‘സ്ത്രീകൾ മോശം ചിന്താഗതിയുള്ളവർ’ വിവാദ പ്രസ്താവനയിൽ മലക്കം മറിഞ്ഞ് കാർത്തിക് ആര്യൻ
ആയുഷ്മാൻ ഖുറാനയുടെ സിനിമകളും മറ്റുസിനിമകളും താരതമ്യം ചെയ്ത് കാർത്തിക് ആര്യൻ നടത്തിയ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ചർച്ചയായിരുന്നു. സ്ത്രീകൾ പോരായ്മകളുള്ളവരാണെന്ന തരത്തിലായിരുന്നു കാർത്തികിന്റെ പ്രസ്താവന. ‘സ്ത്രീകൾ പൊതുവെ വികലമായ ചിന്തയുള്ളവരാണ്. അത്തരത്തിലൂള്ളവരുടെ കൂടെ സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. എന്നാൽ ആയുഷ്മാൻ ഖുരാനയുടെ ചിത്രത്തിൽ മാത്രം പോരായ്മയുള്ളവർ പുരുഷൻമാരാണ്.’ എന്നായിരുന്നു കാർത്തികിന്റെ പരിഹാസ രൂപേണയുള്ള പ്രസ്താവന. എന്നാൽ പ്രസ്താവന വിവാദമായതോടെ മുൻനിലപാടിൽ നിന്നും കാർത്തിക് പിൻമാറി.
തന്റെ നിലപാട് മാറ്റിക്കൊണ്ട് കാർത്തിക് ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ: കാര്യങ്ങൾ പലപ്പോഴും വളച്ചൊടിച്ചാണ് വാർത്തകളായി എത്തുന്നത്. തമാശരൂപേണ എഴുതിവച്ച ഒരുകാര്യം ഞാൻ അതുപോലെ വായിക്കുക മാത്രമാണ് ചെയ്തത്. അതൊരു തമാശമാത്രമായിരുന്നു. ഞാനോ ആയുഷ്മാനോ ആരെയും തരംതാഴ്ത്താൻ ഉദ്ദേശിച്ചിട്ടില്ല. മാത്രമല്ല, സ്ത്രീകൾ അങ്ങനെയുള്ളവരാണെന്ന് ഞാൻ ചിന്തിക്കുന്നില്ല.
നേരത്തെ കാർത്തിക് ചിത്രം പതി പത്നി ഓർ വോയുടെ ട്രെയിലറിലെ പ്രസ്താവന ഏറെ വിവാദമായിരുന്നു. വിവാഹേതര പീഡനം സംബന്ധിച്ച കാർത്തികിന്റെ ഡയലോഗാണ് വിമർശനത്തിനിടയാക്കിയത്. ‘ഭാര്യയോട് സെക്സ് ആവശ്യപ്പെട്ടാൽ നമ്മൾ യാചകൻ, ഭാര്യയ്ക്ക് സെക്സ് നല്‍കിയില്ലെങ്കിൽ കുറ്റക്കാരൻ, ഏതെങ്കിലും വിധത്തിൽ അനുനയിപ്പിച്ച് സെക്സ് നേടിയാലോ അപ്പോൾ നമ്മൾ തന്നെ പീഡകനും ആകും’ എന്ന ട്രെയിലറിലെ വാചകമായിരുന്നു വിമർശനത്തിനിടയാക്കിയത്. പ്രതിഷേധത്തെ തുടർന്ന് ട്രെയിലറിൽ നിന്നും പിന്നീട് ഈ ഭാഗം നീക്കം ചെയ്തിരുന്നു.