിറങ്ങിയ ഒരു പോസ്റ്ററായിരുന്നു അത്. ഞാൻ, ജോമോള്‍, മമ്മുക്ക മാധവി മാം ഇത്രയും പേരെ കാണിച്ചിട്ട് ചന്തുവും ഉണ്ണിയാർച്ച യും വലുതായപ്പോൾ കണ്ണുകൾ കൈമാറി എന്നാണവര്‍ കാണിച്ചത്. മാധവി മാമിനും എനിക്കും പൂച്ചക്കണ്ണാണല്ലോ മമ്മൂക്കയും ജോമോളും കറുത്ത കൃഷ്ണമണികളോട് കൂടിയവരും. ജോമോ ളാണ് ഈ പോസ്റ്റ് ആദ്യം കണ്ടത്. ഞങ്ങൾ ഏറെ ആസ്വദിച്ച ഒരു പോസ്റ്റായിരുന്നു അത്.

പ്രണയവിവാഹമായിരുന്നുവോ ?

താരപരിവേഷം കാരണം പ്രണയിക്കാന്‍ പറ്റിയിട്ടില്ല എന്നതാണ് സത്യം. ആ നിരാശ തീർത്തിരുന്നത് സുഹ‍ൃത്തുക്കള്‍ക്ക് പ്രണയ ലേഖനങ്ങൾ എഴുതിയും കാർഡ് ഉണ്ടാക്കിയും ഒക്കെയാണ്.

പ്രണയം വിവാഹത്തിനു ശേഷമായിരുന്നു . 2009 ൽ ആയിരുന്നു വിവാഹം. അറേഞ്ച്ഡ് മാരേജ്. പെണ്ണു കാണാൻ ചെല്ലുമ്പോൾ സന്ധ്യയ്ക്കറിയില്ല, ഞാനാണ് വരൻ എന്ന്. എന്തോ ആശയക്കുഴപ്പം കാരണം നടൻ വിനീത് കുമാറിന്റെ ബന്ധുവിനു വേണ്ടി വിനീതും പെണ്ണുകാണാൻ എത്തുന്നു എന്നാണ് അവർ മനസ്സിലാക്കിയത്. സന്ധ്യയും അനിയത്തിയും എക്സൈറ്റഡ് ആയിരിക്കുകയാണ്, ഒരു നടനെ കാണുന്നതിലുളള സന്തോഷം. ഞാൻ തന്നെയാണ് ചെറുക്കനെന്ന് അറിയുന്നത് പെണ്ണുകാണലി‌നിടയിലാണ്. ആ നിമിഷം സന്ധ്യയുടെ മുഖം ബ്ലാങ്കായി പോയി. ഒരു ‍ഞെട്ടൽ. പിന്നീട് ഞാനിതും പറഞ്ഞ് സന്ധ്യയെ കളിയാക്കാറുണ്ട്. മകൾ മൈത്രേയിക്ക് മൂന്നു വയസ്സായി. അവൾ ഇപ്പോഴേ ഡാൻസറാണ്. വീട്ടിൽ എത്തിക്കഴിഞ്ഞാൽ അവളോടൊപ്പം ഡാൻസ് ചെയ്യുകയാണ് എന്റെ മെയിൻ ഹോബി.

വിനീത്, വിനീത് ശ്രീനിവാസന്‍, വിനീത് കുമാർ... എപ്പോഴെങ്കിലും ‘അയാൾ ഞാനല്ല!’എന്ന് പറയേണ്ടതായി വന്നിട്ടുണ്ടോ?

വിനീത് ക‌ുമാർ

തട്ടത്തിൻ മറയത്ത് എന്ന സിനിമ ഇറങ്ങിയ സമയത്ത് വിനീത് ശ്രീനിവാസനുളള ഫോൺ കോളുകൾ എനിക്ക് വന്നിരുന്നു. സീനിയർ വിനീതുമായും പലർക്കും കണ്‍ഫ്യൂഷൻ ഉണ്ടായിട്ടുണ്ട്. കണ്ണുകളാണ് മിക്കവാറും രക്ഷയ്ക്ക് എത്താറ്. ചെയ്യുന്ന സിനിമകളുടെ പേരില്‍ അറിയപ്പെടണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.ഞങ്ങൾ മൂന്നു പേരും കണ്ണൂരിൽ നിന്നും ആയതു കൊണ്ട് കൺഫ്യൂഷൻ കൂടുതലാണ്. ഞാനും വിനീതേട്ടനും ഡാൻസ് ചെയ്യും. ഞങ്ങൾ മൂന്നു പേരെയും ചേര്‍ത്ത് കണ്ണൂരിൽ ഒരു ക്ലബ്ബ് ‘വിനീതം’ എന്ന പേരിൽ ഒരു ഷോ സംഘടിപ്പിച്ചിരുന്നു. അതൊരു മറക്കാനാവാത്ത അനുഭവമായിരുന്നു.

ഈ കൺഫ്യൂഷൻ തന്നെയാണോ ആദ്യ സിനിമയ്ക്ക് പിന്നിലും?

ഇവിടെയും ഒരു ഞാനും അയാളുമുണ്ട്. പക്ഷേ, ഇതെന്റെ ആത്മകഥയൊന്നുമല്ല. ആരാണ് ആ അയാൾ എന്നു കണ്ടെത്തേണ്ടത് പ്രേക്ഷ‌കരല്ലേ ? അവർ പറയട്ടേ ഇത് ആരുടെ കഥയാണെന്ന്.