മലയാളിയായ ഒരു ചലച്ചിത്രനടി, അല്ലെങ്കില്‍ മറ്റേതെങ്കിലും സെലിബ്രിറ്റി ഷോര്‍ട്സോ മിനി സ്കര്‍ട്ടോ ഇട്ട് ഒരു ചിത്രം സമൂഹമാധ്യമങ്ങളിലിട്ടാൽ അതിനു താഴെ വന്ന് അവരെയും അവരുടെ കുടുംബത്തിലെ പല തലമുറയിലുള്ള സ്ത്രീകളെയും അടച്ചാക്ഷേപിക്കുകയാണ് പലരും. വസ്ത്രധാരണം മൂലം സ്ലട്ട് ഷെയിമിങ്ങിന്  വിധേയരാകുന്നതില്‍ പ്രശസ്തര്‍ മാത്രമല്ല, സാധാരണക്കാരുമുണ്ട്. സദാചാരത്തിന്‍റെ മഞ്ഞക്കണ്ണട വച്ച് വസ്ത്രത്തിന്‍റെ നീളം അളക്കാന്‍ ഇറങ്ങുന്നവര്‍ക്ക് അവരുടെ മുന്നില്‍ വന്നു പെടുന്ന ആരെയും വെറുതെവിടാനാവില്ലല്ലോ.

ഒരിക്കല്‍ കുടുംബത്തോടൊപ്പമുള്ള ഒരു യാത്രയുടെ കുറച്ചു ചിത്രങ്ങള്‍ ഞാന്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. അതില്‍, അന്ന് പന്ത്രണ്ടുകാരിയായ എന്‍റെ മകള്‍ ധരിച്ചിരുന്നത് ഷോര്‍ട്സ് ആണ്. ഫോട്ടോ ഇട്ട് നിമിഷങ്ങള്‍ക്കകം ഒരു സദാചാരി എന്‍റെ ഇന്‍ബോക്സിലെത്തി; ‘ചേച്ചീ, മോളുടെ വസ്ത്രധാരണം ശരിയല്ല. ആ ഫോട്ടോ മാറ്റൂ’ എന്ന സദുദ്ദേശ്യ ഉപദേശവുമായി. ഒന്നും നോക്കാതെ ഞാന്‍ അയാളെ ബ്ലോക്കി. കാരണം അയാളുടെ മനസ്സിനു വൈകല്യമുണ്ട്. അല്ലെങ്കില്‍ ഇത്തിരിപ്പോന്ന എന്‍റെ മകളുടെ കാലുകള്‍ നോക്കി അയാളതു പറയില്ല. ഫോട്ടോയില്‍ കൂടെ നില്‍ക്കുന്ന എന്റെ മുതിര്‍ന്ന ആണ്‍കുട്ടികള്‍ അതേ വേഷം ധരിച്ചിരിക്കുന്നത് അയാളെ അലോസരപ്പെടുത്തിയില്ല. ആ ഇരട്ടത്താപ്പാണ് എന്നെ കൂടുതല്‍ വെറുപ്പിച്ചത്. 

പ്രതീകാത്മക ചിത്രം

പെണ്‍കുട്ടികളുടെ വസ്ത്രത്തിന്‍റെ നീളവും ഇറക്കവും അളന്ന് അവരെ ഉപദേശിച്ചും അവഹേളിച്ചും നന്നാക്കാന്‍ ജന്മമെടുത്ത ഈ സദാചാരക്കാര്‍, ഇന്ത്യ വിട്ടാല്‍പിന്നെ തികഞ്ഞ മര്യാദക്കാരാകും. നൂഡില്‍ സ്ട്രാപ് ടോപ്പും ഷോര്‍ട്സും ഇട്ട പെണ്‍കുട്ടികളെ മറ്റൊരു രാജ്യത്തു വച്ചു കണ്ടാല്‍ ഇവര്‍ നോക്കാന്‍ പോലും ധൈര്യപ്പെടില്ല. അപ്പോള്‍ അവര്‍ക്ക് മറ്റൊരാളുടെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെ ബഹുമാനിക്കാന്‍ അറിയാം. ആ നാട്ടിലെ നിയമങ്ങളെയും ജനങ്ങളുടെ പ്രതികരണത്തെയും ഭയന്നിട്ടുതന്നെയാണ് ഇവര്‍ ആദ്യമൊക്കെ ഒതുങ്ങിനില്‍ക്കുക. പിന്നീടത് ശീലമായി മാറുമ്പോള്‍ ഇതൊന്നും കാഴ്ചകളേ അല്ലെന്ന് അവര്‍ പഠിക്കും. 

