മോഷണം പോയ ഫോൺ മണിക്കൂറുകൾക്കുള്ളിൽ തിരികെക്കിട്ടി; പൊലീസിന് നന്ദി പറഞ്ഞ് സ്വാതി
ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാലിന്റെ ഫോണ്‍ മോഷ്ടിക്കപ്പെട്ടു. അധികം വൈകാതെ തന്നെ ഫോൺ തിരികെക്കിട്ടി. മോഷ്ടാവിനെ കയ്യോടെ പിടികൂടുകയും ചെയ്തു. സെല്‍ട്രല്‍ ഡല്‍ഹിയിലെ പഹര്‍ഗന്‍ജ് എന്ന സ്ഥലത്തുവച്ചായിരുന്നു മോഷണം നടന്നത്.
വയോധികയായ ഒരു സ്ത്രീയെ സഹായിക്കാനായി ചെന്നപ്പോഴാണ് തിങ്കളാഴ്ച വൈകിട്ട് ഫോണ്‍ മോഷ്ടിക്കപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ തന്നെ ഫോണ്‍ തിരിച്ചുകിട്ടിയ വിവരം അറിയിച്ചുകൊണ്ട് പൊലീസ് സ്വാതിക്കു ഫോണ്‍ ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് വിനോദ് എന്ന കള്ളപ്പേരിൽ അറിയപ്പെട്ടിരുന്ന 25 വയസ്സുകാരന്‍ റോഹനെ പൊലീസ് അറസ്റ്റ് ചെയ്തു.
നഷ്ടപ്പെട്ട ഫോണ്‍ ലൊക്കേഷന്‍ സെര്‍ച്ച് ചെയ്താണ് പൊലീസ് കണ്ടെടുത്തത്. ഡല്‍ഹി പൊലീസിനു നന്ദി പറഞ്ഞുകൊണ്ട് സ്വാതി ട്വിറ്ററില്‍ സന്ദേശം പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
‘ലേഡി കേജ്‍രിവാള്‍’ എന്നു വിളിക്കപ്പെടുന്ന സ്വാതി മലിവാല്‍ രാജ്യതലസ്ഥാനത്തെ അറിയപ്പെടുന്ന രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകയാണ്. അടുത്തിടെ ഹൈദരാബാദില്‍ വനിതാ ഡോക്ടര്‍ പീഡനത്തെത്തുടര്‍ന്നു കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്വാതി നടത്തിയ നിരാഹാര സമരം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മുന്‍പും തന്റെ നിലപാടുകള്‍ ഉറക്കെപ്രഖ്യാപിച്ചും കര്‍ശന നിലപാടുകളിലൂടെയും സ്വാതി പൊതു സമൂഹത്തിന്റെ ഹൃദയത്തില്‍ സ്ഥാനം നേടിയിട്ടുണ്ട്. ഡല്‍ഹിയിലുള്ള എല്ലാ പ്രായത്തിലുമുള്ള വനിതകളുടെ അഭയകേന്ദ്രം കൂടിയാണ് സ്വാതി. ആര്‍ക്ക് എപ്പോള്‍ എന്ത് ആവശ്യമുണ്ടെങ്കിലം അവര്‍ ഓടിയെത്താറുമുണ്ട്.
English Summary : DCW chief Swati Maliwal's phone stolen, recovered