"അച്ഛനുമമ്മേം മൊബൈൽ ഫോണിനെ തൊടുന്നത്രേം ഇഷ്ടത്തോടെ ഒരിക്കലും എന്നെയൊന്ന് തൊട്ടിട്ടില്ല മിസ്സേ... അതിലൂടെ മിണ്ടുന്നത്രേം സ്നേഹത്തോടെ എന്നോട് മിണ്ടീട്ടില്ല..." ആ പതിമൂന്ന് വയസ്സുകാരി സ്കൂൾ കൗൺസിലർക്കു മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞു.

സ്കൂളിലേക്ക് വരുന്ന ബസിലെ ക്ലീനറുമായി ചെറിയൊരു 'പ്രണയ'മായിരുന്നു അവളുടെ പ്രശ്നം. ചില ദിവസങ്ങളിൽ അയാൾക്കൊപ്പം പകൽ ചുറ്റിത്തിരിയാൻ തുടങ്ങിയതോടെ അതുവരെ പിന്തുണച്ച കൂട്ടുകാരിമാർ കൂറുമാറി ക്ലാസ് ടീച്ചറെ വിവരം അറിയിച്ചു. ടീച്ചറാണ് അവളെ കൗൺസലർക്കു മുന്നിൽ എത്തിച്ചത്. പ്രശ്നങ്ങളുടെ മൂലകാരണം ചികഞ്ഞു പോയ കൗൺസലർ ചെന്നെത്തിയത് അച്ഛനമ്മമാരുടെ മൊബൈൽ ഫോൺ അഡിക്ഷനിലാണ്. ജോലി കഴിഞ്ഞു വീട്ടിലെത്തുന്ന ഇരുവരും ഒഴിവുനേരം മുഴുവൻ മൊബൈലിൽ മുഖം പൂഴ്ത്തുകയാണ്. കൗമാരത്തിലെത്തിയ മകളുടെ വിശേഷങ്ങൾക്ക് കാതോർക്കേണ്ട സമയം മൊബൈൽ അപഹരിച്ചു. അതോടെ, പെൺകുട്ടി സ്നേഹത്തിന്റെ ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കൂട്ടത്തിനൊപ്പം കൂടി. "ഒന്നൂല്ലേലും ആ ചേട്ടൻ എന്നോട് ഒത്തിരി സംസാരിക്കുന്നുണ്ടല്ലോ. എന്റെ എല്ലാ കാര്യവും കേൾക്കാറുണ്ട്," - ഇതാണ് അവൾക്കുള്ള ന്യായം.

"ഞങ്ങളവളെ എത്ര സ്നേഹിക്കുന്നുണ്ട്. കഷ്ടപ്പെട്ട് പണമുണ്ടാക്കി ചോദിക്കുന്നതെല്ലാം വാങ്ങിക്കൊടുത്തിട്ടുണ്ട്" - അച്ഛനമ്മമാർക്കുമുണ്ട് മറുന്യായം. അത്രയേറെ സ്നേഹം കയ്യിലുണ്ടായിട്ടും ആ അച്ഛനമമ്മാർക്ക് കുഞ്ഞുമനസ്സ് കാണാനാകാതെ പോയി. എവിടെയാകും അവർക്ക് പിഴച്ചത്.

 'മിലനിയൽ' അച്ഛനമ്മമാരാണ് ഇന്നത്തെ കൗമാരക്കാരുടേത് (അതായത് 2000ൽ യൗവനത്തോട് അടുത്തവർ). ഈ തലമുറയ്ക്ക് ലഭിച്ച ഏറ്റവും സമ്മോഹനമായ ഉപകരണമാണ് മൊബൈൽഫോൺ. ആഗ്രഹിക്കുന്നതെല്ലാം ലഭിക്കുന്ന ഇടം. അപ്പോൾ സ്വയമറിയാതെ അതിന് അടിമകളാകുകയാണ്. അതുകൊണ്ട് തന്നെ വിർച്വൽ ലോകത്ത് എല്ലാം തികഞ്ഞവരാകുമ്പോൾ മറുവശത്ത് ഏറ്റം പ്രിയപ്പെട്ട ചിലത് നഷ്ടമാകുന്ന അവസ്ഥ. ആധുനിക സാഹചര്യങ്ങളിൽ മൊബൈലോ കംപ്യൂട്ടറോ ഉപേക്ഷിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ആവില്ല. പക്ഷേ നമ്മുടെ കുഞ്ഞുങ്ങൾക്കു വേണ്ടി ചില നിയന്ത്രണരേഖകൾ സ്വയം വരച്ചാലോ...

