അപകടകരമായ ഒരു അണുബാധ - തന്റെ രണ്ടാം വിവാഹത്തെ ഇങ്ങനെ വിശേഷിപ്പിച്ചുകൊണ്ടാണ് ശ്വേത തിവാരി എന്ന നടി ഈയിടെ ആ ബന്ധം മുറിച്ചെറിഞ്ഞത്. ആദ്യ വിവാഹത്തിലെ മകൾ രണ്ടാനച്ഛനെതിരെ ഗാർഹിക പീഡന പരാതി ഉയർത്തിയതോടെയാണ് ശ്വേത തന്റേടത്തോടെ ഈ തീരുമാനമെടുത്തത്. പക്ഷേ, ഇതെക്കുറിച്ചുള്ള ഓൺലൈൻ മലയാള മാധ്യമ വാർത്തകൾക്കു താഴെ വളരെ മോശമായി പലരും പ്രതികരിക്കുന്നതു കണ്ടു. അവരൊക്കെ എന്താകും ആഗ്രഹിക്കുന്നത്... കാൻസർ പോലെ അപകടകരമായ, എല്ലാ സന്തോഷവും നശിപ്പിക്കുന്ന ഒരു ബന്ധം ആ സ്ത്രീ സമൂഹത്തെ ഭയന്ന് കൊണ്ടുനടക്കണമായിരുന്നെന്നോ? രണ്ടാം ഭർത്താവിന്റെ കൈകളാൽ കൊല്ലപ്പെട്ട കൃതി എന്ന കൊല്ലം സ്വദേശിനിയുടെ കഥയോട് ചേർത്തു വച്ചു വായിക്കുമ്പോളേ ശ്വേത ചെയ്തതിലെ നന്മ നമുക്ക് തിരിച്ചറിയാനാകൂ. ആ തീരുമാനമെടുക്കാൻ അവർ തയാറായിരുന്നില്ലെങ്കിൽ തന്റെ മകളെയും അവർക്ക് നഷ്ടപ്പെട്ടേനെ.

രണ്ടാമതൊരു വിവാഹമോചനം എന്നത് കേരളീയ സമൂഹം കടുത്ത പാപമായാണ് കരുതുന്നത്. വിവാഹമോചനം എന്നതു തന്നെ ഇവിടെ പലർക്കും ദഹിക്കുന്ന വാക്കല്ല. ഒരിക്കലും പൊരുത്തപ്പെടാനാകാതെ, പരസ്പരം ഏറ്റുമുട്ടി, രണ്ടിലൊരാൾ ജീവഭയത്തോടെ കഴിയുന്നതിലും എത്രയോ ഭേദമാണ് അന്തസ്സായി പിരിഞ്ഞുപോകുന്നത്. യുഎസിൽ നിന്നുള്ള കണക്ക് അനുസരിച്ച് അവിടെ ആദ്യ വിവാഹമോചനത്തെക്കാൾ കൂടുതലാണ് രണ്ടാം വിവാഹമോചനത്തിന്റെ ശതമാനക്കണക്ക്. ഇവിടെ കൊലപാതകത്തിൽ അവസാനിച്ചാലും വേണ്ടില്ല, എന്തു വില കൊടുത്തും രണ്ടാം വിവാഹം തുടർന്നു കൊണ്ടുപോയിരിക്കണം.

വറ ചട്ടിയിൽനിന്ന്

എന്റെ പരിചയത്തിലൊരു പെൺകുട്ടിയുണ്ട്. ആദ്യം അവളെ വിവാഹം കഴിച്ചത് മുറച്ചെറുക്കനാണ്. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽത്തന്നെ അവൾ തിരിച്ചറിഞ്ഞു, ഭർത്താവിന്റെ ജീവിതത്തിൽ മറ്റൊരു സ്ത്രീയുണ്ട്. വീട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി അയാൾ മുറപ്പെണ്ണിനെ വിവാഹം ചെയ്തതാണ്. ഒടുവിൽ വീട്ടുകാരെ വിവരമറിയിച്ച് എല്ലാ അനുനയശ്രമങ്ങൾക്കുമൊടുവിൽ താലി ഊരിവച്ച് അവൾ മടങ്ങിപ്പോന്നു. പിന്നീട് വാശിയോടെ പഠിച്ച് പിഎസ്‌സി ടെസ്റ്റുകളെഴുതി അവൾ സർക്കാർ ഉദ്യോഗസ്ഥയായി. ഈ സമയത്താണ് വിവാഹമോചിതനായ സഹപ്രവർത്തകൻ വിവാഹാലോചന മുന്നോട്ടുവച്ചത്. അയാളുടെ ഭാര്യ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയി എന്ന കഥ ആദ്യമേ അവൾ കേട്ടിരുന്നു. അതിന്റെ ഒരു സഹതാപം കൂടി ആയപ്പോൾ അവൾ വീട്ടിൽ വന്ന് ആലോചിക്കാൻ സമ്മതം മൂളി. അങ്ങനെ ആ വിവാഹം നടന്നു. 

കൃതി

ആ വീട്ടിലെത്തി ഏതാനും ദിവസം കൊണ്ടു തന്നെ അവൾ തിരിച്ചറിഞ്ഞു, ഭർത്താവ് സംശയരോഗിയാണ്. പഴയ ഭർത്താവിനെ കണ്ടുമുട്ടി അടുപ്പമുണ്ടായാലോ എന്നു ഭയന്ന് അവളെ സ്വന്തം വീട്ടിലേക്കോ കുടുംബ ചടങ്ങുകൾക്കോ അയയ്ക്കാതായി. മൊബൈൽ ഫോൺ ഉപയോഗിക്കാൻ പോലും അവൾക്ക് അനുവാദമില്ലെന്നായി. നന്നായി വസ്ത്രം ധരിക്കുന്നതു പോലും കുറ്റമായി.

അവൾ ജോലി ഉപേക്ഷിക്കണമെന്നായി അടുത്ത ഡിമാൻഡ്. അനുനയവും വാശിയുമൊക്കെ പ്രയോഗിച്ചു മടുത്ത അയാൾ മർദനം ആരംഭിച്ചു. ഈ സമയത്താണ് യാദൃച്ഛികമായി ഭർത്താവിന്റെ ആദ്യ ഭാര്യയെ കണ്ടുമുട്ടിയത്. വളരെ സ്നേഹത്തോടെയും മര്യാദയോടെയും പെരുമാറുന്ന ഒരു സ്ത്രീ. വിവാഹമോചനത്തെ കുറിച്ചു ചോദിച്ചപ്പോൾ അവർ പറയുന്നു, ഭർത്താവിനു കടുത്ത സംശയരോഗമായിരുന്നു. തന്റെ ജീവൻ പോലും അപകടത്തിലായ ഘട്ടത്തിൽ സ്വന്തം വീട്ടിലേക്കു പോയി. അതിനുശേഷം വിവരങ്ങളെല്ലാമറിഞ്ഞ തന്റെ ഒരു സുഹൃത്ത് ജീവിതത്തിലേക്കു ക്ഷണിച്ചു. അങ്ങനെ വിവാഹം കഴിഞ്ഞു. ഇപ്പോൾ താൻ തികഞ്ഞ സന്തോഷവതിയാണെന്നും അവർ പറഞ്ഞു. 

പ്രതീകാത്മക ചിത്രം

വൈകാതെ ഭർത്താവിന്റെ സംശയരോഗം അവൾ സ്വന്തം വീട്ടുകാരെ വിവരമറിയിച്ചു. അവർ എത്തി ഭർത്താവിനോട് കൗൺസലിങ്ങിനു പോകണമെന്ന് ആവശ്യപ്പെട്ടു. അതുകേട്ട് ദേഷ്യം മൂത്ത അയാൾ അവരുടെ മുന്നിലിട്ട് അവളെ തല്ലി. അന്ന് അവളെയും കൂട്ടി വീട്ടുകാർ മടങ്ങി. മധ്യസ്ഥർ വഴി പല തവണ അയാളോടു ബന്ധപ്പെട്ട് കൗൺസലിങ്ങിനു പോകാൻ ആവശ്യപ്പെട്ടുവെങ്കിലും അയാൾ തയാറായില്ല. ഇപ്പോൾ ഈ ബന്ധവും വിവാഹമോചനത്തിലേക്കു നീങ്ങുകയാണ്. അവളാകട്ടെ, കടുത്ത വിഷാദത്തിലേക്കും.

രണ്ടാം വിവാഹം പലപ്പോഴും ഭാഗ്യക്കുറി നറുക്കെടുപ്പ് പോലെയാണ്. ചിലർക്ക് അന്നു വരെ ഒഴുക്കിയ മുഴുവൻ കണ്ണീരും തുടയ്ക്കാനുള്ള, ദൈവം തന്ന സമ്മാനമായി അതു മാറും. മറ്റു ചിലർക്ക് അത് കനലണയാത്ത മനസ്സിനെ കൂടുതൽ പൊള്ളിക്കുന്ന നരകത്തീയും. ദുഃഖിക്കുവാൻ വേണ്ടി മാത്രമോ ജീവിതം എന്നു തോന്നിക്കുന്ന ദുരനുഭവത്തിലേക്കു പോകാതിരിക്കാൻ നമുക്കും ചിലതൊക്കെ ചെയ്തുകൂടേ...

എടുത്തുചാട്ടമരുത്

എത്രയേറെ ചിന്തിച്ചുറപ്പിച്ചായാലും വിവാഹമോചനം കടുത്ത മാനസിക സമ്മർദവും വിഷാദവും നൽകിയേക്കാം. അതിനെ അതിജീവിക്കാൻ പുതിയൊരു ബന്ധത്തിലേക്ക് എടുത്തുചാടുകയേ അരുത്; പ്രണയമായാലും വിവാഹാലോചന ആയാലും. ആദ്യത്തെ ബന്ധത്തിന്റെ മുറിവുകൾ ഉണങ്ങിയ ശേഷം നേരാംവണ്ണം ആലോചിച്ചുറപ്പിച്ചു വേണം തീരുമാനങ്ങളെടുക്കാൻ.

ഡേറ്റിങ് എന്ന വാക്കിന്റെ പ്രസക്തി ഇവിടെയാണ്. പാശ്ചാത്യരുടെ എന്തോ വൃത്തികെട്ട ഏർപ്പാട് എന്ന മുൻവിധി ഇതേക്കുറിച്ചു വേണ്ട. രണ്ടു പേർ പരസ്പരം ഇഷ്ടപ്പെട്ടു തുടങ്ങിയാൽ (നമ്മുടെ നാട്ടിലെ പരമ്പരാഗത രീതിയിൽ വിവാഹം നിശ്ചയിച്ച ശേഷമെങ്കിലും) പിന്നെ ഇടയ്ക്കിടെ കൂടിക്കണ്ട് പരസ്പരം അറിയുന്ന രീതിയാണത്. ഒന്നിച്ചു പുറത്തു പോയി ഭക്ഷണം കഴിക്കുകയോ കുടുംബ ചടങ്ങുകളിലെങ്കിലും കണ്ടുമുട്ടുകയോ പതിവായി സംസാരിക്കുകയോ ഒക്കെ വേണം.

ഷഹാനയാകട്ടെ മാതൃക

ഒരു പ്രശ്നമുണ്ടായാൽ ഭാവി വരൻ അല്ലെങ്കിൽ വധു എങ്ങനെ പ്രതികരിക്കുമെന്ന് പ്രത്യേകം ശ്രദ്ധിക്കണം. അലിവും കാരുണ്യവും അയാളുടെ പ്രവൃത്തിയിലില്ലെങ്കിൽ മുന്നോട്ടു പോകുമ്പോൾ രണ്ടുവട്ടം ആലോചിക്കണം. ഉസ്താദ് ഹോട്ടലിലെ ജിഷ്ണുവും നിത്യ മേനോനും ദുൽഖറും അടങ്ങുന്ന റസ്റ്ററന്റ് രംഗം ഓർമയില്ലേ? ഹോട്ടൽ പാചകക്കാരനോടു തികഞ്ഞ ധാർഷ്ട്യത്തോടെ പെരുമാറിയ അയാളെ വേണ്ടെന്നു വയ്ക്കാൻ ഷഹാനയ്ക്കു കഴിഞ്ഞതു പോലെ നമുക്കും കഴിയണം.

വിവാഹം നിശ്ചയിച്ച ആളുടെ രണ്ടാം വിവാഹമാണെങ്കിൽ അയാളുടെ പിരിഞ്ഞുപോയ പങ്കാളിയോട് നിശ്ചയമായും സംസാരിച്ചിരിക്കണം. ഒരു വശം മാത്രം കേട്ട് തീരുമാനമെടുക്കരുത്. അതു പലപ്പോഴും അർധസത്യമേ ആകൂ. ഇനി അതിനു കഴിയില്ലെങ്കിൽ പങ്കാളിയുടെ സുഹൃത്തുക്കളോടും കസിൻസിനോടും സൗഹൃദം സ്ഥാപിക്കാൻ ശ്രമിക്കുക. അവരിൽനിന്ന് ഈ കക്ഷിയെ കുറിച്ചുള്ള രേഖാചിത്രം വീണുകിട്ടും.

കുഞ്ഞു കാര്യങ്ങൾ

പങ്കാളിയുടെ ആദ്യ വിവാഹത്തിലെ കുട്ടിയെ അല്ലെങ്കിൽ കുട്ടികളെ ഏറ്റെടുക്കേണ്ടി വരുന്നുവെങ്കിൽ നല്ലവണ്ണം ചിന്തിച്ചുറപ്പിക്കണം. ആ കുട്ടികളോട് ആദ്യമേ സംസാരിച്ച് അവരെ മനസ്സിലാക്കാൻ ശ്രമിക്കണം. ചില നേരങ്ങളിൽ സ്വന്തം കുഞ്ഞുങ്ങളെത്തന്നെ നമുക്കു സഹിക്കാൻ പ്രയാസമാണ്. എത്ര പറഞ്ഞാലും കുട്ടികൾ വീടിന്റെ അടുക്കും ചിട്ടയും തെറ്റിച്ചേക്കാം, അനാവശ്യ പിടിവാശികൾ കാണിച്ചേക്കാം, നിങ്ങളോട് അകാരണമായി വൈരം പ്രകടിപ്പിച്ചേക്കാം... ഇതെല്ലാം ക്ഷമിച്ച് സ്നേഹിച്ച് അവരെ നേർവഴിയിൽ കൊണ്ടുവരാൻ കഴിയുമെങ്കിൽ മാത്രമേ കുഞ്ഞുങ്ങളുടെ ചുമതല ഏറ്റെടുക്കാവൂ. അല്ലെങ്കിൽ ആ ബന്ധത്തിലേക്കു പോകരുത്. 

ഏതു ഘട്ടത്തിൽ പ്രശ്നമെന്നു തോന്നുന്നുവോ, വിവാഹനിശ്ചയത്തിനു ശേഷമാണെങ്കിൽ പോലും, മടി കൂടാതെ ഗുഡ്ബൈ പറയണം. കുടുംബക്കാരും നാട്ടുകാരും എന്തു പറയുന്നു എന്നു ഭയക്കേണ്ട. തീരുമാനം പിഴച്ചുപോയാൽ അനുഭവിക്കുന്നത് ഒറ്റയ്ക്കാണെന്നു മറക്കേണ്ട. അച്ഛനമ്മമാരും ഒന്ന് ഓർമിക്കൂ, വറചട്ടിയിൽനിന്ന് ചുട്ടുനീറി ഒരു തരത്തിൽ പുറത്തുവന്നവളാണ്, ഇനി എരിതീയിലേക്ക് തള്ളരുത്...

English Summary : second Marriage End In Divorce