ഒരിക്കല്‍, ബന്ധുവായ ഒരു സ്ത്രീയില്‍നിന്നു സമാനമായ കാര്യത്തില്‍ വിമര്‍ശനം നേരിടേണ്ടി വന്നു. മുപ്പതുകളുടെ തുടക്കത്തില്‍ നില്‍ക്കുന്ന, വിദേശത്തു ജീവിക്കുന്ന ആ യുവതി എന്‍റെ അമ്മായിയമ്മയെ ഒന്നു തൃപ്തിപ്പെടുത്താമെന്നു കരുതിയാണ് എന്‍റെ മകളുടെ വസ്ത്രധാരണത്തെ വിമര്‍ശിക്കാന്‍ തുനിഞ്ഞത്. (എഴുപതുകാരിയായ എന്‍റെ അമ്മായിയമ്മയ്ക്കു ഞാന്‍ ഷോര്‍ട്സ് ധരിച്ചാല്‍ പോലും അനിഷ്ടമില്ലെന്ന് അവര്‍ക്ക് അറിയില്ലല്ലോ). ‘ഇത് ചേച്ചിയുടെ സ്റ്റൈലാണോ അതോ ഓസ്ട്രേലിയന്‍ വരവാണോ’ (ഓസ്ട്രേലിയയിലുള്ള എന്‍റെ സഹോദരിയെ ഉദ്ദേശിച്ച്)  എന്നായിരുന്നു പരിഹാസം. ‘ഇത് എന്‍റെ കുടുംബത്തിന്‍റെ സംസ്കാരമാണ്’ എന്നു ഞാന്‍ മറുപടി കൊടുത്തു. കാരണം, ഞങ്ങള്‍ കുട്ടികളെ വളര്‍ത്തുന്നത് അങ്ങനെയാണ്. ശരീരമെന്നത് അറയ്ക്കേണ്ട, വെറുക്കേണ്ട ഒന്നല്ല എന്ന ബോധം കുട്ടികള്‍ക്ക് ആദ്യമേ ഉണ്ടാക്കിയിട്ടുണ്ട്.

ഇച്ചീച്ചിയല്ല ശരീരം

കുട്ടികളോട് അവരുടെ ശരീരത്തെ കുറിച്ച് ശാസ്ത്രാവബോധത്തോടെ തന്നെ സംസാരിക്കണം. ശാരീരികാവയവങ്ങളെക്കുറിച്ച് ഇച്ചീച്ചി എന്ന മട്ടിലുള്ള പ്രയോഗങ്ങള്‍ വേണ്ട. എതിര്‍ലിംഗത്തില്‍ പെട്ടയാളുടെ ശാരീരിക പ്രത്യേകതകളും അവര്‍ക്കു പറഞ്ഞു കൊടുക്കണം. ഇതൊക്കെ കേള്‍ക്കുന്നതിനാലാകാം എന്‍റെ മകന് സ്ത്രീകളുടെ ശരീരത്തെക്കുറിച്ചോ മകള്‍ക്കു പുരുഷശരീരത്തെക്കുറിച്ചോ വലിയ ആകാംക്ഷയില്ല. ഞങ്ങള്‍ ഊണുമേശയില്‍ ഒന്നിച്ചു കൂടുമ്പോള്‍, ഞായറാഴ്ചത്തെ ഔട്ടിങ്ങുകളില്‍ സൂര്യനു കീഴിലുള്ള എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്യും. അവരുടെ എല്ലാ സംശയങ്ങള്‍ക്കും മറുപടി പറയും. മതവും രാഷ്ട്രീയവും സിനിമയും സംഗീതവും ലിംഗസമത്വവും പാചകവും പ്രണയവും കുടുംബ ബന്ധങ്ങളുമെല്ലാം അവിടെ ചര്‍ച്ചയ്ക്കെത്തും. ട്രാന്‍സ്ജെന്‍ഡര്‍, ലെസ്ബിയന്‍, ഗേ തുടങ്ങിയവരെക്കുറിച്ചും അവരും എല്ലാവരെയും പോലെയുള്ളവരാണെന്നും മക്കള്‍ക്ക് ബോധ്യമുണ്ട്.

അച്ഛനും അമ്മയും അടുക്കള കയ്യടക്കത്തോടെ കൈകാര്യംചെയ്യുന്നതു കാണുന്നതിനാല്‍ അവര്‍ക്കു പാചകവും വീട്ടുജോലികളും അമ്മയുടെ മാത്രം കാര്യമാണെന്ന തോന്നലില്ല. ഇടയ്ക്ക് മക്കള്‍ അടുക്കള കയ്യേറാറുണ്ട്. മകള്‍ പീത്‌സ, പാസ്ത തുടങ്ങിയ ആധുനിക പരീക്ഷണങ്ങളുമായി ഇറങ്ങുമ്പോള്‍ മകന്‍ മീന്‍ പൊരിക്കാനും ദോശയും ചപ്പാത്തിയും ചുടാനുമൊക്കെയാണ് പരിശീലിക്കുന്നത്. ഇത്തിരിക്കൂടി മുതിരുമ്പോള്‍ അവിയലും പച്ചടിയും ഉണ്ടാക്കാന്‍ പഠിപ്പിക്കണമെന്ന്  അവന്‍ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആണ്‍കുട്ടി ചൂല് തൊടുകയോ എന്ന മുഖം ചുളിക്കലുകള്‍ ചിരിച്ചുതള്ളി, വീട് ക്ലീന്‍ ചെയ്യാനും അവന്‍ പഠിക്കുന്നുണ്ട്.

