എന്റെ കൈകളിൽ രക്തം പുരണ്ടു, ഇയാൾ ബലാത്സംഗം ചെയ്തു: മുഷ്ടി ചുരുട്ടി സിയോറ കോടതിയിൽ
ഹോളിവുഡ് നടി അനബെല്ല സിയോറ രണ്ടു കൈകളും തലയ്ക്കു മുകളില്‍ ഉയര്‍ത്തിപിടിച്ചാണു നിന്നത്. രണ്ടും കൈകളിലെയും മുഷ്ടികള്‍ അവര്‍ ചുരുട്ടിപ്പിടിച്ചിരുന്നു. മുഖം വലിഞ്ഞു മുറുകിയിരുന്നു. ആ ഭാവം വളരെ വ്യക്തമായിരുന്നു. ഇടറാത്ത സ്വരത്തില്‍, കരച്ചില് നിയന്ത്രിക്കാന്‍ ശ്രമിച്ചുകൊണ്ട്, അവര്‍ കോടതി മുറി മുഴുവന്‍ കേള്‍ക്കെ വിളിച്ചുപറഞ്ഞു: അയാള്‍ എന്നെ ബലാത്സംഗം ചെയ്തു. വ്യാഴാഴ്ചയാണ് ന്യൂയോര്‍ക്കിലെ കോടതിമുറിയിലാണു നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരായ ഒരു കൂട്ടം നടിമാരുടെ ലൈംഗിക പീഡന ആരോപണങ്ങളില്‍ കോടതി മുറിയില്‍ വിചാരണ നേരിടുകയായിരുന്നു സിയോറ.
25 വര്‍ഷം മുമ്പു ന്യൂയോര്‍ക്കിലെ അപാര്ട്മെന്റില്വച്ചു നടന്ന സംഭവം വിവരിക്കുമ്പോഴും വാക്കുകളെ നിയന്ത്രിക്കാന്‍ സിയോറ ബുദ്ധിമുട്ടി. എന്നാലും നടന്ന സംഭവങ്ങള്‍ ഒന്നൊന്നായി അവര്‍ വ്യക്തമാക്കിയപ്പോള്‍ വെയ്ന്സ്റ്റെയ്ന് തലകുനിച്ചുനിന്നു. കോടതിമുറിയില്‍ വച്ച് ഒരിക്കല്‍പ്പോലും സിയോറയുടെ മുഖത്തു നോക്കാതിരിക്കാനും അദ്ദേഹം ശ്രമിക്കുന്നതു കാണാമായിരുന്നു. ലോകത്തെത്തന്നെ ഇളക്കിമറിച്ച മീ ടൂ പ്രസ്ഥാനത്തിന്റെ തുടക്കം തന്നെ വെയ്ന്‍സ്റ്റെയ്നെതിരായ ലൈംഗിക പീഡന പരാതികളോടെയായിരുന്നു. ഇതാദ്യമായാണ് കേസില്‍ ഒരു ഹോളിവുഡ് നടി കോടതിയില്‍ നേരിട്ടെത്തി മൊഴി നല്‍കുന്നത്.
1990 കളിലായിരുന്നു സംഭവം നടന്നത്. ഒരു രാത്രിയില്‍. അപ്പോൾ ഒരു നൈറ്റ് ഗൗണ്‍ മാത്രമായിരുന്നു ധരിച്ചിരുന്നത്. അയാള്‍ എന്നെ ആക്രമിച്ചപ്പോള്‍ എന്റെ ശരീരം നിയന്ത്രിക്കാനാവാതെ വിറച്ചുകൊണ്ടിരുന്നു. എന്താണു സംഭവിക്കുന്നതെന്നുപോലും എനിക്കു മനസ്സിലായില്ല. എന്നെത്തന്നെ ആക്രമിക്കണമെന്നും എനിക്കു തോന്നി- ഇപ്പോള്‍ 59 വയസ്സുള്ള സിയോറ പറഞ്ഞു. ആക്രണത്തിനു വിധേയയാകുന്ന സമയത്ത് സിയോറയെക്കാള് മൂന്നിരട്ടി ഭാരമുണ്ടായിരുന്നു വെയ്ന്സ്റ്റെയ്നെന്നും നടി മൊഴി നല്കി.
പ്രധാന പ്രോസിക്യൂട്ടറുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണു സിയോറ സംഭവം വിവരിച്ചത്. മുറിയില്‍ ആക്രമിച്ചുകയറിയ അയാള്‍ എന്നെ കട്ടിലിലേക്കു മറിച്ചിട്ടു. എന്റെ ശരീരത്തിനു മുകളില്‍ കയറിയ അയാള്‍ ക്രൂരമായി എന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നു- സിയോറ വ്യക്തമാക്കി. ബലാല്‍സംഗത്തിനുശേഷവും ഇപ്പോള്‍ 67 വയസ്സുള്ള വെയ്ന്സ്റ്റെയ്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നും അവര്‍ മൊഴി കൊടുത്തു. അപ്പോഴേക്കും എന്റെ ശക്തി ചോര്‍ന്നുപോയിരുന്നു. വിരല്‍ ഒന്നനക്കാന്‍ പോലും കരുത്തില്ലാതെ ഞാന്‍ തളര്‍ന്നുപോയി. സിയോറ വിതുമ്പിക്കൊണ്ടാണതു പറഞ്ഞുതീര്‍ത്തത്.
