സ്വന്തം ജീവിതം തന്നെയാണ് പുതിയ ചിത്രത്തിലൂടെ പറയുന്നതെന്നായിരുന്നു ‘പങ്ക’യുടെ വിജയത്തിൽ ബോളിവുഡ് താരം കങ്കണ റനൗട്ടിന്റെ പ്രതികരണം. ഏത് വിഷയത്തിലും തുറന്ന അഭിപ്രായം പറയുന്നതിനാലാണ് കങ്കണ ആരാധകരുടെ പ്രിയതാരമായി മാറിയത്. ഈ പുരസ്കാരം രാജ്യത്തെ വനിതകൾക്കായി സമർപ്പിക്കുന്നു എന്നായിരുന്നു പദ്മശ്രീ അവാർഡ് നേടി കങ്കണയുടെ പ്രതികരണം. 

‘ഞാന്‍ ഈ പുരസ്കാരത്തെ ബഹുമാനിക്കുന്നു. ഞാൻ എന്റെ രാജ്യത്തോട് ഈ അവസരത്തിൽ നന്ദി അറിയിക്കുകയാണ്. സ്വപ്നം കാണുന്ന എല്ലാ വനിതകൾക്കുമായി ഈ പുരസ്കാരം സമർപ്പിക്കുകയാണ്. എല്ലാ പെൺമക്കൾക്കും, അമ്മമാർക്കും. കൂടാതെ നമ്മുടെ രാജ്യത്തിന്റെ നല്ല ഭാവിക്കു വേണ്ടി പ്രയത്നിക്കുന്ന എല്ലാ വനിതകൾക്കും ഞാനീ പുരസ്കാരം സമർപ്പിക്കുന്നു. പദ്മശ്രീ പുരസ്കാരത്തിന് അർഹയായതിൽ അഭിമാനമുണ്ട്.’– കങ്കണ റനൗട്ട് പറഞ്ഞു. 

കേന്ദ്രസർക്കാരിനു നന്ദി പറഞ്ഞു കൊണ്ടുള്ള വിഡിയോയും കങ്കണ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തു. ‘ പദ്മശ്രീ പുരസ്കാരത്തിനായി തിരഞ്ഞെടുത്തതിൽ ഇന്ത്യൻ ഗവൺമെന്റിനോടുള്ള നന്ദിയും കടപ്പാടും ഈ അവസരത്തിൽ രേഖപ്പെടുത്തുകയാണ്. അഭിനന്ദനം അറിയിച്ച സുഹൃത്തുക്കൾക്കും എല്ലാ പിന്തുണയും നൽകുന്ന ആരാധകര്‍ക്കും നന്ദി അറിയിക്കുകയാണ്. ജയ്ഹിന്ദ്!’ എന്നായിരുന്നു കങ്കണ വിഡിയോയിൽ വ്യക്തമാക്കിയത്. 

കങ്കണ പുരസ്കാരത്തിന് അർഹയായ വാർത്ത സഹോദരിയും കങ്കണയുടെ മാനേജരുമായ രംഗോലി ചന്ദാലായിരുന്നു സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘നിരവധി ദേശീയ പുര്സകാരത്തിന് അർഹയായ അഭിനേതാവും നിർമാതാവുമായ കങ്കണ റനൗട്ട് 32–ാം വയസിൽ രാജ്യത്തെ പരമോന്നത പുരസ്കാരങ്ങളിലൊന്നായ പദ്മശ്രീക്ക് അർഹയായ വിവരം സന്തോഷത്തോടെ അറിയിക്കുന്നു.’– എന്നായിരുന്നു രംഗോലി ചന്ദാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഫിലിം ഫെയർ, ദേശീയ പുരസ്കാരങ്ങളടക്കം 12 പുരസ്കാരങ്ങൾക്ക് കങ്കണ അർഹയായിരുന്നു.

English Summary: Kangana Ranaut on being honoured with Padma Shri award: 'I dedicate this to every woman who dares to dream'