മേഗൻ മാത്രമല്ല, സാധാരണ കുടുംബത്തിൽ നിന്ന് രാജകുമാരിമാരായവർ!

രാജകീയ വിവാഹത്തിന് ഇനി മൂന്നാഴ്ച കൂടി മാത്രം. ബ്രിട്ടിഷ് രാജകുടുംബത്തിലെ മരുമകളായി എത്തുകയാണ് മേഗൻ മാർക്കൽ. ഹാരി രാജകുമാരന്റെ വധു. ചരിത്രത്തിലേക്കു കാലെടുത്തുവയ്ക്കാൻ ഒരുങ്ങുന്ന യുഎസ് ടിവി താരം മേഗൻ മാർക്കൽ രാജകുടുംബത്തിലേക്കു പ്രവേശിക്കുന്ന രാജകൊട്ടാരത്തിനു പുറത്തുള്ള ആദ്യത്തെ  ആളല്ല. ഹാരിയുടെ മൂത്ത സഹോദരൻ വില്യം വിവാഹിതനായതു 2011–ൽ. അന്നു വധുവായി രാജകുടുംബത്തിന്റെ ഭാഗമായത് കേറ്റ് മിഡിൽടൺ. ഹോളിവുഡ് നടി ഗ്രേസ് കെല്ലി മൊണോക്കോയിലെ റെയ്നർ മൂന്നാമൻ രാജകുമാരന്റെ ഭാര്യയായത് അഭിനയജീവിതം ഉപേക്ഷിച്ചതിനുശേഷം. ജീവിതത്തിന്റെ പതിവുരീതികളും ചിട്ടകളും ഉപേക്ഷിച്ച് രാജകുടുംബത്തിലേക്ക് കാലെടുത്തുവച്ച ചില വിവാഹക്കഥകൾക്ക് പറയാൻ രസകരമായ കഥകളുണ്ട്. 

1950–കളിൽ കാൻ ഫിലിം ഫെസ്റ്റിവൽ വേദിയിൽ മൊട്ടിട്ട പ്രണയകഥയിലെ നായികാ നായകൻമാരാണ് ഗ്രേസ് കെല്ലിയും റെയ്നർ രാജകുമാരനും. ടു ക്യാച്ച് എ തീഫ്, ഡയൽ എം ഫോർ മർഡർ എന്നീ പ്രശസ്ത സിനിമകളിലെ നായികയായിരുന്നു ഗ്രേസ് കെല്ലി. ഇരുവരും ആദ്യമായി കണ്ടുമുട്ടിയത് കാനിലെ ചലച്ചിത്രോൽസവ വേദിയിൽ. 1956 ഏപ്രിൽ 18 ന് ഗ്രേസ് രാജകുടുംബത്തിലേക്കു പ്രവേശിച്ചു; അഭിനയ ജീവിതത്തിനു വിടപറഞ്ഞുകൊണ്ട്.  ഇരുവരും ആദ്യമായി കണ്ട് ഒരു വർഷത്തിനുശേഷമായിരുന്നു വിവാഹം. 1982–ൽ പ്രണയകഥയ്ക്ക് അവസാനം കുറിച്ച് ഒരു കാർ അപകടത്തിൽ കെല്ലി മരിച്ചു. 2005–ൽ റെയ്നറും. 

1960–ൽ ജപ്പാനിലും നടന്നു രാജകുടുംബവുമായി ബന്ധപ്പെട്ട ഒരു വിവാഹം. ജപ്പാനിലെ ഹിരോഹിതോ രാജവംശത്തിലെ ഇളയ മകൾ ടകാക്കോ സുഗ സാമ്പത്തിക കാര്യ വിദഗ്ധൻ ഹിസനഗ ഷിമാസുവിനെ വിവാഹം കഴിച്ചതു ലോകത്തിന്റെ മുഴുവൻ ശ്രദ്ധയുമാകർഷിച്ച്. ബ്രിട്ടിഷ് രാജകുടുംബത്തിലേക്കു പുറത്തുനിന്നുള്ളവർ എത്തുകയായിരുന്നെങ്കിൽ ജപ്പാനിലെ രാജകുമാരി വിവാഹിതയാത് രാജപദവി ഉപേക്ഷിച്ചതിനുശേഷം. തന്റെ പേര് ഉപേക്ഷിച്ച് ടകാകോ ഷിമാസു എന്ന പേരും സ്വീകരിച്ചു രാജകുമാരി. 

1963–ൽ ഭാരതത്തിന്റെ മണ്ണിൽവച്ചും നടന്നു ചരിത്രം സൃഷ്ടിച്ച ഒരു വിവാഹം. ഇന്ത്യൻ സംസ്ഥാനമായ സിക്കിമിലെ കിരീടാവകാശി തൊണ്ടപ് നംജ്യാലിനെ വിവാഹം കഴിച്ചത് അമേരിക്കക്കാരി ഹോപ് കൂക്ക്. ഒരു വേനൽക്കാലത്ത് ഇന്ത്യയിൽ നടത്തിയ സന്ദർശനമാണ് ഹോപിന്റെ ജീവിതം മാറ്റിമറിച്ചത്. ഡാർജിലിങ്ങിലെ വിൻഡാമിയർ ഹോട്ടലിന്റെ സ്വീകരണമുറിയിൽവച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. നംജ്യാലിന്റെ ഭാര്യ മരിച്ചുപോയിരുന്നു. രണ്ടു പെൺമക്കളും ഒരു മകനുമുണ്ടുയാരുന്നു അദ്ദേഹത്തിന്. ഹോപിനേക്കാൾ ഇരട്ടിയിലധികം പ്രായവും കൂടുതലുണ്ടായിരുന്നു. പക്ഷേ അതൊന്നും ആദ്യദർശനത്തിലെ അനുരാഗത്തിനും ചരിത്രം വഴിമാറിയ വിവാഹത്തിനും തടസ്സമായില്ല. പ്രണയം സാക്ഷാത്കരിച്ച വിവാഹത്തിനുശേഷം ഹോപ് അമേരിക്കൻ പൗരത്വം ഉപേക്ഷിച്ചു. 1975 ൽ ഇന്ത്യയുടെ ഭാഗമായതോടെ നംജ്യാലിനു കിരിടാവകാശി എന്ന സ്ഥാനവും നഷ്ടമായി. 

നോർവെയിലെ കിരീടാവകാശിയും രാജകുമാരനുമായിരുന്ന ഹരാൾഡും സോൻജ ഹരാൾഡ്സണും പ്രണയബദ്ധരായിരുന്നു വർഷങ്ങളോളം. നോർവെയിലെ അന്നത്തെ ഏക കീരീടാവകാശിയായിരുന്നു ഹരാൾഡ്. പക്ഷേ രാജകൊട്ടാരത്തിനു പുറത്തുനിന്നുള്ള സോൻജയെ മാത്രമേ താൻ വിവാഹം കഴിക്കൂ എന്ന നിലപാടിൽ ഉറച്ചുനിന്നു അദ്ദേഹം. രാജ്യത്തെ നയിക്കാൻ കൊട്ടാരത്തിൽനിന്നു പുതിയ തലമുറ ഉണ്ടാകില്ലേ എന്ന ആശങ്കയും പരന്നു അന്ന്. പ്രതിസന്ധിയിലായ രാജാവും രാജകുടുംബവും അനേകം ചർച്ചകൾ നടത്തിയശേഷം 1968 ഓഗസ്റ്റ് 29 ന് വിവാഹത്തിന് അനുമതി കൊടുത്തു. 

1972–ലെ മ്യൂണിക് ഒളിംപിക്സ് വേദിയിലാണ് മറ്റൊരു രാജകീയ വിവാഹബന്ധത്തിന്റെ തുടക്കം. സ്വീഡനിലെ സിൽവിയ രാജകുമാരി ഒളിംപിക്സ് വേദിയിൽ അതിഥേയയായി പ്രവർത്തിക്കുകയായിരുന്നു. കിരീടാവകാശി കാൾ ഗുസ്റ്റാഫിനെ കണ്ടു സിൽവിയ. ഇരുവരും പ്രണയബദ്ധരായി. ആറുവർഷത്തിനുശേഷം ജൂൺ 19ന് നടന്നു വിവാഹം. 

കുവൈത്തിൽ പലസ്തീൻ ദമ്പതികൾക്കു ജനിച്ച റാനിയ അൽ യാസ്സിൻ ജോർദാനിലെ കിരീടാവകാശി അബ്ദുള്ള രണ്ടാമനെ കണ്ടുമുട്ടുന്നത് ഒരു അത്താഴവിരുന്നിൽ. റാനിയ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയതു കയ്റോയിൽനിന്ന്. ജോർദാനിൽ‌ സിറ്റിബാങ്ക്, ആപ്പിൾ എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുമുണ്ടായിരുന്നു. 1993– ൽ നടന്നു വിവാഹം. ആറുവർഷത്തിനുശേഷം അബ്ദുള്ള രാജാവുമായി. 

ലെസോത്തോയിലെ രാജകുടുംബത്തിലേക്കു കാലെടുത്തുവയ്ക്കുന്ന ആദ്യത്തെ സാധാരണക്കാരിയാണ് മസനെറ്റ് മൊഹാതോ. രാജാവ് ലെറ്റ്സി മൂന്നാമനും മസെനറ്റും വിവഹിതരായത് 2000 ഫെബ്രുവരി 18 ന്. 

1990–കളുടെ ഒടുവിൽ ഒരു സംഗീതോൽസവ വേദിയിൽ വച്ചാണ് നോർവെയിലെ കിരീടാവകാശി ഹാക്കോണിനെ രാജകൊട്ടാരത്തിനു പുറത്തുനിന്നുള്ള മെറ്റെമാരിറ്റ് ഹോയ്ബി കാണുന്നത്. 2001 ഓഗസ്റ്റ് 25 നു നടന്നു ഇരുവരുടെയും വിവാഹം. 

നിക്ഷേപമേഖലയിൽ പ്രവർത്തിക്കുന്ന മുൻബാങ്കർ അർജന്റീനയിൽനിന്നുള്ള മാക്സിമ സോറിഗിറ്റ ഡച്ച് കിരീടാവകാശി വില്യം അലക്സാണ്ടറിനെ കാണുന്നത് 1999– ഏപ്രിലിൽ. സെവിയ്യ നഗരത്തിലെ വസന്തോൽസവത്തിനിടയിലായിരുന്നു കൂടിക്കാഴ്ച. അർജന്റീനയിലെ കൃഷി വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയായിരുന്നിട്ടുണ്ട്  മാക്സിമയുടെ പിതാവ്. 2002–ൽ വിവാഹിതരായ ഇരുവരും 2013–ൽ രാജാവും രാജ്ഞിയുമായി. 

ഡെൻമാർകിലെ കിരീടാവകാശി ഫ്രെഡറികിനെ ഓസ്ട്രേലിയക്കാരി മേരി ഡൊണാൾഡ്സൻ കാണുന്നത് രണ്ടായിരത്തിൽ സിഡ്നിയിൽ നടന്ന വേനൽക്കാല ഒളിംപിക്സ് വേദിയിൽവച്ച്. കോപ്പൻഹേഗനിൽവച്ചു നടന്നു ഇരുവരുടെയും വിവാഹം–2014 ൽ. 

സ്പെയിനിലെ രാജാവ് ഫെലിപിനെ വിവാഹം കഴിക്കുന്നതിനുമുമ്പ് പ്രശസ്തയായ വാർത്ത അവതാരകയായിരുന്നു ലെറ്റിസിയ ഓർടിസ് റൊക്കാസൊലാനോ. ആദ്യവിവാഹ ബന്ധത്തിൽനിന്ന് വിവാഹമോചനവും നേടിയിരുന്നു അവർ. ഫെലിപ് രാജാവായപ്പോൾ സ്പെയിനിലെ രാജ്ഞിയാകുന്ന സാധാരണ കുടുംബത്തിൽപ്പെട്ട ആദ്യത്തെ വ്യക്തിയായി ഓർടിസ്. ഒരു ടാക്സിഡ്രൈവറുടെ കൊച്ചുമകളും പത്രപ്രവർത്തകന്റെയും നഴ്സിന്റെയും മകളുമായ ഓർടിസും രാജകുമാരനും തമ്മിലുള്ള പ്രണയം രഹസ്യമായിരുന്നു. 2003– നവംബറിൽ വിവാഹനിശ്ചയം പ്രഖ്യാപിച്ചതോടെയാണ് പ്രണയബന്ധം ലോകമറിഞ്ഞത്. സുഹൃത്തായ ഒരു പത്രപ്രവർത്തകൻ സംഘടിപ്പിച്ച അത്താഴവിരുന്നിൽവച്ചാണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയം തുടങ്ങുന്നതും. 

ഡെൻമാർക്കിലെ ജൊവാക്കിം രാജകുമാരൻ ഫ്രഞ്ചുകാരായ ദമ്പതികൾക്കു ജനിച്ച മേരി അഗാതെ ഒഡ്‍ലി കവലിയറിനെ കാണുന്നത് ഒരു സ്വകാര്യചടങ്ങിൽവച്ച്. ഹോംകോങ്ങിൽനിന്നുള്ള അലക്സാൻഡ്രയായിരുന്നു രാജകുമാരന്റെ ഭാര്യ.ഇരുവർക്കും രണ്ട് ആൺമക്കളുമുണ്ടായിരുന്നു. ഉഭയസമ്മതപ്രകാരം വിവാഹമോചനം നടത്തി അവർ. തുർക്കിയിൽ അവധിക്കാലം ചെലവഴിക്കുന്നതിനിടെ രാജകുമാരൻ കവലിയറിനോട് പ്രണയാഭ്യർഥന നടത്തി. ഗ്രാമത്തിലെ പുരാതന ദേവാലയത്തിൽവച്ച് ആചാരാനുഷ്ഠാനങ്ങൾ പാലിച്ചു നടന്നു വിവാഹം. കവലിയർ പിന്നീട് മേരി രാജകുമാരി എന്നറിയപ്പെട്ടു. 

ഗ്രീസിലെ രാജാവായിരുന്ന കോൺസ്റ്റൈനിന്റെ  മകൻ നിക്കോളാസ് രാജകുമാരൻ വിവാഹം കഴിച്ചത് വെനസ്വേലയിൽ ജനിച്ച് സ്വിറ്റ്സർലൻഡിൽ വളർന്ന ടാറ്റിയാന ബ്ളാറ്റ്നിക്കിനെ. സ്വപ്റ്റ്സെസ് ദ്വീപിൽവച്ച് ആഡംബരപൂർണമായി നടന്നു വിവാഹം. 

സിംബാ‍ബ്‍വെയിലെ ബുലാവോയിൽ ലിനറ്റ് വിറ്റ്സ്റ്റോക്ക് ജനിക്കുന്നത് 1978 ജനുവരിയിൽ. രണ്ടായിരത്തിൽനടന്ന ഒളിംപിക്സിൽ ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി മൽസര രംഗത്തുണ്ടായിരുന്ന വിറ്റ്സ്റ്റോക്ക് മൊണോക്കോയിലെ ആൽബർട് രണ്ടാമൻ രാജാവിനെയാണു വിവാഹം കഴിച്ചത്. ഗ്രേസ് കെല്ലിയുടെ മകനായിരുന്നു ആൽബർട് രാജകുമാരൻ. പ്രണയബദ്ധരായ ഇരുവരും മോണ്ടി കാർലോയിൽവച്ച് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയുമാകർഷിച്ചു വിവാഹിതരായി. 

2011 ൽ ഭൂട്ടാനിലും നടന്നു കോളിളക്കം സൃഷ്ടിച്ച ഒരു വിവാഹം. രാജാവായിരുന്ന വാങ്ചുക് സാധാരണകുടുംബത്തിൽപിറന്ന ജെറ്റ്സൺ പേമ എന്ന യുവതിയെ  വിവാഹം കഴിച്ചു. വിവാഹിതയാകുമ്പോൾ പേമയ്ക്ക് 21 വയസ്സു മാത്രം. 31 വയസ്സുണ്ടായിരുന്നു വാങ്ചുക്കിന്. ഓക്സ്ഫഡ് സർവകലാശാലയിൽ പഠിച്ച വ്യക്തി കൂടിയാണ് രാജാവ്. ഏഷ്യക്കാർക്കാർക്ക് ഫാഷന്റെയും സ്റ്റൈലിന്റെയും അവസാന വാക്കു കൂടിയായി മാറി അതീവ സുന്ദരിയായ പേമ. 

സ്വീഡനിലെ രാജ്ഞി ആകുന്നതിനുമ്പ് മോഡലും ടെലിവിഷൻ റിയാലിറ്റി താരവുമായിരുന്നു സോഫിയ ഹെൽക്വിസ്റ്റ്. മൂന്നുവർഷം മുമ്പ് ജൂൺ 13 ന് കാൾ ഫിലിപ് രാജാവുമായി സോഫിയയുടെ വിവാഹം നടന്നു.

സ്കോട്‍ലൻഡിലെ സെന്റ് ആൻഡ്ര്യൂസ് സർവകലാശാലയിൽ വച്ചാണ് ബ്രിട്ടിഷ് രാജകുടുംബത്തിലെ വില്യം രാജകുമാരൻ ഒരു പൈലറ്റിന്റെ മകളായ കേറ്റ് മിഡിൽടണിനെ കാണുന്നത്.  350 വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് അന്ന്  ബ്രിട്ടിഷ് രാജകുടുംബത്തിലെ ഒരു കിരീടാവകാശിയെ രാജകുടുംബവുമായി ബന്ധമില്ലാത്ത കുടുംബത്തിൽനിന്നുള്ള ഒരു യുവതി വിവാഹം കഴിച്ചത്. ഇപ്പോഴിതാ ഒരിക്കൽ‌ക്കൂടി പുതിയൊരു ചരിത്രം രചിച്ചുകൊണ്ട് ഹാരി രാജകുമാരനു വധുവായി എത്തുന്നു മേഗൻ മാർക്കൽ എന്ന അമേരിക്കക്കാരി നടി. ചരിത്രത്തിന്റെ പിറവിക്കു കാത്തിരിക്കുകയാണ് ലോകം. ഇനി മൂന്നാഴ്ച കൂടി മാത്രം.