ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ തട്ടിക്കൊണ്ടു പോയി മാനഭംഗം ചെയ്തു തീ കൊളുത്തിയ സംഭവത്തെത്തുടർന്ന് രാജ്യമൊട്ടാകെ പ്രതിഷേധം അലയടിക്കുമ്പോൾ പ്രതികരണവുമായി മധുര എം പി ഹേമമാലിനി. സ്ത്രീകൾക്കെതിരെ അക്രമം കാട്ടി ജയിലഴികൾക്കുള്ളിലാകുന്ന കുറ്റവാളികളെ ഒരിക്കലും ജയിൽവിട്ടു പുറത്തിറങ്ങാൻ അനുവദിക്കരുതെന്നാണ് അവർ അഭിപ്രായപ്പെട്ടത്.

''ഓരോ ദിവസവും സ്ത്രീകൾ ആക്രമണങ്ങൾക്കിര യാകുകയാണ്. എന്റെ അഭിപ്രായത്തിൽ കുറ്റവാളികളെ സ്ഥിരമായി ജയിലിലടക്കണം. ഒരിക്കൽ ജയിലിലെത്തിയാൽ പിന്നെ ഒരിക്കലും അവർ ജയിൽ വിട്ട് പുറത്തിറങ്ങരുത്''. പാർലമെന്റിനു മുന്നിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോടു മറുപടിപറയുകയായിരുന്നു അവർ.

ഡോക്ടറുടെ കൊലപാതകത്തിൽ രോഷം പ്രകടിപ്പിച്ചുകൊണ്ട് സമാജ്‌വാദി പാർട്ടി നേതാവ് ജയാബച്ചൻ പറഞ്ഞത് കുറ്റവാളികളെ പൊതുസമൂഹത്തിന് വിട്ടുകൊടുക്കണമെന്നും അവർക്കുള്ള ശിക്ഷ ജനങ്ങൾ തീരുമാനിക്കട്ടെയെന്നുമാണ്. ജയയുടെ അഭിപ്രായത്തെ പിന്തുണച്ച തൃണമൂൽ കോൺഗ്രസ് എംപി പറഞ്ഞത് പ്രതികളെ കോടതയിൽ ഹാജരാക്കരുതെന്നും അവർക്ക് സുരക്ഷയൊരുക്കാൻ നിൽക്കാതെ എത്രയും വേഗം അവരെ ശിക്ഷിക്കണമെന്നുമാണ്.

English Summary : Keep the culprits in jail permanently says Hema Malini