അവരെ കെട്ടിപ്പിടിക്കാനും ഉമ്മ വയ്ക്കാനും എനിക്കിപ്പോഴും കഴിയുന്നു: കണ്ണീരിലാഴ്ത്തി വനേസയുടെ കുറിപ്പ്
ബാസ്കറ്റ് ബോൾ താരം കോബി ബ്രയാന്റും മകളും ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വാർത്ത കായിക ലോകത്തെയാകെ കണ്ണീരിലാഴ്ത്തിയിരുന്നു. കോബിന്റെ മരണം നൽകിയ വേദനയിൽ നിന്നും ഭാര്യ വനേസ ബ്രയാന്റ് പങ്കുവച്ച കുറിപ്പ് ഹൃദയഭേദകമാണ്. ഇൻസ്റ്റാഗ്രാമിലൂടെയാണ് മൂന്നു ദിവസത്തെ മൗനത്തിനു ശേഷം വനേസ പ്രതികരിച്ചത്. വനേസയുടെ പോസ്റ്റിനു താഴെ കോബിന്റെ കുടുംബത്തിനു ആശ്വാസ വാക്കുകളുമായി എത്തുകയാണ് സോഷ്യൽ ലോകം.
വനേസ ബ്രയാന്റിന്റെ പോസ്റ്റിന്റെ സംക്ഷിപ്ത രൂപം
കടന്നുപോകാൻ ഏറെ പ്രയാസമുള്ള ഭയാനകമായ ഈ സമയത്ത് എനിക്കും എന്റെ പെൺമക്കൾക്കും പിന്തുണയും സ്നേഹവും നൽകിയത് ലക്ഷക്കണക്കിനു ജനങ്ങളാണ്. എല്ലാവരുടെയും പ്രാർഥനകൾക്കു നന്ദി. എല്ലാവരെയും ഞങ്ങൾക്ക് ആവശ്യമാണ്. പ്രിയപ്പെട്ട ഭർത്താവ് കോബിന്റെയും സ്നേഹമയിയായ മകൾ ഗിയാനയുടെയും വിയോഗം ഞങ്ങളുടെ കുടുംബത്തെയാകെ തകർത്തു. എന്റെ കുഞ്ഞുങ്ങള്ക്ക് സ്നേഹനിധിയായ പിതാവായിരുന്നു കോബി. അതീവ ചിന്താശേഷിയും നിറയെ സ്നേഹവുമുള്ള മകളായിരുന്നു ഗിയാന. നതാലിയ, ബിയാങ്ക, കാപ്രി എന്നിവർക്ക് അവരുടെ പ്രിയപ്പെട്ട സഹോദരിയെ നഷ്ടമായിരിക്കുന്നു. ഞങ്ങളെ പോലെ തന്നെ ഞായറാഴ്ചയിലെ ദുരന്തത്തിൽ ഉറ്റവരെ നഷ്ടമായ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. ഞങ്ങളുടെ ദുഃഖം വിവരിക്കാൻ വാക്കുകൾ അപര്യാപ്തമാണ്. കോബിയും ഗിഗിയും ഞങ്ങളെ എത്രമാത്രമാണ് സ്നേഹിച്ചിരുന്നതെന്ന് ഞങ്ങൾക്ക് നന്നായി അറിയാം. അവർ ഞങ്ങൾക്കൊപ്പം ഇപ്പോഴും ഉണ്ടെന്നു വിശ്വസിക്കാൻ തന്നെയാണ് എനിക്കിഷ്ടം. ഞങ്ങൾക്കു ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമായിരുന്നു അവർ. അവരെയാണ് ഇത്ര പെട്ടെന്ന് തിരികെ വിളിച്ചത്.
അവരില്ലാത്ത ലോകത്തെ കുറിച്ചു ചിന്തിക്കാൻ തന്നെ ഞങ്ങൾക്ക് ഭയമാണ്. എങ്ങനെയാണ് മുന്നോട്ടു ജീവിക്കേണ്ടതെന്ന് അറിയില്ല. പക്ഷേ, എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോള് കോബിയും ഗിഗിയും ഞങ്ങളുടെ ലോകത്ത് പ്രകാശം പരത്തി ഒപ്പമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. അവരോടുള്ള ഞങ്ങളുടെ സ്നേഹം അളവറ്റതാണ്. മരണം വരെ അവസാനിക്കുകയുമില്ല. അവരെ കെട്ടിപ്പിടിക്കാനും ഉമ്മവയ്ക്കാനും എല്ലാം ഇപ്പോഴും എനിക്കു കഴിയുന്നു. കാരണം അവർ ഇപ്പോഴും ഞങ്ങൾക്കൊപ്പമുണ്ട്.
നിങ്ങളുടെ സ്നേഹത്തിനും ആശ്വാസവാക്കുകൾക്കും ഒരായിരം നന്ദി. പുതിയ യാഥാർഥ്യം ഉൾക്കൊള്ളാൻ അൽപം സമയവും സ്വകാര്യതയും ഞങ്ങൾക്ക് നൽകണമെന്ന് വിനയത്തോടെ അഭ്യർഥിക്കുകയാണ്. മാമ്പാ കുടുംബം അപകടത്തിൽ മരിച്ച മറ്റുള്ളവരുടെ കുടുംബത്തിന് സഹായം നൽകുന്നു. നിങ്ങളാൽ കഴിയുന്ന സഹായം അവർക്ക് നൽകണമെന്നും ഈ അവസരത്തിൽ അപേക്ഷിക്കുകയാണ്. കോബിനും ഗിഗിക്കും വേണ്ടി പ്രാർഥിച്ചവർക്കും ഞങ്ങളുടെ വേദനയിൽ പങ്കുചേർന്നവർക്കും ഒരുപാട് നന്ദി.
English Summary: Vanessa Bryant posts on Instagram for the first time since Kobe's death