‘വെറുതെ വിടുക, ആ ജീവൻ പൊലിഞ്ഞ പക്ഷിയെ..’

നെഞ്ചുപൊട്ടിക്കരയുന്ന ഒരു അച്ഛന്റെയും അമ്മയുടെയും മുഖം വാർത്തകളിൽ നിറയുമ്പോഴും നാടു മുഴുവൻ പഴി ചാരുന്നത് ഒരു ചെറുപ്പക്കാരന്റെ അപക്വമായ തീരുമാനത്തെയാണ്. ലോകകപ്പ് ഫു‍‍‍ട്ബോളിൽ അർജന്റീന പരാജയപ്പെട്ടതിനെത്തുടർന്ന് ജീവൻ വെടിഞ്ഞ ദിനു എന്ന ചെറുപ്പക്കാരനെക്കുറിച്ച് പുച്ഛത്തോടെയും പരിഹാസത്തോടെയും ചർച്ച ചെയ്യുന്ന ആളുകൾ തീർച്ചയായും സ്വന്തം വീട്ടകങ്ങളിലേക്കും പാളിനോക്കണം.

പരിഹാസങ്ങൾ കേട്ടു നിൽക്കാൻ ത്രാണിയില്ലാത്ത, തോൽവിയെ നേരിടാനുള്ള നെഞ്ചുറപ്പില്ലാത്ത ചില കുഞ്ഞുങ്ങളെങ്കിലും വീടുകളിലുണ്ടാവും.  മരിച്ചുപോയതിനു ശേഷവും ഒരാളെ പരിഹസിക്കുന്നതിനു പകരം മനക്കട്ടിയില്ലാത്ത കുഞ്ഞുങ്ങൾ വീട്ടിലുണ്ടെങ്കിൽ അവർക്കു കരുതൽ നൽകുകയല്ലേ വേണ്ടത്? പക്ഷേ ആ ചെറുപ്പക്കാരന്റെ ഒരു നിമിഷത്തെ എടുത്തുചാട്ടം വരുത്തിവെച്ച വലിയ ദുരന്തത്തിൽനിന്നു കരകയറാൻ നിസ്സഹായരായ അച്ഛനുമമ്മയ്ക്കും കഴിയട്ടെയെന്നു പ്രാർഥിക്കുന്നതിനു പകരം മരണത്തിനു ശേഷവും അവനെ പരിഹസിക്കാനാണ് സമൂഹം മിടുക്കു കാട്ടുന്നത്.

ആത്മഹത്യ ചെയ്തവരെല്ലാം പരാജയപ്പെട്ടവരല്ല. പ്രമുഖർ പോലും ആത്മഹത്യയിൽ അഭയം തേടിയത് മുൻപും വാർത്തകളിൽ നിറഞ്ഞിട്ടുണ്ട്. ആത്മഹത്യ ചെയ്തവരെ പരിഹസിക്കുകയല്ല വേണ്ടത്. മറിച്ച് അങ്ങനെയുള്ളൊരു തോന്നൽ അവരുടെയുള്ളിൽ ഉണ്ടെന്നറിയുന്ന നിമിഷം, ചേർത്തുപിടിച്ച് ഞങ്ങളുണ്ടു കൂടെയെന്നുപറയുകയല്ലേ വേണ്ടത്?  അല്ലെങ്കിലും ദുരന്തങ്ങൾ വേണ്ടപ്പെട്ടവർക്കു സംഭവിക്കാത്തിടത്തോളം ഇത്തരം വാർത്തകൾ നമുക്കു പറഞ്ഞു ചിരിക്കാനുള്ള തമാശകൾ മാത്രമാണല്ലോ.

സമൂഹമാധ്യമങ്ങളിലൂടെ ആ ചെറുപ്പക്കാരന്റെ ചിത്രമുൾപ്പെടെ പങ്കുവെച്ചുകൊണ്ടാണ് പലരും ആക്ഷേപശരങ്ങൾ തൊടുത്തു സന്തോഷിക്കുന്നത്. ഒരു നിമിഷത്തിന്റെ തോന്നലിൽ ദിനു ചെയ്തുപോയൊരു കയ്യബദ്ധം ആ അച്ഛനമ്മമാർക്കു നൽകിയത് ഒരായുസ്സിലേക്കുള്ള സങ്കടമാണ്. ആ ദുരന്തത്തെ അതിജീവിക്കാൻ ആ കുടുംബത്തിനു പിന്തുണ നൽകേണ്ടതിന് പകരം, മരിച്ചുപോയ അവരുടെ മകനെ മരണശേഷം ക്രൂരമായ വാക്കുകൾ കൊണ്ട് അപമാനിച്ചു സന്തോഷിക്കുകയാണ് പലരും. സമൂഹത്തിലെ ആ ഭൂരിപക്ഷത്തിൽനിന്നു വേറിട്ടുനിന്ന് ഒരമ്മമനസ്സോടെ ആ സംഭവത്തെ നോക്കിക്കണ്ട് ഹൃദയംകൊണ്ട് ഒരു കുറിപ്പെഴുതിയിരിക്കുകയാണ് സൈന നാസർ എന്ന സർക്കാരുദ്യോഗസ്ഥ.

ഒരു സങ്കട വാർത്തയിലെ ആരും ശ്രദ്ധിക്കാതെ പോകുമായിരുന്ന വളരെ ഗൗരവമുള്ള ഒരു വിഷയത്തെ ചൂണ്ടിക്കാട്ടി പാലക്കാട് ജില്ലയിലെ പെരുമാട്ടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായ സൈന കുറിച്ചതിങ്ങനെ:-

" വെറുതെ വിടുക, ജീവൻ പൊലിഞ്ഞ ആ പക്ഷിയെ.."

അബദ്ധം സംഭവിക്കുന്നവരെയൊക്കെ വിഡ്ഢികളെന്ന് ആക്ഷേപിച്ച് സ്വയം ബുദ്ധിമാൻ ചമയുവാൻ നമുക്കൊക്കെ എന്ത് തിടുക്കമാണ്...? കുറ്റപ്പെടുത്തലിന്റെ ആത്മരതിക്ക് ചെലവേതുമില്ലല്ലോ...

ലയണൽ മെസ്സി എന്ന കാൽപ്പന്തിതിഹാസം ലോകകപ്പ് മത്സരത്തിൽ പരാജയപ്പെട്ടതിൽ മനം നൊന്ത് ജീവൻ വെടിഞ്ഞ ദിനു എന്ന ചെറുപ്പക്കാരൻ.. അവൻ സ്വന്തം മകനെങ്കിൽ ആരെങ്കിലും ഇങ്ങനെ 'വിഡ്ഢി ' യെന്ന് കൂവിയാർത്ത് ആനന്ദിക്കുമോ ?

അന്ധമായ ആരാധനയും ഒരുതരം മാനസിക വിഭ്രാന്തിയാണ്.. മറ്റനേകം ഏകാന്തതകൾ അനുഭവിച്ചിരുന്ന ഒരു കുട്ടിയായിരുന്നിരിക്കാം ചെറുപ്പം മുതൽ അവൻ.. അപക്വമായ , കട്ടിയില്ലാത്ത മനസ്സുള്ള അന്തർമുഖനായ ഒരു സാധു..

താൻ ആഗ്രഹിക്കും പോലെ ഭ്രാന്തമായി സ്നേഹിക്കപ്പെടാനും മെസ്സിയിൽ ആ പൂർണ്ണത കണ്ടെത്താനും ശ്രമിച്ചിരിക്കാം അവന്റെ കാല്പനിക മനസ്സ്.. എത്ര മാത്രം ആകുല ചിന്തകൾക്ക് മുന്നിൽ സുല്ലു പറഞ്ഞാവും അവൻ മരണത്തിനു കൂട്ടു പോവാനുറച്ചത് ?

നമുക്കെന്തേ നന്ദിതയോടും രാജലക്ഷ്മിയോടും വി.പി സത്യനോടും ഈ വേർതിരിവില്ലാത്തത് ?അവനവനാവാൻ ഓരോരുത്തർക്കും അവകാശമില്ലേ ? വെറുതെ വിടുക, ജീവൻ പൊലിഞ്ഞ ആ പക്ഷിയെ..

പകരം നമ്മുടെ മക്കളുടെ മാനസികാരോഗ്യത്തിൽ കരുതലുള്ളവരാവുക... പരാജയങ്ങളിൽ തലയുയർത്തി നിൽക്കാനും സങ്കടക്കടൽ നീന്തിക്കടക്കാനും പ്രാപ്തരാക്കുക...

ആത്മവിശ്വാസം പകർന്ന് നെഞ്ചോടു ചേർക്കുക... ആരുടെയെങ്കിലും ഉപദേശം കൊണ്ട് നന്നായവരാണോ നമ്മൾ എന്ന് സ്വയം ചിന്തിച്ചു നോക്കുക...

ജീവിതത്തെ സ്നേഹിച്ചു കാണിക്കുക... സ്വജീവൻ ചേർത്ത് പിടിക്കാൻ , കുഞ്ഞു കുഞ്ഞു വെല്ലുവിളികൾ നേരിടാൻ അവർക്കും പരിശീലനം നൽകുക...

തോൽവികൾ കരുത്തു നേടാനുള്ള ചവിട്ടു പടികളാണെന്ന് ഒപ്പം നിറുത്തി പറഞ്ഞു കൊടുക്കുക... ഏതു തോൽവിയിലും നാണക്കേടിലും നിനക്ക് ഞാനുണ്ടാവുമെന്ന ഉറച്ച വിശ്വാസം അവരിൽ വളർത്തുക.. തെറ്റുപറ്റുന്നത് മനുഷ്യ സഹജമാണെന്ന് ബോധ്യപ്പെടുത്തുക...

എല്ലാത്തിനുമുപരി അവർക്ക് അവരാകാൻ സ്വാതന്ത്ര്യം നൽകുക...

' Give your children some benevolent negligence.."

ന്യൂജനറേഷൻ പേരന്റിങ്ങിൽ പലപ്പോഴും മക്കളുടെ മനസ്സു കാണാതെ പോകുന്ന മാതാപിതാക്കളെ പല കാര്യങ്ങളും ഈ കുറിപ്പ് ഓർമപ്പെടുത്തുന്നുണ്ട്. ജീവിതത്തിൽ സംഭവിക്കുന്ന എല്ലാക്കാര്യങ്ങളെക്കുറിച്ചും സ്വന്തം അച്ഛനോടും അമ്മയോടും മനസ്സു തുറന്നു പറയാൻ കഴിയുന്ന വിധത്തിൽ കുഞ്ഞുങ്ങളെ പ്രാപ്തരാക്കണമെന്നും സ്വന്തം കുടുംബത്തിൽ ഒരു ദുരന്തം വരുംവരെ മറ്റുള്ളവരെ പരിഹസിക്കരുതെന്നും അവനവനായിത്തന്നെ വളരാൻ കുഞ്ഞുങ്ങൾക്ക് സ്വാതന്ത്ര്യം നൽകണമെന്നുമെല്ലാം.