പോയ വര്‍ഷം ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വാക്ക് : നാരീശക്തി

ഇന്ത്യയുടെ അഭിമാനദിവസമായ ജനുവരി 26 വാക്കിന്റെ ദിവസം കൂടിയാണ്. പോയ വര്‍ഷം ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ വാക്ക് തിരഞ്ഞെടുക്കുന്ന ദിവസം. പതിവിനു മാറ്റമില്ലാതെ ഇത്തവണയും ഓക്സ്ഫഡ് ഡിക്‌ഷ്ണറിക്കുവേണ്ടി ഹിന്ദി വാക്ക് കണ്ടെത്തി അവതരിപ്പിച്ചു; മുഴുവന്‍ സ്ത്രീകളിലും അഭിമാനം ജനിപ്പിക്കുന്ന വാക്ക്: നാരീശക്തി.

നാരീശക്തി ദേവഭാഷയായ സംസ്കൃതത്തില്‍നിന്നാണു വരുന്നത്. നാരി സ്ത്രീ തന്നെ. സ്ത്രീശക്തി. ശാക്തീകരണത്തിന്റെ മറുവാക്ക്. ജയ്‍പൂര്‍ സാഹിത്യോല്‍സവ വേദിയിലാണ് ഇത്തവണ പോയവര്‍ഷത്തെ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചതും സ്വാധീനം ചെലുത്തിയതുമായ വാക്ക് കണ്ടുപിടിച്ച് അവതരിപ്പിച്ചത്.

നാരീശക്തി മുന്നിലേക്കു വന്നതില്‍ ഒന്നിലധികം കാരണങ്ങളുമുണ്ട്. രാജ്യത്തെ പരമോന്നത കോടിയുടെ ചില വിധികള്‍ കഴിഞ്ഞവര്‍ഷം സൃഷ്ടിച്ചതു വലിയ വിവാദങ്ങള്‍. മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള വിധിയിലായിരുന്നു തുടക്കം. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി പിന്നാലെ വന്നു. വിവാഹ ബന്ധവും വിശ്വാസ്യതയുമൊക്കെ പൊളിച്ചെഴുതി സ്ത്രീകളെ ഒറ്റപ്പെടുത്തിയിരുന്ന കാലാകാലങ്ങളായി നിലനിന്ന നിയമങ്ങളും കോടതി പൊളിച്ചെഴുതി.

സാമൂഹിക സാംസ്കാരിക മണ്ഡലങ്ങളില്‍ ഓരോ വിധിയും ഉയര്‍ത്തിയത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍. ഇപ്പോഴും എതിര്‍പ്പും വിമര്‍ശനവും ഒപ്പം അംഗീകാരവും അഭിനന്ദനവുമായി ഈ വിധികള്‍ രാജ്യത്തു ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. രാജ്യവും ജനങ്ങളും ചര്‍ച്ച ചെയ്തത് സ്ത്രീകളെക്കുറിച്ച്. ആ ചര്‍ച്ചയിലേക്ക് അവരെ നയിച്ചതോ നാരീ ശക്തി.

ഭാഷാ വിദഗ്ധര്‍ അടങ്ങിയ വിദഗ്ധ പാനലിന്റെ നിര്‍ദേശപ്രകാരമാണ് നാരീശക്തി പോയ വര്‍ഷത്തിന്റെ വാക്കായി തിരഞ്ഞെടുക്കപ്പെട്ടത്. നമിത ഗോഖലെ, രണ്‍ധീര്‍ താക്കൂര്‍, ക്രിതിക അഗര്‍വാള്‍, സൗരഭ് ദ്വിവേദി എന്നവരടങ്ങിയ പാനല്‍ ഏകകണ്ഠമായാണ് വാക്ക് തിരഞ്ഞെടുത്തതെന്നാണ് റിപോര്‍ട്ടുകള്‍.

സ്ത്രീകളോടുള്ള വിവേചനത്തിന്റെയും അക്രമത്തിന്റെയും അവഗണനയുടെയും പേരില്‍ ഒറ്റപ്പെടുത്തപ്പെടുകയും നാണക്കേട് ഏറ്റുവാങ്ങേണ്ടിയും വന്ന ഒരു രാജ്യം ലോകത്തിനു മുന്നില്‍ അഭിമാനത്തോടെ അവതരിപ്പിക്കുകയാണ് നാരീശക്തി. സ്ത്രീശക്തിയിലുള്ള വിശ്വാസവും ആദരവും ബഹുമാനവും പ്രകടിപ്പിച്ചുകൊണ്ട്.

MORE IN WOMEN NEWS