മുംബൈ• നിശ്ചയിച്ച വിവാഹത്തില്‍നിന്നു പിന്‍മാറിയെന്നാരോപിച്ച് പ്രതിശ്രുതവധു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാജ്യാന്തര വിമാനക്കമ്പനി ജീവനക്കാരനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ബാങ്ക് ജീവനക്കാരിയായ 24 വയസ്സുകാരിയാണ് പരാതിക്കാരി. വിവാഹം ഉറപ്പിച്ചതിനുശേഷം വധുവില്‍നിന്ന് ലക്ഷങ്ങള്‍ ചോദിക്കുകയും അതു ലഭിക്കാതെവന്നപ്പോള്‍ വിവാഹത്തിൽ നിന്ന് പിന്‍മാറുകയും ചെയ്ത യുവാവിനെതിരെയാണ് മുംബൈയിലെ അംബോളി പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചിരിക്കുന്നത്. 

യുവാവും യുവതിയും ഒരുവര്‍ഷമായി പരസ്പരം അറിയുന്നവരാണ്. ഇരുവരുടെയും വീട്ടുകാരാണ് വിവാഹം ആലോചിച്ചതും ഉറപ്പിച്ചതും. വിവാഹത്തോടനുബന്ധിച്ച് തന്റെ വീട്ടുകാരില്‍നിന്ന് യുവാവ് രണ്ടരലക്ഷത്തോളം രൂപ വാങ്ങിയരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു. 

ഫര്‍ണിച്ചറും വസ്ത്രങ്ങളും വാങ്ങാനാണെന്നു പറഞ്ഞാണ് തുക വാങ്ങിയത്. അതിനുശേഷം 25 ലക്ഷം രൂപ കൂടി ചോദിച്ചു. ഇതിനു  വിസമ്മതിച്ചോടെ വിവാഹത്തില്‍നിന്നു പിന്‍മാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് യുവതി അംബോളി പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തി. 

കബളിപ്പിക്കലിനും വിശ്വാസവഞ്ചനയ്ക്കും ബലം പ്രയോഗിച്ചു പീഡിപ്പിച്ചതിനും എതിരെയാണ് യുവാവിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. യുവാവ് വിദേശത്തായതിനാൽ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.