Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

81വയസ്സിനിടെ രക്ഷിച്ചത് 22ലക്ഷം കുഞ്ഞുങ്ങളുടെ ജീവൻ

blood-donation

അവസാനമായി ഒരു തവണകൂടി ജെയിംസ് ഹാരിസൻ വന്നു. തന്റെ വലതുകൈ മുന്നോട്ടു നീട്ടി. കടമ പൂർത്തിയാക്കി മടങ്ങി. ‘സ്വർണക്കൈയുടെ ഉടമ’ ഓസ്ട്രേലിയയുടെ ജീവൻ രക്ഷാ മനുഷ്യനാണ് ഹാരിസൻ.

ഓരോ തവണയും അദ്ദേഹം കൈനീട്ടുമ്പോൾ രക്ഷപ്പെട്ടതു മരണവുമായി മല്ലിട്ടു ജീവിതത്തിലേക്കു തിരിച്ചുവരാൻ ശ്രമിച്ച കുട്ടികൾ. 80 വയസ്സിലേറെ ദീർഘിച്ച ജീവിതത്തിൽ അദ്ദേഹം രക്ഷിച്ചത് 24 ലക്ഷം കൂട്ടികളെ. അപൂർവമായ ഒരു ആന്റിബോഡിയുണ്ട് ഹാരിസന്റെ രക്തത്തിൽ – നവജാതശിശുക്കളെ ജീവൻ രക്ഷിക്കാൻ കഴിയുന്നത്. ഇക്കഴിഞ്ഞ ദിവസം ഒരിക്കൽക്കൂടി പ്ലാസ്മ ദാനം ചെയ്തു ഹാരിസൺ വിരമിച്ചു; രക്തദാനത്തിൽനിന്ന്. 81– വയസ്സുള്ള അദ്ദേഹത്തിന് ഇനി രക്തം ദാനം ചെയ്യാൻ ഡോക്ടറുടെ അനുവാദമില്ല. താൻ രക്ഷിച്ച ജീവിതങ്ങളുടെ ഓർമയുമായി ഇനി അദ്ദേഹത്തിനു സംതൃപ്തികരമായ വിശ്രമജീവിതം. 

ഓസ്ട്രേലിയൻ റെഡ് ക്രോസ് ബ്ലഡ് സർവീസ് ധീരമായി ഇടപെട്ടതിനുശേഷമാണ് 81–ാം വയസ്സിൽ അവസാനമായി രക്തം ദാനം ചെയ്യാൻ ഹാരിസന് അവസരം ഒരുങ്ങിയത്. മാസങ്ങൾക്കുമുമ്പേ രക്തദാനത്തിൽ നിന്നു വിരമിക്കേണ്ടതായിരുന്നു അദ്ദേഹം. അവസാന അവസരത്തിലും സന്തോഷത്തോടെ  ജോലി ചെയ്ത് ഹാരിസൻ മടങ്ങുന്നു. 

18–ാം വയസ്സിലാണ് ആദ്യമായി ഹാരിസൻ രക്താം ദാനം ചെയ്യുന്നത്. അടുത്ത ആറുപതിറ്റാണ്ടുകളിൽ നിരന്തരമായി അദ്ദേഹം രക്തദാനം തുടർന്നു; ഏകാഗ്രതയോടെ, പ്രതിബദ്ധതയോടെ. 1172 തവണയാണ് അദ്ദേഹം ജീവിതത്തിൽ രക്തദാനം നടത്തിയത്. 1162 തവണ വലതുകൈയിൽനിന്നും 10 തവണ ഇടംകൈയിൽനിന്നും. അപൂർവമാണ് ഈ റെക്കോർഡ്. പക്ഷേ ഇതാരെങ്കിലും തകർക്കണമെന്നാണ് എന്റെ ആഗ്രഹം– ഹാരിസൻ ബ്ലഡ് സർവീസ് സംഘടനയോടു പറഞ്ഞു. 

ആരോഗ്യകരമായിരുന്നില്ല ഹാരിസന്റെ കുട്ടിക്കാലം. 14–ാം വയസ്സിൽ ഒരു ശ്വാസകോശം നീക്കം ചെയ്യേണ്ടിവന്നു. പലരിൽനിന്നു രക്തം സ്വീകരിച്ചാണ് അദ്ദേഹത്തിന്റെ ശസ്ത്രക്രിയ പൂർത്തിയാക്കിയതും ജീവിതത്തിലേക്കു മടങ്ങിവന്നതും. 'മൂന്നുമാസം ഞാൻ ആശുപത്രിയിൽ കിടന്നു. ശരീരത്തിൽ നൂറു തുന്നിക്കെട്ടലുകളുമായാണു കിടന്നത്. അന്നു കുറേയധികം രക്തം വേണ്ടിവന്നു ജീവൻ രക്ഷിക്കാൻ' –കൗമാരത്തിന്റെ ഓർമയിൽ ഹാരിസൻ പറയുന്നു. ആശുപത്രിയിൽനിന്ന് ഇറങ്ങിയപ്പോഴേ അദ്ദേഹം തീരുമാനിച്ചു;  ലഭിച്ച സ്നേഹം തിരിച്ചുകൊടുക്കണമെന്ന്. 'എനിക്കു രക്തം നൽകാൻ മുന്നോട്ടുവന്നത് ആരൊക്കെയെന്ന് എനിക്കറിയില്ല. ഞാനവരെ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ എല്ലാ അവസരങ്ങളിലും രക്താം ദാനം ചെയ്തു കടം വീട്ടാൻ ഞാൻ തീരുമാനിച്ചു': മൂന്നു വർഷം മുമ്പ് ഒരു അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. 

ഹാരിസന്റെ രക്തം വിശദമായ പരിശോധിച്ചപ്പോൾ അദ്ദേഹത്തിന്റെ രക്തത്തിലെ പ്ലാസ്മയിൽ അടങ്ങിയിരിക്കുന്ന അപൂർവമായ ഒരു ഘടകം ഡോക്ടർമാർ കണ്ടെത്തി. നവജാതശിശുക്കളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്ന ആന്റി–ഡി ഘടകം. അതും സുലഭമായി. ഓരോ തവണ രക്തം ദാനം ചെയ്യുമ്പോഴും കൂടുതലായി ഹാരിസന്റെ രക്തത്തിൽ ആന്റി ഡി ഘടകം ഉത്പാദിപ്പിക്കപ്പെടുന്നു.

രക്തത്തിലുള്ള ജീവൻ രക്ഷാ അംശത്തെക്കുറിച്ചറിഞ്ഞപ്പോൾ ഹാരിസനും സന്തോഷം. സ്വമനസ്സാലെ അദ്ദേഹം രക്തദാനവും പ്ലാസ്മാ ദാനവും തുടർന്നു. സ്വന്തം മകൾക്കുൾപ്പെടെ ഓസ്ട്രേലിയയിലെ ലക്ഷക്കണക്കിനു കുട്ടികൾക്ക് അദ്ദേഹം ജീവൻ തിരിച്ചുനൽകിയ ദൈവമായി. സ്വർണക്കൈയുള്ള മനുഷ്യൻ എന്ന വിളിപ്പേരും നേടി. രക്ത–പ്ലാസ്മാ ദാനത്തിൽനിന്നു തനിക്കു വിരമിക്കാനുള്ള സമയമടുത്തു എന്ന് അദ്ദേഹം കുറച്ചുനാൾ മുമ്പേ മനസ്സിലാക്കി. ഇനി പുതിയ ചെറുപ്പക്കാർ മുന്നോട്ടുവരട്ടെ എന്ന് അദ്ദേഹം ആഗ്രഹിച്ചു. 

ചിലർ എന്നോടു പറയാറുണ്ട്– ഓ..വീരനായകൻ. ഞാൻ നായകനൊന്നുമല്ല. ഒരു സാധാരണക്കാരൻ. രക്തം ദാനം ചെയ്തു സുരക്ഷിതമായി ജീവിക്കുന്നു. വിളിച്ചുകൊണ്ടുപോകുന്നവർ എനിക്കൊരു കപ്പ് കാപ്പി തരും. കൊറിക്കാനും എന്തെങ്കിലും തരും. ചിരിയോടെ ഞാൻ കൈ നീട്ടിക്കൊടുക്കുന്നു. ഒരു വേദനയുമില്ല. കഷ്ടപ്പാടുമില്ല – അറുപതുവർഷത്തിലധികം നീണ്ട രക്തദാന സേവനത്തെക്കുറിച്ചു ഹാരിസൻ പറയുന്നു.