പെൺകുട്ടിയെ പ്രസവിക്കുമോ എന്ന് ഭയന്ന് ഗര്‍ഭിണിയായ ഭാര്യയെ അതിക്രൂരമായി ഭർത്താവ് കൊലപ്പെടുത്തി. ഉത്തർ പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം. 35–കാരനായ രവീന്ദ്രകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മൂത്തമകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് 27 വയസ്സുള്ള ഭാര്യ ഊർമിളയെ ആണ് ഇയാൾ കൊലപ്പെടുത്തിയത്. 

സംഭവത്തെക്കുറിച്ച് പോലീസ്‌ പറയുന്നതിങ്ങനെ: രവീന്ദ്രകുമാറിനും ഊർമിളയ്ക്കും ഏഴും 11ഉം വയസുള്ള പെണ്‍മക്കളാണുള്ളത്‌. ഈയിടെ ഊര്‍മിള വീണ്ടും ഗര്‍ഭിണിയായി. വീണ്ടും പെണ്‍കുട്ടിയെ പ്രസവിക്കുമെന്നു പറഞ്ഞ്‌ അയാള്‍ ഭാര്യയുമായി കലഹിക്കുക പതിവായിരുന്നു. ജനുവരി നാലിനു രവീന്ദ്രകുമാര്‍ ഭാര്യയെ അടിച്ചു കൊന്നു.പിന്നീട്‌ മൃതദേഹം കഷണങ്ങളായി മുറിച്ചു. ശരീരാവശിഷ്‌ടങ്ങള്‍ പാത്രത്തിലാക്കി ധാന്യങ്ങള്‍ പൊടിക്കുന്ന മില്ലില്‍കൊണ്ടുപോയി പൊടിച്ചെടുത്തു. ശേഷം വീട്ടില്‍നിന്ന്‌ നാലു കിലോമീറ്റര്‍ അകലെ കൊണ്ടുപോയി തീയിട്ടു. 

ഇത് കണ്ട മൂത്ത മകൾ ആദ്യമിത് പേടി കൊണ്ട് പുറത്ത് പറഞ്ഞില്ല. എന്നാൽ കഴിഞ്ഞ ദിവസം അമ്മയുടെ വീട്ടിലെത്തി വിവരങ്ങൾ തുറന്നു പറഞ്ഞു. തുടര്‍ന്നു മാതൃസഹോദരി വിദ്യാദേവി പോലീസിനെ വിവരമറിയിച്ചു. ഡി.എന്‍.എ. പരിശോധനയില്‍ മൃതദേഹാവശിഷ്‌ടങ്ങള്‍ ഊര്‍മിളയുടേതാണെന്നു കണ്ടെത്തിയിട്ടുണ്ട്‌.

English Summary: Up Man Brutally Killed His Wife