അവിവാഹിതകൾക്ക് 'ഡേറ്റിങ് ലീവ്' നൽകി ചൈനീസ് കമ്പനികൾ. 30 വയസ്സിനു മുകളിലുള്ള അവിവാഹിതകളായ ജോലിക്കാർക്കു വേണ്ടിയാണ് രണ്ടു ചൈനീസ് കമ്പനികൾ പ്രത്യേകാവധി അനുവദിച്ചത്. ഡേറ്റിങ് ലീവ് എന്ന് പേരു നൽകിയിരിക്കുന്ന ഈ ആനുകൂല്യമനുസരിച്ച് 30 വയസ്സിനു മുകളിലുള്ള സ്ത്രീ ജീവനക്കാർക്ക് 8 ദിവസം വരെ അധിക അവധി നൽകും. ഇതുകൂടാതെ അവധി നീട്ടിയെടുക്കാനുള്ള സൗകര്യവും ജീവനക്കാർക്കുണ്ടായിരിക്കും.
30 വയസ്സിനു മുകളിലുള്ള യുവതികളെ മുൻപൊക്കെ കണ്ടിരുന്നത് ആർക്കും വേണ്ടാത്തവർ എന്ന നിലയിലായിരുന്നു. എന്നാൽ ഇന്നു അത്തരം ചിന്തകൾക്ക് മാറ്റം വന്നിട്ടുണ്ട്. ഇന്നത്തെ യുവതികൾ വിവാഹജീവിതത്തേക്കാൾ ജോലിക്കാണ് മുൻതൂക്കം കൊടുക്കുന്നതെന്നും അതുകൊണ്ടു തന്നെ വൈകി വിവാഹം കഴിക്കുന്ന പ്രവണതയാണ് ഇപ്പോഴുള്ളതെന്നുമുള്ള കണ്ടെത്തലിന്റെ വെളിച്ചത്തിലാണ് കമ്പനികൾ അവിവാഹിതകളായ സ്ത്രീകൾക്കുവേണ്ടി ഡേറ്റിങ് ലീവ് അനുവദിച്ചത്.
ഡേറ്റിങ് ലീവ് നൽകാനുള്ള കമ്പനികളുടെ തീരുമാനം തീർച്ചയായും ജീവനക്കാരുടെ മനസ്സിൽ ഉത്സാഹം സൃഷ്ടിക്കുമെന്നുതന്നെയാണ് കമ്പനികളുടെ ഹ്യൂമൻ റിസോർസ് വിഭാഗങ്ങളുടെ വിശ്വാസം. ഇതാദ്യമായല്ല ചൈനയിലെ സ്ഥാപനങ്ങൾ ജീവനക്കാർക്ക് സ്നേഹപൂർണമായ ജീവിതം ആസ്വദിക്കാനുള്ള അവസരമൊരുക്കി പ്രത്യേക അവധി നൽകുന്നത്. കിഴക്കൻ ചൈനയിലെ സ്കൂൾ അടുത്തിടെ സിംഗിൾ അധ്യാപികമാർക്കും കുഞ്ഞുങ്ങളില്ലാത്ത അധ്യാപികമാർക്കുമായി ലവ് ലീവ് എന്ന പേരിൽ അവധി നൽകിയിരുന്നു.