പെൺകുട്ടികളുടെ മേൽവസ്ത്രത്തിന്റെ ഇറക്കം പരിശോധിച്ച ശേഷം അവർ ക്ലാസ്മുറിയിൽ ഇരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കും. ഹൈദരാബാദിലെ ഒരു വനിതാ ആർട്സ് ആൻഡ് സയൻസ് കോളജിനെതിരെയാണ് പരാതിയുയരുന്നത്. അതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി.

പെൺകുട്ടികളുടെ മേൽവസ്ത്രത്തിന്റെ ഇറക്കം മുട്ടിനു മുകളിലാണെന്നാരോപിച്ചാണ് വിദ്യാർഥിനികൾക്ക് കോളജ് പ്രവേശനം നിഷേധിച്ചത്. കോളജ് ഗേറ്റിനു മുന്നിൽ നിൽക്കുന്ന വനിതാ സുരക്ഷാ ജീവനക്കാരാണ് പെൺകുട്ടികളുടെ വസ്ത്രത്തിന്റെ നീളം അളന്ന ശേഷം അവർ കോളജിൽ പ്രവേശിക്കാൻ അർഹരാണോ അല്ലയോ എന്നു തീരുമാനിക്കുന്നത്. വസ്ത്രത്തിന്റെ നീളം മുട്ടിന് ഒരിഞ്ചു മുകളിലാണെങ്കിൽപ്പോലും പ്രവേശനം നിഷേധിക്കും.

വെള്ളിയാഴ്ച കോളജിൽ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിഷയത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. കോളജിന്റെ പ്രവേശന കവാടത്തിൽ നിലയുറപ്പിച്ച വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ പെൺകുട്ടികളുടെ കൂട്ടത്തിൽനിന്ന് മേൽവസ്ത്രത്തിന് ഇറക്കമുള്ളവരെ മാത്രം തിരഞ്ഞു പിടിച്ച് കോളജിൽ പ്രവേശിപ്പിക്കുന്ന കാഴ്ചയാണ് ദൃശ്യങ്ങളിലുള്ളത്. 

മറ്റൊരു ദൃശ്യത്തിൽ വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതിന്റെ പേരിൽ വിദ്യാർഥിനികളെ ശകാരിക്കുന്ന പ്രിൻസിപ്പലിനെയും കാണാം. ഡ്രസ് കോഡ് മാറുന്നതനുസരിച്ച് പുതിയ വസ്ത്രങ്ങൾ വാങ്ങാൻ പണമില്ലാത്തതുകൊണ്ടാണ് തങ്ങൾ ഇത്തരം വസ്ത്രം ധരിച്ചു വരുന്നത് എന്ന് ന്യായീകരിക്കുന്ന വിദ്യാർഥിനികളെയും ദൃശ്യങ്ങളിൽ കാണാം.

ജൂലൈ മുതലാണ് കോളജിൽ ഡ്രസ്കോഡിനെത്തുടർന്നുള്ള പ്രശ്നങ്ങൾ ആരംഭിച്ചത്.  ഓഗസ്റ്റ് 1 മുതൽ മുട്ടൊപ്പമുള്ളതോ മുട്ടിനു താഴെ ഇറക്കമുള്ളതോ ആയ വസ്ത്രങ്ങൾ മാത്രമേ വിദ്യാർഥിനികൾ ധരിക്കാവൂ എന്നൊരു സർക്കുലർ കോളജ് അധികൃതർ ഇറക്കിയിരുന്നു. സർക്കുലർ കോളജ് വാട്സാപ് ഗ്രൂപ്പിലും പ്രചരിപ്പിച്ചിരുന്നു. മാനേജ്മെന്റിൽ നിന്ന് ടൈംടേബിളും ഷെഡ്യൂളുമൊക്കെ കൃത്യമായി ലഭിക്കാനായി തുടങ്ങിയ വാട്സാപ് ഗ്രൂപ്പിലൂടെയാണ് പുതിയ ഡ്രസ്കോഡിനെക്കുറിച്ചുള്ള സർക്കുലറും പ്രചരിപ്പിച്ചത്.

ക്ലാസിലും വസ്ത്രധാരണത്തിന്റെ പേരിൽ തങ്ങൾക്ക് ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്നുണ്ടെന്നു വിദ്യാർഥിനികൾ പറയുന്നു. മേൽവസ്ത്രത്തിന്റെ നീളം നോക്കിയാണ് ചില അധ്യാപികമാർ അറ്റൻഡൻസ് രേഖപ്പെടുത്തുന്നത്. ക്ലാസിൽ ഹാജരാണെങ്കിലും വസ്ത്രത്തിന്റെ നീളം കുറവാണെങ്കിൽ ഹാജർ നൽകാറില്ലെന്നും വിദ്യാർഥിനികൾ പറയുന്നു. ഏതെങ്കിലും കാരണത്താൽ ഡ്രസ്കോഡ് പിന്തുടരാതെ കോളജിലെത്തുന്ന വിദ്യാർഥിനികളുടെ മാതാപിതാക്കൾ പ്രിൻസിപ്പലിനോട് മാപ്പു പറയാറുണ്ടെന്നും വിദ്യാർഥിനികൾ പറയുന്നു.

കോളേജിലെ കാടൻ നിയമത്തെക്കുറിച്ച് ഒരു വിദ്യാർഥിനി പറയുന്നതിങ്ങനെ :- 

‘കഴിഞ്ഞയാഴ്ചയാണ് വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ കോളജിലേക്കു കൊണ്ടു വന്നത്. ആദ്യ മൂന്നു ദിവസങ്ങളിൽ ഡ്രസ്കോഡ് പിന്തുടരാത്ത വിദ്യാർഥിനികളെ പരസ്യമായി ശാസിക്കുമെങ്കിലും കോളജിനുള്ളിൽ പ്രവേശിക്കാൻ അനുവദിച്ചിരുന്നു. പക്ഷേ വെള്ളിയാഴ്ചയാണ് അവർ ഞങ്ങളെ ശാരീരികമായി ഉപദ്രവിക്കാനും അപമാനിക്കാനും തുടങ്ങിയത്. എന്താണിത് എന്നൊക്കെ ഉറക്കെ ചോദിച്ച് ഗേറ്റിനുള്ളിലേക്ക് തള്ളിവിടുകയായിരുന്നു ആദ്യത്തെ മൂന്നു ദിവസത്തെ പതിവ്. വെള്ളിയാഴ്ചയാണ് മുന്നറിയിപ്പുകളൊക്കെ അവസാനിപ്പിച്ച്, ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചവരെ കോളജിൽ കടത്തില്ലെന്ന നിലപാടെടുത്തത്. ഈ വർഷം പകുതിയായപ്പോഴാണ് ഡ്രസ്കോഡ് പരിഷ്കരിച്ചത്. നിയമങ്ങൾ മാറുന്നതിനനുസരിച്ച് പുതിയ വസ്ത്രങ്ങൾ വാങ്ങാൻ എല്ലാവർക്കും നിവൃത്തിയില്ല’.

‘അധ്യാപികമാരിൽ ചിലരെങ്കിലും വിദ്യാർഥിനികൾക്കനുകൂലമായ നിലപാടെടുക്കുന്നുണ്ടെങ്കിലും മാനേജ്മെന്റിന്റെ ഭാഗത്തു നിന്ന് ഒരു വിട്ടുവീഴ്ചയുമുണ്ടാകുന്നില്ല. അറ്റൻഡൻസ് നൽകില്ല, ഭാവിജീവിതം നശിപ്പിച്ചു കളയും എന്ന ഭീഷണിയുടെ പുറത്താണ് അവർ വിദ്യാർഥികളെക്കൊണ്ട് അനുസരിപ്പിക്കാൻ ശ്രമിക്കുന്നത്. വിദ്യാർഥിനികളെല്ലാം നല്ല ദേഷ്യത്തിലാണ്. ആരെങ്കിലും അനാവശ്യമായി ശരീരത്തിൽ സ്പർശിക്കുന്നത് ആർക്കെങ്കിലും ഇഷ്ടമാണോ?. പക്ഷേ ഇവിടെ മാനേജ്മെന്റ് അത് അനുവദിക്കുന്നുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർ സ്ത്രീകളാണെന്നു കരുതി അവർക്കെന്തും ആകാമോ? ഞങ്ങളോട് മോശമായി പെരുമാറാൻ മാനേജ്മെന്റ് അവർക്ക് അനുമതി നൽകിയിരിക്കുകയാണ്’.

വനിതാ സുരക്ഷാ ഉദ്യോഗസ്ഥരെ അവിടെ നിർത്തിയിരിക്കുന്നതിനു കാരണമുണ്ടെന്നും അവർ പറയുന്നത് വിദ്യാർഥിനികൾ അനുസരിച്ചാൽ മതിയെന്നുമാണ് പ്രിൻസിപ്പലിന്റെ പക്ഷം. അപരിഷ്കൃതങ്ങളായ ഇത്തരം കാര്യങ്ങൾ പിന്തുടരുന്ന ഒരു വ്യവസ്ഥിതിയുടെ ഭാഗമാകാൻ താൽപര്യമില്ലെന്നും ഇത് ഒട്ടും ആരോഗ്യകരമായ നടപടിയല്ലെന്നുമാണ് വിദ്യാർഥിനികളുടെ അഭിപ്രായം. 

കാടൻ നടപടിക്കെതിരെ പ്രതിഷേധിക്കാൻ തന്നെയാണ് പെൺകുട്ടികളുടെ തീരുമാനം. വിഷയത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാൻ ഇതുവരെ പ്രിൻസിപ്പൽ തയാറായിട്ടില്ല.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT