തമിഴ്നാട്ടിലെ വെല്ലൂരിൽ 24 വയസുള്ള പെൺകുട്ടിയെ കൂട്ടബാലാത്സംഗത്തിനിരയാക്കി. കാമുകനെ കത്തിമുനയിൽ നിർത്തിയാണ് മൂന്നൂപേർ ചേര്‍ന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെം വർധിച്ചു വരുന്ന അക്രമങ്ങളെ സംബന്ധിച്ച് തമിഴ്നാട് പൊലീസ് നടത്തിയ ക്യാംപെയ്നിനു തൊട്ടുപിന്നാലെയാണു സംഭവം. 

ശനിയാഴ്ച വൈകിട്ട് പുരുഷ സുഹൃത്തിനൊപ്പം പാർക്കിൽ എത്തിയതായിരുന്നു പെണ്‍കുട്ടി. സുഹൃത്തിനെ ഭീഷണിപ്പെടുത്തിയ ശേഷമാണു പെൺകുട്ടിയെ മൂന്നുപേർ കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. രാത്രി 9.30യോടെയാണു സംഭവം. 

‘24കാരിയായ പെൺകുട്ടിയും പുരുഷ സുഹൃത്തും വൈകിട്ടോടെയാണ് കോട്ടയ്ക്കു സമീപമുള്ള പാർക്കിൽ എത്തിയത്. കുറ്റവാളികൾ സുഹൃത്തിനെ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തിയ ശേഷം പെൺകുട്ടിയെ പാർക്കിന്റെ താഴ്ഭാഗത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.’ അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ബലാത്സംഗത്തിനിരയായ പെൺകുട്ടി വെല്ലൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരാൾക്കു വേണ്ടി തിരച്ചിൽ തുടരുകയാണെന്നും പൊലീസ് അറിയിച്ചു. 

പെണ്‍കുട്ടിയും ഒപ്പമുണ്ടായിരുന്ന സുഹൃത്തും വെല്ലൂരിലെ ഒരു ടെക്സ്റ്റൈൽസിൽസ് സെയിൽസ് ജോലിക്കാരാണ്. വെല്ലൂർ റേഞ്ച് ഡിഐജി എൻ. കാമിനി, വെല്ലൂർ എസ്പി പ്രവേഷ് കുമാർ, സിറ്റി ഡിഎസ്പി എൻ. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

English Summary: Day after women safety campaign in Vellore, 24-year-old gang-raped at knifepoint