ഏഴോ എട്ടോ വയസ്സാകുമ്പോൾ തന്നെ കുട്ടികൾ പ്രായപൂർത്തിയാകുന്ന വാർത്തയറിയുമ്പോൾ പല അച്ഛനമ്മമാരും ആശങ്കപ്പെടാറുണ്ട്. എന്തുകൊണ്ട് എന്റെ കുഞ്ഞിനിങ്ങനെ സംഭവിച്ചു എന്ന ആധി മനസ്സിൽ നിറയുമ്പോൾ അവരുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഉൽപ്പന്നങ്ങളിലേക്കും അച്ഛനമ്മമാരുടെ കണ്ണുകളെത്താറുണ്ട്.
എന്നാൽ കുഞ്ഞുങ്ങൾ ഭൂമിയിലേക്കു പിറന്നു വീഴും മുമ്പേ സംഭവിക്കുന്ന ചില കാര്യങ്ങളാണ് നേരത്തെയുള്ള പ്രായപൂർത്തിയാകലിനു പിന്നിൽ എന്നാണ് പുതിയ ചില പഠനങ്ങൾ പറയുന്നത്. ഗർഭാവസ്ഥയിൽ അമ്മമാരുപയോഗിക്കുന്ന സോപ്പ്, ടൂത്ത്പേസ്റ്റ്, ഷാംപൂ എന്നിവയിലടങ്ങിയിരിക്കുന്ന രാസവസ്തുക്കളാണ് കുഞ്ഞുങ്ങളുടെ നേരത്തെയുള്ള പ്രായപൂർത്തിയാകലിനു പിന്നിലെന്ന് കണ്ടെത്തിയത് യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ബെർക്കിലിയിലെ ഗവേഷകരാണ്.
''ശരീരത്തിലുപയോഗിക്കുന്ന പല വസ്തുക്കളും ശരീരത്തിനുള്ളിലെത്തുമെന്ന് നമുക്കറിയാം. ചർമ്മത്തിനുള്ളിൽ കലർന്നോ, ശ്വസിക്കുമ്പോഴോ, അശ്രദ്ധകൊണ്ടോ ഒക്കെയാകാം ഇങ്ങനെ സംഭവിക്കുന്നത്.ഇത്തരം കെമിക്കലുകൾ എങ്ങനെയാണ് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതെന്ന് നമുക്ക് കണ്ടെത്തേണ്ടതുണ്ട് ബെർക്കിലി സ്ക്ൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ പ്രൊഫസറും, പഠനത്തിനു നേതൃത്വം നൽകിയ ഗവേഷകനുമായ കിം ഹാർലി പറയുന്നു. ''.
സെന്റർ ഫോർ ഹെൽത്ത് അസസ്മെന്റ് ഓഫ് മദേഴ്സ് ആൻഡ് ചിൽഡ്രൻ ഓഫ് സലിനാസ് നടത്തിയ ഡേറ്റാ കലക്‌ഷനോടനുബന്ധിച്ചാണ് ജേണൽ ഓഫ് ഹ്യൂമൻ പ്രൊഡക്ഷനിൽ ഇതു സംബന്ധിച്ച റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചത്. 338 കുഞ്ഞുങ്ങളെ ഗർഭാവസ്ഥ മുതൽ കൗമാരപ്രായം വരെ നിരീക്ഷണത്തിനു വിധേയമാക്കിയ ശേഷമാണ് ഗവേഷകർ ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്.
കഴിഞ്ഞ 20 വർഷത്തെ കാര്യമെടുക്കുകയാണെങ്കിൽ ഓരോ വർഷവും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നേരത്തെയാണ് ആൺകുട്ടികളും പെൺകുട്ടികളും പ്രായപൂർത്തിയാകുന്നത്. ഇത്തരത്തിൽ നേരത്തെ പ്രായപൂർത്തിയാകുന്ന കുട്ടികൾക്ക് ഭാവിയിൽ മാനസിക രോഗവും, സ്തനാർബുദവും, ഗർഭാശയ കാൻസറും, ആൺകുട്ടികൾക്ക് ടെസ്റ്റിക്യുലർ കാൻസറിനുള്ള സാധ്യതയുണ്ടെന്നും ഗവേഷകർ മുന്നറിയിപ്പു നൽകുന്നു.
എട്ടു വയസ്സിനോ അതിനു മുൻപോ ശാരീരിക വളർച്ച പൂർത്തിയായി ആർത്തവമുണ്ടാകുന്ന അവസ്ഥയെയാണ് നേരത്തെയുള്ള പ്രായപൂർത്തിയാകൽ എന്ന് പറയുന്നതെന്നും.11 വയസ്സിലോ അതിനു ശേഷമോ സംഭവിക്കേണ്ട ശാരീരികാവസ്ഥയിൽ വളരെ നേരത്തെ തന്നെയെത്തുന്ന പെൺകുട്ടികളുടെ സ്വഭാവത്തിൽത്തന്നെ ചില തികച്ചും അപകടകരമായ ചില പ്രത്യേകമാറ്റങ്ങൾ ഇതുമൂലം ഉണ്ടാകാമെന്നും ഹാർലി പറയുന്നു.
ഫസ്താലേറ്റ്സ്, പരബെൻ,ഫിനോൾസ് എന്നിങ്ങനെയുള്ള രാസവസ്തുക്കൾ അന്തഃസ്രാവീ വ്യൂഹത്തിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും
അതുമൂലമുണ്ടാകുന്ന ഹോർമോൺ വ്യതിയാനം മൂലം കുട്ടികൾ വളരെ നേരത്തെ പ്രായപൂർത്തിയാകുകയും ചെയ്യുന്നതെന്നും പഠനങ്ങൾ പറയുന്നു.