മൂന്നു മൂന്നര വയസ്സായാൽ കുഞ്ഞുങ്ങളെ പ്ലേ സ്കൂളിൽ വിടുന്നതാണ് സോഷ്യൽ സ്റ്റാറ്റസ് എന്നു വിശ്വസിക്കുന്നവർക്കിടയിൽ വ്യത്യസ്തയാവുകയാണ് ഒരു കലക്ടർ. സ്വന്തം കുഞ്ഞിനെ അംഗൻവാടിയിൽ ചേർത്തുകൊണ്ടാണ് തിരുനെൽവേലി ഡിസ്ട്രിക് കലക്ടർ ശിൽപ പ്രഭാകർ സതീഷ് മാതൃകയായത്.
പാളയം കോട്ടെയിലെ അംഗൻവാടിയിലാണ് കലക്ടർ കുഞ്ഞിനെ ചേർത്തത്. കുഞ്ഞിനെ അംഗൻവാടിയിൽ ചേർത്തതിനെക്കുറിച്ച് കർണാടക സ്വദേശിയായ കലക്ടർ പറയുന്നതിങ്ങനെ :'' സമൂഹത്തിലെ വിവിധതുറകളിൽപ്പെട്ട കുഞ്ഞുങ്ങളുമായി ഇടപഴകാനും, മറ്റുള്ളവരോട് എങ്ങനെ പെരുമാറണമെന്ന് പഠിപ്പിക്കുവാനും വേണ്ടിയാണ് കുഞ്ഞിനെ നഴ്സറി സ്കൂളിൽ ചേർക്കാതെ അംഗൻവാടിയിൽ ചേർത്തത്. കലക്ട്രേറ്റിനടുത്താണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ അംഗൻവാടി പ്രവർത്തിക്കുന്നത്. ഇവിടുത്തെ അധ്യാപകരും വളരെ ഊർജ്ജസ്വലരാണ്.''.- കലക്ടർ പറയുന്നു.
ജില്ലയിലെ അംഗൻവാടികളിൽ അടിസ്ഥാന സൗകര്യങ്ങളും പരിശീലനം ലഭിച്ച അധ്യാപകരുമുണ്ട്. തിരുനൽവേലിയിലെ എല്ലാ അംഗൻവാടികൾക്കും സ്മാർട് ഫോണുണ്ട്. കുഞ്ഞുങ്ങളുടെ പൊക്കവും തൂക്കവും പരിശോധിച്ച് കുഞ്ഞുങ്ങളുടെ ഡയറ്റ് ക്രമീകരിക്കുന്ന നടപടികളുമുണ്ട്. കുഞ്ഞുങ്ങളുടെ വളർച്ചയ്ക്കും വികാസത്തിനും ആവശ്യമായ കൂടുതൽ കുറേയേറെ നല്ലപദ്ധതികൾ നടപ്പിലാക്കാൻ ആലോചിക്കുന്നുണ്ട്''. തിരുനൽവേലിയിലെ ആദ്യ വനിതാ കലക്ടറായ ശിൽപ പറയുന്നു.