മുന്‍ പ്രൊഡക്ഷന്‍ അസിസ്റ്റന്റ് മിമി ഹാലെയി, നടി ജെസീക്ക മാന്‍ എന്നിവര്‍ ഉന്നയിച്ച ആരോപണങ്ങളും നേരത്തെ വെയ്ന്സ്റ്റെയിന് നിഷേധിച്ചിരുന്നു. എല്ലാ ശാരീരിക ബന്ധങ്ങളും പരസ്പര സമ്മതത്തോടെയായിരുന്നു എന്നാണ് ഒരുകാലത്തെ ഹോളിവുഡിലെ ഏറ്റവും സ്വാധീനശേഷിയുണ്ടായിരുന്ന നിര്‍മാതാവിന്റെ നിലപാട്. ദ് സോര്പാനോസ് എന്ന ചിത്രത്തിലെ ഗ്ലോറിയ എന്ന വേഷത്തിലൂടെ പ്രശസ്തയായ സിയോറ, വെയ്ന്സ്റ്റെയിന് നിരന്തരമായി സ്ത്രീകളെ ആക്രമിച്ചിരുന്നതായും മൊഴി നല്കി.
സിയോറയുടെ ആരോപണം കുറ്റപത്രത്തില്‍ ഉള്പ്പെടുത്താനാവത്ത വിധം പഴക്കേറിയതാണെങ്കിലും വെയ്ന്സ്റ്റെയിന് നിരന്തരമായി സ്ത്രീകളെ ആക്രമിച്ചിരുന്നു എന്ന വാദത്തിനു ബലമേകുന്നതാണ്. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം തടവ് ഉള്‍പ്പെടെയുള്ള ശിക്ഷയായിരിക്കും വെയ്ന്‍സ്റ്റെയിനെ കാത്തിരിക്കുന്നത്. 1993-94 ലെ ശീതകാലത്ത് ഗ്രാമെര്സി പാര്‍ക് എന്ന മന്‍ഹാട്ടനിലെ ആഡംബര വസതിയില്‍വച്ചാണ് താന്‍ പീഡനത്തിന് ഇരയായതെന്നാണു സിയോറ പറയുന്നത്. ഒരു ബിസിനസ് ഡിന്നറിനുശേഷം നിര്‍മാതാവു തന്നെയാണ് തന്നെ വീട്ടില്‍ കൊണ്ടുവിട്ടതെന്നും അവര്‍ പറഞ്ഞു. ആ രാത്രി മതിയാവോളം കുടിച്ചും മുറിവേല്പിച്ചുമാണു താന്‍ ദുഃഖം മറന്നതെന്നും സിയോറ പറഞ്ഞു.
എന്റെ കൈ വിരലുകളിലും കൈകളില്‍ ആകെത്തന്നെയും രക്തം പുരണ്ടിരുന്നു. ജീവനില്‍ ഭയമുണ്ടായിരുന്നതുകൊണ്ടാണ് താന്‍ ഇതുവരെ ഇക്കാര്യം പരസ്യമാക്കാതിരുന്നതെന്നും ചോദ്യങ്ങള്‍ക്കു മറുപടിയായി അവര്‍ പറഞ്ഞു. ഇരുട്ടില്‍ അജ്ഞാതനായ ഒരു വ്യക്തി നടത്തുന്ന ക്രൂരകൃത്യമാണ് ബലാത്സംഗം എന്നായിരുന്നു അതുവരെ എന്റെ ധാരണ. സംഭവത്തിനുശേഷം കാണുമ്പോള്‍ വെയ്ന്സ്റ്റെയിന് തന്നോടു ദേഷ്യപ്പെട്ടെന്നും ഭീഷണിപ്പെടുത്തിയെന്നും നടി കൂട്ടിച്ചേര്‍ത്തു. പിന്നീട് നിര്‍മാതാവില്‍നിന്നു മാറിനടക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും 1997 ലെ കാന്‍ ഫിലിം ഫെസ്റ്റിവല്‍ വേദിയിലുള്‍പ്പെടെ വെയ്ന്സ്റ്റെയ്ന് തന്നെ തേടിവന്നെന്നും സിയോറ മൊഴി നല്കി.
അന്നയാള്‍ മുറിയിലേക്കു വരുമ്പോള്‍ അടിവസ്ത്രം മാത്രമായിരുന്നു ധരിച്ചിരുന്നത്. ഒരു കയ്യില്‍ വിഡിയോ ടേപ്പും മറുകയ്യില്‍ ബേബി ഒയിലുമാണ് ഉണ്ടായിരുന്നത്- സിയോറ വിശദാംശങ്ങളും വ്യക്തമാക്കി. എതിര്‍വിസ്താരത്തില്‍, അന്നു ഹോട്ടല്‍ ജീവനക്കാരോടു പോലും എന്തുകൊണ്ടാണു സംഭവത്തെക്കുറിച്ചു പറയാതിരുന്നതെന്ന ചോദ്യത്തിന് സംഭവിച്ചത് ബലാത്സംഗം ആണെന്നു തനിക്ക് അറിയില്ലായിരുന്നു എന്നാണു സിയോറ പറഞ്ഞത്.
ആന്‍ജലീന ജോളി ഉള്‍പ്പെടെ 80-ല്‍ അധികം നടിമാര്‍ നിര്‍മാതാവിനെതിരെ ആരോപണം ഉന്നയിച്ചിരുന്നെങ്കിലും രണ്ടുപേരുടെ വിചാരണ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. കേസില്‍ വെള്ളിയാഴ്ച ഫൊറന്‍സിക് സൈക്ക്യാട്രിസ്റ്റ് ബാര്‍ബറയുടെ വിചാരണ നടക്കും.
English Summary: Annabella Sciorra says Harvey Weinstein brutally raped her