വനിതാ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ചിത്ര രചന മത്സരത്തില്‍ പങ്കെടുക്കുന്നവര്‍.

തിരുവനന്തപുരം: രാജ്യന്തര വനിതാ ദിനത്തിനോടനുബന്ധിച്ച്  സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ പോസ്റ്റർ രചനാ മത്സരം നടന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ സ്ഥലങ്ങളിൽ നിന്നുള്ളവർക്കായി മ്യൂസിയം ഓഡിറ്റോറിയത്തിൽ നടത്തിയ മത്സരത്തിൽ നൂറിലധികം പേർ പങ്കെടുത്തു. 18 നും 35 വയസ്സിനും ഇടയിലുള്ളവരാണ് മത്സരത്തിൽ പങ്കെടുത്തത്.

സ്ത്രീ സുരക്ഷയും ശാക്തീകരണവും എന്ന വിഷയത്തിലാണ് പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചത്. നീതിക്കു വേണ്ടി പടപൊരുതുന്നവരും ഒറ്റപ്പെട്ട സ്ത്രീകളുമൊക്കെ ചിത്ര രചനയ്ക്കു വിഷയമായി. ജീവിതത്തിൽ നിശബ്ദരാകേണ്ടി വന്നിട്ടും സ്ത്രീകൾക്കു വേണ്ടി ഉള്ളിലെ കലകൊണ്ട് പോരാടാനായി മൽസരവേദിയിലെത്തിയ മൂന്നുപേർ പ്രത്യേക ശ്രദ്ധനേടി.  ജിഷ്ണു.കെ എന്നിവർക്ക് ജന്മാനാ ശബ്ദത്തിന്റെയും കേൾവിയുടെയും ലോകം അന്യമാണ്.  നിറഞ്ഞ ആത്മവിശ്വാസത്തോടെയാണ് മൂവരും മത്സരത്തിൽ പങ്കെടുത്തത്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) നിന്നുള്ളവരാണ് മൂവരും.

മത്സരത്തിൽ വിജയിക്കുന്നവർക്ക് വനിതാ ദിനത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. 

സ്ത്രീ സുരക്ഷയ്ക്കായി വനിതാ വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ തെരഞ്ഞെടുക്കപ്പെടുന്ന പോസ്റ്ററുകള്‍ പ്രചരിപ്പിക്കുമെന്ന് വനിതാ വികസന കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ വിസി ബിന്ദു അറിയിച്ചു.