പതിനൊന്നുകാരനായ മകന് സ്വന്തം ജീവിതത്തെ കുറിച്ച് വലിയ സ്വപ്നങ്ങളാണ്. ഷെഫ് ആകണം, നേരത്തേ വിവാഹം കഴിക്കണം, നാലു മക്കള്‍ വേണം, വീട്ടില്‍ ഒരുപാട് പെറ്റ്സ് വേണം, ഫാം ഹൗസ് വേണം... അങ്ങനെയങ്ങനെ. ജോലിക്കു വേണ്ടിയുള്ള നെട്ടോട്ടത്തില്‍ മക്കളെ രാത്രി കൂടെക്കിടത്തി താരാട്ട് പാടി ഉറക്കാന്‍ കഴിയാതെ പോയതിന്‍റെ സങ്കടം മാറ്റാന്‍ ഞാന്‍ അവനോട് പറയും, നിന്‍റെ മക്കളെ ഞാന്‍ വളര്‍ത്തിത്തരാമെന്ന്. ‘ഏയ്, അതെങ്ങനെ ശരിയാകും... എന്‍റെ മക്കളെ ഞാനും എന്‍റെ ഭാര്യയും കൂടിയല്ലേ വളര്‍ത്തേണ്ടത്. അമ്മ എന്‍റെ വീട്ടില്‍വരണം, എന്‍റെ മക്കളെ സ്നേഹിക്കണം, എല്ലാം വേണം. പക്ഷേ മക്കളെ ഞങ്ങള്‍ വളര്‍ത്തിക്കോളാം...’ ഇതാണ് അവന്‍റെ നിലപാട്.

ഈ മറുപടി എന്നെ ഒട്ടും വിഷമിപ്പിക്കാറില്ല, പകരം അഭിമാനമാണ് തോന്നിയത്. കാരണം, ഞങ്ങളാണ് ഇക്കാര്യത്തില്‍ അവന്‍റെ മാതൃക. എത്രയേറെ കഷ്ടപ്പാടുകള്‍ ഉണ്ടായിട്ടും, ജോലി രാജിവച്ചാലോ എന്നു തോന്നിയ ഘട്ടത്തില്‍ പോലും കുട്ടികളെ ഞങ്ങള്‍ ചേര്‍ത്തുപിടിച്ചു. വളര്‍ത്താനായി മറ്റാരെയും ഏല്‍പ്പിച്ചില്ല. അറിവായതിനു ശേഷം, സ്വയം തീരുമാനിച്ച് അവധിക്കാലങ്ങളില്‍ തറവാട്ടിലേക്കും വലിയമ്മമാരുടെ വീടുകളിലും പോയിനില്‍ക്കാറാകുന്നതു വരെ അവര്‍ ഞങ്ങളെ വിട്ടു മാറിയിട്ടേയില്ല. 

നമ്മുടെ മൂക്കിന്‍ തുമ്പത്തു തീരുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചും കുട്ടികളോടു പറയാറുണ്ട്.  പീഡന കേസുകളും ആസിഡ്, പെട്രോള്‍ ആക്രമണവുമൊക്കെ ഉണ്ടാകുമ്പോള്‍ ഇരയാകുന്ന വ്യക്തി അനുഭവിക്കുന്ന ശാരീരിക, മാനസിക പീഡകളെക്കുറിച്ച് കുട്ടികളോട് ചര്‍ച്ച ചെയ്യാറുണ്ട്. സ്നേഹനിരാസങ്ങള്‍ നിയന്ത്രിതമായ മനസ്സോടെ നേരിടാന്‍ അവരെ പ്രാപ്തരാക്കേണ്ടതുണ്ടല്ലോ.

ഒരുപാട് പോരായ്മകളുള്ള അമ്മയാണ് ഞാന്‍. അതിന്‍റെ പേരില്‍ കേട്ട കുറ്റപ്പെടുത്തലുകളും ഏറെ. എന്‍റെ മക്കള്‍ എല്ലായിടത്തും എ പ്ലസുകാരല്ല. പഠനത്തിലോ കലകളിലോ മുന്‍നിരക്കാരല്ല. പക്ഷേ ചില കാര്യങ്ങളില്‍ എനിക്കു സംതൃപ്തിയുണ്ട്. അവര്‍ രണ്ടുപേരും ലിംഗസമത്വത്തില്‍ വിശ്വസിക്കുന്നവരാണ്, മതത്തെക്കാള്‍ മനുഷ്യനില്‍ വിശ്വസിക്കുന്നവരാണ്, ദുര്‍ബലരോട് അലിവുള്ളവരാണ്, മൃഗങ്ങളോടും പക്ഷികളോടും സ്നേഹവും കാരുണ്യവും ഉള്ളവരാണ്. മതി... അത്രയും മതി...

English Summary : Slut Shaming Tendency In Social Media

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT