Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമ്മയായത് യുദ്ധവിമാനത്തിലേറി ശത്രുസൈന്യത്തിന് കനത്ത നഷ്ടമുണ്ടാക്കിയ ധീര

mary-ellis-01 Photo Credit : Gareth Fuller/PA/AP

മേരി എല്ലിസ്- ലോകമഹായുദ്ധത്തിന്റെ ജീവിക്കുന്ന തെളിവ്, ഇംഗ്ലണ്ടിന്റെ അഭിമാനത്തിന്റെ പ്രതീകം. യുദ്ധവിമാനത്തിലേറി ശത്രുസൈന്യത്തിനു കനത്ത നഷ്ടമുണ്ടാക്കിയ ധീര സേനാനികളില്‍ ഒരാള്‍. ലോകമഹായുദ്ധത്തിന്റെ ജ്വലിക്കുന്ന ഓര്‍മയായി അവശേഷിച്ച വനിതാ പൈലറ്റ്. രാജ്യത്തിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായം. പോരാട്ടത്തിന്റെ കഥകളും സാഹസികതയുടെ തിരക്കഥകളുമവശേഷിപ്പിച്ച് 101-ാം വയസ്സില്‍ മേരി എല്ലിസ് ഒര്‍മ.  ഇനിയവര്‍ മഹായുദ്ധത്തിന്റെ തിരുശേഷിപ്പ്.

രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത, ജീവിച്ചിരിക്കുന്ന അപൂര്‍വം വൈമാനികരില്‍  ഒരാളായിരുന്നു മേരി. യുദ്ധമുന്നണിയിലേക്കു പോകാന്‍ പുരുഷന്‍മാര്‍ പോലും മടിച്ചുനിന്നിരുന്ന കാലത്ത് സൈന്യത്തില്‍ ചേരുകയും യുദ്ധവിമാനം പറപ്പിക്കുന്ന സ്പെഷ്യലിസ്റ്റ് ആകുകുയും ചെയ്ത വനിത. ‘പയനിയറിങ് ഏവിയേറ്റര്‍ ‍’ എന്ന പേരിലാണു മേരി ജീവിതത്തില്‍ അറിയപ്പെട്ടത്. യുദ്ധത്തില്‍  ഇംഗ്ലണ്ടിന്റെ ‘ എയര്‍ ട്രാന്‍സ്പോര്‍ട് ഓക്സിലറി’ വിഭാഗത്തിന്റെ ഭാഗമായി സ്പിറ്റ്ഫയര്‍ ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ പറത്തി ശത്രുസൈന്യത്തെ തുരത്തിയോടിച്ചവരില്‍ മുന്നിലുണ്ടായിരുന്നു മേരി. 

ഈ നിഷ്ടം നികത്താനാവില്ല - മേരിയുടെ മരണവാര്‍ത്ത അറിഞ്ഞ് എയര്‍ ചീഫ് മാര്‍ഷല്‍ സ്റ്റീഫന്‍ ഹില്ലിയര്‍ അനുസ്മരിക്കുന്നു. തലമുറകള്‍ക്കു പ്രചോദനമാണു  മേരി. ഓര്‍മയില്‍ എന്നെന്നുമുണ്ടാവുമവര്‍. നന്ദിയോടെ ആദരവോടെ ഓര്‍മിക്കുന്ന ധീരതയുടെ പ്രതീകം. 1941. മേരി വൈകിന്‍സ് എന്ന യുവതി സൈന്യത്തില്‍ ചേരാനുള്ള അറിയിപ്പ് കേള്‍ക്കുന്നതു റേഡിയോയില്‍. യുദ്ധം കൊടുമ്പിരിക്കൊണ്ട നാലുവര്‍ഷക്കാലത്ത് 400 സ്പിറ്റ്ഫയറുകളും 47 വെല്ലിങ്ടണ്‍ യുദ്ധവിമാനങ്ങളുമുള്‍പ്പെടെ ആയിരം വിമാനങ്ങളുടെ സാരഥിയായിരുന്നിട്ടുണ്ട് മേരി. യുദ്ധത്തിലെ വിജയത്തിനുശേഷം 1950 മുതല്‍ 70 വരെ ഇംഗ്ലണ്ടിന്റെ തെക്കന്‍ പ്രവിശ്യയില്‍ പ്രാദേശിക വിമാനത്താവളത്തിന്റെ ചുമതലയും അവര്‍ വഹിച്ചു. 

1961-ല്‍ വിവാഹം. സഹപൈലറ്റ് ഡോണ്‍ എല്ലിസുമായി. അങ്ങനെ മേരി വൈകിന്‍സ് മേരി എല്ലിസാകുന്നു. 2009-ല്‍ ഡോണ്‍ മരിക്കുന്നതുവരെ അവര്‍ ഒരുമിച്ചുജീവിച്ചു. യുദ്ധത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാന നിമിഷങ്ങളേറെയുണ്ട് മേിയുടെ മനസ്സില്‍. അന്ന് പുരുഷന്‍മാര്‍ നോക്കിനില്‍ക്കുമായിരുന്നു താന്‍ വിമാനത്തില്‍ കയറുന്നതും യുദ്ധവിമാനം പറപ്പിക്കുന്നതും ഒക്കെ കാണാന്‍. ആദ്യമായി സ്പിറ്റ്ഫയറിന്റെ ചുമതല ഏറ്റെടുക്കാന്‍ മേരി ചെല്ലുമ്പോള്‍ പാരച്യൂട്ടുമായി നിന്ന സഹായി ചോദിച്ചു- ഇതിനുമുമ്പ് ഇത്തരം എത്ര വിമാനങ്ങള്‍ പറത്തിയിട്ടുണ്ടെന്ന്. മുമ്പില്ല. ഇതാദ്യമാണ് എന്ന് മേരി പറഞ്ഞതുകേട്ടപ്പോള്‍ ഞെട്ടിപ്പോയ സഹായി വിമാനത്തില്‍നിന്നു വീണതു താഴേക്ക് ! 

ഏറ്റവും ആസ്വദിച്ചതും ഇഷ്ടപ്പെട്ടതുമായ വിമാനം ? -എല്ലാവരും വിചാരിക്കുന്നതുപോലെ സ്പിറ്റ്ഫയര്‍ തന്നെയായിരുന്നു തനിക്കും ഏറെയിഷ്ടം എന്നു മടിക്കാതെ പറയുന്നു മേരി. ഗംഭീര വിമാനമാണത്. ഏത്  ആവശ്യത്തോടും നന്നായി പ്രതികരിക്കുന്നത്. രാജ്യത്തെ മാത്രമല്ല രാജ്യാന്തര നായികയുമായി മേരി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ഭീകരമായ വാര്‍ത്ത എന്നാണു മേരിയുടെ മരണത്തെ ചിലര്‍ വിശേഷിപ്പിക്കുന്നത്. ധീരതയുടെ അത്ര വലിയ ഒരു അടയാളവും പ്രതീകവുമായിരുന്നു ഇംഗ്ലണ്ട് എന്ന രാജ്യത്തിനു മേരി. ലോകമെങ്ങുമുള്ള സ്ത്രീകള്‍ക്ക് പ്രചോദനത്തിന്റെ ജീവിക്കുന്ന ഉദാഹരണവും. സ്പിറ്റ്ഫയര്‍ വൈമാനികന്‍മാരില്‍ ഒരാളായ ജെഫറി വെല്ലും യാത്രപറഞ്ഞിട്ട് ഒരാഴ്ച ആകുമ്പോഴാണ് മേരിയുടെ അന്ത്യനിമിഷങ്ങളും.