ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറായ യുവതിയെ പീഡിപ്പിച്ചു കൊന്നശേഷം  തീകൊളുത്തിയ സംഭവത്തെ ത്തുടർന്ന് പ്രതിഷേധം രാജ്യത്ത് അലയടിക്കുന്നതിനിടെ, അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്ത്രീകള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി പൊലീസ്. അക്രമികളെ നിലയ്ക്കുനിര്‍ത്തുന്നതിനുപകരം സ്ത്രീകളെ ഉപദേശിക്കാനുള്ള പൊലീസ് നീക്കത്തെ പരിഹസിക്കുകയാണ് ഓണ്‍ലൈന്‍ ലോകം. കുറ്റം അക്രമികളുടേതല്ലെന്നും ഇരകളായ സ്ത്രീകളുടേതുതന്നെയെന്നും വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും പലരും ആരോപിക്കുന്നു. 

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും യാത്രയിലും മറ്റും പാലിക്കാന്‍ 14 നിര്‍ദേശങ്ങളാണ് ഹൈദരാബാദ് പൊലീസ് നല്‍കിയിരിക്കുന്നത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള പ്രധാനപ്പെട്ട നിര്‍ദേശങ്ങള്‍ എന്നാണ് ഉപദേശങ്ങള്‍ക്ക് പൊലീസ് പേരിട്ടിരിക്കുന്നത്. ഹൈദരാബാദ് പൊലീസ് കമ്മിഷണര്‍ അഞ്ജനി കുമാറാണ് ഇവ പുറത്തിറക്കിയത്. 

ഒറ്റയ്ക്കു യാത്രചെയ്യുന്ന സ്ത്രീകള്‍ അവര്‍ എവിടേക്കാണ് പോകുന്നതെന്നും എപ്പോള്‍ തിരിച്ചുവരുമെന്നും കൃത്യമായി ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിക്കുക. എവിടെയാണു പോകുന്നതെന്നും അറിയിച്ചാല്‍ കൂടുതല്‍ നല്ലത്. ഓട്ടോയിലോ ടാക്സിയിലോ യാത്ര ചെയ്യുമ്പോള്‍ നമ്പര്‍ പ്ലേറ്റിന്റെ ചിത്രം സുഹൃത്തുക്കള്‍ക്ക് ഷെയര്‍ ചെയ്യുക. ഓട്ടോ ഡ്രൈവറുടെ സീറ്റിന്റെ പിന്‍വശത്ത് വിശദ വിവരങ്ങള്‍ ഉണ്ടായിരിക്കും. 

ടാക്സിയില്‍ ഡ്രൈവറുടെ ഐഡി കാര്‍ഡില്‍നിന്നും വിവരങ്ങള്‍ ലഭിക്കും. അപരിചിതമായ സ്ഥലത്തേക്കാണു പോകുന്നതെങ്കില്‍ റൂട്ട് നേരത്തെതന്നെ കൃ‍ത്യമായി മനസ്സിലാക്കിവയ്ക്കുക. കാത്തുനില്‍ക്കേണ്ട സാഹചര്യമുണ്ടായാൽ ആള്‍ക്കൂട്ടങ്ങളോ വെളിച്ചമുള്ള സ്ഥലമോ തിരഞ്ഞെടുക്കുക. ഒറ്റപ്പെട്ടതും വിജനവുമായ സ്ഥലങ്ങള്‍ ഒഴിവാക്കുക. അപകട സൂചന ലഭിച്ചാല്‍ പൊലീസിനും മറ്റ് അധികാരികള്‍ക്കും അറിയിപ്പു നല്‍കാന്‍ മടിക്കരുത്. ആരും അടുത്തില്ലെങ്കില്‍ വേഗം തന്നെ അടുത്തുള്ള കടയുടെ സമീപത്തേക്കോ വാണിജ്യ സ്ഥാപനത്തിന്റെ സമീപത്തേക്കോ മാറിനില്‍ക്കുക. 

ഏത് ആപദ്ഘട്ടത്തിലും 100 ഡയല്‍ ചെയ്യാന്‍ മടിക്കരുത്. തെലങ്കാന പൊലീസിന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക. സംശയകരമായ സാഹചര്യങ്ങളില്‍ ചുറ്റുമുള്ള യാത്രക്കാരുടെ സഹായം സ്വീകരിക്കുക. ആത്മവിശ്വാസത്തോടെ ഉറക്കെ നിലവിളിക്കാന്‍ മടിക്കരുത്. ഉറക്കെ നിലവിളിച്ചുകൊണ്ട് ആള്‍ക്കൂട്ടത്തിലേക്ക് ഓടാനും ഒരിക്കലും മടിക്കരുത്. സംശയകരമായ ചിത്രങ്ങള്‍ അയയ്ക്കാനുള്ള വാട്സാപ് നമ്പരും പൊലീസ് നല്‍കിയിട്ടുണ്ട്. 

ഹൈദരാബാദ് പൊലീസ് നല്‍കിയിരിക്കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ എല്ലാംതന്നെ സ്ത്രീകള്‍ക്കുള്ളതാണ്. സ്വയം സംരക്ഷിക്കാന്‍. അക്രമികള്‍ക്ക് ഒരു നിര്‍ദേശം പോലും നല്‍കിയിട്ടില്ല. അവര്‍ക്കെതിരെ എന്തു നടപടി സ്വീകരിക്കുമെന്നും വ്യക്തമല്ല. ഹൈദരാബാദ് നഗരത്തെ സുരക്ഷിതമാക്കാന്‍ ശ്രമിക്കുന്നതിനുപകരം കുറ്റം സ്ത്രീകളില്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന പൊലീസിനെതിരെ സ്ത്രീ സംഘടനകളില്‍നിന്ന് പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. 

ഇരകള്‍ ഞങ്ങളാണ്. പീഡിപ്പിക്കപ്പെടുന്നതും ഞങ്ങള്‍ തന്നെ. ഇപ്പോഴിതാ സുരക്ഷാ നിര്‍ദേശങ്ങളും ഞങ്ങള്‍ക്ക്. ദയവുചെയ്ത് അക്രമികള്‍ക്കെതിരെ നിങ്ങള്‍ക്ക് എന്തുചെയ്യാന്‍ കഴിയും എന്നു പറയൂ. സുരക്ഷാ നിര്‍ദേശങ്ങള്‍ സ്വന്തം കയ്യില്‍വച്ചിട്ട് ആണുങ്ങളോട് അക്രമത്തില്‍നിന്നു പിന്‍മാറാന്‍ പറയാമോ?. സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാത്ത സ്ത്രീകള്‍ക്കെതിരെ നടപടി എടുക്കാനായിരിക്കും ഇനി പൊലീസിന്റെ നീക്കമെന്നും മറ്റൊരാള്‍ പരിഹസിക്കുന്നുണ്ട്. 

സുരക്ഷാ നിര്‍ദേശങ്ങളെല്ലാം പാലിച്ചു ജീവിച്ച ഡോക്ടര്‍ക്കാണ് ദാരുണ അനുഭവം ഉണ്ടായതെന്ന് മറ്റൊരാള്‍ പൊലീസിനെ ഓര്‍മിപ്പിക്കുന്നു. സംഭവം നടന്നത് അര്‍ധരാത്രിയിലൊന്നുമല്ല, അന്തസ്സുള്ള വസ്ത്രമാണ് ധരിച്ചിരുന്നത്, അവര്‍ മദ്യപിച്ചിരുന്നില്ല. അവര്‍ ആരുമായും വഴക്കുണ്ടാക്കിയുമില്ല. എന്നിട്ടും അവരെ പീഡിപ്പിച്ചു കൊന്നു. അതിന്റെ സമാധാനം പറയൂ പ്രിയപ്പെട്ട പൊലീസ്.... 

English Summary : Hyderabad Police launched a 14 tip advisory for women 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT