ആഗ്രഹിക്കുന്ന സമയത്ത് ഭക്ഷണം കിട്ടാതെ വന്നാല്‍ ഭാര്യയെ കഠിനമായി ശകാരിക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണവരുടെ ചോദ്യം. മര്‍ദിച്ചാല്‍പ്പോലും അതും ന്യായമല്ലേ എന്നും അവര്‍ ചോദിക്കുന്നു. ഭക്ഷണം തയാറാക്കിതരുന്നതുമാത്രമല്ല കാര്യം. കുട്ടികളെ നോക്കണം. വസ്ത്രങ്ങള്‍ കഴുകിയുണക്കണം. പിന്നെയും പിന്നെയും തീരാത്ത വീട്ടുജോലികള്‍... ഇതൊക്കെ ഭാര്യയുടെയും വീട്ടിലെ മറ്റു സ്ത്രീകളുടെയും ജോലിയാണ്. അതിലവര്‍ പരാജയപ്പെട്ടാല്‍ കഠിനമായ ശിക്ഷ എന്നതില്‍ എന്താണ് തെറ്റ് എന്നാണു ചോദ്യം.
ഉത്തര്‍പ്രദേശും ബീഹാറും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ പുരുഷന്‍മാരുടെ അഭിപ്രായമാണിത്. 68 ശതമാനം പുരുഷന്‍മരും ഭാര്യമാരെ കഠിനമായി ശകാരിക്കുന്നതിനെ ന്യായീകരിക്കുന്നു. 41 ശതമാനം പുരുഷന്‍മാരും മര്‍ദനം തന്നെയാണ് അനുസരണക്കേടു കാട്ടുന്ന സ്ത്രീകള്‍ക്കു കൊടുക്കേണ്ട മരുന്ന് എന്നും അഭിപ്രായപ്പെടുന്നു. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലെയും ഭൂരിപക്ഷം പുരുഷന്‍മാരുടെയും അഭിപ്രായം ഇങ്ങനെയാണെന്നിരിക്കെ ചെയ്യുന്ന ജോലിക്കു ന്യായമായ വേതനം കിട്ടാത്ത സ്ത്രീകളുടെ എണ്ണത്തിന്റെ കണക്കുതന്നെ അതിശയിപ്പിക്കും. അതിരാവിലെ മുതല്‍ രാവേറെ ചെല്ലുന്നതുവരെ വീടുകളില്‍ പണിയെടുക്കുന്ന സ്ത്രീകളുടെ അധ്വാനത്തിനുള്ള കൂലി കണക്കാക്കിയാലോ ലോകത്തെ മുന്‍നിര സ്ഥാപനത്തിന്റെ ലാഭത്തിന്റെ എത്രയോ ഇരട്ടിവരും.
വെറും സാങ്കല്‍പികമായ കണക്കുകളല്ല ഇത്. ദാവോസില്‍ ലോക സാമ്പത്തിക ഉച്ചകോടിയുടെ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ഒരു രാജ്യാന്തര സംഘടന പുറത്തുവിട്ട പഠനത്തിലാണ് ഈ കണക്കുകളുള്ളത്. ചെയ്യുന്ന ജോലിക്കു കൂലി കിട്ടാത്ത സ്ത്രീകള്‍ ലോകത്ത് എല്ലായിടത്തുമുണ്ടെങ്കിലും പുരുഷന്‍മാരും സ്ത്രീകളും തമ്മിലുള്ള കൂലിയിലെ അന്തരവും കണക്കില്‍പെടാത്ത സ്ത്രീകളുടെ ജോലിയും ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു.
കൂലി കിട്ടാതെ ജോലിചെയ്യുന്ന സ്ത്രീകളുടെ വേതനം ലോകത്താകെ കണക്കൂകൂട്ടിയാല്‍ അത് മുന്‍നിര കമ്പനിയായ ആപ്പിളിന്റെ വിറ്റുവരവിന്റെ 43 ശതമാനത്തിലും അധികമാണെന്നാണ് പഠനം പറയുന്നത്. ഇന്ത്യയില്‍ ഇത് മൊത്തം ഉത്പാദനത്തിന്റെ 3.1 ശതമാനവും വരും.
നഗരങ്ങളില്‍ സ്ത്രീകള്‍ ഓരോ ദിവസവും 312 മിനിറ്റ് ജോലി ചെയ്യുന്നതിന് കൂലിയേ കിട്ടാറില്ല. ഗ്രാമങ്ങളില്‍ സ്ത്രീകള്‍ കൂലിയില്ലാതെ വേലയെടുക്കുന്നത് 291 മിനിറ്റും. പുരുഷന്‍മാരുടെ കാര്യത്തില്‍ നഗരങ്ങളില്‍ ഇത് 29 മിനിറ്റും ഗ്രാമങ്ങളില്‍ 32 മിനിറ്റുമാണ്. സാമ്പത്തിക അസമത്വം വര്‍ധിക്കുന്നതനുസരിച്ച് സ്ത്രീകളുടെ കഷ്ടപ്പാട് കൂടിക്കൊണ്ടുമിരിക്കുന്നു. രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഓക്സ്ഫാം എന്ന സംഘടനയാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളും അക്രമങ്ങളും തടയാന്‍ നിയമങ്ങള്‍ ഏറെയുണ്ട്. പക്ഷേ, ഈ നിയമങ്ങളൊന്നും പൂര്‍ണമായി ഫലം കാണുന്നില്ല എന്നതാണ് ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാര്യം. ജോലിസ്ഥലത്ത് സ്ത്രീകള്‍ക്ക് എതിരെ നടക്കുന്ന ലൈംഗിക പീഡനം ഉള്‍പ്പെടെയുള്ള അക്രമം തടയാന്‍ 2017-ല്‍ ഒരു നിയമം പാസ്സാക്കുകയുണ്ടായി. നിയമം പാസ്സാക്കാന്‍ വേണ്ടിവന്നതാകട്ടെ 17 വര്‍ഷം നീണ്ടുനിന്ന പോരാട്ടം. നിലയ്ക്കാത്ത പ്രക്ഷോഭങ്ങള്‍. പ്രചാരണങ്ങള്‍. മീ ടൂ പ്രസ്ഥാനത്തിന്റെ ഭാഗമായി അനേകം സ്ത്രീകള്‍ തങ്ങളുടെ ദുരിതകഥകളുമായി രംഗത്തുവന്നതോടെ കുറച്ചധികം സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ പരാതി കേള്‍ക്കാനുള്ള സംവിധാനങ്ങള്‍ നിലവില്‍വന്നു.
ഇന്നും ഇന്ത്യയിലെ പല ഗ്രാമങ്ങളിലും സ്ത്രീകള്‍ പുറത്തുപോയി ജോലി ചെയ്യുന്നത് അനുവദിക്കാറില്ല. വീട്ടില്‍ ചെയ്യുന്ന ജോലിക്കാകട്ടെ ഒരു തരത്തിലുള്ള പ്രതിഫലവും ലഭിക്കാറുമില്ല.
ദാരിദ്ര്യം മൂലം സ്കൂളില്‍ പോകാന്‍ കഴിയാത്ത പെണ്‍കുട്ടികള്‍. പഠനം ഇടയ്ക്കുവച്ചു നിര്‍ത്തുന്നവര്‍. ലിംഗനീതിയും സമത്വവുമൊക്കെ ആശയങ്ങള്‍ മാത്രമായി അവശേഷിക്കെ കഷ്ടപ്പാടിന്റെ നാളുകളെണ്ണുകയാണ് സ്ത്രീവര്‍ഗ്ഗം.