sections
MORE

അഗസ്ത്യാർകൂടത്തിലേക്ക് ചുവടുവയ്ക്കാനൊരുങ്ങി സ്ത്രീകൾ

agastyarkoodam-01
SHARE

മലമുകളിൽ സംഘർഷത്തിന്റെ കാർമേഘങ്ങൾ ഉരുണ്ടുകൂടാൻ തുടങ്ങിയതോടെ ആശങ്കയുടെ നിഴലിലേക്കു നീങ്ങുകയാണ് കേരളം. ശബരിമലയെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾ ശമനമില്ലാതെ തുടരുന്നതിനിടെയാണ് കേരളത്തിലെതന്നെ മറ്റൊരു മല നാമജപത്തിനും സംഘർഷത്തിനും വേദിയാകുമോ എന്ന ആശങ്ക ബലപ്പെടുന്നതും. സമുദ്രനിരപ്പിൽനിന്ന് 1868 മീറ്റർ ഉയരത്തിലുള്ള അഗസ്ത്യമല കൊടുമുടിയെച്ചുറ്റിയാണ് പുതുവർഷത്തിൽ ആശങ്ക രൂപപ്പെട്ടിരിക്കുന്നതും സംഘർഷസാധ്യത ഉടലെടുത്തിരിക്കുന്നതും. സ്ത്രീകൾക്കും 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും കുട്ടികൾക്കും പ്രവേശനം നിഷേധിച്ചിരുന്ന കൊടുമുടിയിലേക്ക് സ്ത്രീകൾക്കും കയറാമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് പുതിയ പ്രതിസന്ധി. ലിംഗവിവേചനം അനുവദിക്കാനാവില്ല എന്ന വാദം ഉയർത്തിയാണ് ഹൈക്കോടതി ഉത്തരവ്. സ്ത്രീകളെ അഗസ്ത്യമലയിൽ അനുവദിക്കരുതെന്ന ആദിവാസി വിഭാഗം കാണിക്കാരുടെ ആവശ്യം തള്ളിക്കൊണ്ട് ജസ്റ്റിസ് അനു ശിവരാമനാണ് വിപ്ലവകരമായ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ വനംവകുപ്പ് ഓൺലൈ‍ൻ റജിസ്ട്രേഷനും തുടങ്ങി. വർഷങ്ങളായി മല കയറാൻ നിയമപ്പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്ന ഒരു കൂട്ടം സ്ത്രീകൾ ഇത്തവണ ഹൈക്കോടതി ഉത്തരവിന്റെ പിൻബലത്തിൽ മല കയറുകതന്നെ ചെയ്യുമെന്ന് വ്യക്തമാക്കിയതോടെ പ്രതിഷേധവും ശക്തമാകുന്നു. ജനുവരി 14 മുതൽ‌ മാർച്ച് വരെയാണ് അഗസ്ത്യമല സന്ദർശിക്കാനായി തുറന്നുകൊടുക്കുന്നത്. ഇത്തവണത്തെ തീർഥാടനത്തിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ മറ്റൊരു ശബരിമലയാകുമോ അഗസ്ത്യമല എന്നാണ് ആശങ്ക. 

കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലും തമിഴ്നാട്ടിലെ തിരുനൽവേലി, കന്യാകുമാരി ജില്ലകളിലുമായി വ്യാപിച്ചുകിടക്കുന്ന അഗസ്ത്യമലയ്ക്ക് യുനെസ്കോയുടെ ജൈവമണ്ഡല പദവിയും ലഭിച്ചിട്ടുണ്ട്. ജൈവമഴക്കാടുകൾ നിറഞ്ഞ പ്രദേശമായ അഗസ്ത്യമലയിൽ അഗസ്ത്യമുനിയുടെ അമ്പലവും പ്രതിഷ്ഠയുമുണ്ട്. ആദിവാസികളുടെ കുലവൈദമായാണ് അഗസ്ത്യമുനി ആരാധിക്കപ്പെടുന്നത്. ഗോത്രാചാര പൂജകൾ നടക്കുന്ന അഗസ്ത്യസന്നിധിയിൽ സ്ത്രീപ്രവേശം സംഭവിച്ചാൽ അഗസ്ത്യനാമം ജപിച്ച് വനവാസി സമൂഹം പ്രതിഷേധിക്കുമെന്നും സ്ത്രീകളെ തടയുമെന്നും ഒരു വിഭാഗം വ്യക്തമാക്കിയിട്ടുണ്ട്. ട്രെക്കിങ്ങിന്റെ പേരിൽ അഗസ്ത്യവനത്തിൽ സ്ത്രീപ്രവേശം അനുവദിച്ചാൽ ആചാരം ലംഘിക്കപ്പെടുമെന്ന് ആദിവാസി മഹാസഭയും വ്യക്തമാക്കിയിട്ടുണ്ട്. അതിരുമല കടക്കാൻ സ്ത്രീകളെ അനുവദിക്കില്ലെന്നാണ് അവരുടെ ശക്തമായ നിലപാട്. കോടതി ഉത്തരവിനെത്തുടർന്ന് വനംവകുപ്പ് സ്ത്രീ പ്രവേശനത്തിന് അനുകൂലമായി റജിസ്ട്രേഷൻ തുടങ്ങിയതാണ് ആദിവാദി വിഭാഗങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നത്.

വരുന്ന 14 ന് മുഖ്യപൂജാരി ഭാഗവാൻ കാണിയുടെ നേതൃത്വത്തിൽ പൂജാസംഘം അതിരുമലയിൽ എത്തും. ഇവിടെവരെ എല്ലാ വിഭാഗക്കാരും പ്രവേശിക്കുന്നതിൽ ആരും എതിർപ്പു പ്രകടിപ്പിച്ചിട്ടില്ല. എന്നാൽ അഗസ്ത്യരുടെ പർണശാലയിലേക്ക് സ്ത്രീകൾ കടക്കാൻ അനുവദിക്കില്ലാന്നാണ് ഒരുവിഭാഗത്തിന്റെ നിലപാട്. സന്നിധാനത്ത് സ്ത്രീപ്രവേശനം ഉണ്ടാകില്ലെന്ന് വനംവകുപ്പ് ഉറപ്പുനൽകിയിട്ടുണ്ടെന്നും ഇവർ അവകാശപ്പെടുന്നു. 14–ാം തീയതിതന്നെ അതിരുമലയിൽ ആചാരച്ചടങ്ങുകളും ചാറ്റുപാട്ടും നടക്കും. 15 ന് പൂജാരി സംഘം ദ്രവ്യങ്ങളുമായി മല ചവിട്ടി സന്നിധാനത്തെത്തി പൂജയും അഗസ്ത്യർക്ക് അഭിഷേകവും ആരാധനയും നടത്തി മലയിറങ്ങും. മാർച്ച് 2,3,4 തീയതികളിൽ ശിവരാത്രി പൂജയും കൊടിതി ചടങ്ങും. 

ഇക്കഴിഞ്ഞ നവംബർ 30 നാണ് അഗസ്ത്യാർകൂടത്തിലേക്കുള്ള വനിതകളുടെ തീർഥാടനം സുഗമമാക്കിക്കൊണ്ട് ഹൈക്കോടതി വിധി പ്രസ്താവിച്ചത്. വനിതകളെ തടയുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് ചെയ്യുന്നത് നിയമത്തിന് എതിരാണെന്നും വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് അനു ശിവരാമൻ വ്യക്തമാക്കിയിരുന്നു. അന്വേഷി ഉൾപ്പെടെയുള്ള സ്ത്രീ സംഘടനകൾ ഹൈക്കോടതി വിധിയെ സർവാത്മനാ സ്വാഗതം ചെയ്യുകയുണ്ടായി. വിമൻ ഇന്റഗ്രേഷൻ, ഗ്രോത്ത് ത്രൂ സ്പോർട്സ് എന്നീ സംഘടനകളാണ് സ്ത്രീപ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
FROM ONMANORAMA