ഈ ശിശുദിനം മുതൽ നമുക്ക് മക്കളെ ഹൃദയത്തോടു കൂടുതൽ ചേർത്തു നിർത്താം. തമിഴ്നാട് സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് മാതാപിതാക്കൾക്ക് ഒരു നിർദേശം നൽകിയിട്ടുണ്ട്, ശിശുദിനത്തിന് രാത്രി 7.30 മുതൽ 8.30 വരെ മൊബൈൽ ഓഫാക്കി മക്കളോടൊത്തു സമയം ചെലവഴിക്കണം, അവരോടു സംസാരിക്കണം. അതാകണം രക്ഷിതാക്കൾ മക്കൾക്കു നൽകേണ്ട ശിശുദിന സമ്മാനം. നമുക്കും ഈ നിർദേശം സ്വീകരിച്ച് ഇന്നത്തെ (എന്നത്തെയും) ആ ഒരു മണിക്കൂർ മക്കൾക്കായി മാറ്റിവയ്ക്കാം.

കൂടെ നടക്കാൻ അച്ഛനമ്മമാരുണ്ടെന്നു തോന്നിയാൽ കുഞ്ഞുങ്ങൾ ഒരിക്കലും വേണ്ടാക്കൂട്ടുകളിലേക്ക് പോകില്ല. മക്കളുടെ കണ്ണുകളിലേക്ക് ഇടയ്ക്കിടെ നോക്കൂ. അതു നിറയുന്നുണ്ടോ, കലങ്ങിച്ചുവന്നിട്ടുണ്ടോ, ഭീതി ഓളം വെട്ടുന്നുണ്ടോ, പുതുസ്വപ്നങ്ങൾ പൂത്തിറങ്ങിയിട്ടുണ്ടോ എന്നൊക്കെ നമുക്ക് തിരിച്ചറിയാവുന്നതേയുള്ളു.

ദിവസത്തിലൊരിക്കലെങ്കിലും അവരെയൊന്ന് ചേർത്തു പിടിക്കൂ. ഒരിക്കൽ നിങ്ങളുടെ ഹൃദയമിടിപ്പിന്റെ താളത്തെ ലോകത്തിന്റെ മുഴുവൻ സംഗീതമായി കണ്ട കുരുന്നാണത്. അമ്മയുടെ നെഞ്ചകം തന്നെയാകട്ടെ ഇനിയുള്ള ജീവിതത്തിലും അവർക്ക് ഏറ്റവും വിശ്വസിച്ചു ചേർന്നു നിൽക്കാവുന്ന ഇടം. 

കടലോളം സ്നേഹവും വാത്സല്യവും നിങ്ങളിലുണ്ടല്ലോ. അത് ഉള്ളിൽ പൊതിഞ്ഞുവയ്ക്കുകയല്ല വേണ്ടത്. മടി കൂടാതെ പ്രകടമാക്കൂ. അതൊരു സുരക്ഷാകവചം പോലെ നിങ്ങളുടെ കുഞ്ഞിനെ കാത്തുകൊള്ളും. ഇടയ്ക്കൊന്ന് മടിയിൽ കിടത്തി മുടിയിഴകളിൽ വിരലോടിച്ചും കൈവിരലുകൾ കോർത്തുപിടിച്ചു സായാഹ്ന നടത്തത്തിനു പോയും ആ ബന്ധം സ്നേഹത്തിന്റെ പശിമയിൽ ദൃഢമാകട്ടെ. രാവിലെ സ്കൂളിലേക്കോ കോളജിലേക്കോ പുറപ്പെടും മുൻപും രാത്രി ഉറങ്ങാൻ പോകുമ്പോഴും കുട്ടിയെ ചേർത്തു പിടിച്ച് നെറുകയിൽ ഒരുമ്മ നൽകൂ. അതവർക്ക് ഒരുറപ്പാണ്, "കൺമണിയേ ഞാൻ കൂടെയുണ്ട്" എന്ന കരുണമാം ജന്മാന്തര വാഗ്ദാനവും...

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT