Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവരുടെ കഴിവുകളാണ് തേച്ചു മിനുക്കേണ്ടത്; നിങ്ങളുടെ ഷൂസ് അല്ല

child-labour-01

പതിവുപോലൊരു ദിനമായി കടന്നുപോയി ജൂൺ 12 പലർക്കും. എന്നാൽ നഷ്ടപ്പെട്ട പ്രതീക്ഷകളെ തിരിച്ചുപിടിക്കുന്ന ദിവസമായിരുന്നു ജൂൺ 12 കുറച്ചുപേർക്കെങ്കിലും. പ്രതീക്ഷകൾ ഇനിയും നഷ്ടപ്പെടാതിരിക്കാനും ജീവിക്കാനും സന്തോഷമായിരിക്കാനും എല്ലാവർക്കും തുല്യ അവകാശമാണുള്ളതെന്ന് ഓർമിപ്പിക്കാനും ആ ദിനത്തെ ഉപയോഗപ്പെടുത്തിയവരുമുണ്ട്. അവർ സമൂഹമാധ്യമങ്ങളിൽ ഒരു ഹാഷ്ടാഗിൽ തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചു. പ്രതിബദ്ധത ആവർത്തിച്ചു. പോരാട്ടത്തിന്റെ ആവശ്യകതയെക്കുറിച്ച് ഓർമിപ്പിച്ചു. 

2002 മുതൽ ജൂൺ 12 ന് ഒരു വിശേഷണം കൂടിയുണ്ട്– ലോക ബാലവേല വിരുദ്ധ ദിനം, ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനാണ് ഈ ദിനം ആചരിക്കാനും ബാലവേലയിൽ ഏർപ്പെടുന്നവരെ മോചിപ്പിക്കാനുമുള്ള പദ്ധതി തുടങ്ങുന്നത്. ക്രമേണ സന്നദ്ധ സംഘടനകളും വ്യക്തികളുമൊക്കെ ഏറ്റെടുത്തതോടെ വ്യാപക പ്രചാരം ലഭിച്ചു ബാലവേലയ്ക്ക് എതിരെയുള്ള പ്രചാരണത്തിന്. ഇത്തവണയും #WorldDayAgainstChildLabour എന്ന ഹാഷ്ടാഗിൽ കുട്ടികളെക്കൊണ്ടു ജോലിയെടുപ്പിക്കുന്നതിനെതിരെ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ രംഗത്തുവന്നു. 

ജോലിയെടുക്കാൻ കുട്ടികൾ നിർബന്ധിക്കപ്പെടുകയാണ്. കാരണം അവർക്കുവേണ്ടി പറയാൻ ആരുമില്ല. അവരുടെ ശബ്ദം പുറത്തുവരുന്നുമില്ല. ഇനിയെങ്കിലും അവർക്കുവേണ്ടി സംസാരിക്കുക. കുട്ടികൾക്കുവേണ്ടി നിലപാട് എടുക്കുക.വെള്ളം തലയിൽ ചുമന്നുകൊണ്ടുവരാൻ പാത്രവുമായി വളരെദൂരം നടക്കേണ്ടിവരുന്ന ഒരു പെൺകുട്ടിയുടെ ചിത്രത്തിന്റെ പശ്ചാത്തലത്തിൽ വന്ന ഒരു പോസ്റ്റ്. ഇതുപോലെ നൂറുകണക്കിനു പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. 

ബാല വേല വിരുദ്ധ ദിനത്തിന് എല്ലാ വർഷവും ഒരു പ്രത്യേക വിഷയമുണ്ട്. ജോലിസ്ഥലത്തെ സുരക്ഷിതത്വവും കുട്ടികളുടെ ആരോഗ്യവുമാണ് ഇത്തവണത്തെ വിഷയം. 2030 ആകുമ്പോഴേക്കും ലോകത്തെല്ലായിടത്തും ജോലിസ്ഥലത്ത് ആരോഗ്യകരമായ ചുറ്റുപാട് സൃഷ്ടിക്കുക എന്ന ലക്ഷ്യവുമായാണ് യൂണിസെഫ് ഉൾപ്പെടെയുള്ള സന്നദ്ധസംഘടനകൾ പ്രവർത്തിക്കുന്നതും പ്രചാരണം ഏറ്റെടുക്കുന്നതും. 

കൃഷിയിടങ്ങളിൽ,അടുക്കളകളിൽ,പണിശാലകളിൽ,ഹോട്ടലുകളിൽ,വ്യാപാര ശാലകളിൽ...എവിടെയുമുണ്ട് ജോലിയെടുക്കുന്ന കുട്ടികൾ. ഇത്തരത്തിൽ ജോലിയെടുക്കുന്ന കുട്ടികളുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് ബാലവേലയോട് നോ എന്നു പറയാൻ ആവശ്യപ്പെടുന്നു ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. 

നിങ്ങളുടെ ഷൂസ് വൃത്തിയാക്കാനല്ല കുട്ടികളെ നിർബന്ധിക്കേണ്ടത്. പകരം അവർ അവരുടെ കഴിവുകൾ തേച്ചുമിനുക്കിയെടുക്കട്ടെ– ജഡേജയുടെ പോസ്റ്റ് പറയുന്നു. 

സന്തോഷവും പ്രതീക്ഷയുമുള്ള ഭാവി രൂപപ്പെടുത്താൻ എല്ലാ കുട്ടികൾക്കും അവകാശമുണ്ട്. ബാല വേല നിർമാർജനം ചെയ്യാനുള്ള യത്നത്തിൽ ഒരുമിച്ചുനിൽക്കാം. കുട്ടികളെ പണിയെടുപ്പിക്കുന്നതു കണ്ടാൽ ഉടൻതന്നെ റിപോർട്ട് ചെയ്യുക: പഞ്ചാബ് പൊലീസ് ജൂൺ 12 പുറത്തിറക്കിയ പോസ്റ്റ്. 

ഉത്തർ പ്രദേശ് പൊലീസ് വൃത്തങ്ങളും സമാനസ്വഭാവത്തിലുള്ള പോസ്റ്റ് ഇടുകയും ബാല വേലയ്ക്ക് എതിരെ പ്രവർത്തിക്കുമെന്ന ഹാഷ്ടാഗ് പ്രചരിപ്പിക്കകയും ചെയ്യുന്നു. ഇതിനൊരു കാരണമില്ല; ന്യായീകരണവുമില്ല– കുട്ടികളെക്കൊണ്ടു ജോലിയെടുപ്പിക്കുന്നത് അവരെ ദുരുപയോഗിക്കുന്നതിനു തുല്യമാണെന്നു പറയുന്ന പോസ്റ്റ് ഉറക്കെ പ്രഖ്യാപിക്കുന്നു.